ചൊവ്വാഴ്ച, ജൂലൈ 12, 2005

തസ്കരന്മാര്‍ക്ക്‌ ഒരു വാഴ്‌സിറ്റി

തസ്കരന്മാര്‍ക്ക്‌ ഒരു വാഴ്‌സിറ്റി
കെ സുദര്‍ശന്‍

ഭാവിയില്‍ ആരാകണമെന്ന്‌ അദ്ധ്യാപകന്‍ ചോദിച്ചപ്പോള്‍ ഈയിടെ ഒരു കുട്ടി പറഞ്ഞു:
"നടക്കുമോ എന്നറിഞ്ഞുകൂടാ.... എങ്കിലും പറയാം. എന്റെ ആഗ്രഹം ഒരു 'തസ്കരവീരന്‍' ആകണമെന്നാണ്‌!"
ഈയിടെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ നടന്ന സംഭവമാണ്‌.
അതിനുവേണ്ടി ആത്‌മാര്‍ത്ഥമായി ശ്രമിക്കാന്‍ അദ്ധ്യാപകന്‍ കുട്ടിയെ ഉപദേശിച്ചോ എന്നറിഞ്ഞുകൂടാ.
എന്തായാലും സംഭവം എല്ലാ രീതിയിലും ആലോചനായോഗ്യമാണ്‌. ഈ നൂറ്റാണ്ടിലെ ഏറ്റവും നല്ല പ്രൊഫഷനല്ലേ അവന്‍ തിരഞ്ഞെടുത്തിരിക്കുന്നത്‌!
എന്റെ ബാല്യത്തിലും സാറില്ലാത്ത പിരീഡുകളില്‍ ഡ്രില്‍സാറ്‌ വന്നുനിന്ന്‌ ഇതുപോലെ ഭാവിയില്‍ ആരാകാനാണ്‌ ഇഷ്‌ടമെന്നു ചോദിച്ചിട്ടുണ്ട്‌.
അന്നൊക്കെ പൊലീസാകാനായിരുന്നു മിക്കവര്‍ക്കും ഇഷ്‌ടം. പിന്നെ, ഡ്രൈവറാകാനും. തലമുറ മാറിയപ്പോള്‍ ഉത്തരവും മാറി. ഇപ്പോള്‍ എല്ലാവര്‍ക്കും കള്ളനായാല്‍ മതി!
എന്നുവച്ച്‌ വെറും കള്ളനായിട്ടൊന്നും കാര്യമില്ല. വെറും കള്ളനായാലും കള്ളന്മാരുടെ ഉസ്‌താദ്‌ ആയാലും പേരുദോഷമൊക്കെ ഒന്നുതന്നെ. 'വെറുമൊരു മോഷ്‌ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ' എന്ന്‌ പരാതി പറയാമെന്നു മാത്രം!
പയ്യന്‍ പറഞ്ഞതുകേട്ടില്ലേ? അവന്‌ ഒരു 'തസ്കരവീര'നാകണം. അതായത്‌ ആ രംഗത്ത്‌ 'ഹൈലി പ്രൊഫഷണല്‍' ആകണമെന്നര്‍ത്ഥം.
അങ്ങനെ ചിന്തിച്ചതിന്റെ
പേരില്‍ ആ കുട്ടിയെ അഭിനന്ദിക്കുകയാണ്‌ വേണ്ടത്‌. കാരണം, ഇത്‌ തസ്കരന്മാരുടെയല്ലേ കാലം!
എവിടെയും കള്ളന്മാരുടെ ഫോട്ടോകള്‍.
കള്ളന്മാരുടെ കഥകള്‍.
ഇന്ന്‌ ഏറ്റവും ജനപ്രീതിയുള്ള സീരിയലുകളിലൊന്ന്‌ 'കായംകുളം കൊച്ചുണ്ണി'യാണ്‌.
കള്ളന്മാരെക്കുറിച്ച്‌ ഈയിടെ ഇറങ്ങിയ ഒരു സിനിമ തകര്‍പ്പന്‍ വിജയമായിരുന്നു. 'കള്ളനും മക്കളും' ആണ്‌ അതിലെ മുഖ്യ കഥാപാത്രങ്ങള്‍. അവരുടെ വിജയഗാഥയാണ്‌ കഥ. ജനത്തിന്‌ അത്‌ കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ലത്രെ!
ഒന്നു വിജയിച്ചാല്‍പ്പിന്നെ ആ സൈസില്‍ ഒരു ഡസന്‍ ഇറങ്ങുമല്ലോ. അതു കഴിഞ്ഞിറങ്ങിയ വേറൊരു സിനിമയുടെ പേരുതന്നെ 'തസ്കരവീരന്‍' എന്നാണ്‌. പേരുംകൂടി അങ്ങനെയായപ്പോള്‍ തിയറ്ററില്‍ തള്ളോടു തള്ള്‌. ഇനി വരാനിരിക്കുന്ന ഒരു സിനിമയുടെ പേര്‌ 'തസ്കരപുത്രന്‍' എന്നാണ്‌! തസ്കരനാകണമെന്നു പറഞ്ഞ പയ്യന്‍സിനെ കുറ്റംപറയാനൊക്കുമോ?
ഇന്ന്‌ 'തസ്കരന്‍' എന്നൊക്കെ പറഞ്ഞാല്‍ നമ്മള്‍ വിചാരിക്കുന്നതു പോലെയല്ല. സംഭവം സീരിയസ്സാണ്‌. പ്രധാന പത്രങ്ങളിലെല്ലാം തസ്കരന്മാരുടെ ഫോട്ടോ കൊടുക്കാന്‍ പ്രത്യേകം പേജുകളുണ്ട്‌. ഒരു തസ്കരന്റെയെങ്കിലും ചിത്രമില്ലാതെ പത്രമിറങ്ങുന്നതിനെക്കുറിച്ച്‌ ചിന്തിക്കാന്‍തന്നെ കഴിയാതായിരിക്കുന്നു!
മിക്കപ്പോഴും തസ്കരന്മാരുടെ ഗ്രൂപ്പ്‌ ഫോട്ടോകളാണ്‌ പത്രങ്ങളില്‍ അച്ചടിച്ചുവരുന്നത്‌.
ഫ്രണ്ട്‌പേജിലും ചിലപ്പോള്‍ ചില തസ്കരവീരന്മാരുടെ പടം അച്ചടിച്ചുകാണാറുണ്ട്‌.
'യുവാക്കളേ, നിങ്ങളിലാണ്‌ എന്റെ പ്രതീക്ഷ' എന്നാണ്‌ സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്‌. ആ യുവാക്കളുടെ ഇന്നത്തെ പ്രതീക്ഷ എത്തിനോക്കുന്നത്‌ തസ്കരവീരന്മാരെയാണ്‌ എന്നു പറയുമ്പോള്‍ സ്വാമി വിവേകാനന്ദന്റെ ആത്‌മാവ്‌ ക്ഷമിക്കുക.
വൈകാതെ ഇവിടെ ഒരു 'തസ്കര അക്കാദമി'യോ 'മോഷണ യൂണിവേഴ്‌സിറ്റി'യോ തുടങ്ങേണ്ടിവരുമെന്നാണ്‌ തോന്നുന്നത്‌.
അത്തരമൊരെണ്ണം തുടങ്ങിയെന്നിരിക്കട്ടെ. സംഭവിക്കാന്‍ പോകുന്നത്‌ വേറൊരു ദുരന്തമായിരിക്കും. അവിടെ വൈസ്‌ ചാന്‍സലറും വകുപ്പു മേധാവികളുമൊക്കെ ആകുന്നത്‌ മിക്കവാറും അയോഗ്യന്മാരായിരിക്കും. കാരണം, തൊഴിലറിയാവുന്ന ആരും ഇതിനൊന്നും മിനക്കെടുകയില്ലല്ലോ! മിടുക്കനായ വക്കീല്‍ ജഡ്ജിയാകാന്‍ ആഗ്രഹിക്കുമോ?
പലതും പഠിപ്പിക്കുന്നയാള്‍ അതിന്റെ നല്ലൊരു പ്രയോക്താവാകണമെന്നില്ല. എല്ലാ വിഷയത്തിലുമുള്ള ഒരു നിത്യശാപമാണ്‌ ഇത്‌. സംശയമുണ്ടെങ്കില്‍ അഭിനയം പഠിപ്പിക്കുന്നവരുടെ കാര്യമെടുത്താല്‍ മതി.
അഭിനയത്തിന്റെ ചില ആചാര്യന്മാര്‍ പില്‍ക്കാലത്ത്‌ അഭിനയിച്ചതു കണ്ട്‌ ശിഷ്യര്‍ക്കു പോലും ശിരസ്സില്‍ മുണ്ട്‌ ഉപയോഗിക്കേണ്ടിവന്നിട്ടുണ്ട്‌!
അതൊക്കെ പോകട്ടെ. നമ്മുടെ വിഷയം ഇതാണ്‌- തസ്കരന്മാരെ വാര്‍ത്തെടുക്കുന്ന ഒരു പാഠശാല! ഒരു ദുര്‍ഗുണ പാഠശാല!

കണ്‍സെപ്റ്റ്‌ എങ്ങനെയുണ്ട്‌? മെയിനും സബ്‌സിഡിയറിയുമൊക്കെ മോഷണം തന്നെ. അഭിരുചിയനുസരിച്ച്‌ വേണമെങ്കില്‍ ഹയര്‍സ്റ്റഡീസിനു പോകാം.
പിടിച്ചുപറി എം.എ!
പോക്കറ്റടി എം.എ....!
അങ്ങനെപോകും ക്വാളിഫിക്കേഷന്‍സ്‌. പിന്നെ, ഡിപ്‌ളോമ വേണ്ടവര്‍ക്ക്‌ ഡിപ്‌ളോമ.
കാറും സ്കൂട്ടറുമൊക്കെയാണ്‌ താത്‌പര്യമെങ്കില്‍ ആ വിഷയത്തില്‍ വിദഗ്ദ്ധ പരിശീലനം നേടാം.
ഒടുവില്‍, സര്‍ട്ടിഫിക്കറ്റ്‌ ഇങ്ങനെയായിരിക്കും: 'ഡിപ്‌ളോമ ഇന്‍ ഓട്ടോമൊബൈല്‍....'
ഈ ഡിപ്‌ളോമ വച്ച്‌ മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ ഉദ്യോഗത്തിന്‌ അപേക്ഷിക്കാം. കാരണം, അവിടത്തെ ഒറിജിനല്‍ എന്‍ജിനിയര്‍മാരെ വെല്ലുന്ന വൈദഗ്ദ്ധ്യം നമ്മുടെ ഡിപ്‌ളോമാ ഹോള്‍ഡര്‍ക്കായിരിക്കുമല്ലോ!
ഒരു കാര്യം ഉറപ്പു പറയാം. മറ്റു യൂണിവേഴ്‌സിറ്റികളില്‍ നിന്ന്‌ പഠിച്ചിറങ്ങുന്നവരെപ്പോലെ തൊഴിലില്ലാതെ അലയേണ്ടിവരില്ല, ഇവര്‍ക്ക്‌. കഴിവുള്ളവന്‌ പഠിച്ചുകൊണ്ടിരിക്കുമ്പോഴേ വരുമാനം വന്നുതുടങ്ങും!
വേറെ ഒരു കോഴ്‌സിനും ഇത്രയും 'സോഴ്‌സ്‌ ഒഫ്‌ ഇന്‍കം' ഇല്ലെന്നതാണ്‌ പ്രധാന അട്രാക്ഷന്‍.
ചില റിട്ടയേര്‍ഡ്‌ ഹാന്‍ഡ്‌സ്‌ ഇപ്പോഴേ തീരുമാനിച്ചുകഴിഞ്ഞു, താന്‍ ഏതു സബ്ജക്‌ടിന്റെ ഹെഡ്‌ ആകണം, ഏതു വകുപ്പിന്റെ ഡീന്‍ ആകണം എന്നൊക്കെ!
എല്ലാവരുടെയും കണ്ണ്‌ ഒറ്റ സബ്ജക്‌ടിലാ....
ഏതാ?
കൈയിട്ടുവാരല്‍!
ആ വകുപ്പിലേക്ക്‌ ആളെ നിയമിക്കാനിരിക്കുന്നവരും കുറച്ചു കഷ്‌ടപ്പെടും. ഒന്നിനൊന്നു മെച്ചമായിരിക്കുമല്ലോ
ഒരോരുത്തരുടെയും ബയോഡാറ്റ.
അവസാനം തള്ളിപ്പോകുന്നത്‌ പാവം എഴുത്തുകാരായിരിക്കും. ഈ രംഗത്തെ അവരുടെ 'എക്‌സ്‌പീരിയന്‍സി'നൊന്നും കെട്ടിവച്ച കാശുപോലും കിട്ടില്ല.
സത്യംപറഞ്ഞാല്‍ ഒരു കാര്യം അന്വേഷിക്കാന്‍ ചെല്ലുന്നയാളിന്‌ ആ രംഗത്ത്‌ തെറ്റില്ലാത്ത മുന്‍പരിചയമുണ്ടാവണം. അല്ലാതെ വെറുതെ തിയറി മാത്രം അറിഞ്ഞിരുന്നാല്‍ പോരാ.
പണ്ട്‌ ശങ്കരാചാര്യര്‍, ഇടയ്ക്കുവച്ച്‌ ഒരു 'ട്രെയിനിംഗ്‌ സെഷന്‍' അറ്റന്‍ഡ്‌ ചെയ്യാന്‍ പോയതും അതുകൊണ്ടാണല്ലോ.
പഠിക്കുന്ന കാലത്ത്‌ കോപ്പിയടിച്ചു ശീലമുള്ള സാറിന്‌ പയ്യന്മാരുടെ അനക്കം കാണുമ്പോഴറിയാം; ഏതു ഭാഗത്താണ്‌ 'സാധനം' ഇരിക്കുന്നതെന്ന്‌! അല്ലാത്ത സാറന്മാര്‍ക്ക്‌ എന്നും തപ്പാനേ പറഞ്ഞിട്ടുള്ളൂ.
പുതിയ തലമുറ പുലര്‍ച്ചയില്‍ എഴുന്നേറ്റ്‌ കവര്‍ച്ചയെക്കുറിച്ച്‌ പഠിക്കുന്നതിനെക്കുറിച്ചാണല്ലോ നമ്മുടെ ചര്‍ച്ച. അത്‌ യാഥാര്‍ത്ഥ്യമാകുന്നതോടെ നമ്മുടെ സാമൂഹികജീവിതത്തില്‍ സ്ഫോടനാത്‌മകമായ മാറ്റങ്ങള്‍ വന്നുചേരും.
കള്ളന്മാരുടെ കഥകള്‍ വിറ്റ്‌ കാശുവാരുന്നവര്‍ അത്‌ അറിയുന്നില്ല. 'ഇത്തിക്കരപ്പക്കി'യും 'കായംകുളം കൊച്ചുണ്ണി'യും 'തസ്കരവീര'ന്മാരും 'കള്ളനും മക്കളു'മൊക്കെ നമുക്ക്‌ പ്രിയപ്പെട്ടവരാകുമ്പോള്‍ പില്‍ക്കാലത്ത്‌ സംഭവിക്കാനിരിക്കുന്ന വിപത്തിനെക്കുറിച്ച്‌ ആരോര്‍ക്കാന്‍!
ജീവിതം ആസ്വദിക്കാനുള്ള എല്ലാ
ടൂള്‍സും ഇന്നുണ്ട്‌.
ഇല്ലാത്ത ഒരേയൊരു ടൂള്‍ കാശാണ്‌. അതുണ്ടാക്കാന്‍ ഏതു ടൂള്‍ ഉപയോഗിക്കാനും ആര്‍ക്കും മടിയില്ല താനും!
ചങ്ങമ്പുഴയുടെ നായിക പറഞ്ഞതുപോലെ, 'എന്തുവന്നാലുമെനിക്കാസ്വദിക്കണം മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതം!'
അത്‌ ഒരു വര്‍ഷമെങ്കില്‍ ഒരുവര്‍ഷം.
ഒരാഴ്ചയെങ്കില്‍ ഒരാഴ്ച.
അല്ലാതെ താങ്ങിയും തൂങ്ങിയും മരുന്നും മന്ത്രവുമായി ഇരുന്നുനിരങ്ങി ജീവിതം കഴിക്കാന്‍ വേറെ ആളെ നോക്കണം.
പുരോഗതിയുടെ ഹൈവേയില്‍ നിന്ന്‌ നമ്മള്‍ ഒരു വളവു തിരിയുകയാണ്‌. ഒരേസമയം അപായകരവും അനുഭൂതികരവുമായ ഒരു വളവ്‌!

അഭിപ്രായങ്ങളൊന്നുമില്ല: