ചൊവ്വാഴ്ച, ജൂൺ 21, 2005

കുളപ്പുറത്തു ഭീമന്‍

കുളപ്പുറത്തു ഭീമന്‍

കായബലം കൊണ്ട്‌ കാട്ടുപോത്തിനെയും കീഴടക്കിയ കുളപ്പുറത്തു ഭീമന്റെ സാഹസിക കഥകള്‍ കയ്യൂര്‍ നിവാസികള്‍ക്ക്‌ ഇന്നും ആവേശമാണ്‌. കോട്ടയം ജില്ലയിലെ പാലായ്ക്കു സമീപം കയ്യൂര്‍ ഗ്രാമത്തില്‍ കൊല്ലവര്‍ഷം ഒന്‍പതാം ശതകത്തില്‍ ഭീമന്‍ ജീവിച്ചിരുന്നുവെന്നു കണക്കാക്കുന്നു. ഈ മനുഷ്യന്റെ യഥാര്‍ത്ഥ പേര്‌ എന്തായിരുന്നുവെന്ന്‌ നിശ്ചയമില്ല. അമാനുഷബലവാനായിരുന്ന ഇയാള്‍ക്ക്‌ 'ഭീമന്‍' എന്ന പേര്‌ അദ്ദേഹത്തിന്റെ അത്ഭുതകര്‍മ്മങ്ങള്‍ നിമിത്തം ജനങ്ങള്‍ കൊടു ത്തതാണ്‌.

നാട്ടുകാര്‍ക്ക്‌ ഉപകാരിയായി ജീവിച്ചിരുന്ന ഭീമന്റെ അമാനുഷിക പ്രവര്‍ത്തികളും വീരേതിഹാസങ്ങളും ഇന്നും ഭയഭക്‌തിയോടെയാണ്‌ പ്രദേശവാസികള്‍ സ്മരിക്കുന്നത്‌. ഭീമന്‍ ക്ഷേത്രവും ഭീമന്‍ കുളവും ഭീമന്‍ ഒറ്റത്തടിയില്‍ തീര്‍ത്ത അറപ്പുരയും ഒറ്റക്കല്‍ പാലവുമെല്ലാം ഭീമന്റെ കഥകള്‍ക്കുള്ള തെളിവുകളാണ്‌. ഭീമന്റെ ഐതിഹാസിക കഥകള്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലും സ്ഥാനം നേടിയിട്ടുണ്ട്‌.

ആജാനുബാഹുവും ഉന്നത കായനുമായിരുന്നു ഭീമന്‍. കയ്യൂരിലെ ഒരു നായര്‍ തറവാട്ടില്‍ ജനിച്ച ഇദ്ദേഹം 'ഭക്ഷണപ്രിയനുമായിരുന്നു. രാവിലെ ഇരുപത്തഞ്ചേകാലിടങ്ങഴി അരിയും അതിനു ചേര്‍ന്ന പുഴുക്കും അത്താഴത്തിന്‌ മൂന്നുപറ അരിയും അതിനുചേര്‍ന്ന മറ്റു വിഭവങ്ങളുമാണ്‌ ഭീമന്‍ സ്വയമേ നിശ്ചയിച്ച പതിവ്‌. പുറമെ കാട്ടുമൃഗങ്ങളെയും പിടികൂടി അകത്താക്കി വന്നു.

മാനിനേയും കാട്ടുപന്നിയേയും പിടിക്കാന്‍ കാട്ടില്‍ പോകുമ്പോള്‍ പുലിക്കുട്ടികളെയും പിടിച്ചു കൊണ്ടുവന്ന്‌ വീട്ടില്‍ വളര്‍ത്തിയിരുന്നു. ഒരിക്കല്‍ തന്റെ നേരെ വന്ന കാട്ടാനയെ ചെവിക്കുപിടിച്ചു നടത്തിയ സംഭവവും ഉണ്ടായത്രേ.

ഭീമന്‍ ജീവിച്ചിരുന്ന കാലത്ത്‌ കയ്യൂര്‍ ദേശത്ത്‌ കച്ചവടം ഉണ്ടായിരുന്നില്ല. അതിനാല്‍ പത്തുനാഴിക ദൂരം നടന്ന്‌ ഈരാറ്റുപേട്ടയിലെത്തിയാണ്‌ സാധനങ്ങള്‍ വാങ്ങിയിരുന്നത്‌. ഒരിക്കല്‍ തനിക്കും അയല്‍ക്കാര്‍ക്കും വേണ്ടി ആറു പറ ഉപ്പും ചുമന്നു വരുമ്പോള്‍ മഴപെയ്‌തു. ഉപ്പു നനഞ്ഞു പോകാതിരിക്കാന്‍ വഴിയരികില്‍ ചാരിവച്ചിരുന്ന ആഞ്ഞിലി മരത്തിന്റെ പാളിയെടുത്ത്‌ ഉപ്പിനു മുകളില്‍ വച്ച്‌ പോന്നു. ഈ തടി കൊണ്ടാണ്‌ പിന്നീട്‌ കുളപ്പുറത്തു തറവാടിന്റെ അറപ്പുര നിര്‍മ്മിച്ചതെന്നു പറയുന്നു.

കൃഷിക്കായി കാടുവെട്ടിത്തെളിക്കുമ്പോള്‍ ആനകളെ ഉപയോഗിച്ചു മാറ്റേണ്ട തടികള്‍ ഭീമന്‍ ഒറ്റയ്ക്കാണ്‌ എടുത്തു മാറ്റിയിരുന്നത്‌. ഒരിക്കല്‍ പൂഞ്ഞാറില്‍ ഒരു വീട്ടുകാര്‍ കിണര്‍ കുഴിപ്പിച്ചു. വളരെ ആഴത്തില്‍ കുഴിച്ചശേഷമാണു വെള്ളം കണ്ടത്‌. എന്നാല്‍ അതിനുമീതെ ഒരു മൂടിപോലെ പാറ ഇരുന്നതിനാല്‍ വെള്ളമെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

വടംകെട്ടി ആനയെക്കൊണ്ടു വലിപ്പിച്ചെങ്കിലും പാറ ഇളകിയില്ല. തുടര്‍ന്ന്‌ വീട്ടുകാര്‍ സദ്യയൊരുക്കി ഭീമനെ ക്ഷണിച്ചു. ഊണുകഴിഞ്ഞപ്പോള്‍ കൈകഴുകാനുള്ള വെള്ളം കിണറ്റില്‍ നിന്നെടുക്കാനാണ്‌ നിര്‍ദ്ദേശിച്ചത്‌. തന്മൂലം വലതുകൈ ഉപയോഗിക്കാതെ ഇടതുകൈ കൊണ്ടുതന്നെ ഭീമന്‍ ആ പാറ ഇളക്കി മാറ്റി എന്നാണു പറയപ്പെടുന്നത്‌.
സത്യത്തിന്റെയും നീതിയുടെയും ഭാഗത്ത്‌ നിലയുറപ്പിച്ച്‌ ഭീമന്‍ നൂറുവയസു തികഞ്ഞശേഷമാണ്‌ മരണമടഞ്ഞത്‌. യാതൊരുവിധ രോഗപീഡകളും ഈ കാലയളവില്‍ ഉണ്ടായിട്ടില്ലത്രെ.

പൂഞ്ഞാര്‍ രാജാക്കന്മാരുടെ ഇഷ്ടതോഴനുമായിരുന്നു ഭീമന്‍. ഒരിക്കല്‍ പൂഞ്ഞാര്‍ ആക്രമിക്കാന്‍ വന്ന മുഹമ്മദീയരെയും മറവരെയും നേരിടാന്‍ രാജാവു നിയോഗിച്ചതു ഭീമനെയാ യിരുന്നു. ആയുധമൊന്നും കാണാത്തതിനെ തുടര്‍ ന്ന്‌ കൊന്നതെങ്ങും പിഴുതെടു ത്തു വന്ന ഭീമനെ കണ്ടമാത്രയില്‍ തന്നെ ശത്രുക്കള്‍ സ്ഥലംവിട്ടു എന്നാണു കഥ.

ഭീമന്‍ മരിച്ചശേഷം അയാളുടെ പ്രേതം ആ വീട്ടുകാരെയും മറ്റും ഉപദ്രവിച്ചിരുന്നു വത്രെ. പ്രശ്നം വച്ചു നോക്കിയപ്പോള്‍ ഭീമന്‍ സാധാരണ മനുഷ്യനല്ലായിരുന്നു വെന്നും ദേവാംശമായിട്ടുള്ള ഒരു അവതാരപുരുഷനായിരുന്നുവെന്നും മനസിലാക്കിയ വീട്ടുകാര്‍ വിഗ്രഹമുണ്ടാക്കി അതില്‍ ഭീമനെ ആവാഹിച്ചിരുത്തി ഇരുനൂറു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ അമ്പലം പണിത്‌ പ്രതിഷ്ഠ അവിടേക്കുമാറ്റി.

ഭീമന്‍ ക്ഷേത്രം
കുളപ്പുറത്തു തറവാടിന്റെ കുടുംബക്ഷേത്രങ്ങളിലൊന്നാണ്‌ ഭീമന്‍ ക്ഷേത്രം. ഭീമനാണു പ്രതിഷ്ഠ. എല്ലാ മലയാള മാസവും ഒന്നാം തീയതി മാത്രമാണു പൂജ. കുടുംബാംഗങ്ങള്‍ക്കൊപ്പം നാട്ടുകാരും ഇവിടെ എത്താറുണ്ട്‌. എല്ലാവരുടെയും 'അപ്പൂപ്പന്‍ പോറ്റി'യായാണ്‌ ഭീമന്‍ അറിയപ്പെടുന്നത്‌.

ഭീമന്‍ കുളം
ഭീമന്റെ കാലത്തുണ്ടായ കുളവാണെന്നു സങ്കല്‍പം. കുളത്തിന്റെ കരയ്ക്കാണു തറവാട്‌. അങ്ങനെയാണു കുളപ്പുറമെന്നു പേരു വീണത്‌ എന്നും പറയുന്നുണ്ട്‌. തനിക്കു കുളി ക്കാനായി ഭീമന്‍ ഗദകൊണ്ട്‌ കുത്തിയുണ്ടാക്കിയതാണത്രെ ഇത്‌. ഒരിക്കലും വറ്റാത്ത ഈ കുളമാണ്‌ വേനലില്‍ കയ്യൂരിന്റെ ആശ്വാസം. ഭീമന്റെ കാലത്തു നിര്‍മ്മിച്ച അറപ്പുര ഇപ്പോഴും നിലനിര്‍ത്തിയിട്ടുണ്ട്‌. ഭീമന്‍ വേട്ടയ്ക്കുപയോഗിച്ച ആയുധങ്ങള്‍ ഇവിടെ സൂക്ഷിച്ചിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: