വ്യാഴാഴ്‌ച, ജൂൺ 16, 2005

വധുവിനെ ഒരുക്കുന്നത്‌

വധുവിനെ ഒരുക്കുന്നത്‌

കല്യാണത്തിന്റെ തലേദിവസമല്ല സൌന്ദര്യരക്ഷ തുടങ്ങേണ്ടത്‌. അതു പലപ്പോഴും അപകടകരമായിത്തീരാറുണ്ട്‌. കടലമാവിനോടുപോലും അലര്‍ജിയുള്ള പെണ്‍കുട്ടികളുണ്ട്‌. അതുകൊണ്ട്‌ കല്യാണം നിശ്ചയിക്കുന്ന ദിവസം മുതല്‍ സൌന്ദര്യരക്ഷ തുടങ്ങണം. മുഖക്കുരു, താരന്‍, കൈയിലെയും കാലിലെയും അനാവശ്യ രോമങ്ങള്‍ എന്നീ പ്രശ്നങ്ങള്‍ ആദ്യം തന്നെ പരിഹരിക്കണം. കമ്പ്യൂട്ടര്‍ ധാരാളമായി ഉപയോഗിക്കുന്നവര്‍ക്കും ഒരുപാട്‌ ഉറക്കമൊഴിഞ്ഞ്‌ പഠിക്കുന്നവര്‍ക്കും കണ്ണിനു താഴെ കറുത്ത പാടുകള്‍ ധാരാളമായി കാണാറുണ്ട്‌. ഈ പ്രശ്നങ്ങളെല്ലാം കല്യാണം നിശ്ചയിക്കുന്ന ദിവസം മുതല്‍ പരിഹരിച്ചു തുടങ്ങണം.

താരന്‍ ഇല്ലാതാക്കാന്‍ പല മാര്‍ഗങ്ങളുണ്ട്‌. തലയോട്ടിയിലും തലമുടിയിലും ആഴ്ചയില്‍ ഒരിക്കല്‍ എണ്ണ ചൂടാക്കി തേക്കുക. അര മണിക്കൂര്‍ കഴിഞ്ഞു താളി ഉപയോഗിച്ചു കഴുകിക്കളയുക. ചെമ്പരത്തിപ്പൂവും ഇലയും അരച്ചു തലയില്‍ പുരട്ടി 20 മിനിട്ടു കഴിഞ്ഞു കഴുകിക്കളയുന്നതും തേങ്ങാപ്പാല്‍ തലയില്‍ തേച്ചു പിടിപ്പിച്ചശേഷം അര മണിക്കൂര്‍ കഴിഞ്ഞു കുളിക്കുന്നതും താരനു ശമനം ഉണ്ടാക്കും. മൈലാഞ്ചി അരച്ചു പുരട്ടുന്നതും നല്ലതാണ്‌. ഈ രീതികള്‍കൊണ്ട്‌ താരന്‍ കുറയുന്നില്ലെങ്കില്‍ ഒരു ബ്യൂട്ടീഷ്യനെ കാണുക. ഉത്കണ്ഠയും മാനസിക പരിമുറുക്കവും താരനെ വര്‍ധിപ്പിക്കും എന്നതിനാല്‍ അവ ഒഴിവാക്കാന്‍ ശ്രമിക്കണം.

മുഖക്കുരുവിന്റെ ചികിത്സയും ആദ്യംതന്നെ ചെയ്യേണ്ടതുണ്ട്‌. കസ്‌തൂരി മഞ്ഞളും രക്‌തചന്ദനവും വെള്ളത്തില്‍ ചാലിച്ച്‌ മുഖത്തിട്ടാല്‍ മുഖക്കുരു മാറും. ഭക്ഷണരീതിയിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. എട്ടു ഗാസ്‌ വെള്ളമെങ്കിലും ഒരു ദിവസം കുടക്കണം. പഴങ്ങളും പഴച്ചാറുകളും ധാരാളമായി കഴിക്കണം. ചോക്കലേറ്റ്‌, വറുത്തതും പൊരിച്ചതുമായ പലഹാരങ്ങള്‍ തുടങ്ങിയവ ആഹാരത്തില്‍ നിന്ന്‌ ഒഴിവാക്കണം. പതിവായി മുഖത്തു തുളസിനീരു പുരട്ടുന്നതും നല്ലതാണ്‌. കൈയിലെയും കാലിലെയും അനാവശ്യരോമങ്ങളുടെ വളര്‍ച്ച കുറയാന്‍ മഞ്ഞള്‍പ്പൊടി ദേഹത്തു തേക്കുന്ന എണ്ണയില്‍ കുഴച്ച്‌ തേച്ചാല്‍ മതി.

ഒരു പ്രാവശ്യം വാക്സ്‌ ചെയ്‌തിട്ട്‌ ഈ ലേപനം പതിവായി പുരട്ടുന്നത്‌ കൂടുതല്‍ ഫലപ്രദമാണ്‌. കണ്ണു കുഴിയുന്നതും കണ്ണിനു ചുറ്റും കറുപ്പു വരുന്നതും വിദ്യാര്‍ത്ഥിനികളുടെയും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരുടെയും ഇടയില്‍ ധാരാളമായി കാണാം എന്നു പറഞ്ഞല്ലോ. തക്കാളി നീരും ഉരുളക്കിഴങ്ങു ചതച്ചതും ചേര്‍ത്തുണ്ടാക്കുന്ന പാക്ക്‌ കണ്ണിനു ചുറ്റും വച്ച്‌ പത്തുമിനിട്ടു കഴിഞ്ഞു കഴുകിക്കളയുക. ഒരു സ്പൂണ്‍ പാലില്‍ അല്‍പം നാരങ്ങാനീരു കലര്‍ത്തി കണ്ണിനു ചുറ്റും പുരട്ടുക. ഇതുകൊണ്ടും കുറവു വരുന്നില്ലെങ്കില്‍ പാര്‍ലറില്‍ പോയി കണ്‍തടത്തിനു വേണ്ടിയുള്ള പ്രത്യേക ചികിത്സ എടുക്കുക.

ദന്തിസ്റ്റിനെ കണ്ട്‌ പല്ലു Рolishing‍ന്‍ ചെയ്യിക്കാന്‍ മറക്കരുത്‌. മാനിക്യൂറും പെഡിക്യൂറും ചെയ്‌തു കൈയിലെയും കാലിലെയും നഖങ്ങള്‍ വൃത്തിയാക്കണം. ഇതു കല്യാണത്തിന്‌ ഒരു മാസം മുമ്പും രണ്ടു ദിവസം മുമ്പും ചെയ്യണം. ബ്രൈഡല്‍ മേക്ക്‌ അപ്പിന്‌ ഉപയോഗിക്കുന്ന എല്ലാ കോസ്മെറ്റിക്സും കല്യാണത്തിന്‌ രണ്ടാഴ്ച മുമ്പെങ്കിലും പിശോധിച്ചു നോക്കിയിരിക്കണം. ലിപ്സ്റ്റിക്കും ഐ ലൈനറും ഒക്കെ ചിലര്‍ക്ക്‌ അലര്‍ജി ഉണ്ടാക്കും. ഇതു മുമ്പുപയോഗിച്ചിട്ടില്ലാത്തവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

വധുവിന്റെ നിറം, മുഖത്തിന്റെ ആകൃതി, ചെവിയുടെയും മൂക്കിന്റെയും പ്രത്യേകതകള്‍ എന്നിവ അനുസരിച്ച്‌ വ്യത്യസ്‌ത രീതികളിലാണ്‌ ബ്രൈഡല്‍ മേക്കപ്പ്‌ ചെയ്യുന്നത്‌. മുഖസൌന്ദര്യത്തെ വര്‍ധിപ്പിക്കുന്ന അവയവങ്ങളെ എടുത്തു കാട്ടിയും അത്ര ലക്ഷണം പോരെന്നു തോന്നുന്ന അവയവങ്ങളെ അല്‍പം മറച്ചുമൊക്കെയാണ്‌ മേക്കപ്പ്‌. അതുപോലെ എണ്ണമയമുള്ള മുഖമാണെങ്കില്‍ അതിനനുസരിച്ചുള്ള വ്യത്യാസങ്ങളും വരും. ചിത്രം വരയ്ക്കുന്നവര്‍ ആദ്യം ക്യാന്‍വാസ്‌ ഒരുക്കുന്നതുപോലെ മുഖത്തു കണ്‍സീലര്‍ സ്റ്റിക്ക്‌ തേച്ചു പാടുകള്‍ മായ്ക്കുകയാണ്‌ ആദ്യം ചെയ്യുന്നത്‌. കണ്ണിനടിയിലെ കറുപ്പ്‌, മുഖക്കുരുവും മറ്റും ശേഷിപ്പിക്കുന്ന കലകള്‍ ഒക്കെ ഈ രീതിയില്‍ മാറ്റുന്നു. പിന്നീട്‌ നിറത്തിനു ചേരുന്ന ഫൌണ്ടേഷന്‍ ഇടുന്നു. ഫൌണ്ടേഷന്‍ കൂടുതല്‍ നേരം നില്‍ക്കാന്‍ പൌഡര്‍ ഇട്ടു പഫു ചെയ്യണം. പൌഡര്‍ ഇടുന്നത്‌ വെളുപ്പിക്കാനാണ്‌ എന്ന സങ്കല്‍പം ഇപ്പോള്‍ മാറിയിട്ടുണ്ട്‌. മുഖത്ത്‌ ഇടുന്ന ഫൌണ്ടേഷന്‍ തന്നെ ചെവി, കഴുത്ത്‌ കൈകള്‍ എന്നിവിടങ്ങളിലും ഇടണം.

പുരികം വരയ്ക്കുകയാണ്‌ അടുത്ത പടി. കണ്ണിനു പുറത്ത്‌ ഐഷാഡോ ഇടുന്നു. ഐ ലൈനര്‍ ഉപയോഗിച്ച്‌ കണ്ണു വരയ്ക്കണം. കുട്ടികളുടെ കണ്ണെഴുതുമ്പോലെ തെളിച്ച്‌ വരയ്ക്കരുത്‌. ഐ ലൈനര്‍ കൊണ്ട്‌ ഒരു തൂവല്‍ സ്പര്‍ശം മാത്രം. കണ്‍പീലിയ്ക്ക്‌ ആകൃതി തോന്നിപ്പിക്കാന്‍ മസ്കാര ഇടാം. കവിളില്‍ റൂഷ്‌ ഇടുന്നത്‌ ഒരു പ്രത്യേക ഉദ്ദേശത്തോടെയാണ്‌. കവിള്‍ കൂടുതലുള്ളവര്‍ക്ക്‌ കവിള്‍ കുറഞ്ഞു തോന്നാനും കുറവുള്ളവര്‍ക്ക്‌ കൂടുതല്‍ തോന്നാനും പറ്റുന്ന രീതിയില്‍ റൂഷ്‌ ഇടാം. പലരും കരുതുന്നതുപോലെ എപ്പോഴും നാണിച്ചിരിക്കാനല്ല റൂഷ്‌ ഇടുന്നത്‌.

ഗോസി, മാറ്റ്‌ ഫിനിഷ്‌ എന്നിങ്ങനെയുള്ള ലിപ്സ്റ്റിക്കുകളില്‍ ഏതു വേണമെങ്കിലും തെരഞ്ഞെടുക്കാം. കല്യാണത്തിനുള്ള മേക്കപ്പില്‍ ഗോസിയാണ്‌ നല്ലത്‌. കടും ചുവപ്പു നിറങ്ങളെക്കാള്‍ ബ്രൌണ്‍ നിറത്തിലുള്ള ഷേഡുകളാണ്‌ കൂടുതല്‍ സ്വാഭാവികമായി തോന്നുക. ലിപ്‌ലൈനര്‍ ഉപയോഗിക്കണം. ബ്രഷ്‌ ഉപയോഗിച്ച്‌ ലിപ്സ്റ്റിക്‌ ഇട്ടാല്‍ നല്ല ഫിനിഷ്‌ കിട്ടും. മുടിക്കെട്ട്‌ ഭംഗിയാക്കുന്നതാണ്‌ ഇനി ശ്രദ്ധിക്കേണ്ടത്‌. കല്യാണത്തിനു രണ്ടു ദിവസം മുമ്പുതന്നെ ഒരു ബ്യൂട്ടീഷ്യന്റെ അടുത്തുപോയി മുടി കെട്ടുന്ന വിധം പരിശോധിക്കണം. മുടി ചുരുണ്ടതാണെങ്കല്‍ ഡ്രയര്‍ ഉപയോഗിച്ച്‌ ചുരുളിച്ച കുറയ്ക്കണം. മുഖത്തിന്റെ ആകൃതി അനുസരിച്ചു വേണം മുടി കെട്ടേണ്ടത്‌. നെറ്റി കൂടുതലുള്ളവര്‍ ഒന്നുരണ്ടു ചുരുള്‍ മുടി നെറ്റിയിലേക്കിട്ടാല്‍ നെറ്റി കുറഞ്ഞതായി തോന്നും.മുടി പറക്കാതിരിക്കാന്‍ ഏതെങ്കിലും ഹെയര്‍ സ്പ്രേ ഉപയോഗിച്ചാല്‍ മതി. ചിലര്‍ക്ക്‌ ഹെയര്‍ സ്പ്രേ അലര്‍ജി ഉണ്ടാക്കും.

അങ്ങനെയുള്ളവര്‍ ജെല്ലോ മൌസെ യോ ഉപയോഗിച്ചാല്‍ മതി. കഴുത്തിനു നീളം കൂടുതലുള്ളവര്‍ക്ക്‌ കഴുത്തിലേക്ക്‌ ഇറങ്ങിയിരിക്കുന്ന കെട്ടാവും ചേരുന്നത്‌. ഓവല്‍ ആകൃതിയാണ്‌ സൌന്ദര്യത്തിന്റെ അടിസ്ഥാനമായി പലരും എടുക്കുന്നത്‌. മുടി കെട്ടുമ്പോഴും മുഖത്ത്‌ ഷേഡ്‌ ഇടുമ്പോഴും ഈ ആകൃതി മനസ്സിലുണ്ടാവണം. കല്യാണത്തിനു രണ്ടു ദിവസം മുമ്പ്‌ കൈയിലും കാലിലും മൈലാഞ്ചി ഇടണം. തലയില്‍ ഓയില്‍ മസാജും ഹെന്നയും ഇടുന്നതും മുഖത്ത്‌ ബ്ലീച്ച്‌, ഫേഷ്യല്‍ എന്നിവ ഇടുന്നതും മാനിക്യൂര്‍, പെഡിക്യൂര്‍ എന്നിവ ചെയ്യുന്നതും രണ്ടു ദിവസം മുമ്പു ചെയ്യേണ്ട മറ്റു കാര്യങ്ങളാണ്‌.

സാരിയും ആഭരണും തെരഞ്ഞെടുക്കുമ്പോള്‍
വധുവിന്റെ നിറവും പൊക്കവും അനുസരിച്ചുവേണം സാരി തെരഞ്ഞെടുക്കേണ്ടത്‌. പൊക്കമുള്ളവര്‍ക്ക്‌ വീതി കൂടിയ ബോര്‍ഡര്‍ ഉള്ള സാരിയാണ്‌ ഇണങ്ങുന്നത്‌. പൊക്കം കുറഞ്ഞവര്‍ക്ക്‌ ചെറിയ ബോര്‍ഡര്‍ ഉള്ള സാരിയും. കുത്തനെയുള്ള കസവു വരകളുള്ള സാരിയാണ്‌ പൊക്കം കുറഞ്ഞവര്‍ക്കു നല്ലത്‌. മെലിഞ്ഞു നീണ്ട പ്രകൃതക്കാര്‍ക്ക്‌ കുറുകെയുള്ള കസവുവരകളോ ചെക്കോ ഉള്ള സാരി തെരഞ്ഞെടുക്കാം. മെലിഞ്ഞു പൊക്കം കുറഞ്ഞ പെണ്‍കുട്ടികള്‍ക്ക്‌ ടിഷ്യു ടൈപ്പ്‌ സാരിയാണ്‌ നല്ലത്‌. വണ്ണം കുറഞ്ഞ ആളുകള്‍ കാഞ്ചീപുരം സാരി വാങ്ങി സ്റ്റാര്‍ച്ചു ചെയ്‌ത്‌ പോളീഷു ചെയ്‌ത്‌ ഉടുത്താല്‍ നല്ല വണ്ണം തോന്നും.

വണ്ണം ഉള്ളവര്‍ ബ്ലൌസ്‌ തയ്പിക്കുമ്പോള്‍ പഫ്‌ സ്ലീവ്‌ വയ്ക്കരുത്‌. വണ്ണം കുറഞ്ഞവര്‍ക്കാകാം. മുട്ടിനു താഴെ കൈയ്ക്ക്‌ ഇറക്കം ആര്‍ക്കും നന്നല്ല. കസവു ചുളുങ്ങി ഇരിക്കും. ചെരുപ്പ്‌ വാങ്ങുന്നത്‌ വളരെ ശ്രദ്ധിച്ചു വേണം. ഭംഗി മാത്രം നോക്കിയാല്‍ പോരാ. ഒരുപാടുനേരം നില്‍ക്കേണ്ടതുകൊണ്ട്‌ കാലിന്‌ സുഖപ്രദമായ ചെരുപ്പുകള്‍ തെരഞ്ഞെടുക്കണം. സാരിക്കു മാച്ചു ചെയ്യുന്ന നിറത്തിലുളള ചെരുപ്പു വേണം തെരഞ്ഞെടുക്കേണ്ടത്‌. ഗോള്‍ഡന്‍ കളറിലും വെളുപ്പു നിറത്തിലും ഉള്ള ചെരുപ്പുകള്‍ ഏതു സാരിക്കും ഇണങ്ങും.

ആഭരണങ്ങള്‍ ഒരുപാട്‌ അണിയുന്നത്‌ ഭംഗികേടാണ്‌. അത്‌ മുഖസൌന്ദര്യത്തെയും കെടുത്തും. കൂടുതല്‍ സ്വര്‍ണം ധരിക്കണമെന്നുള്ളവര്‍ കൂടുതല്‍ ഈടുള്ള ആഭരണങ്ങള്‍ തെരഞ്ഞെടുക്കണം. എണ്ണം കുറച്ചാല്‍ മതി. ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ നല്ല പാറ്റേണ്‍ നോക്കി തെരഞ്ഞെടുക്കണം. വലിയ നെറ്റിയുള്ളവര്‍ വലിയ നെറ്റിച്ചുട്ടി തെരഞ്ഞെടുക്കാം. നീണ്ട മുഖമുള്ളവര്‍ നീണ്ട കമ്മല്‍ വാങ്ങരുത്‌. ജിമിക്കിയും മറ്റുമാണ്‌ അവര്‍ക്ക്‌ ചേര്‍ച്ച.

അഭിപ്രായങ്ങളൊന്നുമില്ല: