ചൊവ്വാഴ്ച, ജൂൺ 21, 2005

on parenting

"....ണിക്ക്‌ അമ്മ മാത്രം മതി"

മിക്ക കുട്ടികളും അമ്മയുടെ സാരിത്തുമ്പില്‍ നിന്ന്‌ മാറാറില്ല. എപ്പോഴും അവര്‍ക്ക്‌ അമ്മ കൂടെ വേണം. കുട്ടികളെ പഴിപറഞ്ഞിട്ടു കാര്യമില്ല. അവര്‍ അങ്ങനെയാണ്‌. എന്തുകൊണ്ട്‌? എങ്ങനെ അവരെ സ്വയം പര്യാപ്‌തരാക്കാം? "എന്നെ അമ്മ എടുത്താല്‍ മതിയേ...." മൂന്നു വയസുകാരന്‍ ചിണുങ്ങുന്നു. കുഞ്ഞിനെ കളിക്കാനിരുത്തി തിരക്കിട്ട്‌ അമ്മ ജോലികള്‍ ചെയ്‌തു തീര്‍ക്കുന്നതിനിടയിലാണ്‌ കുഞ്ഞിന്റെ വാശി. ആരൊക്കെ എടുത്തിട്ടും കുഞ്ഞിന്റെ കരച്ചില്‍ മാറുന്നില്ല. ഒടുവില്‍ അമ്മ എടുത്തപ്പോഴാണ്‌ അവന്റെ കരച്ചിലടങ്ങിയത്‌. കുഞ്ഞിനെ ഒക്കത്തെടുത്തുകൊണ്ടാണ്‌ അമ്മ ബാക്കി ജോലികള്‍ ചെയ്യുന്നത്‌. മിക്ക കുട്ടികളും ഇങ്ങനെയാണ്‌. ഒരു പ്രായം വരെ അമ്മയുടെ സാരിത്തുമ്പില്‍ നിന്നും മാറുകയേയില്ല.

ജനിക്കുമ്പോള്‍ മുതല്‍ കുട്ടിക്ക്‌ അമ്മയോട്‌ അടുപ്പം തോന്നുക സ്വാഭാവികമാണ്‌. ചില കുട്ടികള്‍ പെട്ടെന്ന്‌ വളരും. എട്ടുമാസം ആകുമ്പോള്‍ മുട്ടിലിഴയാനും മറ്റും തുടങ്ങും. ഇത്തരക്കാര്‍ വളരെ നേരത്തെ തന്നെ അമ്മയുടെ കൈയ്യില്‍ നിന്നും താഴേക്കിറങ്ങും. മുട്ടിലിഴയാന്‍ തുടങ്ങുന്ന കുട്ടികള്‍ ഇത്തിരി ദൂരം പോയാലും തിരികെ വന്ന്‌ അമ്മ അവിടെ തന്നെയുണ്ടോ എന്ന്‌ നോക്കും. ആറുമാസം പ്രായമാകുമ്പോള്‍ കുട്ടികള്‍ക്ക്‌ അപരിചിതരെ കണ്ടാല്‍ മനസിലാകും. അതുകൊണ്ടു അമ്മയെ വിട്ടുപോകാന്‍ ഭയമുണ്ടാകും. 'സ്ട്രേഞ്ചര്‍
ആങ്ങ്സൈറ്റി' എന്നാണിതിനു പറയുക. ഇക്കൂട്ടത്തില്‍ ഒരു കാര്യം ഓര്‍ക്കണം, ഒന്നര വയസു വരെ കുഞ്ഞിന്‌ അമ്മയുടെ അടുപ്പം ആവശ്യമാണ്‌. അവരുടെ മാനസിക വളര്‍ച്ചയ്ക്കും ഭാവിയില്‍ അരക്ഷിതത്വബോധം ഉണ്ടാകാതിരിക്കാനും അതു സഹായിക്കും.

സ്കൂളില്‍ പോകുമ്പോള്‍
കുട്ടികളെ സ്കൂളില്‍ വിടാറാകുമ്പോള്‍ അമ്മമാര്‍ക്ക്‌ ആധി തുടങ്ങുകയായി. "അവന്‍ ഭക്ഷണം സമയത്ത്‌ കഴിക്കുമോ? എവിടെയെങ്കിലും വീഴുമോ? സ്കൂളും ടീച്ചറും എങ്ങനെയായിരിക്കും?" തുടങ്ങി ഒരായിരം ആശങ്കകളായിരിക്കും അമ്മമാര്‍ക്ക്‌. ഈ അമിത ആശങ്കകള്‍ കുട്ടിയിലേക്കെത്തുന്നു. കുട്ടിക്ക്‌ സ്കൂളില്‍ പോകാന്‍ പേടിയും കരച്ചിലുമൊക്കെ തുടങ്ങുന്നു. മാതാപിതാക്കളുടെ അമിതസംരക്ഷണത്തിലും അമിതലാളനയിലും കഴിയുന്ന കുട്ടികളിലാണ്‌ ഇതു കൂടുതലായി കണ്ടു വരുന്നത്‌.
മിക്ക കുട്ടികളിലും സ്കൂളില്‍ പോകാറാകുമ്പോള്‍ ചെറിയ പേടിയും കരച്ചിലും ഉണ്ടാകാറുണ്ട്‌. അത്‌ സ്വാഭാവികമാണ്‌. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞും ഇത്‌ മാറാതെ വരുമ്പോഴാണ്‌ ഗൌരവമായി എടുക്കേണ്ടത്‌. 'സെപ്പറേഷന്‍ ആങ്ങ്സൈറ്റി' എന്നാണ്‌ ഈ അവസ്ഥ അറിയപ്പെടുന്നത്‌.

സ്കൂളില്‍ പോകുന്നതിനായി കുട്ടിയെ അമ്മ നേരത്തെ തയാറാക്കണം. സ്കൂളില്‍ പോയാലേ പഠിച്ചു വലിയ ആളാകാന്‍ പറ്റൂ എന്നും തിരിച്ചു വരുമ്പോള്‍ അമ്മ വീട്ടില്‍ തന്നെയുണ്ടാകും എന്നും പറഞ്ഞു മനസിലാക്കുക.
ദിവസങ്ങളും മാസങ്ങളും കഴിഞ്ഞാലും ചില കുട്ടികളുടെ മടി മാറാതെ വരും. പല കാരണങ്ങള്‍ പറഞ്ഞ്‌ അവര്‍ വീട്ടിലിരിക്കാന്‍ ശ്രമിക്കും. അത്തരക്കാരെ മനശ്ശാസ്‌ത്രജ്ഞരെ കാണിക്കണം. സൈക്കോതെറാപ്പിയാണ്‌ ഇതിനുള്ള ചികിത്സ. അമ്മയുടെ അടുത്തു നിന്നു മാറുന്നതിന്‌ മടിയുണ്ടാക്കുന്ന കാരണം കണ്ടുപിടിച്ച്‌ ചികിത്സിക്കുകയാണ്‌ ചെയ്യുക. ചില സംഭവങ്ങള്‍ ചിലപ്പോള്‍ കുട്ടിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞു കിടക്കാം. ബന്ധുക്കളുടെ മരണം അല്ലെങ്കില്‍ അസുഖം തുടങ്ങിയവ കുട്ടിക്കു പേടി ഉണ്ടാക്കുന്നു. "ഞ്ഞാന്‍ സ്കൂളില്‍ പോയിക്കഴിയുമ്പോള്‍ അച്‌'ന്‍ മരിച്ചു പോയാലോ? അമ്മയ്ക്ക്‌ അസുഖം വന്നാലോ?" തുടങ്ങി പല പേടികളാവും കുട്ടിക്ക്‌. ഈ പേടി കാരണം മാതാപിതാക്കളില്‍ നിന്ന്‌ അകന്നു നില്‍ക്കാന്‍ കുട്ടി മടി കാണിക്കും. കുട്ടിയുടെ പേടിയുടെ കാരണം കണ്ടെത്തി അതു മാറ്റുകയാണ്‌ വേണ്ടത്‌.

തനിച്ച്‌ ഉറക്കാമോ?
ഏതു പ്രായം മുതല്‍ കുട്ടികളെ തനിച്ച്‌ ഉറങ്ങാന്‍ വിടാമെന്ന്‌ മിക്ക മാതാപിതാക്കള്‍ക്കും സംശയമുണ്ട്‌. അഞ്ച്‌ - ആറ്‌ വയസു വരെയെങ്കിലും കുട്ടികള്‍ മാതാപിതാക്കളോടൊപ്പം ഉറങ്ങണമെന്നാണ്‌. എന്നാല്‍ മൂത്ത സഹോദരങ്ങളോ മുത്തശ്ശിയോ വീട്ടിലുണ്ടെങ്കില്‍ മൂന്നു വയസു മുതല്‍ കുട്ടിയെ അവരോടൊപ്പം കിടത്താം. മിക്ക കുട്ടികള്‍ക്കും അമ്മയോടൊപ്പം കിടക്കുന്നതാണ്‌ ഇഷ്ടം. അമ്മ അടുത്തുണ്ടോ
എന്ന്‌ ഇടയ്ക്കിടെ തപ്പി നോക്കാറുണ്ട്‌ ചില കുട്ടികള്‍. ആത്മവിശ്വാസത്തോടെ കുട്ടികളെ വളര്‍ത്തിക്കൊണ്ടു വന്നാല്‍ കുട്ടിക്ക്‌ ഇടയ്ക്കിടെ ഒരുറപ്പിന്റെ ആവശ്യമില്ല.

മാറ്റി കിടത്തുമ്പോള്‍ കുട്ടിയെ പറഞ്ഞു മനസിലാക്കിയിട്ടു വേണം ചെയ്യാന്‍. അല്ലെങ്കില്‍ തന്നോടുള്ള സ്നേഹക്കുറവു കൊണ്ടാണ്‌ ഇങ്ങനെ ചെയ്യുന്നതെന്ന്‌ കുട്ടി കരുതാന്‍ സാധ്യതയുണ്ട്‌. ഏഴ്‌- എട്ട്‌ വയസു മുതല്‍ കുട്ടിയെ പ്രത്യേകം മുറിയില്‍ തന്നെ ഒറ്റയ്ക്കു കിടത്താം. സ്വയം പര്യാപ്‌തതയും ആത്മവിശ്വാസവും വളര്‍ത്തിയെടുക്കാന്‍ അമ്മമാരാണ്‌ ശ്രദ്ധിക്കേണ്ടത്‌. എപ്പോഴും കുട്ടിയെ കെട്ടിപ്പിടിക്കുന്നതും കൊഞ്ചിക്കുന്നതും ഉമ്മ വയ്ക്കുന്നതുമെല്ലാം വിപരീത ഫലങ്ങളേ ഉളവാക്കൂ. ഇടയ്ക്കിടെ വേണ്ടപ്പോള്‍ മാത്രം, പ്രത്യേകം യുക്‌തമായ അവസരങ്ങളില്‍ ഇവയൊക്കെ ചെയ്യുക.

അമ്മ ജോലിക്കു പോകുമ്പോള്‍
ഉദ്യോഗസ്ഥകളായ അമ്മമാര്‍ ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ പിരിഞ്ഞിരിക്കാന്‍ നിര്‍ബന്ധിതരാകുന്നു. മുതിര്‍ന്ന കുട്ടികളോട്‌ പറഞ്ഞുകൊടുക്കാം. "മോന്‍ പാലു കുടിച്ചു കഴിയുമ്പോള്‍ അമ്മ ജോലിക്കു പോവും. മോന്‍ ചോറുണ്ട്‌ ഉറങ്ങി യെഴുന്നേല്‍ക്കുമ്പോഴേക്ക്‌ അമ്മ തിരിച്ചു വരാം." എന്നിങ്ങനെ കുട്ടിയുടെ ദൈനംദിന കാര്യവുമായി ബന്ധപ്പെടുത്തി പറഞ്ഞു കൊടുക്കുക. തന്റെ കാര്യത്തില്‍ അമ്മയ്ക്കു ശ്രദ്ധയുണ്ടെന്ന്‌ കുഞ്ഞിന്‌ തോന്നാന്‍ ഇത്‌ സഹായിക്കും. കുട്ടി തെറ്റു ചെയ്‌താലുടന്‍
'നോക്കിക്കോ, നിന്നെ ഞാന്‍ ഇട്ടിട്ടു പോകും' എന്നു പറഞ്ഞ്‌ ചില അമ്മമാര്‍ കുട്ടികളെ പേടിപ്പിക്കാറുണ്ട്‌. ഇത്‌ കുട്ടിക്കു 'അമ്മ എന്നെ ഇട്ടിട്ടു പോകും' എന്ന പേടി ഉണ്ടാക്കുന്നു. അമ്മയില്‍ നിന്നു മാറി നില്‍ക്കാന്‍ കുട്ടി മടിക്കുന്നു ഇത്‌ ഭാവിയില്‍ അരക്ഷിതത്വ ബോധമുണ്ടാക്കുന്നു.

മുറ്റത്തേക്കിറങ്ങുന്ന കുട്ടിയോട്‌ 'പിള്ളേരെ പിടുത്തക്കാര്‍ പിടിച്ചു കൊണ്ടു പോകും' എന്നു പറഞ്ഞ്‌ പേടിപ്പിക്കുന്ന അമ്മമാരുണ്ട്‌. ഞാന്‍ അമ്മയുടെ അടുത്തു നിന്നു മാറിയാല്‍ ആരെങ്കിലും പിടിച്ചു കൊണ്ടു പോകുമോ എന്നാവും കുട്ടികള്‍ ചിന്തിക്കുക. കുട്ടികളെ പേടിപ്പിക്കാതിരിക്കണം. എങ്കിലേ അവര്‍ ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും വളര്‍ന്നു വരികയുള്ളൂ.

തനിയെ കളിക്കാനനുവദിക്കുക
എപ്പോഴും അമ്മയോടൊപ്പം കഴിയാന്‍ ശീലിപ്പിക്കാതെ കുട്ടിയില്‍ സ്വയം പര്യാപ്‌തത വളര്‍ത്തിയെടുക്കണം. കുട്ടിയെ തനിയെ കളിക്കാന്‍ വിടാന്‍ പ്രത്യേകിച്ച്‌ പ്രായമൊന്നുമില്ല. കുട്ടിയുടെ സ്വഭാവത്തിനനുസരിച്ച്‌ ഏതു പ്രായം മുതല്‍ തനിയെ കളിക്കാന്‍ വിടാമെന്ന്‌ അമ്മയ്ക്ക്‌ തീരുമാനിക്കാം.

രണ്ട്‌ - മൂന്ന്‌ വയസിലുള്ള കുട്ടികള്‍ കളിക്കുമ്പോഴും അമ്മയുടെ സാമീപ്യം ഇഷ്ടപ്പെടുന്നു. കളിപ്പാട്ടങ്ങള്‍ ക്രമീകരിക്കാനും കളിപ്പിക്കാനും അമ്മയുടെ സഹായം ആവശ്യമാണ്‌. ആദ്യമാദ്യം ഇതു ചെയ്‌തു കൊടുക്കാം. പതുക്കെ പതുക്കെ സ്വയം കളിക്കുവാന്‍ കുട്ടിയെ പ്രാപ്‌തനാക്കുക.
മുതിര്‍ന്നവരുടെ സഹായമില്ലാതെ സ്വയം കളിക്കുന്നത്‌ കുട്ടിയുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നു.

കുഞ്ഞിന്‌ വേണ്ട കളിപ്പാട്ടങ്ങള്‍ എടുത്തു കൊടുത്തിട്ട്‌ അമ്മയ്ക്ക്‌ അടുക്കളയിലെ ജോലികള്‍ ചെയ്യാവുന്നതാണ്‌. പക്ഷേ, അടുക്കളയില്‍ നിന്നാല്‍ കാണാവുന്നയിടുത്തു കുഞ്ഞിനെ ഇരുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. അമ്മ അടുത്തു നിന്നു മാറുമ്പോള്‍ കുഞ്ഞ്‌ കരയാന്‍ സാധ്യതയുണ്ട്‌. ഉടനെ ഓടിച്ചെല്ലാതിരിക്കുക. രണ്ടു മിനിറ്റ്‌ കഴിഞ്ഞു ചെല്ലുക. പക്ഷേ, അടുത്ത മുറിയില്‍ നിന്ന്‌ കുട്ടിയെ ശ്രദ്ധിക്കുന്നുണ്ടാവണം. തിരിച്ചു ചെല്ലുമ്പോള്‍ ദേഷ്യമോ അസ്വസ്ഥതയോ പ്രകടിപ്പിക്കാതെ കുഞ്ഞിനെ എടുത്ത്‌ ഉമ്മ വയ്ക്കുക.

അമ്മ ഇട്ടിട്ട്‌ പോവുകയില്ലെന്നും തനിക്ക്‌ ആവശ്യമുള്ളപ്പോള്‍ തന്റെ അരികിലേക്കെത്തുമെന്നുമുള്ള ഉറപ്പാണ്‌ ഇതിലൂടെ കുഞ്ഞിന്‌ ലഭിക്കുന്നത്‌. ഇതു മനസിലായിക്കഴിഞ്ഞാല്‍ കുഞ്ഞ്‌ കരയാതെ സ്വന്തം കളിപ്പാട്ടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. കുറച്ചു നേരം സ്വന്തമായി കളിച്ചു കഴിയുമ്പോള്‍ കുഞ്ഞിനെ അഭിനന്ദിക്കാന്‍ മടിക്കരുത്‌. ഇങ്ങനെ അഭിനന്ദനങ്ങള്‍ കിട്ടി വളരുന്ന കുട്ടികള്‍ മാതാപിതാക്കളുമായി കൂടുതല്‍ സഹകരണ മനോഭാവമുള്ളവരായിരിക്കും. തനിയെ വളര്‍ന്നുവരാന്‍ പരിശീലിപ്പിക്കണം. ഒരു ദിവസം കൊണ്ടു കുട്ടി സ്വയംപര്യാപ്‌തത നേടും എന്ന്‌ വിചാരിക്കരുത്‌. ദിവസങ്ങള്‍ കൊണ്ടോ മാസങ്ങള്‍ കൊണ്ടോ
മാത്രമേ ഇതു സാധ്യമാകുകയുള്ളു.

അമ്മയോടു ചോദിക്കട്ടെ?
ചില കുട്ടികളോട്‌ എന്തു ചോദിച്ചാലും അമ്മയോടു ചോദിച്ചിട്ടു പറയാം എന്നു പറയാറുണ്ട്‌. "മോളിന്നു മുത്തശ്ശിയോടൊപ്പം കിടക്കുന്നോ?" എന്നു ചോദിച്ചാല്‍ അമ്മയോടു ചോദിക്കട്ടെ എന്നാവും മറുപടി. "ഇതെന്താ കുട്ടിക്കു സ്വയം തീരുമാനമെടുക്കാനുള്ള കഴിവില്ലേ? ഇങ്ങനെയാണോ കുട്ടികളെ വളര്‍ത്തുക?" തുടങ്ങി ബന്ധുക്കളുടെ ഉപദേശം തുടങ്ങുകയായി. കുട്ടികള്‍ അമ്മയുടെ അല്ലെങ്കില്‍ അച്‌'ന്റെ അഭിപ്രായം തേടുന്നതു കൊണ്ടു കുഴപ്പമില്ലെന്നാണ്‌ മനശ്ശാസ്‌ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്‌. അങ്ങനെ ചോദിക്കേണ്ടത്‌ ആവശ്യമാണെന്ന്‌ അവര്‍ പറയുന്നു. മാതാപിതാക്കളുടെ സംരക്ഷണത്തില്‍ കഴിയുന്നിടത്തോളം കാലം കുട്ടികള്‍ അവരുടെ അഭിപ്രായം തേടേണ്ടതും അവരെ അനുസരിക്കേണ്ടതുമാണെന്ന്‌ അവര്‍ പറയുന്നു. പ്രത്യേകിച്ചും ചെറുപ്രായത്തില്‍ കുട്ടിക്കു നന്മ വരുത്തുന്നത്‌ എന്താണെന്നു കുട്ടിയേക്കാള്‍ നന്നായി അറിയാവുന്നത്‌ മാതാപിതാക്കള്‍ക്കായിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല: