വ്യാഴാഴ്‌ച, ജൂൺ 16, 2005

നബികുടുംബ സ്മരണയില്‍ ബീമാപള്ളി ഉറൂസ്‌

കേരളത്തിലെ മുസ്ലിം ദേവാലയങ്ങളില്‍ ഏറെ പഴക്കം ചെന്നതും പ്രസിദ്ധവുമാണ്‌ തിരുവനന്തപുരത്തെ ബീമാപള്ളി. നാനാജാതി മതസ്ഥര്‍ക്ക്‌ അശ്രയവും അഭയവും കഷ്ടതകളില്‍ നിന്നു മോചനവും നല്‍കുന്നു ഈ പള്ളിയിലെ ഖബറില്‍ അന്ത്യവിശ്രമം കൊള്ളുന്ന നബി പരമ്പര. ആദി പ്രവാചകനായ നബി തിരുമേനിയുടെ പരമ്പരയില്‍പെട്ട ബീമാ ബീവി, മകന്‍ അശെയ്ഖ്‌ സെയ്യിദ്‌ ഷാഹീദ്‌ മാഹീന്‍ എന്നിവരുടെ ഖബറുകളാണ്‌ ബീമാപള്ളിയില്‍ ആരാധിക്കപ്പെടുന്നത്‌. നൂറ്റാണ്ടുകള്‍ക്കു മുന്‍പ്‌ ഇസ്ലാം മത പ്രചരണാര്‍ഥം ഇന്ത്യയിലെത്തിയ ഈ പുണ്യാത്മാക്കളുടെ സ്മരണയില്‍ വര്‍ഷം തോറും ഉറൂസ്‌ (ചന്ദനക്കുടം) ആഘോഷിക്കുന്നു.

ഈ ഖബറില്‍ ആശ്രയം തേടിയെത്തുന്ന ഭക്‌തലക്ഷങ്ങള്‍ക്ക്‌ രോഗമുക്‌തി ലഭിക്കുമെന്നത്‌ സുനിശ്ചിതം എന്നു പഴമക്കാര്‍ പറയുന്നു.

ഈ പള്ളിയില്‍ മൂന്ന്‌ ഖബറുകളാണ്‌ ഉള്ളത്‌. ബാബാമസ്‌താന്റേതാണ്‌ ഒരു ഖബര്‍. ഈ പുണ്യാത്മ സ്മരണകളും പുതുക്കുന്ന ഉറൂസ്‌ ഒരു മാസം മുന്‍പേ കഴിഞ്ഞിരുന്നു.
ദൈംനംദിനം ആയിരക്കണക്കിന്‌ ഭക്‌തര്‍ അനുഗ്രഹം തേടിയെത്തുന്ന പുണ്യപുരാതന തീര്‍ത്ഥാടന കേന്ദ്രമായ ഇവിടെ പ്രസാദമായി നല്‍കുന്നത്‌ പൂവും പട്ടും എണ്ണയും മറ്റുമാണ്‌. ഭക്‌തര്‍ നേര്‍ച്ചയായി ഖബറില്‍
അര്‍പ്പിക്കുന്നതും ഇവ തന്നെ.
ഇവിടെ എത്തുന്ന അന്യമതക്കാരില്‍ ഭൂരിഭാഗവും രോഗശാന്തി തേടി വരുന്നവരാണ്‌. ശ്രേഷ്ഠമായ സിദ്ധി വൈഭവങ്ങളുള്ള ഈ തീര്‍ത്ഥാടന കേന്ദ്രത്തില്‍ താമസിച്ച്‌ രോഗമുക്‌തി വരുത്തിയവര്‍ ധാരാളം.

മക്കയിലെ 'സംസം' ജലം എന്നതുപോലെ ഏതു രോഗത്തേയും ശമിപ്പിക്കാന്‍ കഴിയുന്നതെന്നു വിശ്വസിക്കപ്പെടുന്ന ദിവ്യ ഔഷധ ഗുണങ്ങളുള്ള ജലം ലഭിക്കുന്ന 'മരുന്നു കിണര്‍' എന്ന അത്ഭുതജല സംഭരണി ഇവിടെയുണ്ട്‌. ദിവ്യജലം ലക്ഷ്യമായ രണ്ടു കിണറുകളാണ്‌ ഇവിടെയുള്ളത്‌. ഇതില്‍ ഒന്നില്‍ തണുത്ത വെള്ളവും ഒന്നില്‍ ചൂടുള്ള വെള്ളവുമാണ്‌. ഈ വെള്ളത്തില്‍ കുളിക്കുന്നതിനും കുടിക്കാനായി ശേഖരിക്കുന്നതിനും ഇവിടെ എപ്പോഴും തിരക്കു തന്നെ. പള്ളിയുടെയത്ര പഴക്കമുള്ള ഈ കിണര്‍ വറ്റിയിട്ടില്ലെന്ന്‌ പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.

ആലംബമറ്റവരെ സഹായിക്കുന്നതിനായി ബീമാ മാഹീന്‍ മെമ്മോറിയല്‍ ആശുപത്രി പള്ളി മാനേജിംഗ്‌ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. നിര്‍ദ്ധനരായ രോഗികള്‍ക്ക്‌ ആശ്രയമാകുന്ന ചികിത്സാപദ്ധതികളോടെയായിരിക്കും ആശുപത്രി ആരംഭിക്കുകയെന്ന്‌ ജമാ അത്ത്‌ കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു. നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്കായി ബീമാ മാഹീന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ എന്ന വിദ്യാഭ്യാസ സ്ഥാപനവും
ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. തികച്ചും സൌജന്യ പഠനമാണ്‌ ഇവിടെ. പള്ളിയില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നാണ്‌ ഈ പ്രവര്‍ത്തന പദ്ധതികള്‍ നടപ്പാക്കുവാന്‍ ഫണ്ട്‌ കണ്ടെത്തുന്നത്‌.

ജൂലൈ 19ന്‌ ബീമാപള്ളി ഇമാം അബ്ദുള്‍ റസാക്ക്‌ അലീമിന്റെ നേതൃത്വത്തില്‍ ദുഃആ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന പട്ടണ പ്രദക്ഷിണത്തോടെയാണ്‌ ഉമാസ്‌ മഹോത്സവത്തിന്റെ ആരംഭം. മതപ്രസംഗങ്ങള്‍, ഗാനമേളകള്‍, കഥാപ്രസംഗം എന്നിവയാണ്‌ പ്രധാന പരിപാടികള്‍.

അനന്തപുരിയിലെ നാനാജാതി മതസ്ഥരും ഭക്‌തിയില്‍ നിറഞ്ഞ മനസ്സോടെ വിശ്വാസത്തിന്റെ ഈ പുണ്യ ഉത്സവത്തില്‍ പങ്കു ചേരും. ഓരോ ഉറൂസ്‌ ആഘോഷവും മതേതരത്വത്തിന്റെ പ്രതീകാത്മക ആഘോഷം കൂടിയാകുമ്പോള്‍ അതിന്‌ ഭാരതത്തിന്റെ ആത്മാംശം കൈവരുന്നു.

1 അഭിപ്രായം:

faisal umer പറഞ്ഞു...

ബീമാ പള്ളിയെകുറിച്ച ചില വാക്കുകളിൽ വന്ന എന്റെ വിയോജിപ്പ് ഇവിടെ രേഖപെടുത്തുന്നു.
ആദി പ്രവാചകർ എന്നല്ല , അന്ത്യ പ്രവാചകർ മുഹമ്മദ് നബിയുടെ പരമ്പരയാണ് ബീമാ ബീവി , അവരുടെ മകൻ സയ്യദ് മാഹീൻ അബുബക്കർ എന്നവരും. ഇവർ പ്രഗൽഭരായ ഹക്കിമുകൾ (വൈദ്യന്മാർ) ആയിരുന്നു . അവർ തിരുവനന്തപുരത്തിനടുത് താമസമാക്കുകയും വൈദ്യവൃത്തി തുടരുകയും ചെയ്തു . അനേകം ആളുകൾ അവരുടെ അടുത്തു രോഗശാന്തിക്കായി എത്തിച്ചേർന്നു . അവരുടെ പെരുമാറ്റങ്ങളിലും സ്വഭാവ ഗുണങ്ങളിലും ആകൃഷ്ടരായ നിരവധി പേര് ഇസ്ലാമിലേക്കു വന്നു ചേർന്നു
എന്നാൽ ഇതിൽ കലി പൂണ്ട രാജാക്കന്മാർ അവിടെ ജീവിക്കുന്നതിനു കപ്പം നൽകണമെന്ന് മാഹീൻ അബുബക്കറിനോട് ആവശ്യപ്പെട്ടു . അല്ലാഹുവിന്റെ ഭൂമിയിൽ ജീവിക്കുന്നതിനു ആർക്കും കപ്പം നൽകില്ല എന്ന മറുപടിയിൽ രോഷം പൂണ്ട ഭരണ വർഗം അദ്ദേഹത്തെ ചതിയിലൂടെ കൊലപ്പെടുത്തി . അങ്ങനെയാണ് ശഹീദ് (രക്തസാക്ഷി ) എന്ന പേര് കൂടി അദ്ദേഹത്തിന് ലഭിക്കുന്നത്
ഇവിടെ പ്രതിപാദിച്ച മറ്റൊരു വിഷയം അദ്ദേഹത്തിന്റെ കബർ ആരാധിക്കപ്പെടുന്നു എന്നതാണ് , ഇസ്ലാമിൽ ഖബറിനെ എന്നല്ല , അല്ലാഹുവിനെ അല്ലാത്ത മറ്റൊരാളെയും വസ്തുവിനെയും ആരാധിക്കാൻ പാടില്ല . അവിടെ നടക്കുന്നത് സിയാറത് ( കബർ സന്ദർശനം ) ആണ്. അത് ഇസ്ലാമിൽ അനുവദനീയവുമാണ് .പിന്നേ ഉറൂസിനോടനുബന്ധിച്ച ഗാനമേളയുടെ കാര്യം, ഇസ്ലാം ശക്തമായി വിലക്കിയ കാര്യമാണത് . പക്ഷെ ചിലർ അത് ചെയ്യുന്നു എന്ന് കരുതി അതിനു അവിടെ അന്ത്യ വിശ്രമം കൊള്ളുന്ന മഹത്തുക്കളോ ഇസ്ലാമോ അതിനു ഉത്തരവാദികളല്ല