തിങ്കളാഴ്‌ച, ജൂൺ 27, 2005

അതിഥികളെ ആവശ്യമുണ്ട്‌

അതിഥികളെ ആവശ്യമുണ്ട്‌
കെ സുദര്‍ശന്‍

അവിചാരിതമായി ഒരു അതിഥി വീട്ടില്‍ വന്നുകേറുന്നു. അതും ഒരു ഉച്ചനേരത്ത്‌. വേറെയാരുമല്ല; മോളെ അയച്ചിടത്തെ കാര്‍ന്നോരാ. കോടതിയില്‍ ഒരാവശ്യമായിട്ട്‌ പോകുന്ന പോക്കില്‍ കേറിയതാ.
വീട്ടുകാരിക്ക്‌ ടെന്‍ഷനായി. അതിനേക്കാള്‍ ടെന്‍ഷന്‍ വീട്ടുകാരന്‌! ടെന്‍ഷന്റെ കാര്യത്തില്‍ അവര്‍ അല്ലെങ്കില്‍ത്തന്നെ 'മെയ്‌ഡ്‌ ഫോര്‍ ഈച്ച്‌ അദറാ!'
ഇനിയിപ്പോ എന്തോ ചെയ്യും?
പിള്ളാരൊന്നും സ്ഥലത്തില്ലാത്തതുകൊണ്ട്‌ ഉപായത്തിലങ്ങ്‌ കഴിഞ്ഞുപോവുകയായിരുന്നു. പുള്ളിക്കാരനാണെങ്കില്‍ പണ്ടത്തെപ്പോലെ മുളകും പുളിയുമൊന്നും പാടില്ലതാനും.
ഒരു മഞ്ഞക്കറിയും പച്ചത്തോരനുമേ ആകെയുള്ളൂ. പിന്നെ അച്ചാറും കാണണം. അതു പക്ഷേ, പൂത്ത്‌ കായ്ച്ചുകാണും, ഇപ്പോള്‍.
ഇതിനിടയ്ക്ക്‌ വീട്ടുകാരി വടക്കേപ്പുറത്തെ വേലിക്കലൂടെ തലയിട്ട്‌ വിളിക്കുന്നു.
"ഗൌരിയേടത്തീ...."
വിളികേള്‍ക്കാത്ത താമസം, ഗൌരിയേടത്തി റെഡി.
"എന്താ വസന്തേ?"
"അതേ.... മോളെ അയച്ചിടത്തു നിന്ന്‌ അമ്മായിയപ്പന്‍ വന്നിരിക്കുന്നു. ഇവിടെ മൂന്നു കറിയേ ഉള്ളൂ.... അവിടെയെന്തുണ്ട്‌?"
"അതിനെന്താ! അവിടെ നില്‍ക്ക്‌; ഞാനിതാ വരുന്നു...."
ഗൌരിയേടത്തി അകത്തു പോയി അവിടെയുണ്ടായിരുന്ന നാലു കറി ആറു പാത്രത്തിലായി കൊണ്ടുവന്നു.
ഒടുവില്‍ ഡൈനിംഗ്‌ ടേബിളില്‍ മൂപ്പിലാന്‌ കൈവയ്ക്കാന്‍ സ്ഥലമില്ല.
കറിയോടു കറി!
കറികറി!

ഇക്കാലത്തെ ഒരനുഭവമല്ല ഈ പറഞ്ഞത്‌. പത്തുമുപ്പതു കൊല്ലം മുമ്പുള്ള കാര്യമാ. അന്ന്‌ അങ്ങനെയൊരു പരസ്‌പര സഹകരണമുണ്ടായിരുന്നു, അയല്‍ക്കാരു തമ്മിലും ആള്‍ക്കാരു തമ്മിലും.
ഇന്നോ?
ഇന്ന്‌ ആര്‍ക്കും ആരെയും വേണ്ടല്ലോ. ഇപ്പോള്‍ ഏത്‌ അസമയത്ത്‌ എത്ര പേര്‌ കയറിവന്നാലും ആര്‍ക്കും ഒരു കുലുക്കവുമില്ല.
ഉടന്‍ മൊബൈലെടുത്ത്‌ ഒരു ഞെക്ക്‌.
"ഹലോ.... കാറ്ററിംഗ്‌ കോര്‍ണറല്ലേ? ഏഴു പേര്‍ക്ക്‌ ഫുഡ്‌ വേണം. ഫ്രൈഡ്‌റൈസ്‌ ആയിക്കോട്ടെ. പിന്നെ.... ചിക്കന്റെ ഏതാ ഉള്ളത്‌? ഗ്രില്‍ഡോ? അതു വേണ്ട. മറ്റേതെടുത്തോ. മിനിഞ്ഞാന്ന്‌ കൊണ്ടുവന്നത്‌; ഒരു മസാലയും. ഓക്കെ? ഹൌസ്‌ നമ്പര്‍ ഇരുനൂറ്റി ഒന്ന്‌. മേരാ നഗര്‍...."
കഴിഞ്ഞു.
ഫുഡിന്റെ പ്രശ്‌നം അവിടെത്തീര്‍ന്നു. സോ സിംപിള്‍!
അരമണിക്കൂറിനുള്ളില്‍ സാധനം റെഡി. ഇതിന്റെ പേരാണ്‌ 'സ്വയംപര്യാപ്‌തത!' സാമ്പത്തികഭദ്രത സമ്മാനിച്ച ആധുനികമായ സ്വയംപര്യാപ്‌തത. അത്‌ മനുഷ്യനെ മറ്റൊരു ലോകത്തെത്തിച്ചിരിക്കുന്നു. ബന്‌ധങ്ങളും സൌഹൃദങ്ങളും വേണ്ടാത്ത ഒരു സ്വകാര്യ 'സുന്ദര' സ്വര്‍ഗ്‌ഗത്തില്‍!
പണ്ടൊക്കെ നഗരത്തിലെ വീട്ടില്‍ ഒരു പ്രസവമുണ്ടായാല്‍ നാട്ടില്‍ നിന്ന്‌ ആരെയെങ്കിലും കൊണ്ടുവന്ന്‌ നിറുത്തും. ബന്‌ധത്തിലുള്ള വല്ല വല്യമ്മയോ അപ്പച്ചിയോ ഒക്കെ ആയിരിക്കും മിക്കവാറും. അല്ലെങ്കില്‍ അകന്ന ബന്‌ധത്തിലുള്ള ഒരു തള്ള. ഗര്‍ഭാനന്തര ശുശ്രൂഷയുടെ
ചാര്‍ജ്‌ പിന്നെ അവര്‍ക്കായിരിക്കും. കുഞ്ഞിനെ ശുശ്രൂഷിക്കുന്നതും കക്ഷി തന്നെ.
എല്ലാം മംഗളമാക്കി വല്യമ്മ പോകാനിറങ്ങുമ്പോള്‍ ഒരു ജോഡി ഡ്രസ്സും ഒരു തുകയും കൈയിലോട്ട്‌ വച്ചുകൊടുക്കും. രക്തബന്‌ധുക്കളാണെങ്കില്‍ തുക ഒഴിവാക്കും. പകരം അതുകൂടി ജൌളിയില്‍ ഇന്‍വെസ്റ്റ്‌ ചെയ്യും!
ഇന്ന്‌ ആരെങ്കിലും ഇതിനായി കുടുംബത്തില്‍ നിന്നും ആളെടുക്കുമോ! നല്ല കാര്യമായിപ്പോയി!
ഇന്നത്തെ ആശാന്മാര്‍ പറയുന്നത്‌ അതെല്ലാം അബദ്ധമാണെന്നാണ്‌. എന്തിന്‌ വെറുതെ ബാദ്ധ്യതകള്‍ തലയില്‍ വലിച്ചുവാരി വയ്ക്കുന്നു? വല്യമ്മയായാലും ചെറിയമ്മ ആയാലും ചെലവൊക്കെ ഒന്നുപോലെതന്നെ. പോരെങ്കില്‍ ജീവിതകാലം മുഴുവന്‍ പറഞ്ഞോണ്ടുനടക്കുകയും ചെയ്യും.
"അവനെ ഞാനാ ചെറുതിലേ എടുത്തോണ്ടു നടന്നത്‌. ഈ കയ്യില്‍ക്കിടന്നാ അവന്‍ വളര്‍ന്നത്‌. 'അവന്‍' അപ്പോള്‍ അവിടത്തെ കളക്‌ടര്‍ ആയിട്ടുണ്ടാവും!
ഈവക തൊന്തരവുകളൊന്നും വേണ്ട. പ്രസവശുശ്രൂഷയ്ക്കാകട്ടെ, രോഗശുശ്രൂഷയ്ക്കാകട്ടെ, വീട്ടുജോലിക്കാകട്ടെ.... ഇതിനെല്ലാം ആളെ വിട്ടുകൊടുക്കുന്ന സ്ഥാപനങ്ങളുണ്ട്‌ ഇപ്പോള്‍.
ഒന്നു ഫോണ്‍ കറക്കിയാല്‍ മതി. (ഓ! കറക്കുന്ന ഫോണ്‍ ഇപ്പോള്‍ പുരാവസ്‌തുവാണല്ലോ. ഞെക്കുഫോണിനാണ്‌ പ്രിയം.)
വിളി അങ്ങെത്തുന്നതിനു മുമ്പേ ആളിങ്ങെത്തും. എങ്ങനെ നോക്കിയാലും ലാഭം അതാ! കുറച്ചു കാശാകുമെന്നേയുള്ളൂ.
കാശുകൊണ്ട്‌ എല്ലാം നേടാമെന്നാണോ എന്ന്‌
നിങ്ങള്‍ ചോദിച്ചേക്കും. ഈ ചോദ്യം തന്നെ ഒരുപാട്‌ പഴഞ്ചനാണ്‌. എങ്കിലും അതിന്റെ ഉത്തരം പഴഞ്ചനല്ല.
'നേടാം' എന്നുതന്നെയാണ്‌ പുതിയ ഉത്തരം.
നഗരത്തില്‍ അധികംപേരും ഇപ്പോള്‍ ഫ്‌ളാറ്റിലാണല്ലോ. താഴത്തെ ഫ്‌ളാറ്റില്‍ ഒരാള്‍ 'ഫ്‌ളാറ്റായാല്‍' മുകളിലത്തെ ഫ്‌ളാറ്റില്‍ അറിയണമെന്നില്ല. അഥവാ അറിഞ്ഞാല്‍ അന്വേഷിച്ചു ചെല്ലാനോ, അവിടെ വളഞ്ഞുകൂടി നില്‍ക്കാനോ ഒന്നും ആര്‍ക്കും സമയമില്ല.
ജസ്റ്റ്‌ എ ഫോണ്‍ കാള്‍! ആ ശബ്‌ദനിയന്ത്രണത്തോടെ: "ഹലോ.... ഒരു വാര്‍ത്ത കേട്ടു. ശരിയാണോ?"
"ശരിയാ...."
"എപ്പോഴായിരുന്നു?"
"ഏര്‍ലി മോര്‍ണിംഗില്‍."
"എന്തുവായിരുന്നു?"
"കാര്‍ഡിയാക്‌ അറസ്റ്റാ...."
"അതു ശരി.... ക്രിമേഷന്‍ നാട്ടിലല്ലല്ലോ, ഇവിടെത്തന്നല്ലേ?"
"ഇവിടെത്തന്നെ...."
"ശരി, ഞാന്‍ വന്നോളാം."
ഇത്‌ വളരെ ഭേദപ്പെട്ട അനുഭവമാണ്‌. പലരും ഇതുപോലും ചെയ്യില്ല. അങ്ങ്‌ 'ഇഗ്‌നോര്‍' ചെയ്‌തുകളയും. പലപ്പോഴും പരസ്‌പരം 'ടേംസിലും' ആയിരിക്കില്ല.
പുരോഗതിയുടെ ഒരു പുരോഗതിയേ!
ദൂരെയുള്ള ബന്‌ധുവിനേക്കാള്‍, ആവശ്യത്തിന്‌ ഉപകരിക്കുന്നത്‌ തൊട്ടടുത്ത വീട്ടുകാരാണെന്ന്‌ പറയുമായിരുന്നു, പണ്ട്‌. ഇപ്പോള്‍ ദൂരെ ബന്‌ധുവുമില്ല. തൊട്ടടുത്തുള്ളവന്‍ മിണ്ടുകയുമില്ല!
താനായി തന്റെ പാടായി. അങ്ങു ചുരുങ്ങുകയാണ്‌ എല്ലാവരും. ഞാനും എന്റെ കെട്ടിയോളും എന്റെ കുട്ടിയോളും മതി.
പിന്നെയും ചിലര്‍ക്കു സംശയം.
എന്നാലും, ഒരാവശ്യം വരുമ്പോള്‍ ബന്‌ധുക്കള്‍ വേണ്ടേ?
എന്ത്‌ ആവശ്യം?
ഉദാഹരണത്തിന്‌, ഒരു കല്യാണം വരുന്നു. എന്തെല്ലാം കാര്യങ്ങള്‍ നോക്കണം! നമ്മള്‍ മാത്രം മതിയോ?
ധാരാളം മതി.
ഇപ്പോള്‍ 'ഇവന്റ്‌ മാനേജ്‌മെന്റ്‌' എന്നൊരു സംഭവമുണ്ട്‌. അതു നിര്‍വ്വഹിക്കുന്ന സ്ഥാപനങ്ങളുമുണ്ട്‌. അതായത്‌, നമ്മുടെ ജീവിതത്തില്‍ എന്ത്‌ 'ഇവന്റ്‌' ഉണ്ടായാലും അവരെ അറിയിച്ചാല്‍ മതി. അവര്‍ വന്ന്‌ മൊത്തം മാനേജ്‌ ചെയ്‌തോളും. കല്യാണമായാലും കൊള്ളാം, നൂലുകെട്ടായാലും കൊള്ളാം, സഞ്ചയനമായാലും കൊള്ളാം....
കല്യാണം തന്നെ എടുക്കാം. അവരെ ഏല്‌പിച്ചോണ്ടാല്‍ മതി. ചോദിക്കുന്ന അഡ്വാന്‍സ്‌ കൊടുത്തേക്കണം. പിന്നെ, ആ ഭാഗത്തേക്ക്‌ നമ്മളൊന്നും തിരിഞ്ഞുനോക്കേണ്ട. എല്ലാം അവര്‌ നോക്കിക്കോളും.
ഹാള്‍ ബുക്ക്‌ ചെയ്യുന്നത്‌, കത്ത്‌ പ്രിന്റ്‌ ചെയ്യുന്നത്‌, വീട്‌ പെയിന്റ്‌ ചെയ്യിക്കുന്നത്‌, ആള്‍ക്കാരെ ക്ഷണിക്കാന്‍ പോകുന്നത്‌.... അങ്ങനെയങ്ങനെ എല്ലാം അവരുതന്നെ.
ഇതിനെല്ലാം പ്രത്യേകം പ്രത്യേകം സ്റ്റാഫുണ്ട്‌. വി.ഐ.പിമാരെ ക്ഷണിക്കാന്‍ 'വി.ഐ.പി ലുക്ക്‌' ഉള്ള യുവതികളും യുവാക്കളും.
ക്ഷണിക്കേണ്ടവരുടെ പേരും ലൊക്കേഷനും എഴുതിയങ്ങു കൊടുത്താല്‍ മതി. സംഭവത്തിന്‌ ഒരു പെഴ്‌സണല്‍ ടച്ച്‌ കിട്ടാന്‍ ഒന്നു ഫോണ്‍ ചെയ്‌തുകൂടി പറഞ്ഞേക്കണം.
"ഹലോ, നാരായണന്‍ നായരല്ലേ? ഞാന്‍ സ്വാമിനാഥന്‍. ഞാന്‍ വിളിച്ചത്‌.... വരുന്ന
ട്വന്റീഫോര്‍ത്തിന്‌ മോളുടെ മാര്യേജാ. ലെറ്ററുമായിട്ട്‌ ക്ഷണിക്കാന്‍ ആളുവരും. എല്ലാവരും വരണം. ഓക്കെ?"
അടുത്ത ദിവസം നാരായണന്‍ നായരുടെ വീടിനു മുന്നില്‍ ഒരു ലാന്‍സര്‍ വന്നുനില്‍ക്കുന്നു. എടുത്താല്‍ പൊങ്ങാത്ത മൂന്നുനാലെണ്ണം വലിഞ്ഞിറങ്ങുന്നു.
നാരായണന്‍ നായര്‍ അന്തംവിട്ടുനില്‍ക്കുകയാണ്‌. ആരെയും പിടികിട്ടുന്നില്ല. അമ്പത്തഞ്ചു വയസ്സ്‌ തോന്നിക്കുന്ന അരിസ്റ്റോക്രാറ്റിക്‌ ലുക്കുള്ള ആള്‍ നായര്‍ക്ക്‌ ക്ഷണപത്രം കൊടുക്കുന്നു.
നായര്‍ അത്‌ വായിച്ചുതള്ളുന്നതിനിടയില്‍ ചോദ്യം:
"സ്വാമിയേട്ടന്‍ വിളിച്ചല്ലോ, അല്ലേ?"
"ങാ, വിളിച്ചിരുന്നു.... വിളിച്ചിരുന്നു...."
"അന്ന്‌ ഞായറാഴ്ചയാ, എല്ലാവരും വരണം...."
ആ പറഞ്ഞത്‌, പട്ടുസാരിയുടുത്ത ഒരു പ്രൌഢ.
നിങ്ങളൊക്കെ ആരാണെന്നു ചോദിക്കാന്‍ പറ്റുമോ? ലാന്‍സര്‍ തിരിക്കുമ്പോള്‍ വീണ്ടും തൊഴുകൈ. വീണ്ടും മന്ദസ്‌മിതം.
നാരായണന്‍ നായര്‍ക്കും ഭാര്യയ്ക്കും എന്തോ ഒരു തൃപ്‌തിപോലെ....
സ്വാമിനാഥനും പെമ്പ്രന്നോരും കൂടെ മാരുതിയില്‍ വന്നു വിളിച്ചിട്ടു പോയാല്‍ ഈ ഇഫക്‌ട്‌ കിട്ടുമോ? എവിടാ!
പിന്നെ ചര്‍ച്ചയാ ആ വീട്ടില്‍.
'ആ കഷണ്ടിക്കാരന്‍ സാറിന്റെ അളിയനായിരിക്കു'മെന്ന്‌ നായര്‍ പറയുമ്പോള്‍ മിസിസ്സ്‌ പറയുന്നു, 'ഇപ്പുറത്തു നിന്നത്‌ സാറിന്റെ സിസ്റ്ററാ. ആ ചിരി കാണുമ്പോള്‍ അറിയാം!'
ഇങ്ങനെ ഇവന്റിന്റെ ഓരോ പാരഗ്രാഫും സൂക്ഷ്‌മമായി നിര്‍വ്വഹിക്കുകയാണ്‌
സംഘാടകര്‍.
വിവാഹനാളില്‍ അതിഥികളെ സ്വീകരിക്കാന്‍ വരെ 'സ്റ്റാഫിനെ' നിറുത്തിയിട്ടുണ്ട്‌. കാഞ്ചീപുരത്തിന്റെ വിവിധ വര്‍ണ്ണങ്ങളില്‍ ഫീമെയില്‍ സ്റ്റാഫ്‌. കസവുമുണ്ട്‌ മുതല്‍ സഫാരി സ്യൂട്ട്‌ വരെ ധരിച്ച മെയില്‍ സ്റ്റാഫ്‌.
കവാടം തൊട്ട്‌ കതിര്‍മണ്‌ഡപം വരെ പലപല പോയിന്റുകളില്‍ നിറുത്തിയിരിക്കുകയാണ്‌, ഓരോന്നിനെയും.
'വരണം ചേച്ചീ, മുന്നിലെ സീറ്റില്‍ ഇരിക്കാം.'
'വന്നാട്ടെ മാഡം.... സ്റ്റേജിലോട്ടിരിക്കാം.'
'സാര്‍, ആദ്യം ഊണുകഴിക്കാന്‍ പോകാം....'
ഇങ്ങനെ ഉപചാരത്തിന്റെ ഒത്തിരി സുന്ദരമുഹൂര്‍ത്തങ്ങള്‍ വിതറുകയാണ്‌ 'മാനേജ്‌മെന്റുകാര്‍.'
ഇതൊന്നും സ്വാമിനാഥനദ്ദേഹം അറിയുന്നതേയില്ല.
സ്വാമിനാഥന്‍ സാറിന്‌ ഇത്രയും ബന്‌ധുബലമുണ്ടോ? അതാണ്‌ ജനത്തിന്റെ ചിന്ത!
ചിലര്‍ക്കൊക്കെ ഒരു സംശയം തോന്നാം; ഇങ്ങനെ തന്‍കാര്യം മാത്രം നോക്കി ജീവിക്കുന്നവര്‍ ക്ഷണിച്ചാല്‍ ആരെങ്കിലും പോകുമോ എന്ന്‌....
പണ്ടൊരു പ്രമാണി ആരുടെ വിവാഹത്തിനു ക്ഷണിച്ചാലും അങ്ങേരുടെ ബനിയനും വടിയും കൊടുത്തയയ്ക്കും; തന്റെ പ്രതിനിധികളായിട്ട്‌.
ഒടുവില്‍ പ്രമാണിയുടെ മകളുടെ കല്യാണം വന്നു. സമയമായപ്പോള്‍ ബനിയന്‍കൊണ്ട്‌ ഹാള്‍ നിറഞ്ഞു. നാട്ടുകാര്‌ ഇങ്ങേരെപ്പോലെ വടി ഉപയോഗിക്കാത്തവരായതുകൊണ്ട്‌ വടി ഒഴിവാക്കി. പകരം ഓരോരുത്തരും ഉപയോഗിക്കുന്ന ഐറ്റംസ്‌ കൊടുത്തയയ്ക്കാഞ്ഞത്‌ ആരുടെയോ
സുകൃതം!
അതുപോലെ ഇത്തരം മൂരാച്ചികള്‍ ക്ഷണിച്ചാല്‍ ഹാളു നിറയാനുള്ള ആളെ കിട്ടണമെന്നില്ല. അങ്ങനെ വന്നാല്‍ അതും 'ഇവന്റ്‌ മാനേജ്‌മെന്റു'കാരോട്‌ പറഞ്ഞാല്‍ മതി. അവര്‌ ഹൌസ്ഫുള്‍ ആക്കിക്കോളും.
എല്ലാംകൂടി ഒരു ചെക്കങ്ങ്‌ എഴുതിക്കൊടുത്താല്‍ മതി. ഒരു.... ടൂ പോയിന്റ്‌ നയന്‍.
വെറും ടൂ പോയിന്റ്‌ നയന്‍?
എന്നുവച്ചാല്‍ രണ്ടുലക്ഷത്തി തൊണ്ണൂറായിരം ഉറുപ്പിക!
എന്നാലെന്ത്‌? എല്ലാം മംഗളമായില്ലേ? നേരിട്ട്‌ ചെയ്യാന്‍ പോയാല്‍ ചെലവ്‌ ഇതിലും കൂടുതലാകുമെന്നു മാത്രമല്ല, എല്ലാം കൊളമാവുകയും ചെയ്യും!
ഇനി പറയൂ, ബന്‌ധുമിത്രാദികള്‍ക്ക്‌ നമ്മുടെ ജീവിതത്തില്‍ കാര്യമായ എന്തെങ്കിലും റോളുണ്ടോ; വെറും ഗസ്റ്റ്‌ റോളല്ലാതെ?
പിന്നൊരു കാര്യം....
ഇവരൊക്കെ മരിക്കുമ്പോള്‍ വായ്ക്കരിയിടുന്നതും ഇതുപോലെ 'സ്റ്റാഫ്‌' ആയിരിക്കും!

2 അഭിപ്രായങ്ങൾ:

Paul പറഞ്ഞു...

കലേഷ്,
ജീവിതം അങ്ങനെ പുരോഗമിക്കുന്നതില്‍ ചിലര്‍ക്കെങ്കിലും സന്തോഷമുണ്ടായിരിക്കും. ഇനി തിരിച്ചു വരാത്ത വിധം മറഞ്ഞു പോകുന്ന നന്മകള്‍ ആര്ക്കും വേണ്ടാത്തതുകൊണ്ടല്ലേ ഇല്ലാതാകുന്നത്?

.::Anil അനില്‍::. പറഞ്ഞു...

കലേഷ്,
http://samskarikam.blogspot.com/ എന്താ ചുരുളിലും പിന്‍മൊഴിയിലുമൊന്നും ചേര്‍ക്കാത്തത്?
വളരെ നല്ല ബ്ലോഗ്. അഭിനന്ദനങ്ങള്‍!!!!!!!!!!!