ശനിയാഴ്‌ച, ജൂൺ 18, 2005

വേലത്തരത്തിന്റെ വേലായുധന്‍

വേലത്തരത്തിന്റെ വേലായുധന്‍
കെ സുദര്‍ശന്‍

ഒരു കവിയരങ്ങ്‌.
അത്യാവശ്യമുണ്ടായിരുന്നതുകൊണ്ട്‌ കവിത ചൊല്ലിക്കഴിഞ്ഞതും ഞാന്‍ ഇറങ്ങി.
ആരോ പിന്നാലെ വരുന്നതു പോലെ.
ആരാധകരാരോ ആയിരിക്കും! അഭിനന്ദനം നേരിട്ട്‌ അറിയിക്കാനായിരിക്കും. പുളകിതഗാത്രനായി തിരിഞ്ഞുനോക്കി.
നല്ല മുഖപരിചയം.
ഓ, വീടിനടുത്തുള്ള വേലായുധന്‍!
പഴയതിനേക്കാള്‍ ബഹുമാനപുരസ്സരമാണ്‌ നില്‌പ്‌.
"എന്താണ്‌?"
"എനിക്ക്‌ ഒരു ഓപ്പറേഷന്‍ ചെയ്യാനുണ്ട്‌. ഞാന്‍ വീട്ടില്‍ വരാം."
ഇവനെന്താ ഈ പറയുന്നത്‌? ഞാന്‍ ഓപ്പറേഷന്‍ ചെയ്യുമെന്ന്‌ ഇവനോട്‌ ആര്‌ പറഞ്ഞുകൊടുത്തു?
അതോ, ആ കവിത കേട്ടതിന്റെ പ്രതികരണമാണോ? ഇതിലും ഭേദം നേരിട്ട്‌ കത്തിവയ്ക്കുന്നതാണെന്നായിരിക്കുമോ ഉദ്ദേശിച്ചത്‌!
എന്തായാലും കൂടുതല്‍ കിളയ്ക്കാന്‍ നിന്നില്ല.
"ശരി, വന്നോളൂ."
വേലായുധന്‍ കൂപ്പുകൈകളോടെ നില്‍ക്കെ ഞാന്‍ നടന്നുനീങ്ങി.
അടുത്ത സന്‌ധ്യ.
അന്നൊരു വിശിഷ്‌ടാതിഥിയുമാണ്‌ ഞാന്‍ വീട്ടിലേക്കു ചെന്നത്‌. പ്രശസ്‌ത മെമ്മറി ട്രെയിനറായ മോണ്‍സി വര്‍ഗ്‌ഗീസാണ്‌ ആ അതിഥി. സുഹൃത്താണെങ്കിലും അദ്ദേഹം ആദ്യമായി വരികയാണ്‌, വീട്ടിലേക്ക്‌.
ഞാന്‍ മൂത്ത പുത്രനെ അദ്ദേഹത്തിന്‌ പരിചയപ്പെടുത്തി. ഈ പുത്രന്‌ ചെറിയൊരു പ്രശ്‌നം.
ടിവിയെക്കുറിച്ചുള്ള ഒറ്റ മെമ്മറിയേ അവനിപ്പോഴുള്ളൂ. ബാക്കിയൊന്നും ഓര്‍മ്മയില്ല!
'മെമ്മറിയുടെ
ജീനിയസ്‌' എന്നറിയപ്പെടുന്ന ആളാണല്ലോ ഈ വന്നിരിക്കുന്നത്‌. നോക്കട്ടെ, ഈ കൊച്ചനില്‍ അദ്ദേഹത്തിന്‌ എന്തെങ്കിലും 'മിറക്കിള്‍' ചെയ്യാന്‍ പറ്റുമോ എന്ന്‌!
പണ്ടൊരു മറവിക്കാരന്‍ 'ഓര്‍മ്മ'യുടെ ഡോക്‌ടറെ കാണാന്‍ പോയ കഥയുണ്ട്‌.
രോഗി തന്റെ പ്രശ്‌നം പറഞ്ഞുതുടങ്ങി:
"ഡോക്‌ടര്‍, എന്റെ പ്രോബ്‌ളം മറവിയാണ്‌. ഇപ്പോള്‍ കേട്ടത്‌ ഇപ്പോള്‍ത്തന്നെ മറക്കും. അതാണ്‌ അവസ്ഥ!
ഡോക്‌ടര്‍ക്ക്‌ എന്നെ സഹായിക്കാന്‍ പറ്റുമെന്ന്‌ എനിക്കു വലിയ പ്രതീക്ഷയൊന്നുമില്ല. കാരണം, ഞാന്‍ ഒരുപാട്‌ സ്‌പെഷ്യലിസ്റ്റുകളെ കണ്ടിട്ടാണ്‌ വരുന്നത്‌. ആര്‍ക്കും ഇതുവരെ ഒന്നും ചെയ്യാന്‍ പറ്റിയില്ല. പിന്നെ, പറ്റുമെങ്കില്‍ ഒന്നു ട്രൈ ചെയ്‌തുനോക്കുക...."
ഇതു കേട്ടതും ആ ഭിഷഗ്വരന്‍ വര്‍ദ്ധിതവീര്യനായി.
"ധൈര്യമായിരിക്കണം, മിസ്റ്റര്‍. ഇതിനേക്കാള്‍ ക്രോണിക്‌ കേസുകള്‍ ഞാന്‍ സുഖപ്പെടുത്തിയിരിക്കുന്നു. പിന്നെയാണ്‌ ഈ മൈനര്‍ സൂക്കേട്‌!
"ആട്ടെ, എത്ര നാളായി ഇതു തുടങ്ങിയിട്ട്‌?"
രോഗിയുടെ മറുപടി: "ഏത്‌!"
അതിനിടയ്ക്ക്‌ അയാള്‍ എല്ലാം മറന്നു!
എങ്ങനെയുണ്ട്‌?
എന്തായാലും നമ്മുടെ മോണ്‍സി വര്‍ഗ്‌ഗീസ്‌ ഡോക്‌ടറല്ല; മെമ്മറിയുടെ 'എന്‍ജിനിയര്‍' ആണ്‌.
അങ്ങനെ അനൌദ്യോഗികമായ ആ കണ്‍സള്‍ട്ടേഷന്‍ പുരോഗമിക്കെ ഞാന്‍ എന്തിനോ അകത്തേക്കു പോയി. തിരിച്ചുവരുമ്പോള്‍, ഓര്‍മ്മയുടെ ആ മാന്ത്രികന്‍ പറയുന്നു:
"ദേ, പുറത്ത്‌ ഒരു ചേട്ടന്‍ വന്നു നില്‍ക്കുന്നു."
അതേതു ചേട്ടന്‍!
ഞാന്‍
പുറത്തേക്കു നോക്കുമ്പോള്‍ വേറെയാരുമല്ല, ഇന്നലത്തെ വേലായുധന്‍. 'ഓപ്പറേഷന്‍' ഫിക്‌സ്‌ ചെയ്യാന്‍ വന്നതായിരിക്കും! ഞാന്‍ പെട്ടെന്ന്‌ കക്ഷിയെ ഒന്ന്‌ 'എഡിറ്റു ചെയ്യാന്‍' നോക്കി.
"വേലായുധന്‍ പോയിട്ട്‌ നാളെവാ. ഇന്ന്‌ ഞാന്‍ അല്‌പം തിരക്കിലാ."
പക്ഷേ, ആ വേല വേലായുധനോട്‌ ഏറ്റില്ല. പുള്ളിയാരാ....
"നാളെ എന്നെ അഡ്‌മിറ്റ്‌ ചെയ്യുകയാണ്‌. വെള്ളിയാഴ്ചയാണ്‌ ഓപ്പറേഷന്‍."
ഭാഗ്യം! അപ്പോള്‍ ആശുപത്രിയില്‍ വച്ചാണ്‌ സംഭവം.
"ഏതു ഹോസ്‌പിറ്റലാ?"
"ജനറല്‍ ഹോസ്‌പിറ്റല്‍."
"വാര്‍ഡ്‌?"
"വാര്‍ഡ്‌ നാളെയേ പറയൂ."
"ഡോക്‌ടര്‍?"
"ഡോക്‌ടര്‍ രാജശേഖരന്‍."
"ശരി, ഞാന്‍ വന്നോളാം."
(രണ്ടാമത്തെ 'എഡിറ്റിംഗ്‌.' പക്ഷേ, വേലായുധനുണ്ടോ പോകുന്നു!)
"എന്തെങ്കിലുമൊരു സഹായം ചെ...യ്യ...ണ...മാാ‍ാ‍...."
അതുശരി! അപ്പോള്‍ കറന്‍സിയാണ്‌ പ്രതീക്ഷിക്കുന്നത്‌.
പ്രധാന ചോദ്യം ഞാന്‍ ഇനിയും ചോദിച്ചിട്ടില്ല- ഓപ്പറേഷന്‍ എവിടെയാണെന്ന്‌.
വേലായുധന്റെ പരുങ്ങലു കണ്ടിട്ട്‌ ചോദിക്കാനും തോന്നുന്നില്ല. 'ഗുപ്‌തസ്ഥാന'ത്താകാനാണ്‌ ചാന്‍സ്‌!
ഞാന്‍ അകത്തുപോയി കുറച്ചു കറന്‍സിയെടുത്ത്‌ വേലായുധനു കൊടുത്തു. ഒരുപക്ഷേ, 'വേലായുധ്‌' അത്രയും പ്രതീക്ഷിച്ചിരിക്കില്ല.
ഒരുനിമിഷം 'താഴ്ന്നുനിന്നിട്ട്‌' അയാള്‍ ഇരുളിലേക്ക്‌ ഇറങ്ങിപ്പോയി.
"ഏതാ ആ ചേട്ടന്‍?"
സുഹൃത്ത്‌ ചോദിക്കുന്നു.
"അടുത്തുള്ളയാളാ. വെള്ളിയാഴ്ച ഒരു സര്‍ജറി, പുള്ളിക്ക്‌."
"ഓ,
പേവാര്‍ഡ്‌ ശരിയാക്കാനായിരിക്കും."
ഞാന്‍ ചിരിച്ചു; ആണെന്നും അല്ലെന്നും പറയാതെ.
വെള്ളിയാഴ്ച എനിക്ക്‌ കോഴിക്കോട്‌ വരെ പോകേണ്ട ഒരാവശ്യം. രാവിലെ റെയില്‍വേ സ്റ്റേഷനിലേക്ക്‌ വാഹനമോടിക്കെ ജംഗ്ഷനില്‍ ചായകുടിച്ചുകൊണ്ടുനില്‍ക്കുന്നു, വേലായുധന്‍.
അല്ല, ഇന്നല്ലേ ഓപ്പറേഷന്‍! വേലായുധന്‍ പോയില്ലേ, ഇതുവരെ?
എനിക്ക്‌ വണ്ടി നിര്‍ത്തണമെന്നുണ്ട്‌. പക്ഷേ, ട്രെയിനിന്‌ സമയമാകുന്നു.
നോക്കുമ്പോള്‍ കക്ഷി നല്ല ഉഷാറിലാണ്‌. ഒരുത്തനുമായി പൊരിഞ്ഞ ചര്‍ച്ചയിലേര്‍പ്പെട്ടിരിക്കുകയാണ്‌. വിഷയം രാഷ്‌ട്രീയമായിരിക്കണം.
എന്നാലും 'വേല' എന്നോടു വേണമായിരുന്നോ വേലായുധാ!
അടുത്ത ദിവസം ഞാന്‍ തിരിച്ചുവരുമ്പോഴും വേലായുധന്‍ ജംഗ്ഷനിലുണ്ട്‌. പലപ്പോഴായി പിന്നീടും കണ്ടിരുന്നു.
പക്ഷേ, വേലായുധന്‍ എന്നെ കാണുന്നില്ല.
പിടിച്ചുനിര്‍ത്തി ഒന്നു കൊടുക്കേണ്ടതാണ്‌. വേണ്ട. അത്‌ വേറെയാരെങ്കിലും നിര്‍വ്വഹിച്ചോളും!
ടൈപ്പ്‌ റൈറ്റിംഗിന്‌ പരിണാമം സംഭവിച്ച്‌ ഡി.ടി.പി ആയതുപോലെ പിരിവിനും സംഭവിച്ചു, പരിണാമം! അങ്ങനെയാണ്‌ നമ്മുടെ നാട്ടില്‍ സ്‌പോണ്‍സര്‍ഷിപ്പ്‌ ഏര്‍പ്പാട്‌ ഉണ്ടാകുന്നത്‌. എങ്കിലും കുറച്ചുനാള്‍കൂടി പഴയ പിരിവിന്റെ 'ശിഷ്‌ട'ങ്ങള്‍ ഇവിടെക്കാണും. അത്‌ സഹിച്ചേ തീരൂ....
ഭൂമി കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു സുനാമി. പക്ഷേ മനുഷ്യന്‍ കണ്ട ഏറ്റവും വലിയ ദുരന്തം ഏതെന്നോ?
അതിന്റെ പേരില്‍
പിന്നീടു നടന്ന പിരിവ്‌!
ഒരിക്കല്‍ എനിക്ക്‌ ഗ്രാമവികസന വകുപ്പിലേക്ക്‌ മാറ്റം കിട്ടി. ഒരു ഡിസംബര്‍ മാസത്തിലായിരുന്നു അത്‌.
ഞാന്‍ ജോയിന്‍ ചെയ്‌ത്‌ സീറ്റിലേക്കു വന്ന്‌ ഇരുന്നതേയുള്ളൂ. കുഞ്ഞപ്പന്‍ എന്നു പറയുന്ന ഒരു ഉദ്യോഗസ്ഥന്‍ എല്ലാ സീറ്റിലും കേക്ക്‌ കൊടുത്തുകൊടുത്ത്‌ വരുന്നു. അങ്ങനെ എന്റെ മുന്നിലും എത്തി.
നല്ല, മുഴുത്ത കേക്ക്‌!
ഞാന്‍ സന്തോഷത്തോടെ വാങ്ങി.
എന്തിനാണെന്ന്‌ അടുത്തിരുന്ന ആളിനോടു ചോദിച്ചു. ക്രിസ്‌മസ്‌ പ്രമാണിച്ചാണത്രെ!
എന്തായാലും വന്ന ദിവസം കൊള്ളാം.
കുറച്ചുകഴിഞ്ഞപ്പോള്‍ കുഞ്ഞപ്പന്‍ വീണ്ടുമെത്തി.
"ഒരു മുപ്പത്തിയഞ്ചു രൂപ!"
എന്റെ കണ്ണുതള്ളുന്നതു കണ്ട്‌ കുഞ്ഞപ്പന്‍ പറഞ്ഞു:
"കേക്കിന്റെ...."
അന്വേഷിച്ചപ്പോള്‍ അറിഞ്ഞു, അത്‌ കുഞ്ഞപ്പന്റെ ഒരു തമാശയാണത്രെ! ഏതു വിശേഷവും കക്ഷി ആഘോഷിച്ചേ വിടൂ. ക്രിസ്‌ത്യാനിയുടെ ആഘോഷമെന്നോ ബ്രാഹ്‌മണന്റേതെന്നോ ഉള്ള വേര്‍തിരിവൊന്നുമില്ല, കുഞ്ഞപ്പന്‌.
ജസ്റ്റ്‌ ഈറ്റ്‌ ആന്‍ഡ്‌ പേ!
എന്തായാലും അടുത്ത 'വിശേഷ'ത്തിനു മുമ്പ്‌ ഞാന്‍ അവിടെനിന്ന്‌ പോയി.
ഇതും പിരിവിന്റെ ഒരു 'പിരിവില്‍' വരും.
പക്ഷേ പിരിവിന്റെ ഉദാത്തസൌന്ദര്യം അപൂര്‍വ്വം ചിലയിടങ്ങളില്‍ കാണാന്‍ കഴിയും. ഒരു അനുഭവം പറയാം.
പ്രായമായ ഒരു പ്യൂണുണ്ടായിരുന്നു, മുമ്പ്‌ ഓഫീസില്‍. എല്ലാവരും ഔസേപ്പു ചേട്ടന്‍ എന്ന്‌ സ്‌നേഹത്തോടെ വിളിക്കും. വലിയൊരു പ്രത്യേകതയുണ്ട്‌
ഈ ഔസേപ്പു ചേട്ടന്‌. അവിടെ ആര്‌ മരിച്ചാലും ഉടന്‍ ഇഷ്‌ടന്‍ ഒരു കളക്ഷനങ്ങു നടത്തും. എല്ലാവരും ഉദാരമായി സഹകരിക്കുകയും ചെയ്യും.
നിസ്സാരമല്ലാത്ത ഒരു തുകയുണ്ടാവും ഒടുവില്‍. ഒന്നുകില്‍ ഔസേപ്പു ചേട്ടന്‍ അത്‌ കൊണ്ടുചെന്ന്‌ പരേതന്റെ ഭാര്യയെ ഏല്‌പിക്കും. അല്ലെങ്കില്‍ അന്നത്തെ ചെലവങ്ങു ചെയ്യും. അതില്‍ കള്ളവുമില്ല, ചതിവുമില്ല!
ഒരു നിയോഗം പോലെ ആ മനുഷ്യന്‍ അത്‌ മുടങ്ങാതെ ചെയ്‌തുകൊണ്ടിരുന്നു.
അങ്ങനെയിരിക്കെ അവിടെ സര്‍വ്വീസിലിരുന്ന്‌ മരിച്ചുപോയ ഒരാളുടെ മകള്‍ക്ക്‌ അവിടെത്തന്നെ ജോലികിട്ടി.
ഒരു പരിഷ്കാരിപ്പെണ്ണ്‌.
ആരെയും കൂസാത്ത നടയും നടനവും.
ആയിടെ ഒരു മരണംകൂടി സംഭവിച്ചു. ഔസേപ്പു ചേട്ടന്‍ പതിവുപോലെ കളക്ഷന്‍ ആരംഭിച്ചു. ഈ പെണ്‍കുട്ടിയുടെ അടുത്തു ചെന്നപ്പോള്‍ അവള്‍ ചേട്ടനെ ഒന്നു കുടഞ്ഞു.
"ഇതൊക്കെ വെറും തട്ടിപ്പാണ്‌. മരിക്കുന്നവരുടെ കുടുംബത്തിന്‌ സര്‍ക്കാര്‍ ഒരുപാട്‌ ആനുകൂല്യങ്ങള്‍ വേറെ ചെയ്യുന്നുണ്ട്‌. അതൊക്കെ മതി. ഓണത്തിനിടയില്‍ ആരും പുട്ടുകച്ചവടം നടത്തണ്ട."
ഔസേപ്പു ചേട്ടന്റെ മാത്രമല്ല, അത്‌ കേട്ടുനിന്നവരുടെയും ഉള്ളൊന്നു നീറി.
പെട്ടെന്ന്‌ ചേട്ടന്‍ പറഞ്ഞു:
"പെണ്ണേ, കാശു തരാന്‍ മനസ്സില്ലെങ്കില്‍ തരണ്ട. പക്ഷേ, ഇതില്‍ തട്ടിപ്പൊന്നുമില്ല. നിന്റെ അപ്പന്‍ ചത്തപ്പോഴും ഇതുപോലെ പിരിവെടുത്ത്‌ ഞാന്‍ നിന്റെ അമ്മച്ചിയെ ഏല്‌പിച്ചിരുന്നു.
സംശയമുണ്ടെങ്കില്‍ ചെന്നു ചോദിച്ചുനോക്ക്‌."
അമ്മയെ തല്ലിയാലും സര്‍വ്വേ നടത്തുമ്പോള്‍ രണ്ടഭിപ്രായമാണല്ലോ....
പക്ഷേ, ഇവിടെ മൂന്നു സെറ്റ്‌ അഭിപ്രായമാണ്‌ കിട്ടിയത്‌.
ആ പറഞ്ഞത്‌ കൂടിപ്പോയെന്ന്‌ ഒരുകൂട്ടര്‍.
അത്രയും വേണമായിരുന്നെന്ന്‌ വേറൊരു കൂട്ടര്‍.
അല്ല, അത്‌ കുറഞ്ഞുപോയെന്ന്‌ മൂന്നാമതൊരു കൂട്ടര്‍.
ആട്ടെ, നിങ്ങള്‍ എന്തു പറയുന്നു?

അഭിപ്രായങ്ങളൊന്നുമില്ല: