ഞായറാഴ്‌ച, ജൂൺ 05, 2005

വാസ്‌തവ ശാസ്‌ത്രം

വാസ്‌തവ ശാസ്‌ത്രം

കരിയിലകളും ചുള്ളിക്കമ്പുകളും കൊണ്ട്‌ കൂടുതീര്‍ക്കുന്ന വീവര്‍ പക്ഷികളും വാസ്‌തുശാസ്‌ത്രവും തമ്മില്‍ എന്തു ബന്‌ധം? ബന്‌ധമുണ്ടല്ലോ! ഈ പക്ഷിഗൃഹങ്ങളുടെ പ്രവേശനദ്വാരം വടക്കോട്ടു തിരിഞ്ഞാണ്‌ ഇരിക്കുന്നത്‌. അതായത്‌, വാസ്‌തുശാസ്‌ത്രമനുസരിച്ച്‌ വീടിന്‌ ഏറ്റവും ഉത്തമമായ ദര്‍ശനം!ഇത്‌ വീവര്‍ പക്ഷികളുടെ മാത്രം കാര്യമല്ല. ആസ്‌ട്രേലിയന്‍ ചിതല്‍പ്പുറ്റുകളും നമ്മുടെ നാട്ടിലെ ചില കിളികളുടെ കൂടുമൊക്കെ വടക്കോട്ട്‌ ദര്‍ശനമായുള്ളവയാണ്‌. ഈ ഉദാഹരണങ്ങളില്‍ നിന്ന്‌ ഒരു കാര്യം വ്യക്തം- മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ശ്രുതിമധുരമായ സന്തുലനമാണ്‌ വാസ്‌തുശാസ്‌ത്രം!ഭൂമി, ആകാശം, വായു, അഗ്‌നി, ജലം എന്നീ പഞ്ചഭൂതങ്ങളാണ്‌ വാസ്‌തുശാസ്‌ത്രത്തിന്റെ അടിസ്ഥാനം. ഭൂമിയുടെ ഗുരുത്വാകര്‍ഷണം, ഭൂകാന്തികവലയം, ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനം ഭൂമിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്നിവയെല്ലാം കണക്കാക്കിയാണ്‌ വാസ്‌തുശാസ്‌ത്രത്തിന്റെ ലക്ഷണങ്ങളും കണക്കുകളും രൂപപ്പെടുത്തിയിരിക്കുന്നത്‌.വെള്ളത്തിലാണ്‌ ഭൂമിയുടെ നിലനില്‌പ്‌ എന്നു പറയാം. വെള്ളമില്ലെങ്കില്‍ ഭൂമിയില്ല. ഭൂമിയുടെ അന്തര്‍ഭാഗത്ത്‌ തിളച്ചുമറിയുന്ന വെള്ളമാണ്‌ ഉപരിതലത്തിലേക്കു പടര്‍ന്ന്‌ ജീവരാശിയെ താങ്ങിനിറുത്തുന്നത്‌. അതിന്‌ ചൂട്‌ ആവശ്യമാണ്‌. ചൂടിന്‌ വായുവില്ലാതെ പറ്റില്ല. അഗ്‌നിക്കും ജീവനുമൊക്കെ വായു വേണം. വായു നിലനില്‍ക്കാന്‍ ആകാശം വേണം. ചുട്ടുപൊള്ളുന്ന ഭൂമിയെ തണുപ്പിക്കാന്‍ മഴ വേണം.ഭൂമിയുടെ ഈ ആവശ്യങ്ങളെല്ലാം മനുഷ്യനുമുണ്ട്‌. വെള്ളമാണ്‌ മനുഷ്യന്റെ ശരീരത്തെ നിലനിറുത്തുന്നത്‌. വെള്ളം കൂടിയാലും കുറഞ്ഞാലും ദോഷമാണ്‌. അതിനെ സന്തുലിതമാക്കുന്നതാകട്ടെ, ദേഹത്തെ ചൂടാണ്‌. അതിനെ നിലനിറുത്തുന്നത്‌ നമ്മള്‍ ശ്വസിക്കുന്ന വായുവാണ്‌. അപ്പോള്‍ ശ്വസനത്തിലൂടെ ഉള്ളില്‍ ആകാശവുമുണ്ടാകും. മനുഷ്യനും പ്രകൃതിയും തമ്മില്‍ ഇവിടെ സമ്മേളിക്കുകയാണ്‌ ചെയ്യുന്നത്‌. ഈ തത്വം ഉള്‍ക്കൊണ്ട്‌, മനുഷ്യനും പ്രകൃതിയും രണ്ടല്ല എന്ന്‌ അനുശാസിക്കുന്ന നിര്‍മ്മാണശാസ്‌ത്രമാണ്‌ വാസ്‌തു.ജീവന്റെ ഈ തത്വം മനസ്സിലാക്കിയാല്‍ ഭൂമിയിലെ സര്‍വ്വചരാചരങ്ങളിലും ജീവന്റെ ചൈതന്യം കണ്ടെത്താന്‍ സാധിക്കും. മനുഷ്യശരീരത്തിലെ എല്ലാ നാഡികളും ഭൂമിയിലുണ്ട്‌. അവിടെ പണിയുന്ന വീട്ടിലും അതുണ്ടാകും. അതുകൊണ്ടാണ്‌ മദ്ധ്യം തടയരുത്‌ എന്നു പറയുന്നത്‌. ഈ ഭാഗം ഒഴിവാക്കിവേണം ഗൃഹനിര്‍മ്മാണം നടത്താന്‍. വീടിന്റെ മദ്ധ്യഭാഗത്തുനിന്ന്‌ കിഴക്കിനി, തെക്കിനി, വടക്കിനി, പടിഞ്ഞാറ്റിനി എന്നിങ്ങനെ നാലു ദിക്‌ഗൃഹങ്ങള്‍ പണിയുന്നു. പഴയ സമ്പ്രദായത്തിലുള്ള നാലുകെട്ടിന്റെ തത്വമാണ്‌ ഇത്‌. ഈ നാലു ഗൃഹങ്ങളും നേരത്തേ പറഞ്ഞ മദ്ധ്യബിന്ദുവിലാണ്‌ കേന്ദ്രീകരിച്ചിരിക്കുന്നത്‌. അങ്ങനെയൊരു ചട്ടക്കൂടിലാണ്‌ നമ്മുടെ വാസ്‌തുശാസ്‌ത്രം രൂപപ്പെട്ടിരിക്കുന്നത്‌. അലംഘനീയമായ നിയമങ്ങളും കണക്കുകളും പലപ്പോഴും വാസ്‌തുശാസ്‌ത്രത്തിന്‌ അന്‌ധവിശ്വാസത്തിന്റെ പരിവേഷം നല്‍കിയിട്ടുണ്ട്‌. പക്ഷേ, വാസ്‌തുവിന്റെ ശാസ്‌ത്രീയ അടിത്തറയെക്കുറിച്ച്‌ മനസ്സിലാക്കുമ്പോള്‍ നേരത്തേ പറഞ്ഞ തെറ്റിദ്ധാരണ മാറും. പ്രകൃതിയും മനുഷ്യനും ചേര്‍ന്നുള്ള ആവാസ വ്യവസ്ഥയുടെ അന്തസത്ത പിടികിട്ടാത്തവര്‍ക്ക്‌ വാസ്‌തുശാസ്‌ത്രം വെറും അന്‌ധവിശ്വാസമെന്നു തോന്നാം.പ്രാചീനകാലത്ത്‌ രൂപംകൊണ്ട വാസ്‌തുശാസ്‌ത്രം തെറ്റുകള്‍ തിരുത്തിയാണ്‌ വികസിച്ചുപോന്നിട്ടുള്ളത്‌. ഇത്‌ സാര്‍വ്വത്രികമായ ശാസ്‌ത്രം കൂടിയാണ്‌. ഓരോ പ്രദേശത്തിനും ഉതകുംവിധമുള്ള നിര്‍മ്മാണശൈലി വാസ്‌തുശാസ്‌ത്രത്തിലുണ്ട്‌. അതേസമയം പൊതുവായ സാങ്കേതിക പ്രതിവിധികളും വിധാന തത്വങ്ങളും എല്ലാത്തിനുമുപരി ഒരു ശാസ്‌ത്രീയ ദര്‍ശനവും ഇത്‌ ഉള്‍ക്കൊള്ളുന്നു. ഇതൊക്കെക്കൊണ്ടാണ്‌ വാസ്‌തുശാസ്‌ത്രത്തിന്‌ ഒരു സാര്‍വ്വത്രികഭാവം ലഭിച്ചത്‌.വാസ്‌തുവിദ്യയുടെ സവിശേഷതകളില്‍ ഏറ്റവും പ്രധാനം അതിന്റെ ആനുപാതികഭാവമാണ്‌ (ഛഴസഹസഴര്‍യസഷദ വയര്‍രു). ഇവിടെയാണ്‌ നേരത്തേ പറഞ്ഞ തരത്തിലുള്ള, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ശ്രുതിമധുരമായ സമ്മേളനത്തിന്റെ പ്രസക്തി. മനുഷ്യനെയും പ്രകൃതിയെയും പരസ്‌പരം യോജിപ്പിച്ചു നിറുത്തുന്നതില്‍ വാസ്‌തുശാസ്‌ത്രത്തിന്റെ പങ്ക്‌ വലുതാണ്‌.ഇന്ന്‌ ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഭൂരിഭാഗം കെട്ടിടങ്ങളും വാസ്‌തുശാസ്‌ത്രത്തിന്റെ ഈ അന്തസത്തയെ പ്രമാണമായി സ്വീകരിച്ചിട്ടുള്ളവയാണ്‌. ഇതു കാണാനോ മനസ്സിലാക്കാനോ ആധുനിക സാങ്കേതികവിദ്യയുമായി സമന്വയിപ്പിക്കാനോ ആരും ശ്രമിക്കാതെ പോകുന്നത്‌ പാരമ്പര്യവിജ്ഞാനത്തിന്റെ കുറവുകൊണ്ടല്ല, മറിച്ച്‌ ആധുനിക സമ്പ്രദായങ്ങളോടുള്ള അമിതമായ അഭിനിവേശംകൊണ്ടും സൌകര്യങ്ങള്‍ പ്രധാനമായി കരുതുന്നതുകൊണ്ടുമാണ്‌.ഏകദേശം നാലായിരം വര്‍ഷങ്ങള്‍ക്കു മുമ്പ്‌ എഴുതപ്പെട്ട വാസ്‌തുശാസ്‌ത്ര ഗ്രന്ഥങ്ങളാണ്‌ ഇന്നും ഈ രംഗത്ത്‌ പ്രാമാണികമായി നിലനില്‍ക്കുന്നത്‌. മനുഷ്യന്റെ ആവാസവ്യവസ്ഥയിലും ആവശ്യങ്ങളിലുമുണ്ടായ മാറ്റത്തെ ഈ ശാസ്‌ത്രം എത്രത്തോളം തിരിച്ചറിഞ്ഞുവെന്ന്‌ ചിന്തിക്കേണ്ട സമയമാണിത്‌. അതിന്‌ ആവശ്യമായ പഠനങ്ങളും ചര്‍ച്ചകളുമൊക്കെ ഉണ്ടാകണം. കുറേനാള്‍ അവഗണിക്കപ്പെട്ടുകിടന്ന ഈ ശാസ്‌ത്രത്തിന്‌ വീണ്ടും പ്രചാരവും വിശ്വാസവും കിട്ടിയത്‌ ആശാവഹമായ കാര്യംതന്നെ.വാസ്‌തുശാസ്‌ത്രത്തിന്റെ അന്തസത്ത ആവോളം മനസ്സിലാക്കിയവരും അതിന്റെ പ്രായോഗികതയെക്കുറിച്ച്‌ നല്ല ജ്ഞാനമുള്ളവരുമായിരുന്നു പണ്ടത്തെ ശില്‌പികള്‍. സ്ഥാപതി, സൂത്രഗ്രാഹി, തക്ഷകന്‍, വര്‍ദ്ധകി എന്നിങ്ങനെ നാലുതരക്കാരെ നിര്‍മ്മാണത്തിനായി ചുമതലപ്പെടുത്താവുന്നതാണെന്നും, യജമാനന്‍, വാസ്‌തു എന്നിവയ്ക്ക്‌ അനുസരിച്ച്‌ നിര്‍മ്മാണത്തിന്‌ ആവശ്യമായ സാമഗ്രികള്‍ ക്രമീകരിക്കണമെന്നും വാസ്‌തുശാസ്‌ത്രം പറയുന്നു.ശില്‌പികളില്‍ പ്രധാനിയാണ്‌ സ്ഥാപതി. ആരോഗ്യവാനും സദ്‌ഗുണസമ്പന്നനും എല്ലാ ശാസ്‌ത്രങ്ങളിലും അറിവുള്ളവനുമായിരിക്കണം ഇയാള്‍. ഇന്ന്‌ ഈ സ്ഥാനം ആര്‍ക്കിടെക്‌ടിനാണ്‌ നമ്മള്‍ നല്‍കിവരുന്നത്‌.സ്ഥാപതിയുടെ മകനോ ശിഷ്യനോ ആയിരിക്കണം സൂത്രഗ്രാഹി. ആചാര്യന്റെ ആഗ്രഹപ്രകാരം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക്‌ മേല്‍നോട്ടം വഹിക്കേണ്ടത്‌ ഇദ്ദേഹമാണ്‌. സൂത്രഗ്രാഹി എന്നാല്‍ ചരടുവലിക്കുന്നവര്‍ എന്നാണ്‌ അര്‍ത്ഥം. എന്‍ജിനിയര്‍, സൂപ്പര്‍വൈസര്‍ എന്നിവരാണ്‌ ഇപ്പോള്‍ ഈ സ്ഥാനത്തുള്ളത്‌.തക്ഷകനും വര്‍ദ്ധകിയും കെട്ടിടഭാഗങ്ങള്‍ രൂപപ്പെടുത്തുകയും അവ കൂട്ടിയിണക്കുകയും ചെയ്യുന്നവരാണ്‌. 'തക്ഷകന്‍' എന്ന പദം ലോപിച്ചാണ്‌ തച്ചനായത്‌. തക്ഷകന്‍ നിര്‍മ്മിക്കുന്നത്‌ കൂട്ടിയിണക്കുക എന്ന ജോലിയാണ്‌ വര്‍ദ്ധകിക്ക്‌ നല്‍കപ്പെട്ടിരിക്കുന്നത്‌. ഇന്ന്‌ ഈ ജോലി മേസ്‌തിരിമാര്‍ ചെയ്യുന്നു.ജ്യോതിഷവും വാസ്‌തുശാസ്‌ത്രവും തമ്മില്‍ ഏറെ ബന്‌ധമുണ്ട്‌. പക്ഷേ, ജ്യോതിഷം കൈകാര്യം ചെയ്യുന്ന രീതിയിലാവരുത്‌ വാസ്‌തുശാസ്‌ത്രത്തെ കാണുന്നത്‌. വാസ്‌തുശാസ്‌ത്രത്തിന്റെ കാര്യത്തില്‍ പ്രായോഗിക പരിശീലനം ഒരു പ്രധാന ഘടകമാണ്‌.വീടിന്റെ സ്ഥാനനിര്‍ണ്ണയം, രൂപരേഖ തയ്യാറാക്കല്‍, നിര്‍മ്മാണം, പണി കഴിഞ്ഞ വീടിന്റെ ദോഷങ്ങള്‍ കണ്ടെത്തല്‍, ഇവയ്ക്ക്‌ പരിഹാരം നിര്‍ദ്ദേശിക്കല്‍ എന്നിവയൊക്കെ പരിചയസമ്പന്നനും വിദഗ്ദ്ധനുമായ ഒരാളെക്കൊണ്ടേ ചെയ്യിക്കാവൂ. അല്ലെങ്കില്‍ ഗുണത്തെക്കാള്‍ ദോഷമായിരിക്കും ഫലം.വാസ്‌തുശാസ്‌ത്രവും അതിനനുസരിച്ചുള്ള നിര്‍മ്മാണവും സാങ്കേതികത എന്നതിനേക്കാള്‍ ദൈവികമായ ഒരു സാധനയാണ്‌ എന്നതാണ്‌ വാസ്‌തുവിദ്യയുടെ മഹത്തായ വീക്ഷണം. ആവാസസ്ഥാനമായി അതിര്‍ത്തി തിരിക്കപ്പെടുന്ന വാസ്‌തുമണ്‌ഡലം ഒട്ടനേകം ശക്തികളുടെ സാന്നിദ്ധ്യംകൊണ്ട്‌ സമ്പന്നമാണ്‌. ഇതില്‍ നിറവേറ്റപ്പെടുന്ന ഓരോ പ്രവൃത്തിക്കും ദൈവം സാക്ഷിയാണ്‌ എന്നാണ്‌ സങ്കല്‌പം. അതുകൊണ്ട്‌ ആത്‌മാര്‍ത്ഥത, നൈപുണ്യം, സന്മനസ്സ്‌ എന്നീ ഗുണങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന പ്രവൃത്തിയാവണം ഇവിടെ ചെയ്യേണ്ടത്‌. ഭൂഗര്‍ഭത്തില്‍ നടത്തിയ ശിലാന്യാസം എന്ന ബീജത്തില്‍ നിന്ന്‌ വാസ്‌തുപുരുഷന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിന്റെ പ്രതീകമാണ്‌ വീട്‌. യജമാനന്‍, ആചാര്യന്‍, മാര്‍ഗ്‌ഗദര്‍ശി, ശില്‌പികള്‍ ഇവര്‍ക്കൊക്കെ വീടുപണി ഒരു തൊഴില്‍ മാത്രമല്ല, ഉദാത്തമായ ധര്‍മ്മം കൂടിയാണ്‌!കേരളത്തിന്‌ പൌരാണികമായ ഒരു വാസ്‌തുശാസ്‌ത്ര പാരമ്പര്യമുണ്ട്‌. വിവിധ പ്രാദേശികഘടകങ്ങള്‍ അതിനെ സ്വാധീനിച്ചിട്ടുമുണ്ട്‌. ഇതിനു പുറമെ ശക്തമായ പല വിദേശസ്വാധീനങ്ങള്‍ക്കും അത്‌ വിധേയമാവുകയും ചെയ്‌തു. വാസ്‌തുവിദ്യയിലുണ്ടായത്‌, വീടിന്റെ ഉള്‍ഭാഗത്തുണ്ടായത്‌, ലാന്‍ഡ്‌സ്കേപ്പിംഗില്‍ ഉണ്ടായത്‌ എന്നിങ്ങനെ ഈ സ്വാധീനത്തെ മൂന്നായി തിരിക്കാം.വീടിന്റെ അടിസ്ഥാന നിര്‍മ്മാണസാമഗ്രികളിലുണ്ടായ മാറ്റവും രൂപരേഖയിലുണ്ടായ മാറ്റവുമാണ്‌ വാസ്‌തുവിദ്യാ സംബന്‌ധമായ വ്യത്യാസങ്ങള്‍. ഫര്‍ണിച്ചറുകളുടെയും (വീട്ടുപകരണങ്ങള്‍) അലങ്കാരവസ്‌തുക്കളുടെയും രൂപത്തിലുണ്ടായ മാറ്റങ്ങളാണ്‌ ഉള്‍ഭാഗത്തെ മാറ്റംകൊണ്ട്‌ സൂചിപ്പിക്കുന്നത്‌. വീടുകള്‍ക്ക്‌ വിശാലമായുണ്ടായിരുന്ന മുറ്റങ്ങള്‍ ചെടികള്‍ വച്ചുപിടിപ്പിച്ച 'ലോണു'കളായത്‌ ഉള്‍പ്പെടെയുള്ള മാറ്റങ്ങളാണ്‌ ലാന്‍ഡ്‌സ്കേപ്പിംഗിലുണ്ടായ പരിഷ്കാരം.പഴയ മനകളും നാലുകെട്ടുകളും പുതുക്കിപ്പണിതും, പുതിയ വീടുകളില്‍ പഴമ നിറച്ചും ഗൃഹനിര്‍മ്മാണത്തില്‍ പുതുശൈലികള്‍ കണ്ടെത്തിയും കേരളീയര്‍ വാസ്‌തുശാസ്‌ത്രത്തിലേക്ക്‌ തിരിച്ചുവരാന്‍ ശ്രമിക്കുകയാണ്‌. ഗൃഹനിര്‍മ്മാണ പാരമ്പര്യത്തിന്റെ അന്തസത്തയെ പുതിയ തലമുറ തിരിച്ചറിയുന്നതിന്റെ സൂചനയാണിത്‌.

ബി. അര്‍ജുനന്
‍വാസ്‌തുവിദ്യാ വിദഗ്ദ്ധന്‍

അഭിപ്രായങ്ങളൊന്നുമില്ല: