ചൊവ്വാഴ്ച, ജൂൺ 21, 2005

ആനകള്‍

ചരിത്രാതീത കാലം മുതല്‍ക്കേ ആനകള്‍ക്ക്‌ മനുഷ്യനുമായി ബന്ധമുണ്ട്‌. പുരാണങ്ങളില്‍ ആന മുഖ്യകഥാപാത്രമാണ്‌. ഇന്നും ഇവ മനുഷ്യന്റെ ബലവും ബലഹീനതയുമായി തുടരു ന്നു. ലക്ഷണമൊത്ത ഗജവീരന്മാരെ ആരാധിക്കുന്നവരാണ്‌ മലയാളികള്‍. വലുപ്പവും ആകൃതിയും ശക്‌തിയും ഒത്തിണങ്ങിയ ആനകള്‍ മലയാളിയുടെ ജീവിതത്തിലെ ഒഴിവാക്കാനാവാത്ത ഘടകമാകുന്നു. ആനക്കായി അവന്റെ ആരാധകര്‍ എന്തും ചെയ്യും. ലക്ഷക്കണക്കിനു രൂപ മുതല്‍ മുടക്കും. ഇഷ്ടപ്പെട്ട ആനയെ ഉത്സവത്തിനു എഴുന്നള്ളിപ്പിനു ലഭിക്കാന്‍ ഭഗീരഥ പ്രയത്നം തന്നെ നടത്തും നമ്മള്‍. ഏതാനും വര്‍ഷം മുന്‍പ്‌ ഗുരുവായൂര്‍ പദ്മനാഭന്‍ എന്ന ആനയെ നെന്മാറ-വല്ലണി വേലക്കായി ഒരു ദേശക്കാര്‍ 2,22,222 രൂപ ഏക്കം നല്‍കി സ്വന്തമാക്കിയിരുന്നു. ഏതാനും മണിക്കൂര്‍ നേരത്തെ എഴുന്നള്ളിപ്പിനു വേണ്ടിയാണ്‌ ഇത്രയും പണം മുടക്കിയത്‌ എന്നറിയുമ്പോള്‍ മലയാളിയുടെ ആനഭ്രാന്ത്‌ വ്യക്‌തമാകും.

വന്യമൃഗമാണ്‌ ആന. പക്ഷേ, മെരുക്കിയെടുത്താല്‍ നന്നായി ഇണങ്ങും. മനുഷ്യനെ ജീവനു തുല്യം സ്നേഹിക്കുകയും ചെയ്യും. ഏഷ്യന്‍ ആന, ആഫ്രിക്കന്‍ ആന എന്നിങ്ങനെ രണ്ടു വിഭാഗങ്ങള്‍ ഇന്നു ഭൂമിയിലുണ്ട്‌. ഇതില്‍ സൌന്ദര്യത്തിലും ബുദ്ധിശക്‌തിയിലും ഏഷ്യന്‍ ആനകള്‍ ഏറെ മുന്നിലാണ്‌. ഏഷ്യന്‍ ആനകളുടെ പരമാവധി എണ്ണം ഏകദേശം അറുപതിനായിരമെങ്കിലും വരുമെന്നാണു കണക്ക്‌. ഇവയില്‍ ഇരുപത്തയ്യായിരത്തിലേറെയും ഇന്ത്യയിലാണ്‌. കേരളത്തില്‍ മാത്രം ഏകദേശം ആറായിരത്തില്‍ കൂടുതല്‍ ആനകളുണ്ട്‌. പക്ഷേ, നമ്മുടെ നാട്ടില്‍ ഇവയുടെ എണ്ണം കുറയുകയാണ്‌. വനം കൈയ്യേറ്റവും വേട്ടയും ആനയുടെ സംഖ്യ യില്‍ ഗണ്യമായ കുറവുണ്ടാക്കുന്നു. ലക്ഷണമൊത്ത 'മലയാളി ആന'യെ ഇപ്പോള്‍ കിട്ടാന്‍ തന്നെ വിഷമമാണ്‌.

എല്ലാം തികഞ്ഞ ആനകളുടെ നാടാണ്‌ കേരളം. ഈ കൊച്ചു സംസ്ഥാനത്ത്‌ എവിടെയൊക്കെയാണ്‌ ആനയുടെ ആവാസ വ്യവസ്ഥകള്‍ നിലവിലുള്ളത്‌? ഉത്തരങ്ങളിലേക്കാവാം അടുത്ത യാത്ര. ആനകളുടെ എട്ട്‌ ആവാസ വ്യവസ്ഥകളാണ്‌ കേരളത്തില്‍ കണ്ടെത്തിയിരിക്കുന്നത്‌ .
അഗസ്‌ത്യമല: കേരളത്തിന്റെ ജൈവസമ്പത്തിന്റെ ഈറ്റില്ലമാണ്‌ ഈ പ്രദേശം. നെയ്യാര്‍, പേപ്പാറഷേനുരണി ഭാഗങ്ങള്‍ ഉള്‍പ്പെട്ട നിത്യഹരിത വനങ്ങള്‍, ഇലപൊഴിയും കാടുകള്‍, ചോലക്കാടുകള്‍, പുല്‍മേടുകള്‍ എന്നിവ കൊണ്ട്‌ സമ്പന്നമാണ്‌. 650 ചതുരശ്രകിലോമീറ്റര്‍ വിസ്‌തൃതിയില്‍ പരന്നുകിടക്കുന്ന ഇവിടെ വൈവിധ്യമാര്‍ന്ന ആവാസവ്യവസ്ഥകളാണുള്ളത്‌. തമിഴ്‌ നാട്ടിലെ കളക്കാട്‌, മുണ്ടന്തുറ വനങ്ങളുടെ തുടര്‍ച്ചയായ അഗസ്‌ത്യമല ആനകളുടെ ആവാസസ്ഥലങ്ങളില്‍ പ്രധാനപ്പെട്ടതാണ്‌.

പെരിയാര്‍-റാന്നി-അച്ചന്‍കോവില്‍
കേരളത്തിലെ ആനകളുടെ ആറിലൊന്നു ഭാഗവും ഈ പ്രദേശത്താണ്‌. അച്ചന്‍ കോവില്‍ മുതല്‍ പെരിയാര്‍ വരെയുള്ള വൈവിധ്യമാര്‍ന്ന ഭൂവിഭാഗത്തിന്റെ ഭാഗമാണ്‌ റാന്നിയും കോന്നിയും. 24000 ചതുരശ്രകിലോമീറ്ററാണ്‌ വിസ്‌തൃതി. തമിഴ്നാട്ടിലെ വരഷുനാട്‌ മലകളുമായി തുടര്‍ച്ചയുണ്ട്‌ ഇതിന്‌.

ഇടുക്കി
വനംകൈയ്യേറ്റങ്ങളും പരിസ്ഥിതി പ്രശ്നം വകവക്കാതെയുള്ള വികസന പ്രവര്‍ത്തനങ്ങളും ഇടുക്കിയുടെ
വനസമ്പത്തിനെ നശിപ്പിച്ചെങ്കിലും ആനകളുടെ ആവാസവ്യവസ്ഥ ഇപ്പോഴും നിലവിലുണ്ട്‌. നഗരംപാറ, അയ്യപ്പന്‍ കോവില്‍, കാളിയാര്‍ വനപ്രദേശങ്ങളില്‍ ഭൂരിഭാഗവും ശോഷിതമാണ്‌. ദക്ഷിണേന്ത്യയില്‍ ഇത്രയും ഒറ്റപ്പെട്ട, ശോഷിച്ചു പോയ ആവാസവ്യവസ്ഥ വേറെയില്ല.

ആനമല, നെല്ലിയാമ്പതി, മൂന്നാര്‍
ആനകളുടെ ഏറ്റവും സുരക്ഷിതമായ ആവാസ വ്യവസ്ഥകളിലൊന്ന്‌. മൂന്നാര്‍, ചിന്നാര്‍, കോതമംഗലം, പൂയംകുട്ടി, വാഴച്ചാല്‍, ചിമ്മിനി, പീച്ചി, പറമ്പിക്കുളം വനപ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ഭൂവിഭാഗത്തിന്റെ തുടര്‍ച്ചയാണ്‌ തമിഴ്നാട്ടിലെ പളനിയും ഇന്ദിരാഗാന്ധി വന്യജീവി സംരക്ഷണ കേന്ദ്രവും. 4500 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതി. കുറ്റിക്കാടുകളും ചോലവനങ്ങളും നിറഞ്ഞ ഭൂവിഭാഗം. ആനയുടെ ആവാസത്തിനും ഏറെ അനുയോജ്യം.

വാളയാര്‍ - മുത്തിക്കുളം
പൊതുവെ ആനകളുടെ സാന്ദ്രത കുറഞ്ഞ പ്രദേശം.

നിലമ്പൂര്‍, സൈലന്റ്‌ വാലി
നിത്യഹരിതവനങ്ങള്‍ ആനകള്‍ക്ക്‌ ഇഷ്ടപ്പെട്ട ആവാസവ്യവസ്ഥയല്ല. അട്ടപ്പാടി, ന്യൂ അവരമ്പലം, സൈലന്റ്‌വാലി, മേപ്പാടി പ്രദേശങ്ങള്‍ക്ക്‌ തമിഴ്നാട്ടിലെ നീലഗിരിയുമായി തുടര്‍ച്ചയുണ്ട്‌. മിക്കവാറും നിത്യഹരിത വനങ്ങള്‍.

വയനാട്‌, തിരുനെല്ലി, കുറ്റ്യാടി തമിഴ്നാട്‌, കര്‍ണ്ണാടക, സംസ്ഥാനങ്ങളിലെ വിസ്‌തൃതമായ വനഭാഗവുമായി തുടര്‍ച്ചയുള്ള ഈ പ്രദേശത്തിനു കേരളത്തിന്റെ ഭാഗത്ത്‌ തുടര്‍ച്ച നഷ്ടപ്പെട്ടിരിക്കുന്നു.
വയനാടിന്റെ ഭാഗമായ കുറിച്ച്യാട്‌, മുത്തങ്ങ, ബത്തേരി എന്നി പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന മുതുമലയും ബന്ദിപ്പൂരുമായി തുടര്‍ച്ചയുള്ള തെക്കന്‍വയനാടായും, കര്‍ണ്ണാടകയിലെ നാഗര്‍ഹോജയുമായി തുടര്‍ച്ചയുള്ള തോല്‍പെട്ടി, തിരുനെല്ലി എന്നിവ ഉള്‍പ്പെടുന്ന വടക്കന്‍ വയനാടായും വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. വടക്കന്‍ വയനാടിന്റെ തുടര്‍ച്ചയായി കൊട്ടിയൂര്‍-ആറളം വനങ്ങളും പെരിയവഴി കുറ്റ്യാടിയുടെ വനങ്ങളും ഉണ്ട്‌. ജനസാന്ദ്രത കൂടുതലായതിനാല്‍ ആനകള്‍ ഉണ്ടെങ്കിലും പ്രശ്നങ്ങള്‍ ഏറെയാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല: