ഞായറാഴ്‌ച, ജൂൺ 05, 2005

ആക്രാന്തവേന്ദ്രന്മാര്‍ക്ക്‌ അഭിനന്ദനങ്ങള്

ആക്രാന്തവേന്ദ്രന്മാര്‍ക്ക്‌ അഭിനന്ദനങ്ങള് - ‍കെ സുദര്‍ശന്‍
(കൌമുദി ഞായറാഴ്ച്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച പഞ്ചിംഗ്‌ എന്ന പംക്തിയില്‍ നിന്ന് - യുണീകോഡില്‍ ആക്കിയത്‌)

യുദ്ധം ജയിച്ചു.പാണ്‌ഡവര്‍ക്ക്‌ രാജ്യം കിട്ടി.രാജാവ്‌ യുധിഷ്ഠിരന്‍.ഭീമനും അര്‍ജ്ജുനനുമെല്ലാം യുവരാജാക്കന്മാര്‍.അങ്ങനെ സംശുദ്ധമായ ഭരണം നടക്കുകയാണ്‌ ഹസ്‌തിനപുരിയില്‍.ആര്‍ക്കു വേണമെങ്കിലും രാജാവിനെ മുഖംകാണിക്കാം. സങ്കടം പറയാം. അത്‌ പരിഹരിച്ചുകൊടുത്തിട്ടേ രാജാവ്‌ ഉച്ചഭക്ഷണം പോലും കഴിക്കൂ.ഇതാണ്‌ ധര്‍മ്മിഷ്ഠനായ യുധിഷ്ഠിരന്റെ ഒരു നിഷ്ഠ.ഒരു ദിവസം പരാതിക്കാരാരെയും കണ്ടില്ല. നേരം ഉച്ചയാകുന്നു.മുടിഞ്ഞ വിശപ്പും."പരാതിയുമായി അവിടെ ആരെങ്കിലും നില്‌പുണ്ടോ?""ഇല്ല തിരുമനസ്സേ....""ഒരാളുമില്ലേ?""ഇല്ല, ആരുമില്ല.""എങ്കില്‍പ്പിന്നെ ഉണ്ടേക്കാം."യുധിഷ്ഠിരന്‍ കൈകഴുകി ഊണു കഴിക്കാനിരുന്നു.ആദ്യത്ത ഉരുള വായിലേക്കു വച്ചതും പുറത്ത്‌ ഒരു ഏങ്ങലടി കേട്ടു."ആരാ അവിടെ?""ഒരമ്മാവന്‍ വന്നുനിന്നു കരയുന്നു. എന്തോ പരാതി ബോധിപ്പിക്കാനുണ്ടെന്ന്‌."രാജാവിന്‌ നേരിയ തോതില്‍ ദേഷ്യംവന്നു.ശ്ശെടാ! ഇത്രയുംനേരം ഈ 'ദുഷ്‌ടന്‍' എവിടെപ്പോയിക്കിടന്നു? ഉരുള കൈയിലെടുത്തപ്പോഴാണ്‌ ഉരുണ്ടുരുണ്ടു വന്നിരിക്കുന്നത്‌!""പോയിട്ട്‌ നാളെ വരാന്‍ പറയ്‌." (അല്ല പിന്നെ!)രാജാവ്‌ അടുത്ത ഉരുള ഫിനിഷ്‌ ചെയ്യാന്‍ തുടങ്ങി. അങ്ങനെ രണ്ടുരുള കൂടി പോയിരിക്കും.അപ്പോഴുണ്ട്‌ ആരോ ഉച്ചത്തില്‍ മണിമുഴക്കുന്നു. അതും യുധിഷ്ഠിരന്റെ മറ്റൊരു നിഷ്ഠയാണ്‌.പ്രജകളില്‍ ആര്‍ക്കെങ്കിലും അമിതമായി സന്തോഷം തോന്നിയാല്‍ ഉടന്‍ വന്ന്‌ കൊട്ടാരവളപ്പിലുള്ള മണി മുഴക്കണം!അപ്പോള്‍ രാജാവ്‌ പ്രത്യക്ഷനാകും.മണിമുഴക്കിയ ആള്‍ തന്റെ സന്തോഷകാരണം രാജാവിനോട്‌ ഉണര്‍ത്തിക്കണം. അങ്ങനെ രാജാവിനും പ്രജകളുടെ സന്തോഷത്തില്‍ പങ്കുചേരാനാകും."ഇപ്പോഴിതാരപ്പാ വന്ന്‌ മണിയടിക്കുന്നത്‌!"നേരിയതോതില്‍ പിന്നെയും ദേഷ്യം വന്നു, യുധിഷ്ഠിരന്‌."മനുഷ്യന്‌ സമാധാനമായിട്ടൊന്ന്‌ ഉണ്ണാനും പറ്റില്ലെന്നു വച്ചാല്‍!"ഒന്നുരണ്ട്‌ 'റോയല്‍ തെറികള്‍' മനസ്സില്‍ പറഞ്ഞുകൊണ്ട്‌ അദ്ദേഹം എഴുന്നേറ്റു.ചെന്നുനോക്കുമ്പോഴുണ്ട്‌ നമ്മുടെ ഭീമനാണ്‌ മണിയടിക്കുന്നത്‌.ഇവന്‌ ഇതെന്തു പറ്റി?'രണ്ടാമൂഴം.... രണ്ടാമൂഴം' എന്നു പറഞ്ഞ്‌ സങ്കടപ്പെട്ടു നടന്നവനാണല്ലോ. എന്നിട്ട്‌ പെട്ടെന്ന്‌ ഇത്രയും സന്തോഷം വന്നതെങ്ങനെ?ഇനി ഊഴം വല്ലതും മാറിയോ?"അനുജാ ഭീമാ.... എന്തിനാ നീ മണിയടിക്കുന്നത്‌? വിഷയം എന്താണെന്നു പറയൂ." യുധിഷ്ഠിരന്‌ അതിന്റെ രഹസ്യമറിയാഞ്ഞിട്ടു വയ്യ!ഭീമന്‍ വിഷയമവതരിപ്പിക്കാനൊന്നും നിന്നില്ല. അടിയോടടി തന്നെ! ഇടയ്ക്ക്‌ വെട്ടിവെട്ടി ഒരു ചിരിയും!ആ ചിരിയാണ്‌ കൂടുതല്‍ സംശയമുണ്ടാക്കുന്നത്‌!ഒരു പിടിയും കിട്ടുന്നില്ലല്ലോ!ഇനി വിഷമിച്ചുവിഷമിച്ച്‌ വട്ടായിപ്പോയതാണോ?"ഭീമാ.... നിന്നോടാണു പറഞ്ഞത്‌, മണി വിടാന്‍."ഭീമന്‍ ജ്യേഷ്ഠന്റെ നേര്‍ക്കു തിരിഞ്ഞു:"പ്‌ളീസ്‌.... എന്നെ ഡിസ്റ്റര്‍ബ്‌ ചെയ്യരുത്‌. ആനന്ദംകൊണ്ട്‌ എനിക്ക്‌ ഇരിക്കാമ്മേല. അതുകൊണ്ടാ....""ആട്ടെ, എന്താ നിന്റെയീ എക്‌സ്‌ട്രീം ഹാപ്പിനസ്സിന്‌ കാരണം? ഞാന്‍കൂടി അറിയട്ടെ...."പെട്ടെന്ന്‌ ഭീമന്‍ മണിയില്‍ നിന്ന്‌ പിടിവിട്ടു."അല്ല, ചേട്ടന്‍ മിനിമം ഒരുദിവസം കൂടിയെങ്കിലും ജീവിച്ചിരിക്കുമല്ലോ എന്നറിഞ്ഞതിലുള്ള സന്തോഷമാണ്‌ എനിക്ക്‌. അതിന്റെ ത്രില്ലിലാ ഞാന്‍!"എന്നിട്ട്‌ അങ്ങേര്‌ വീണ്ടും 'അടി' തുടങ്ങി.യുധിഷ്ഠിരന്‌ കാര്യം പിടികിട്ടി.തനിക്കു പറ്റിയ അബദ്ധം ബ്രദര്‍ സിംബോളിക്കായി മനസ്സിലാക്കിത്തന്നതാണ്‌.അന്നുവന്ന പരാതിക്കാരനെ അടുത്തദിവസം വരാന്‍ പറഞ്ഞുവിട്ടല്ലോ. അത്‌ അവിവേകമായിപ്പോയി. അടുത്ത ദിവസം താന്‍ ഭൂമിയിലുണ്ടാകുമെന്ന്‌ എന്താണുറപ്പ്‌?യുധിഷ്ഠിരന്‍ പോയി ആ പരാതിക്കാരനെ വിളിപ്പിച്ച്‌ അന്നുതന്നെ അയാളുടെ പ്രശ്‌നം പരിഹരിച്ചു എന്നാണ്‌ കഥ.ഈ നിമിഷം അകത്തേക്കെടുത്ത ശ്വാസം നമ്മള്‍ എന്തായാലും പുറത്തുവിടും. വിട്ടേ തീരൂ. പക്ഷേ അടുത്ത നിമിഷം വീണ്ടും ശ്വാസമെടുക്കും എന്നതിന്‌ യാതൊരു ഗ്യാരന്റിയുമില്ല!അത്രമേല്‍ ക്ഷണികമാണ്‌ ജീവിതം. അതുകൊണ്ടാണ്‌ നൈമിഷികതയുടെ മന്ദഹാസമാണ്‌ ജീവിതം എന്നു പറയുന്നത്‌.ഒന്നിനുമില്ല നില, ഉന്നതമായ കുന്നും എന്നല്ല ആഴിയും ഒരിക്കല്‍ നശിക്കുമെന്നാണ്‌ കുമാരനാശാന്‍ പറയുന്നത്‌.അതിന്‌ കാരണവും നമുക്കറിയില്ല. നമ്മള്‍ അറിയുന്നത്‌ അല്‌പം. ബാക്കിയെല്ലാം ദൈവസങ്കല്‌പം എന്നാണല്ലോ!പക്ഷേ, നമ്മുടെ ആള്‍ക്കാരുടെ ഓരോരോ രീതികള്‍ കണ്ടാല്‍ത്തോന്നും അവര്‍ അവസാനംവരെ ഇവിടെ കാണുമെന്ന്‌. ഓരോ നീക്കവും അത്ര ദീര്‍ഘവീക്ഷണത്തോടെയാണ്‌.ലോകാവസാനം വരെ ലാവിഷായിട്ട്‌ കഴിയാനുള്ള ബാങ്ക്‌ ബാലന്‍സ്‌ പലര്‍ക്കും ഇപ്പോഴേ ആയിട്ടുണ്ട്‌. ഇനി ചുമ്മാ ജീവിച്ചോണ്ടങ്ങു പോയാല്‍ മതി!മിക്കവര്‍ക്കും വളരെ താമസിച്ചാണ്‌ ബോധോദയം വരുന്നത്‌. അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ അനുഭവം ഓര്‍മ്മയില്ലേ?അമിത ധനസമ്പാദനത്തിന്റെ അര്‍ത്ഥശൂന്യത അദ്ദേഹത്തിന്‌ മനസ്സിലായപ്പോഴേക്കും വൈകിപ്പോയിരുന്നു. തന്നെപ്പോലെ മറ്റുള്ളവരും ഈ സത്യം മനസ്സിലാക്കാന്‍ ഇത്രയും കഷ്‌ടപ്പെടരുതല്ലോ എന്ന്‌ അദ്ദേഹം വിചാരിച്ചിരിക്കണം. അതുകൊണ്ടാണ്‌ അന്ത്യയാത്രയില്‍ അലക്‌സാണ്ടര്‍ ശവപ്പെട്ടിയിലെ സുഷിരത്തിലൂടെ കൈകള്‍ വെളിയിലേക്കിട്ടത്‌.അതു കണ്ടിട്ടെങ്കിലും 'കഴുതകള്‍' മനസ്സിലാക്കട്ടെ; ആരും ഇവിടെ നിന്ന്‌ ഒന്നും എങ്ങോട്ടും കൊണ്ടുപോകുന്നില്ലെന്ന്‌!എല്ലാ സാഹിത്യകാരന്മാരും ഈ ആശയം ആവിഷ്കരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌.ഒരിക്കല്‍ ദൈവം പ്രത്യക്ഷപ്പെട്ട്‌, അത്യാഗ്രഹിയായ ഒരു കര്‍ഷകനോടു പറഞ്ഞു: "നാളെ സൂര്യനുദിച്ച്‌ അസ്‌തമിക്കുന്നതിനു മുമ്പ്‌ നഗ്‌നപാദനായി നിനക്ക്‌ എത്രദൂരം സഞ്ചരിക്കാനാകുമോ, അത്രയും ഭൂമി നിനക്കു സ്വന്തമായിത്തീരും!"പിറ്റേന്ന്‌ നേരംവെളുത്തപ്പോള്‍ തുടങ്ങിയ ഓട്ടമാണ്‌ പുള്ളിക്കാരന്‍. ഓരോ മണിക്കൂര്‍ കഴിയുന്തോറും സ്‌പീഡ്‌ കൂടുന്നതല്ലാതെ കുറയുന്നില്ല!വൈകുന്നേരത്തായിരുന്നു ക്‌ളൈമാക്‌സ്‌. അസ്‌തമയത്തിന്‌ അല്‌പം മുമ്പ്‌ ആശാന്‍ 'അസ്‌തമിച്ചു.'കൃത്യസമയത്തുതന്നെ ദൈവം വന്നു. അപ്പോഴേക്കും നോക്കെത്താത്ത ദൂരത്തോളം സമ്പാദിച്ചുകഴിഞ്ഞിരിക്കുന്നു, അയാള്‍. പക്ഷേ, അത്‌ അനുഭവിക്കാന്‍ ആള്‌ സ്ഥലത്തില്ലെന്നു മാത്രം!ഒടുവില്‍ എടുത്തു കുഴിച്ചിടാന്‍ വേണ്ടിവന്നതോ? വെറും ആറടിമണ്ണും!ടോള്‍സ്റ്റോയിയുടെ വിഖ്യാതമായ ഒരു കഥയാണിത്‌.പക്ഷേ, നമ്മുടെ ആളുകള്‍ക്ക്‌ ഇതൊന്നും ബാധകമല്ല. അവര്‍ക്ക്‌ സമ്പല്‍സമൃദ്ധിയില്‍ക്കിടന്നു നീന്തണം.ഇവിടത്തെ 'വീടുവയ്‌പ്‌' ശ്രദ്ധിച്ചിട്ടുണ്ടോ? അഥവാ ലോകം അവസാനിച്ചാലും നമ്മുടെ വീടിന്‌ ഒന്നും പറ്റരുത്‌. അതാണ്‌ മനസ്സിലിരിപ്പ്‌.മിനിമം നാല്‌പതു വയസ്സെങ്കിലുമാകാതെ സാധാരണ ആരും വീടുവയ്ക്കില്ല. കൂടിയാല്‍ ഒരു നാല്‌പതു വര്‍ഷംകൂടി കാണുമായിരിക്കും ബാക്കി!ഈ നാല്‌പതു വര്‍ഷത്തെ കാര്യത്തിനാണ്‌ ഇവര്‍ 'അനശ്വരമായ' മാളികകള്‍ പണിഞ്ഞിടുന്നത്‌.ചിലര്‍ ചോദിക്കുമായിരിക്കും, അടുത്ത തലമുറയ്ക്ക്‌ താമസിക്കണ്ടേ എന്ന്‌....ഭേഷായിപ്പോയി.അടുത്ത തലമുറ എവിടെയായിരിക്കുമെന്ന്‌ അവര്‍ക്കുപോലും അറിയില്ല. അവര്‍ ഇരതേടിപ്പോകുന്നത്‌ വേറെയേതെങ്കിലും ദിക്കിലായിരിക്കും. ഇണയെയും ആ ഭാഗത്തു നിന്നുതന്നെ സംഘടിപ്പിക്കും. ചട്ടിവട്ടികളും കിടാങ്ങളുമൊക്കെയായി ശിഷ്‌ടകാലം അവിടെത്തന്നെയങ്ങു കൂടുകയും ചെയ്യും.അപ്പോഴാണ്‌ ഇവിടെ അച്ഛന്‍ നാട്ടില്‍ വീടുവച്ച്‌ കാത്തിരിക്കുന്നത്‌!ഭൌതികമായി ഒരാള്‍ ആര്‍ജ്ജിക്കുന്ന സമ്പത്ത്‌ രണ്ടു തലമുറകള്‍ക്കപ്പുറം നിലനില്‍ക്കില്ല. അടുത്ത തലമുറ ഒരുപക്ഷേ അത്‌ പിടിച്ചുനിര്‍ത്തിയാലും അതിനടുത്ത തലമുറ എല്ലാം പൊളിച്ചടുക്കിയിരിക്കും. അതാണ്‌ പ്രപഞ്ചസത്യം. ചരിത്രം പോലും അതാണ്‌ പഠിപ്പിക്കുന്നത്‌. എന്നിട്ടാണ്‌ ഇവിടെ ഓരോ വിഡ്ഢിയാനും കിടന്ന്‌ സമ്പാദിച്ചുകൂട്ടുന്നത്‌.ഒട്ടും ഗ്യാരന്റിയില്ലാത്ത ഒന്നിന്റെ പേരാണ്‌ ജീവിതം. അതുകൊണ്ട്‌ യുധിഷ്ഠിരന്‍ ചെയ്‌തതുപോലെ ഒന്നും നാളേക്ക്‌ മാറ്റിവയ്ക്കാതിരിക്കുക.ഉത്തരവാദിത്വങ്ങള്‍ മാത്രമല്ല, സമ്പത്തും!

അഭിപ്രായങ്ങളൊന്നുമില്ല: