വ്യാഴാഴ്‌ച, ജൂൺ 16, 2005

നാടിനൊപ്പം, ദേവിയ്ക്കായി

ഈരേഴ തെക്ക്‌ : ചെട്ടികുളങ്ങര ദേവീക്ഷേത്രവുമായി ബന്ധപ്പെട്ട 13 കരകളില്‍ ആദ്യത്തേതാണ്‌ ഈരേഴ തെക്ക്‌. ഈരേഴ തെക്കു കരയിലെ ചെമ്പോലില്‍ വീട്ടില്‍ വട്ടകയിലാണു കൈനീട്ടപ്പറയ്‌ ക്കായി ദേവിയെ എഴുന്നള്ളിക്കുന്നത്‌. കൊടുങ്ങല്ലൂി‍ല്‍നിന്നു ദേവിയെ കൊണ്ടുവന്നു പ്രതിഷ്ഠിച്ചതിന്റെ സ്മരണയ്ക്കാണു കൈനീട്ടപ്പറ അവിടെ നിന്നെടുക്കുന്നത്‌. പിന്നീടുള്ള ദിവസങ്ങളില്‍ ജീവതയിലാണു പറയെടുക്കുന്നത്‌.

മകയിരം നാള്‍ കഴിഞ്ഞു പിന്നീടുള്ള പൂയം നാളിലാണ്‌ ഒന്നാം ദിവസം ഈരേഴ തെക്കു കരയിലെ പറ. അന്നേ ദിവസം ഉച്ചയ്ക്കു കാട്ടൂര്‍ ഇറക്കിപ്പൂജയും സദ്യയും. വൈകിട്ട്‌ പോനകം ളാഹ അന്‍പൊലിക്കളത്തില്‍ ചെട്ടികുളങ്ങര, മുള്ളിക്കുളങ്ങര ഭഗവതിമാരുടെ കൂടിയെഴുന്നള്ളത്തു നടത്തും.

അമ്മയെ കൊണ്ടുവരാന്‍ പോയ യോഗീശ്വരന്മാരുടെ കൂടെപ്പോയ പുതുപ്പുരയ്ക്കല്‍, കാട്ടൂര്‍, ചെറുമാളിയേക്കല്‍, പുല്ലമ്പള്ളില്‍ വീടുകളിലും ഇറക്കിപൂജ നടത്തപ്പെടുന്നു.
കുംഭഭരണി കഴിഞ്ഞുവരുന്ന പൂയം നാളില്‍ രണ്ടാം ദിവസം ഈരേഴ തെക്ക്‌ കരക്കാരുടെ പുളിവേലിലെ പറയും കോയിക്കല്‍ത്തറയില്‍ അന്‍പൊലിയും ഉച്ചയ്ക്കു ഭഗവതിയെ എഴുന്നള്ളിച്ചു പുല്ലമ്പള്ളില്‍ കളരിയില്‍ ഇറക്കിപ്പൂജ. വൈകിട്ട്‌ പുതുപ്പുരയ്ക്കല്‍ കളരിയില്‍ ഇറക്കിപ്പൂജ, സദ്യ എന്നിവയും നടക്കും.

അടിച്ചട്ടം, കതിരുകാല്‍, ഇടക്കൂടാരം,
പ്രഭട, തൊപ്പിക്കൂടാരം എന്നീ പ്രധാന ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഏകദേശം 55 മീറ്റര്‍ ഉയരമുള്ള കുതിരയെയാണ്‌ ഈരേഴ തെക്ക്‌ കരക്കാര്‍ അണിയിച്ചൊരുക്കി കുംഭഭരണിനാളില്‍ ആനയിക്കുന്നത്‌. അനന്തശയനം, പാലാഴിമഥനം, കുരുക്ഷേത്രയുദ്ധം, ശ്രീകൃഷ്ണലീല, ഇരുവശത്തും ഓടക്കുഴല്‍ വായിക്കുന്ന ശ്രീകൃഷ്ണന്‍, ഭീമന്‍, അര്‍ജുനന്‍, നടുവില്‍ നാഗപ്പത്തി, പൂവ്‌, വള്ളി മുതലായ കലാരൂപങ്ങള്‍. പ്രഭടയ്ക്കു നടുവില്‍ ദാരികവധം നടത്തി ഘോര രൂപിണിയായി വരുന്ന ഭദ്രകാളി രൂപമുള്ള ഭദ്രകാളിമുടി അതിനു താഴെയായി തലേക്കെട്ട്‌, പിന്നീടുള്ളത്‌ മറ്റു കെട്ടുകാഴ്ചകളിലില്ലാത്ത തത്തിക്കളിക്കുന്ന രണ്ടു പാവക്കുട്ടികള്‍.

ഇലഞ്ഞീലേത്ത്‌ വീട്ടുകാര്‍ വഴിപാടായി കുതിരയ്ക്ക്‌ സമര്‍പ്പിച്ചതാണു പാവക്കുട്ടികള്‍. ഇലഞ്ഞീലേത്ത്‌ ഗൃഹനാഥന്‍ മക്കളില്ലാത്ത ദുഃഖം പേറുമ്പോള്‍ വഴിപാടായി കുതിരയ്ക്കു പാവയെ സമര്‍പ്പിക്കാമെന്നു നേര്‍ന്ന്‌ അധികം വൈകാതെ കുടുംബത്തില്‍ രണ്ടു പെണ്‍കുട്ടികള്‍ പിറന്നു. അങ്ങനെ രണ്ടു പാവക്കുട്ടികളെ വഴിപാടായി നല്‍കി. കുതിരയില്‍ ഇടക്കൂടാരത്തിനു തൊട്ടു താഴെയായിട്ടാണു പാവകളുടെ സ്ഥാനമൃാ‍ഗശമനത്തിനും സന്താനലബ്ധിക്കുമായി പാവക്കുട്ടിക്ക്‌ ഉടയാട ചാര്‍ത്തുന്നത്‌ പ്രധാന വഴിപാടാണ്‌.

ഈരേഴ തെക്കു കരക്കാര്‍ നടത്തുന്ന
ഒന്നാം എതിരേല്‍പ്‌ ഉല്‍സവദിനം ഉരുളിച്ച വരവിനു ശേഷം ഭദ്രകാളി മുടി എഴുന്നള്ളിച്ചു ക്ഷേത്രത്തില്‍ കൊണ്ടുവന്നു പാട്ടമ്പലത്തില്‍ ആചാരപൂര്‍വം എഴുന്നള്ളിച്ചിരുന്നു. ആവശ്യം വേണ്ട ഒരുക്കുകള്‍ അതിനുമുന്‍പില്‍ തയാറാക്കിയശേഷം കുറപ്പന്മാര്‍ തോറ്റം പാട്ടു നടത്തുന്നു.

മീനമാസത്തിലെ അശ്വതിനാളില്‍ ക്ഷേത്രത്തില്‍ തെക്കും വടക്കും കരക്കാര്‍ ഓരോ പോളവിളക്ക്‌ ഉണ്ടാക്കും. തെക്കരുടെ പോളവിളക്കും വിശേഷാല്‍ പരിപാടികളും ഈരേഴ തെക്കു കരക്കാരും, തിരുപ്പന്ത ഓട്ടം, കൈത തെക്ക്‌ കരക്കാരുമാണു നടത്തുന്നത്‌. പറയിടീലിനായി ചുറ്റുമുള്ള നാലുകരകളിലും എഴുന്നള്ളിക്കുന്ന ഭഗവതിയെ തെക്കേ വിളക്കിന്‍ ചുവട്ടില്‍ എഴുന്നള്ളിച്ചിരുത്തും. തുടര്‍ന്നു വിളക്കോടുകൂടി ക്ഷേത്രത്തിലേക്ക്‌ എഴുന്നള്ളിക്കും.

വടക്കേ വിളക്കിനു ചുവട്ടിലും നടത്തിയശേഷം എഴുന്നള്ളിപ്പോടെ ക്ഷേത്രത്തിനു പ്രദക്ഷിണംവയ്ക്കും. ഭഗവതി അമ്മയെ കാണാന്‍ കൊടുങ്ങല്ലൂരു പോകുമെന്ന വിശ്വാസത്താല്‍ തൊട്ടടുത്ത ഭരണിദിവസം നട തുറക്കില്ല.

ഇവര്‍ സാരഥികള്‍
അപ്പുക്കുട്ടന്‍പിള്ള തോണ്ടപ്പുറത്ത്‌ (പ്രസിഡന്റ്‌), ശ്രീകുമാര്‍ ശിവവിലാസം (സെക്രട്ടറി), ബി. ഹരികൃഷ്ണന്‍ മണിസദനം (കണ്‍വന്‍ഷന്‍ എക്സിക്യൂട്ടീവ്‌ അംഗം), മധു പ്ലാവിളയില്‍, വിശ്വനാഥപിള്ള പുത്തന്‍തറയില്‍ (കണ്‍വന്‍ഷന്‍ അംഗങ്ങള്‍) എന്നിവരുടെ
നേതൃത്വത്തിലുള്ള കമ്മിറ്റിയാണു പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്‌.


ഈരേഴ വടക്ക്‌
ചെട്ടികുളങ്ങരയിലെ രജിസ്റ്റര്‍ ചെയ്‌ത ആദ്യ ഹൈന്ദവ കരയോഗമാണ്‌ ഈരേഴ വടക്ക്‌ 41-ാ‍ം നമ്പര്‍ ഹൈന്ദവ കരയോഗം. കുംഭഭരണിനാളില്‍ കരക്കാര്‍ ആനയിക്കുന്ന കുതിര ക്ഷേത്രത്തില്‍ എത്തുന്ന കുതിരകളില്‍ ഏറ്റവും വലിയവയില്‍ ഒന്നാണ്‌. താമര, സരസ്വതീദേവീ, അരയന്നം എന്നിവ ഈ കെട്ടുകാഴ്ചയുടെ പ്രത്യേകതയാണ്‌. 1500 ഹൈന്ദവ ഭവനങ്ങള്‍ ഉള്ള കരയില്‍ എതിരേല്‍പു ദിനത്തില്‍ കരചുറ്റി ഉരുളിച്ച വരവു നടക്കുന്ന ഏക കര ഈരേഴ വടക്കാണ്‌. പ്രശസ്‌തരായ കലാകാരന്മാരെ അണിനിരത്തി കരക്കാര്‍ ഒരുക്കുന്ന സേവ പ്രശസ്‌തമാണ്‌.

ഏറ്റവും കൂടുതല്‍ കുത്തിയോട്ട കഥകള്‍ രചിച്ചതും മധുരമായ കുമ്മികള്‍ രചിച്ച്‌ ചെട്ടികുളങ്ങരക്കാര്‍ക്കു കീര്‍ത്തി നല്‍കിയ കുത്തിയോട്ട ആശാന്‍ പരമേശ്വരന്‍പിള്ള എന്ന പാച്ചന്‍ ആശാന്‍ ഈ കരക്കാരനാണ്‌. ക്ഷേത്രതന്ത്രിയുടെ കുടുംബമായ പ്ലാക്കുടി ഇല്ലം ഈരേഴ വടക്കാണ്‌. ചെട്ടികുളങ്ങര ഭഗവതിയുടെ ആഗമനവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിലെ മേച്ചേരില്‍ കുടുംബം ഈ കരയിലാണ്‌. കരയിലെ പറയ്ക്കെഴുന്ന ള്ളത്ത്‌ ദിനം മേച്ചേരില്‍ കളരിയില്‍ ഇറക്കിപ്പൂജയും സദ്യയും നടക്കുന്നു.ക്ഷേത്രത്തിലെ സംബന്ധി അധികാരം ഈ കുടുംബത്തില്‍
നിക്ഷിപ്‌തമാണ്‌. ക്ഷേത്ര ഐതതിഹ്യവുമായി ബന്ധപ്പെട്ട ഏക ക്രിസ്‌ത്യന്‍ കുടുംബമായ നടേവീട്ടില്‍ കുടുംബം കരയിലാണ്‌.

ഇവര്‍ സാരഥികള്‍
സോമരാജന്‍ കാവിന്റെ കിഴക്കതില്‍ (പ്രസിഡന്റ്‌), ജ്യോതികുമാര്‍ ആമ്പാടി (സെക്രട്ടറി), രാജീവ്‌ മേച്ചേരില്‍ (എക്സിക്യൂട്ടീവ്‌), ബാബുരാജ്‌ വിളയില്‍, ഗോപാലകൃഷ്ണന്‍ വലിയവീട്ടില്‍ (കണ്‍വന്‍ഷന്‍ അംഗങ്ങള്‍).


ലോകമെങ്ങും എത്താന്‍ ചെട്ടികുളങ്ങര
ചെട്ടികുളങ്ങരയുടെ മഹത്വം ലോകം മുഴുവന്‍ എത്തിക്കുന്നതിനു കരയിലെ യുവാക്കള്‍ സ്വന്തമായി വെബ്സൈറ്റ്‌ നിര്‍മിച്ചു. www.chettikulangara.org എന്ന ജാലിക മുഖേന കുംഭഭരണിക്ക്‌ ആഗോള പ്രശസ്‌തി ലഭിച്ചു.

കൈത തെക്ക്‌
ക്ഷേത്രത്തിന്റെ തെക്കു പടിഞ്ഞാറെ കോണില്‍ സ്ഥിതിചെയ്യുന്ന, ഒരു കിലോമീറ്ററോളം ചുറ്റളവുള്ള കരയാണിത്‌. ദേവിയുടെ ആഗമനവുമായി ബന്ധപ്പെട്ട്‌ കൊടുങ്ങല്ലൂരില്‍ തപസനുഷ്ഠിച്ചു ദേവിയെ പ്രത്യക്ഷപ്പെടുത്തിയ യോഗീശ്വരന്മാരില്‍ പ്രധാനിയായ ഒരാള്‍ എന്നു വിശ്വസിക്കുന്ന മങ്ങാട്ടേത്ത്‌ വല്യച്ഛന്റെ ക്ഷേത്രം, കളരി, കാവ്‌ എന്നിവ കരയുടെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നു. കായംകുളം രാജാവിന്റെ ദര്‍ബാറിലെ അംഗമായിരുന്ന മങ്ങാട്ടേത്ത്‌ വല്യച്ഛനെ അമ്പലപ്പുഴ പുതുമന ഇല്ലത്ത്‌ തന്ത്രിയാല്‍ പുനപ്രതിഷ്ഠ നടത്തി ആരാധിച്ചുവരുന്നു. ദേവസ്വം ബോര്‍ഡിന്റെ
അംഗീകാരത്തോടെ മങ്ങാട്ടേത്ത്‌, മുടുവമ്പുഴേത്ത്‌ എന്നീ കളരികളില്‍ (കൊട്ടാരങ്ങള്‍) ഇറക്കിപ്പൂജ നടത്തുന്നു.

ചെറുകരവീട്ടില്‍ നിന്നാണു കൈനീട്ടപ്പറ വഴിപാടു എടുക്കുന്നത്‌. ചെറുകരയിലെ കുടുംബനാഥന്‍ ചെട്ടികുളങ്ങര അമ്മയുടെ ഉപാസകനും കായംകുളം രാജാവിന്റെ ഉപദേഷ്ടാവുമായിരുന്നുവെന്നു ഐതിഹ്യങ്ങള്‍ പറയുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട കോമലേഴത്ത്‌ കുടുംബത്തിലെയും ക്ഷേത്രത്തിലെയും പറവഴിപാടു ശിവരാത്രി ദിനത്തിലാണു സ്വീകരിക്കുന്നത്‌. 23 മീറ്ററോളം പൊക്കമുള്ള കുതിരയാണു കരയുടെ കെട്ടുകാഴ്ച. ശിവരാത്രി ദിവസം കെട്ടുകാഴ്ചകളുടെ ഉരുപ്പടികള്‍ പുറത്തെടുക്കുന്നതിനു മുന്‍പായി ക്ഷേത്രത്തിലെ വഴിപാടുകള്‍ക്കുശേഷം; മങ്ങാട്ടേത്ത്‌ വല്യച്ഛന്റെ ക്ഷേത്രസങ്കേതത്തില്‍ വഴിപാടു നടത്തി, വിളക്കു കത്തിച്ച്‌ അനുവാദം വാങ്ങിയാണു കെട്ടുകാഴ്ച നിര്‍മാണം ആരംഭിക്കുന്നത്‌.

പണ്ടു മാവിന്റെ സഹായത്തോടെയാണു കെട്ടുകാഴ്ച ഒരുക്കിയിരിക്കുന്നത്‌. പിന്നീടു മാവു വെട്ടിമാറ്റി ഹൈന്ദവ കരയോഗം ടവര്‍ സ്ഥാപിച്ചു. മാവില്‍ നിലനിന്നിരുന്ന ദേവീചൈതന്യം ക്ഷേത്രതന്ത്രി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ആവാഹിച്ചു ടവറില്‍ ലയിപ്പിച്ചു.

കരയിലെ ആദ്യത്തെ പ്രധാനചടങ്ങ്‌ ദേവിയുടെ പറയ്ക്കെഴുന്നള്ളത്തുംമറ്റൊരു
പ്രധാനചടങ്ങ്‌ മങ്ങാട്ടേത്തു കളരിയിലെ ഇറക്കിപൂജയുമാണ്‌. ഇറക്കിപൂജ ദിവസം ഉച്ചയ്ക്കുശേഷം ദേവി മങ്ങാട്ടേത്ത്‌ കളരിയിലേക്ക്‌ എഴുന്നള്ളുന്നു. ഇറക്കിപൂജ, വെള്ള നിവേദ്യസദ്യ എന്നിവ നടത്തിയശേഷം വല്യച്ഛന്‍ ക്ഷേത്രസങ്കേതത്തില്‍ എഴുന്നള്ളത്തു നടക്കും. തുടര്‍ന്നു ചെട്ടികുളങ്ങര ക്ഷേത്രത്തിലേക്ക്‌ ദീപാരാധനയ്ക്കായി തിരിച്ചെഴുന്നള്ളിക്കും. അന്നേദിവസം മറ്റുപറകളോ പുറത്തു ചടങ്ങുകളോ ഉണ്ടാകില്ല. കായംകുളം അവറയകുല മടുവമ്പുഴത്തു കളരിയിലെ ഇറക്കിപൂജയാണ്‌ കരയിലെ മറ്റൊരു പ്രധാനചടങ്ങ്‌.

ശിവരാത്രിനാളിലാണ്‌ ഈ ചടങ്ങ്‌. പൂജയും വെള്ളനിവേദ്യസദ്യയും സ്വീകരിച്ച്‌ കരയിലെ ടവറിന്റെ ചുവട്ടില്‍ അന്‍പൊലി എടുത്ത്‌ തിരിച്ചെഴുന്നള്ളിച്ച്‌ ദീപാരാധനയ്ക്കുശേഷം അമ്മയെ കണ്ണമംഗലം തെക്ക്‌ കരയിലേക്കു പറവഴിപാട്‌, പോളവിളക്ക്‌ എഴുന്നള്ളിപ്പ്‌, കണ്ണമംഗലം മഹാദേവ ക്ഷേത്രത്തിലെ പൂജകള്‍, കൂടി എഴുന്നള്ളത്ത്‌ എന്നിവയ്ക്കായി എഴുന്നള്ളിക്കുന്നു.കരയുടെ സിരാകേന്ദ്രമെന്നു വിളിക്കുന്ന ചെട്ടിയാരേത്ത്‌ ആലുമ്മൂട്‌ അരയാലും പേരാലും കുളവും ആല്‍ത്തറയുള്ള ദേവീചൈതന്യം നിറഞ്ഞുനില്‍ക്കുന്ന സ്ഥലമാണെന്നാണ്‌ കരക്കാരുടെ വിശ്വാസം. ഇവിടെനിത്യവും രണ്ടുനേരം വിളക്കു കത്തിച്ച്‌ ആരാധിക്കുന്നു. ക്ഷേത്രത്തിലേക്കുള്ള ഉരുളിച്ച, 13
വര്‍ഷത്തിലൊരിക്കല്‍ 101 കലം ഘോഷയാത്ര എന്നിവ ആരംഭിക്കുന്നത്‌ ഈ അരയാല്‍ ചുവട്ടില്‍നിന്നാണ്‌. മീനമാസത്തിലെ അശ്വതിനാളില്‍ ദേവിയുടെ യാത്രയയപ്പ്‌ ദിവസം രാത്രി കരകളിലെ അവസാനത്തെ അന്‍പൊലി, യാത്രചോദിക്കല്‍ എഴുന്നള്ളത്തും ഈ ആലിന്‍ ചുവട്ടിലാണ്‌ നടക്കുക.

ഇവര്‍ സാരഥികള്‍
എന്‍. കുട്ടന്‍ അമ്പിളിഭവനം (പ്രസിഡന്റ്‌) ഗീതാകൃഷ്ണന്‍ കൈമേത്ത്‌ (സെക്രട്ടറി) പി. വിജയകുമാര്‍ വിജയഭവനം( എക്സി. അംഗം) രഘുനാഥ്‌ മങ്ങാട്ടേത്തുകിഴക്കതില്‍, വിശ്വന്‍ സന്ധ്യാഭവനം(കണ്‍വന്‍ഷന്‍ അംഗങ്ങള്‍)

അഭിപ്രായങ്ങളൊന്നുമില്ല: