ബുധനാഴ്‌ച, ജൂൺ 22, 2005

ഒരു കടുവയെക്കിട്ടിയാല്‍ ലക്ഷപ്രഭു

ഒരു കടുവയെക്കിട്ടിയാല്‍ ലക്ഷപ്രഭു
സി. റഹിം
കടുവാ സംരക്ഷണം മുഖ്യദേശീയ പ്രശ്‌നങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. ന്യൂഡല്‍ഹിയുടെ മൂക്കിനുകീഴിലുള്ള സരിസ്ക (ഞദഴയറലദ) കടുവ സംരക്ഷണ കേന്ദ്രത്തിലെ മുഴുവന്‍ കടുവകളെയും കാണാതായതോടെയാണ്‌ അധികൃതര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നത്‌. 2003-ല്‍ ഇവിടെ 25, 28 കടുവകളെങ്കിലും ഉണ്ടായിരുന്നു. 2004-ല്‍ 18 ആയി കുറഞ്ഞു. 2005-ല്‍ ഒരെണ്ണത്തെ കണികാണാന്‍ പോലും കിട്ടാതായി!
ഇതിനെത്തുടര്‍ന്ന്‌ വന്യമൃഗവേട്ടകള്‍ തടയുന്നതിന്‌ ടാസ്ക്‌ ഫോഴ്‌സിനും സ്‌പെഷ്യല്‍ വൈല്‍ഡ്‌ ലൈഫ്‌ ക്രൈംസെല്ലിനും രൂപം നല്‍കി.

അതിരിക്കട്ടെ, ഒരു കടുവയെ വേട്ടയാടിപ്പിടിച്ചാല്‍ വേട്ടക്കാരന്‌ എത്ര രൂപയുടെ മുതലാണ്‌ കൈയ്ക്കലാവുന്നതെന്നറിയാമോ?
ഞെട്ടണ്ട, ഒരു കടുവയെ വേട്ടയാടിയാല്‍ 60 ലക്ഷം രൂപയുടെ മുതല്‍ വില്‍ക്കാന്‍ ലഭിക്കും! കാരണം വില ലഭിക്കാത്തതായി കടുവയില്‍ ഒന്നുംതന്നെയില്ല. തോലിന്‌ മാത്രം 20,000 ഡോളറാണ്‌ (8.6 ലക്ഷം) അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ വില. കടുവാത്തോല്‍കൊണ്ടുള്ള ഫാഷന്‍ വസ്‌ത്രങ്ങ ള്‍ക്ക്‌ വലിയ ഡിമാന്റാണ്‌. ചോദിക്കുന്ന വില കൊടുത്തുവാങ്ങുവാന്‍ വന്‍ വ്യവസായികള്‍ തയ്യാര്‍. കടുവയുടെ പല ശരീരഭാഗങ്ങളും ഔഷധമായും ഉപയോഗിക്കപ്പെടുന്നുണ്ട്‌. (നമ്മുടെ ശബരിമല ശ്രീ അയ്യപ്പന്‍ പണ്ട്‌
വളര്‍ത്തമ്മയുടെ വയറ്റുനോവു ശമിപ്പിക്കാന്‍ പുലിപ്പാല്‍ തേടിയാണല്ലോ കാട്ടിലേക്ക്‌ പോയത്‌). കടുവയുടെ ലിംഗം കാമസംവര്‍ദ്ധക മരുന്നു തയ്യാറാക്കാന്‍ പരമ്പരാഗത ചൈനീസ്‌ വൈദ്യന്‌മാര്‍ ഉപയോഗിക്കുന്നു. ഈ ഉത്തേജക മരുന്നിന്റെ ഒരു കുപ്പിയുടെ ജപ്പാനിലെ വില 27,000 ഡോളറാണ്‌. (11.7 ലക്ഷം രൂപ) കടുവാഎല്ല്‌ കിലോഗ്രാമിന്‌ 6000 (2.6 ലക്ഷം രൂപ) ഡോളര്‍ വിലയുണ്ട്‌. ചോരയ്ക്കും തലയോട്ടിക്കും എന്തിന്‌ നഖവും പല്ലും മീശരോമത്തിനുംവരെ നല്ല വിലകിട്ടും!!

ഇങ്ങനെ പൊന്നുംവില കിട്ടുന്ന കടുവകള്‍ കേരളത്തില്‍ ഇനിയും അവശേഷിച്ചിരിപ്പുണ്ടെങ്കില്‍ അതിനെന്താ കാരണമെന്നാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വനംവകുപ്പിന്റെ കടുവാ സംരക്ഷണ പ്രവര്‍ത്തനങ്ങളാവും കാരണമെന്നാവും വിചാരം. അങ്ങനെയാണെങ്കില്‍ ഇവിടത്തെ ചന്ദനമരങ്ങള്‍ സംരക്ഷിക്കാന്‍ എന്തുകൊണ്ട്‌ വനം വകുപ്പിന്‌ കഴിയുന്നില്ല?! ലോകത്തിന്‌ മാതൃകയായ കടുവാസംരക്ഷണത്തിന്റെ 'പെരിയാര്‍ മാതൃക'യോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു തന്നെപറയട്ടെ പെരിയാര്‍ ടൈഗര്‍ റിസര്‍ച്ചില്‍ കടുവകളുടെ പ്രധാന സംരക്ഷകന്‍ ശബരിമലയില്‍ വാഴും ശ്രീ അയ്യപ്പസ്വാമി തന്നെയാണെന്നാണ്‌ എന്റെ ഉറച്ച വിശ്വാസം. വര്‍ഷംതോറും മൂന്നുകോടി ജനങ്ങള്‍ ശ്രീ അയ്യപ്പനെ ദര്‍ശിക്കാനായി ശബരിമലയില്‍ എത്തുന്നുണ്ട്‌. ഇവര്‍ക്കെല്ലാം ശ്രീ
അയ്യപ്പന്റെ വാഹനമായ കടുവയോടും പുലിയോടും ആദരവാണുള്ളത്‌. അയ്യപ്പന്റെ പൂങ്കാവനമായ മഴക്കാടുകള്‍ സംരക്ഷിക്കണമെന്നാണവരുടെ ആഗ്രഹം. പരിസ്ഥിതിയെക്കുറിച്ച്‌ കേട്ടറിവുപോലുമില്ലാതിരുന്ന കാലത്ത്‌ ശബരിമല കാടുകളില്‍ ഒരു കടുവയെ കണ്ടാല്‍ ജനം കല്ലെടുത്തെറിയില്ല. കൈകൂപ്പി വന്ദിക്കുകയാണ്‌ ചെയ്യുക എന്നുകൂടി ഓര്‍ക്കുക.

ഇവിടെ കടുവാസംരക്ഷണം വിശ്വാസത്തിന്റെ കൂടി ഭാഗമായതിനാലാണ്‌ പെരിയാര്‍ ടൈഗര്‍ റിസര്‍ച്ചില്‍ കടുവകള്‍ ജീവനോടിരിക്കുന്നത്‌. ഇക്കാര്യം വനം വകുപ്പുമാത്രമല്ല, ദേവസ്വം അധികൃതര്‍ കൂടി ഓര്‍ക്കുന്നത്‌ നന്നായിരിക്കും. കടുവകളുടെയും കാടുകളുടെയും സംരക്ഷണം ദേവസ്വം ബോര്‍ഡിന്റെ കൂടി ഉത്തരവാദിത്വത്തില്‍ പെട്ടതാണ്‌. ദേവസ്വം ബോര്‍ഡും വനം വകുപ്പും കടുവകളുടെ സംരക്ഷണ കാര്യത്തില്‍ കൈകോര്‍ത്തു നീങ്ങാന്‍ കഴിയണം. പെരിയാര്‍ ടൈഗര്‍ റിസര്‍ച്ചിന്റെ ഭാഗമായ ശബരിമലയില്‍ വരുത്തുന്ന ഏത്‌ വികസന പ്രവര്‍ത്തനങ്ങളും പ്രകൃതിക്കിണങ്ങുന്നതും പരിസ്ഥിതി സംരക്ഷണത്തിനും കൂടി ലക്ഷ്യമിട്ടുള്ളതാവണം. ടൂറിസം മന്ത്രി കെ.സി. വേണുഗോപാലിന്‌ ദേവസ്വത്തിന്റെകൂടി ചുമതലയുള്ളതിനാല്‍ വനംവകുപ്പുമായി ചേര്‍ന്ന്‌ നൂതനമായ പല പദ്ധതികളും ഇവിടെ ആവിഷ്കരിക്കാവുന്നതേയുള്ളൂ.

പരിസ്ഥിതി സംരക്ഷണ രംഗത്തും
വന്യജീവി സംരക്ഷണ രംഗത്തും ശാസ്‌ത്രീയ നടപടികളേക്കാള്‍ ഒരുപക്ഷേ, ചില വിശ്വാസങ്ങള്‍ ഗുണകരമായി വന്നേക്കാം. കാവും മറ്റും സംരക്ഷിച്ചുനിര്‍ത്തുന്നതില്‍ വിശ്വാസത്തിന്‌ വലിയ പങ്കുണ്ടെന്നാണ്‌ എന്റെ വിശ്വാസം. 777 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതിവരുന്ന പെരിയാര്‍ ടൈഗര്‍ റിസര്‍ച്ചില്‍ ഇരുപത്തിയഞ്ച്‌ കടുവകളെങ്കിലും ജീവിക്കുന്നുണ്ടെന്നുറപ്പാണ്‌. 2002-ല്‍ വനംമന്ത്രിയായിരുന്ന കെ.പി. വിശ്വനാഥന്‍ നിയമസഭയെ അറിയിച്ചത്‌ കടുവകളുടെ എണ്ണം 73-ല്‍ നിന്ന്‌ 77 ആയി ഇവിടെ വര്‍ദ്ധിച്ചുവെന്നാണ്‌. എന്തായാലും പ്രതിവര്‍ഷം മൂന്നുകോടി ജനങ്ങള്‍ ശബരിമലയില്‍ എത്തുകയും 5 ലക്ഷത്തോളംപേര്‍ തേക്കടി സന്ദര്‍ശിക്കുകയും ഏതാണ്ട്‌ 2.5 ലക്ഷംപേര്‍ വനത്തെ ആശ്രയിച്ചിവിടെ കഴിയുമ്പോഴും കാട്ടിനുള്ളില്‍ കടുവകള്‍ ജീവിക്കുന്നുവെന്നത്‌ വലിയ കാര്യംതന്നെയാണ്‌.

കടുവ സംരക്ഷണകാര്യത്തില്‍ പെരിയാര്‍ ടൈഗര്‍ റിസര്‍ച്ചിന്‌ തുല്യം നില്‍ക്കാന്‍ മറ്റൊന്നുണ്ടെന്നു തോന്നുന്നില്ല. പെരിയാര്‍ മാതൃക ഇന്ത്യയിലെ ബാക്കി 27 കുടുവാസങ്കേതങ്ങളിലും തുടങ്ങാന്‍ കഴിയണം. തദ്ദേശീയരുടെ ജീവിതംകൂടി പരിഗണിച്ചുള്ള കടുവാവികസനം. ഒപ്പം കടുവാ സംരക്ഷണം വിശ്വാസത്തിന്റെ കൂടി ഭാഗമാക്കിമാറ്റണം. കടുവാ സങ്കേതത്തില്‍ അയ്യപ്പക്ഷേത്രം പണിയണമെന്നല്ല. പ്രകൃതി
സംരക്ഷണവുമായി ബന്‌ധപ്പെട്ട തദ്ദേശ വിശ്വാസങ്ങളെ പരിപോഷിപ്പിക്കണം. ഒരു കടുവയെ സംരക്ഷിക്കുകയെന്നത്‌ ഒരു വലിയ വനപ്രദേശത്തെ ജൈവ ശൃംഖലയെ ഒന്നാകെ സംരക്ഷിക്കുകയാണ്‌. കാടിന്റെ ആവാസവ്യവസ്ഥയതുപോലെ സംരക്ഷിച്ചാല്‍ മാത്രമേ കാട്ടിനുള്ളില്‍ കടുവയ്ക്ക്‌ കഴിയാനാവൂ. കടുവ സംരക്ഷണം അതുകൊണ്ട്‌ പ്രകൃതിസംരക്ഷണം തന്നെയാണ്‌.
പാക്‌ ദേശീയഗാനത്തിന്‌ ഹിന്ദു പിതൃത്വം
ജമ്മു : പാകിസ്ഥാന്റെ ആദ്യത്തെ ദേശീയഗാനം രചിച്ചത്‌ ഒരു ഹിന്ദുകവി ആയിരുന്നു. അദ്ദേഹം ആ ഗാനം രചിച്ചതാകട്ടെ, പാകിസ്ഥാന്റെ സ്ഥാപകനേതാവ്‌ മുഹമ്മദ്‌ അലി ജിന്ന വ്യക്തിപരമായി നടത്തിയ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ടും.

ലാഹോര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ഹിന്ദുവായ ജഗന്നാഥ്‌ ആസാദ്‌ ആണ്‌ ആ ഗാനരചയിതാവ്‌. കഴിഞ്ഞവര്‍ഷം മരണമടഞ്ഞ ആസാദുമായി അഭിമുഖ സംഭാഷണം നടത്തിയ ലുവ്‌ പുരി എന്ന പത്രപ്രവര്‍ത്തകനാണ്‌ ഈ വസ്തുതകള്‍ വെളിപ്പെടുത്തിയത്‌.

പാകിസ്ഥാനെക്കുറിച്ചുള്ള തന്റെ വീക്ഷണം വിശദീകരിച്ചുകൊണ്ട്‌ ജിന്ന 1947 ആഗസ്റ്റില്‍ നടത്തിയ "മതേതര" പ്രസംഗത്തെക്കുറിച്ച്‌ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന രൂക്ഷമായ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ജഗന്നാഥ്‌ ആസാദമായുള്ള അഭിമുഖ സംഭാഷണത്തിന്റെ
പ്രസക്തഭാഗങ്ങള്‍ വെളിപ്പെടുത്തുന്നത്‌ പൊതുതാല്‌പര്യത്തിന്‌ നല്ലതാണെന്ന്‌ ലുവ്‌ പുരി കരുതുന്നു.

പാകിസ്ഥാന്റെ ദേശീയ ഗാനം രചിക്കാന്‍ തന്നോട്‌ ജിന്ന നടത്തിയ അഭ്യര്‍ത്ഥനയെക്കുറിച്ച്‌ ജഗന്നാഥ്‌ ആസാദ്‌ ലുവ്‌ പുരിയോട്‌ വിശദീകരിച്ചിരുന്നു. ആസാദ്‌ പറഞ്ഞു: 1947 ആഗസ്റ്റില്‍ ഇന്ത്യന്‍ ഉപഭൂഖണ്‌ഡം മുഴുവന്‍ അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഞാന്‍ ലാഹോറില്‍ ആയിരുന്നു. ഒരു സാഹിത്യ-പ്രധാന ദിനപ്പത്രത്തില്‍ ജോലി നോക്കുകയായിരുന്നു ഞാന്‍. എന്റെ എല്ലാ ബന്‌ധുക്കളും ഇന്ത്യയിലേക്ക്‌ കുടിയേറിയിരുന്നു. ലാഹോര്‍ വിട്ടുപോകുന്നതിനെക്കുറിച്ച്‌ ചിന്തിക്കുന്നതുതന്നെ എനിക്ക്‌ വേദനാജനകവും ആയിരുന്നു. ഒരു റിസ്ക്‌ എടുക്കാന്‍ തന്നെ ഞാന്‍ ഒരുങ്ങി. കഴിയുന്നിടത്തോളം അവിടെത്തന്നെ തങ്ങാന്‍ ഞാന്‍ തീരുമാനിച്ചു. എന്റെ മുസ്ലിം സുഹൃത്തുക്കളും പോകരുതെന്ന്‌ എന്നെ പ്രേരിപ്പിച്ചു. എന്റെ സുരക്ഷിതത്വത്തിന്റെ ഉത്തരവാദിത്വം അവര്‍ ഏറ്റെടുക്കുകയും ചെയ്‌തു. 1947 ആഗസ്റ്റ്‌ ഒമ്പതാംതീയതി രാവിലെ പാകിസ്ഥാന്റെ ആദ്യത്തെ ഗവര്‍ണര്‍-ജനറല്‍ ആയിരുന്ന മുഹമ്മദ്‌ അലി ജിന്നയുടെ ഒരു സന്ദേശം എനിക്ക്‌ കിട്ടി. റേഡിയോ ലാഹോറില്‍ ജോലി ചെയ്യുന്ന എന്റെ ഒരു സുഹൃത്ത്‌ മുഖേന ആയിരുന്നു ആ സന്ദേശമെത്തിയത്‌. ആ സുഹൃത്ത്‌ പറഞ്ഞു: പാകിസ്ഥാനുവേണ്ടി ഒരു ദേശീയഗാനം രചിക്കാന്‍ ഖ്വാ ഇദെ ആസം നിങ്ങളോട്‌
ആവശ്യപ്പെടുന്നു. അഞ്ചുദിവസത്തിനുള്ളില്‍ ഒരുദേശീയഗാനം രചിക്കാന്‍ പ്രയാസമാണെന്ന്‌ ഞാന്‍ പറഞ്ഞു. പക്ഷേ, എന്റെ സുഹൃത്ത്‌ വിട്ടില്ല. ഈ അഭ്യര്‍ത്ഥന നടത്തുന്നത്‌ പാകിസ്ഥാനിലെ ഏറ്റവും വലിയ നേതാവാണെന്നും അത്‌ നിരാകരിക്കരുതെന്നും എന്റെ സുഹൃത്ത്‌ നിര്‍ബന്‌ധം പിടിച്ചു. ആ നിര്‍ബന്‌ധത്തിന്‌ ഞാന്‍ ഒടുവില്‍ വഴങ്ങി.

ആ ഗാനത്തിലെ ചില വരികള്‍ ഇങ്ങനെ:
അല്ലയോ, പാക്‌ ദേശമേ, നിന്റെ ഓരോ അണുവും നക്ഷത്രങ്ങളാല്‍ പ്രകാശിതമായിരിക്കുന്നു. നിന്റെ പൊടിപടലം പോലും ഒരു മഴവില്ലുപോലെ എത്ര മോഹനമായിരിക്കുന്നു!
എന്തുകൊണ്ട്‌ ജഗന്നാഥ്‌ ആസാദിനെ ജിന്ന ആ ചുമതല ഏല്‍പ്പിച്ചു? അതിന്‌ ആസാദ്‌ ഉത്തരം നല്‍കിയത്‌, ഗവര്‍ണര്‍ ജനറല്‍ എന്ന നിലയിലുള്ള ജിന്നയുടെ ഉദ്ഘാടന പ്രസംഗം ഉദ്ധരിച്ചുകൊണ്ടായിരുന്നു. "കാലം കടന്നുപോകുമ്പോള്‍ ഹിന്ദുക്കള്‍ ഹിന്ദുക്കളല്ലാതായിത്തീരുന്നുവെന്നും മുസ്ലിങ്ങള്‍ മുസ്ലിങ്ങളല്ലാതായിത്തീരുന്നുവെന്നും നിങ്ങള്‍ മനസ്സിലാക്കും. മതത്തിന്റെ ദൃഷ്‌ടിയിലല്ല അത്‌-മതം ഓരോരുത്തരുടേയും വ്യക്തിപരമായ വിശ്വാസമാണ്‌. ഞാന്‍ പറയുന്നത്‌ രാഷ്‌ട്രീയ അര്‍ത്ഥത്തിലാണ്‌-രാജ്യത്തെ പൌരന്‌മാര്‍ എന്ന നിലയില്‍" ഇങ്ങനെയൊരു പ്രസംഗം നടത്താന്‍ ജിന്നയെ പ്രേരിപ്പിച്ചത്‌ എന്താണെന്ന്‌ ചരിത്രകാരന്‌മാരും അപഗ്രഥന പടുക്കളുമാണ്‌ വിധിയെഴുതേണ്ടത്‌.
ഈ പ്രസംഗം വ്യക്തമാക്കുന്നതുപോലെ, അദ്ദേഹം ഒരു മതേതര പാകിസ്ഥാന്‍ സൃഷ്‌ടിക്കാനാണ്‌ ശ്രമിച്ചത്‌. വര്‍ഗ്‌ഗീയ കൂട്ടക്കൊലയുടെ രൂപത്തില്‍ വലിയ മാനുഷിക ദുരന്തം ഭൂഖണ്‌ഡംമുഴുവനും പ്രത്യേകിച്ചും പഞ്ചാബില്‍ നടന്നിട്ടും അദ്ദേഹം ശ്രമിച്ചത്‌ അതിനായിട്ടായിരുന്നു. റേഡിയോ പാകിസ്ഥാനിലെ എന്റെ സുഹൃത്ത്‌ എന്നെ സമീപിച്ചപ്പോള്‍ ഞാന്‍തന്നെ അന്തംവിട്ടുപോകുകയുണ്ടായി. ദേശീയഗാനം ഞാന്‍ രചിക്കണമെന്ന്‌ എന്തുകൊണ്ടാണ്‌ ജിന്നാ സാഹിബ്‌ ആവശ്യപ്പെടുന്നതെന്ന്‌ ഞാന്‍ ചോദിച്ചു. ഉറുദു അറിയാവുന്ന ഒരു ഹിന്ദു ആയിരിക്കണം ദേശീയ ഗാനം രചിക്കുന്നതെന്ന്‌ ഖ്വാ ഇദെ ആസം ആവശ്യപ്പെട്ടതായി എന്റെ സുഹൃത്ത്‌ തുറന്നുപറയുകയുണ്ടായി. പാകിസ്ഥാനില്‍ മതേതരത്വത്തിന്റെ വിത്തുകള്‍ പാകാന്‍ ജിന്നാസാഹിബും ആഗ്രഹിച്ചിരുന്നുവെന്നും സഹനശക്തിയില്ലായ്‌മയ്ക്ക്‌ പാകിസ്ഥാനില്‍ സ്ഥാനം ഉണ്ടാകരുതെന്ന്‌ അദ്ദേഹം കരുതിയിരുന്നുവെന്നുമാണ്‌ ഇതില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നത്‌" ആസാദ്‌ പറഞ്ഞു.

ജഗന്നാഥ്‌ ആസാദ്‌ രചിച്ച ദേശീയഗാനം ജിന്നയ്ക്ക്‌ അയച്ചുകൊടുത്തു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ജിന്ന അതംഗീകരിക്കുകയും റേഡിയോ പാകിസ്ഥാനിലൂടെ ഒരുസംഘം ഗായകര്‍ അത്‌ അവതരിപ്പിക്കുകയും ചെയ്യുകയുണ്ടായി.

ഇതിനിടയില്‍ വര്‍ഗ്‌ഗീയ കലാപങ്ങള്‍ കൂടുതല്‍ വഷളായി. 1947
സെപ്‌തംബര്‍ ആയപ്പോഴേക്കും ആസാദിന്റെ പഴയ സുഹൃത്തുക്കള്‍തന്നെ അദ്ദേഹം തുടര്‍ന്നും കറാച്ചിയില്‍ തങ്ങുന്നത്‌ സുരക്ഷിതമല്ലെന്നും സംരക്ഷണം തരാന്‍ കഴിയുകയില്ലെന്നും അദ്ദേഹത്തോട്‌ പറയുകയുണ്ടായി. ഇന്ത്യയിലേക്ക്‌ പോകുന്നതാണ്‌ നല്ലതെന്ന അവരുടെ ഉപദേശം ആസാദ്‌ ചൊവിക്കൊണ്ടു.

ആസാദ്‌ രചിച്ച ഗാനം ഒന്നരവര്‍ഷം പാകിസ്ഥാന്റെ ദേശീയഗാനം ആയിരുന്നു. പിന്നീട്‌ ഉറുദു കവി ഹഫീസ്‌ ജലന്‌ധരി എഴുതിയ മറ്റൊരു ഗാനം ദേശീയഗാനമായി അംഗീകരിക്കപ്പെടുകയുണ്ടായി.

അഭിപ്രായങ്ങളൊന്നുമില്ല: