വ്യാഴാഴ്‌ച, നവംബർ 19, 2009

പ്ലാസ്റ്റിക് നിരോധനല്ല വേണ്ടത്

ആധുനിക ലോകത്തിന് അത്യന്താപേക്ഷിതമായ വസ്തുവാണ് പ്ലാസ്റ്റിക്. പല്ലുതേക്കുന്ന ബ്രഷ് മുതല്‍ വിമാനങ്ങള്‍ക്കും ബഹിരാകാശ വാഹനങ്ങള്‍ക്കും എന്തിന് കമ്പ്യൂട്ടര്‍ ചിപ്പിനുവരെ വേണ്ടെന്നുവെക്കാന്‍ പറ്റുന്നതല്ല പ്ലാസ്റ്റിക്. ലോകത്താകെ എത്ര ലക്ഷം കോടിയുടെ വിനിമയമാണ് ഇതിന്റെ പേരില്‍ നടക്കുന്നത്! ഇന്ത്യയില്‍നിന്നുമാത്രം കഴിഞ്ഞ വര്‍ഷം 3.7 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണുണ്ടായത്. അതൊരുക്കുന്ന തൊഴിലവസരങ്ങളും നിഷേധിക്കുക വയ്യ.

ശനിയാഴ്‌ച, നവംബർ 07, 2009

പ്രവൃത്തിയും മനോഭാവവും

(കടപ്പാട്:ജോജി ടി ശാമുവല്‍/മലയാളമനോരമ)

അധ്യാപകന്‍ കുട്ടിയോടു പറഞ്ഞു:
'ഇരിക്കവിടെ!
അവന്‍ ഇരുന്നില്ല.അധ്യാപകന്‍ വീണ്ടും ശബ്ദമുയര്‍ത്തി:
'ഇരിക്കാനല്ലേ നിന്നോടു പറഞ്ഞത്!
ഇക്കുറിയും അവന്‍ ശാഠ്യത്തോടെ നിന്ന നിലയില്‍ തന്നെ നിന്നു.അധ്യാപകന്‍ വടിയെടുത്തു; കണ്ണുരുട്ടി അവന്റെ നേരെ പാഞ്ഞുചെന്നു.
അടി പേടിച്ച് അവന്‍ പൊടുന്നനെ ഇരുന്നു.അധ്യാപകന്‍ വിജയഭാവത്തില്‍ പറഞ്ഞു:
'അപ്പോള്‍ നിനക്ക് അനുസരിക്കാന്‍ അറിയാം. അല്ലേ? ഇരിക്കാന്‍ പറഞ്ഞാല്‍ ഇരുന്നോണം...
കുട്ടി മെല്ലെ പറഞ്ഞതിങ്ങനെ:
'ഞാന്‍ ബെഞ്ചില്‍ ഇരിക്കുന്നെങ്കിലും മനസ്സില്‍ എഴുന്നേറ്റു നില്‍ക്കുകയാ...

അനുസരണമാണ് അധ്യാപകന്‍ ആവശ്യപ്പെട്ടത്.കുട്ടി ഒടുവില്‍അതു നല്‍കാനും തയാറായി.എന്നാല്‍ അനുസരണത്തിന്റെ പിന്നില്‍ ഉണ്ടായിരിക്കേണ്ട വിധേയത്വം അവനുണ്ടായിരുന്നില്ല.എന്നല്ല,കീഴടങ്ങലിനു നേരെ എതിരായ മല്‍സരമാണ് അവനിലുണ്ടായിരുന്നത്.അവന്‍ തന്നെ പറഞ്ഞതു പോലെ അവന്‍ മനസ്സില്‍ എഴുന്നേറ്റു നില്‍ക്കുകയായിരുന്നു.

ഏതു പ്രവൃത്തിയുടെയും പിന്നില്‍ വേണ്ടതായ ഒരു മനോഭാവമുണ്ട്.പക്ഷേ ആ മനോഭാവമില്ലെങ്കിലും ബാഹ്യമായി ആ പ്രവൃത്തി ചെയ്യാന്‍ കഴിയും. മറ്റൊരു രംഗം:
ആശുപത്രിയില്‍ ചില ദിവസങ്ങള്‍ കിടന്ന ശേഷം ആ ശിപായി അന്ന് ഓഫിസില്‍ വന്നതേയുള്ളു.രോഗം ഇപ്പോഴും പൂര്‍ണമായി ഭേദപ്പെട്ടിട്ടില്ല.മേലധികാരി അയാളെ കണ്ടപ്പോള്‍ പറഞ്ഞു:
'താന്‍ ആശുപത്രിയിലാരുന്നു അല്ലേ?ഇന്നാ ഇതു കൊണ്ടു പോ..ങാ, പൊക്കോ...
കുറച്ചു പണവും കൊടുത്തു.
ആ പണം വാങ്ങി പോരുമ്പോള്‍ ആ സാധു മനുഷ്യന്റെ കണ്ണുകള്‍ നനഞ്ഞിരുന്നു. പിന്നീട് അയാള്‍ പറഞ്ഞു...
.'സാറെന്നോടു രോഗവിവരമൊക്കെ ഒന്നു ചോദിച്ചിരുന്നെങ്കില്‍! ഒരു നല്ല വാക്കു പറഞ്ഞിരുന്നെങ്കില്‍!

നോക്കുക:മേലധികാരി ചെയ്തത് നല്ല കാര്യമാണ്.എന്നാല്‍ അതിനു പിന്നില്‍ സ്നേഹത്തിന്റെ,മനസ്സലിവിന്റെ,ഒരു മനോഭാവം ഇല്ലാതിരുന്നതുകൊണ്ട് അതു കരുണയുടെ പ്രവൃത്തിയായില്ല.മറിച്ച് ഒരു ഭിക്ഷാദാനം മാത്രമായിപ്പോയി.

വാക്കും പ്രവൃത്തിയും തമ്മിലുള്ള ദൂരം കഴിയുന്നത്ര കുറയ്ക്കണമെന്നു പറയുന്നവര്‍ പോലും പ്രവൃത്തിയും മനോഭാവവും തമ്മിലുള്ള അകലം പലപ്പോഴും ശ്രദ്ധിക്കുന്നില്ല.

മറ്റുള്ളവര്‍ എന്തു കരുതുമെന്നു പേടിച്ച് മനസ്സില്ലെങ്കിലും പഴി തീര്‍ക്കാനായി ചെയ്യുന്ന പ്രവൃത്തികളിലെ കാപട്യത്തെ മറനീക്കി കാട്ടുന്ന കടമ്മനിട്ടയുടെ ഒരു കൊച്ചു കവിതയുണ്ട് - 'ചാക്കാല.അടുത്ത വീട്ടില്‍ മരണം സംഭവിക്കുമ്പോള്‍ കവി ഭാര്യയോടു ചോദിക്കുന്നു: 'അങ്ങേലെ മൂപ്പീന്നു ചത്തോടീ നമ്മളും പോയൊന്നു കാണേണ്ടേ? അയല്‍ക്കാരനെ ഇഷ്ടമില്ല.അങ്ങോട്ടു പോകാന്‍ താല്‍പര്യവുമില്ല.എങ്കിലും 'മാളോരെ പേടിച്ചു പോകാതിരിക്കുന്നതെങ്ങനെ?

ഏതു പ്രവൃത്തിയെയും മനോഹരമാക്കുന്നത് അതിനു പിന്നിലുണ്ടായിരിക്കേണ്ട ശരിയായ മനോഭാവമാണ്.ആ മനോഭാവമില്ലാതെ പ്രവൃത്തി ചെയ്താല്‍, ചെയ്യുന്ന ആളിന് അതു ഭാരമായിരിക്കും.പ്രവൃത്തിയുടെ ഫലം ലഭിക്കുന്ന ആളിനും അതു തൃപ്തി നല്‍കുകയില്ല.ഇത്തരം പ്രവൃത്തികളെ നിര്‍ജ്ജീവ പ്രവൃത്തികളെന്നാണു വിളിക്കേണ്ടത്.പ്രവൃത്തിക്കു ജീവന്‍ നല്‍കുന്നത് ശരിയായ മനോഭാവമാണ് . അതില്ലാത്ത പ്രവൃത്തിയെല്ലാം ജീവനില്ലാത്ത പ്രവൃത്തിയല്ലേ? സാമൂഹിക ജീവിതത്തിലും കുടുംബജീവിതത്തിലുംഇത്തരം നിര്‍ജ്ജീവ പ്രവൃത്തികള്‍ ധാരാളം ഇന്നു കാണാന്‍ കഴിയും.പ്രവൃത്തിക്കു പിന്നില്‍, അതിനെ മധുരതരമാക്കുന്ന യഥാര്‍ത്ഥ മനോഭാവം പുലര്‍ത്താന്‍ നമുക്കു കഴിയാതെ പോകുന്നതെന്തുകൊണ്ടാണ്?

ശാഠ്യക്കാരനായ പത്തു വയസ്സുകാരനോട് അച്ഛന്‍ പറയുന്നു:'എടാ, ആ പുസ്തകം ഇങ്ങെടുത്തുകൊണ്ടു വാ.അവന്‍ അത് അനുസരിക്കുന്നില്ല.എന്താണ് ആ പുസ്തകം എടുത്തു കൊണ്ടു വരുന്നതില്‍ നിന്ന് അവനെ തടയുന്നത്?പുസ്തകത്തിന്റെ ഭാരക്കൂടുതലാണോ? എടുത്താല്‍ പൊങ്ങാത്ത വിധം ഭാരമുള്ളതുകൊണ്ടാണോ അത് എടുത്തു കൊണ്ടു വരുവാന്‍ അവന്‍ തയാറാകാത്തത്? അല്ല, മറിച്ച് അവന്റെ സ്വയത്തിന്റെ ഭാരമാണ് അനുസരിക്കുന്നതില്‍ നിന്ന് അവനെ തടയുന്നത്. അച്ഛന്റെ അടിയെ പേടിച്ച് അഥവാ പുസ്തകം എടുത്തുകൊണ്ടുവന്നാലും മല്‍സരമില്ലാതെ, കീഴടങ്ങലിന്റെ മനോഭാവത്തോടെ, അതു ചെയ്യുന്നതില്‍ നിന്ന് അവനെ തടയുന്നത് അവനില്‍ ഉള്ള ഒരു 'വലിയ ആളാണ്. അത് അവന്റെ “സ്വയ”മല്ലാതെ മറ്റൊന്നല്ല.