വ്യാഴാഴ്‌ച, ജൂൺ 16, 2005

മെയ്ക്കരുത്തിന്റെ ഗാഥകളുമായി ഖലാസികള്‍

മെയ്ക്കരുത്തിന്റെ ഗാഥകളുമായി ഖലാസികള്‍
എ. വിനീഷ്‌

'ജോര്‍സേ യാ അള്ളാ
ജള്ളാ ജോര്‍സേ
ജള്ളാ ജോര്‍ സേ, മാലി ജോര്‍സേ....'
ബേപ്പൂരിലെത്തിയാല്‍ ഇളംകാറ്റിനൊപ്പം ഈണത്തിലുള്ള ഈരടികള്‍ നിങ്ങള്‍ക്ക്‌ കേള്‍ക്കാം. ഒരേ താളത്തിലുള്ള ഈരടികളുടെയും ഏറ്റുപാടലുകളുടെയും ഉറവിടം അന്വേഷിച്ച്‌ ചെന്നാല്‍ എത്തിച്ചേരുന്നത്‌ തൊട്ടപ്പുറത്തുള്ള എടുത്തുംപടിക്കല്‍ ഗോകുല്‍ദാസിന്റെ ഉരുനിര്‍മ്മാണശാലയിലായിരിക്കും. ഇവിടെ നിന്നായിരുന്നു ഏകദേശം രണ്ടരമാസം മുമ്പ്‌ 1250 ടണ്ണോളം ഭാരം വരുന്ന ലോകത്തിലെ ഏറ്റവും വലിയ ഉരു അറുപതോളം ഖലാസികളുടെ മെയ്ക്കരുത്തില്‍ ദുബായിലേക്ക്‌ യാത്രയാരംഭിച്ചത്‌. അറുപതോളം മാപ്പിള ഖലാസികള്‍ 'ദവറി'ന്റെ സഹായത്തോടെ ഭീമാകാരമായ ഉരു വലിച്ചുനീക്കുന്നത്‌ കണ്ട്‌ അന്തംവിട്ട സായ്‌പ്‌ ചോദിച്ചത്‌ 'ഇവര്‍ യന്ത്രമനുഷ്യരോ' എന്നായിരുന്നു.

ബേപ്പൂരിലെ ഉരുനിര്‍മ്മാണത്തോളം തന്നെ പഴക്കമുണ്ട്‌ ഖലാസികളുടെ മെയ്ക്കരുത്തിന്റെ ചരിത്രത്തിനും. ചേരമാന്‍ പെരുമാളിന്‌ മക്കയിലേക്ക്‌ പോകാന്‍ പായ്‌വഞ്ചി പണിതുനല്‍കിയ എടുത്തുംപടിക്കല്‍ തറവാട്ടിലെ പിന്‍മുറക്കാരനായ ഗോകുല്‍ദാസ്‌ ആണ്‌ ഇന്ന്‌ ബേപ്പൂരിലെ ഉരു നിര്‍മ്മാണത്തിലെ തച്ചന്‍. ഗോകുല്‍ദാസിന്റെ പണിശാലയില്‍ ഖലാസികളുടെ മൂപ്പനായ കെ. എം. മുഹമ്മദ്കോയ മൂപ്പെ‍ന്‍റ നേതൃത്വത്തില്‍ ഖലാസികള്‍
തിരക്കിലാണ്‌. പുതിയൊരു ഉല്ലാസനൌക നിര്‍മ്മിക്കാന്‍ ദുബായില്‍ നിന്ന്‌ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്‌. ചരിത്ര സംഭവമായ, എടുത്തുംപടിക്കല്‍ തറവാടുചരിത്രത്തില്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ഉരുവിന്‌ ശേഷമുള്ള അടുത്ത പദ്ധതിയാണിത്‌.

ഖലാസികളുടെ മെയ്ക്കരുത്തിെ‍ന്‍റ കഥ പുറംലോകം അറിയുന്നത്‌ പെരുമണ്‍ തീവണ്ടി ദുരന്തത്തിന്‌ ശേഷമാണ്‌. 80 പേരുടെ ജീവന്‍ അപഹരിച്ച്‌ ഐലന്‍ഡ്‌ എക്‌സ്‌പ്രസ്സിെ‍ന്‍റ ബോഗികള്‍ അഷ്‌ടമുടിക്കായലില്‍ പതിച്ചപ്പോള്‍ ബോഗികള്‍ പൊക്കിയെടുക്കാന്‍ സഹായിച്ചത്‌ ബേപ്പൂരില്‍ നിന്നുള്ള ഖലാസികളായിരുന്നു. റെയില്‍വേയുടെ ക്രെയ്‌നുകള്‍ പരാജയപ്പെട്ടിടത്താണ്‌ 35 ഓളം വരുന്ന ഖലാസികളുടെ മെയ്ക്കരുത്ത്‌ വിജയിച്ചത്‌. 1988 ജൂലായില്‍ പതിനേഴ്‌ വര്‍ഷം മുമ്പ്‌ നടന്ന ആ സംഭവം ഇന്നും ഖലാസികളുടെ മൂപ്പനായ കെ. മുഹമ്മദുകോയ മൂപ്പന്‍ ഓര്‍ത്തെടുക്കുന്നു.

കപ്പിയും കയറും ഇരുമ്പ്‌ വടവുമായി എത്തിയ ഇവര്‍ എന്ത്‌ ചെയ്യാന്‍ എന്ന ചിന്തയായിരുന്നു അവിടെ ഉണ്ടായിരുന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക്‌. കോഴിക്കോട്‌ നിന്നും അവിടെയെത്തിയ തങ്ങളെ ആരും ശ്രദ്‌ധിച്ചതുപോലുമില്ലെന്ന്‌ മുഹമ്മദ്‌ കോയ മൂപ്പന്‍ പറയുന്നു. ആദ്യദിനത്തില്‍ ഉച്ചവരെ വെറുതെയിരിക്കേണ്ടി വന്ന ഇവര്‍ ഉച്ചയ്ക്ക്‌ ശേഷം കായലില്‍ ഒന്നിന്‌ മീതെ ഒന്നായി കിടന്നിരുന്ന രണ്ട്‌ ബോഗികളിലൊന്ന്‌ വലിച്ച്‌ കായലിലേക്ക്‌
മറിച്ചിട്ടശേഷം ഏകദേശം കരയുടെ അടുത്തുവരെ വലിച്ചെത്തിച്ചു. അതുകണ്ടപ്പോഴാണ്‌ അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക്‌ ഇവര്‍ക്ക്‌ എന്തെങ്കിലും ചെയ്യാന്‍ സാധിക്കും എന്ന ബോധ്യം വന്നത്‌. അടുത്ത ദിവസങ്ങളിലായി ഇവര്‍ വെള്ളത്തിലായിരുന്ന ഒരു ബോഗി മുഴുവനായും കരയിലെത്തിച്ചു.

പിന്നീട്‌ സ്ഥലത്തെത്തിയ സൈന്യത്തിന്‌ ആവശ്യമായ സഹായങ്ങളും ചെയ്‌തുകൊടുത്തത്‌ ഖലാസികള്‍ ആയിരുന്നു. സൈന്യത്തിന്റെ സഹായത്തോടെ വെള്ളത്തില്‍ വീണ ഒന്‍പത്‌ ബോഗികളും അവര്‍ കരയ്ക്കെത്തിച്ചു.
കോഴിക്കോട്ടെ ഖലാസികളുടെ മെയ്ക്കരുത്തിന്‌ മുന്നില്‍ ഒരിക്കല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനവും അടിയറവ്‌ പറഞ്ഞിട്ടുണ്ട്‌. കോഴിക്കോട്‌ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ റണ്‍വേയില്‍ നിന്നും തെന്നിമാറിയ വിമാനം തിരിച്ച്‌ റണ്‍വേയില്‍ എത്തിച്ചത്‌ ഇവരായിരുന്നു. ക്രെയിനുകളുടെ സഹായത്താല്‍ വിമാനം തിരിച്ച്‌ റണ്‍വേയില്‍ എത്തിക്കുന്നതിനുള്ള ശ്രമം വിഫലമായതിനെ തുടര്‍ന്നാണ്‌ എയര്‍ലൈന്‍സ്‌ അധികൃതര്‍ ഖലാസികളുടെ സഹായം തേടിയത്‌.

പക്ഷേ, ഇന്നും ഖലാസികളെ സംബന്‌ധിച്ചിടത്തോളം ഏറ്റവും ശ്രമകരമായ ജോലി ഉരു കടലിലിറക്കുക എന്നതാണ്‌. നിര്‍മ്മാണം പൂര്‍ത്തിയായ ഉരുവിനെ യാതൊരു പോറലുമേല്‍പ്പിക്കാതെ കടലിറക്കുക എന്നത്‌ ഇവരെ സംബന്‌ധിച്ചിടത്തോളം വെല്ലുവിളി തന്നെയാണ്‌.

ഉരു
നിര്‍മ്മാണത്തിന്‌ ആവശ്യമായ പടുകൂറ്റന്‍ മരങ്ങള്‍ നിര്‍മ്മാണ ശാലയില്‍ എത്തുന്നതോടെ ഖലാസികളുടെ ജോലിയും ആരംഭിക്കുന്നു. മരങ്ങള്‍ അറക്കവാളിന്റെ സഹായത്താല്‍ ഈര്‍ന്ന്‌ കഷ്‌ണങ്ങളാക്കാന്‍ നിര്‍മ്മിച്ച പ്‌ളാറ്റ്‌ ഫോമുകളില്‍ തടി കഷ്‌ണങ്ങള്‍ എത്തിക്കുന്നു. ഉരുവിന്റെ വിവിധ ഭാഗങ്ങളില്‍ ഉറപ്പിക്കുന്ന പടുകൂറ്റന്‍ മരക്കഷ്‌ണങ്ങള്‍ വിവിധ ഭാഗങ്ങളില്‍ ഉറപ്പിക്കുന്നതിന്‌ സഹായിക്കുന്നതും ഇവര്‍ തന്നെ. നിര്‍മ്മാണം പൂര്‍ത്തിയായ ഉരുവില്‍ വെള്ളം കയറാതിരിക്കാന്‍ ജോയിന്റുകളില്‍ പഞ്ഞി വേപ്പെണ്ണയില്‍ മുക്കി അടിച്ചു കയറ്റുന്ന 'കല്‍പ്പാത്ത്‌ പണി'യും ഖലാസികള്‍ ആണ്‌ ചെയ്‌തുവരുന്നത്‌.

കാലത്തിന്റെ കുത്തൊഴുക്കില്‍ ബേപ്പൂരിലെ ഒരു നിര്‍മ്മാണത്തിന്റെ പ്രതാപം അവസാനിച്ചപ്പേള്‍ മെയ്ക്കരുത്ത്‌ കൊണ്ട്‌ അത്ഭുതങ്ങള്‍ സൃഷ്‌ടിച്ച ഖലാസികളുടെ ജീവിതവും പ്രതിസന്‌ധിയിലായി. ഉരു നിര്‍മ്മാണശാലകള്‍ ഒന്നൊന്നായി ഇല്ലാതായി. ബേപ്പൂരില്‍ ഇപ്പോള്‍ അവശേഷിക്കുന്നത്‌ ഒരേയൊരു ഉരു നിര്‍മ്മാണശാല മാത്രമാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല: