ചൊവ്വാഴ്ച, ജൂലൈ 12, 2005

ഈണങ്ങള്‍ തന്നത്‌

ഈണങ്ങള്‍ തന്നത്‌
എം. ജയചന്ദ്രന്‍

കച്ചേരി പാടാനാണ്‌ ഒരിക്കല്‍ ഞാന്‍ യുറോപ്പില്‍ പോയത്‌. 'സൂര്യ' സംഘടിപ്പിച്ച പരിപാടി. കച്ചേരിക്ക്‌ എന്റെ കൂടെ കാവാലം ശ്രീകുമാറും ഉണ്ടായിരുന്നു. പല സ്ഥലങ്ങളിലും കച്ചേരി നടത്തി. മലയാളി സംഘങ്ങളായിരുന്നു മിക്ക സ്ഥലത്തെയും സംഘാടകര്‍.
ഞങ്ങള്‍ ജര്‍മ്മനിയിലെ 'കൊളോണ്‍' എന്ന നഗരത്തിലെത്തി. അവിടെ തോമസ്‌ എന്നൊരാളുടെ വീട്ടിലായിരുന്നു താമസം. കച്ചേരി നടക്കുന്നത്‌ 'ഹിഡന്‍ബര്‍ഗ്‌ യൂണിവേഴ്‌സിറ്റി' ഹാളിലാണ്‌. തോമസിന്റെ വീട്ടില്‍നിന്ന്‌ കച്ചേരി നടക്കുന്ന സ്ഥലത്തേക്ക്‌ ഒന്നരമണിക്കര്‍ നേരത്തെ കാര്‍ യാത്രയുണ്ട്‌.
മഞ്ഞുകാലത്ത്‌ ജര്‍മ്മനിക്ക്‌ ഒരു പ്രത്യേക സൌന്ദര്യമുണ്ടെന്ന്‌ കേട്ടിട്ടുണ്ട്‌. അത്‌ നേരില്‍ക്കണ്ടപ്പോള്‍ മനസ്സില്‍ പടര്‍ന്നത്‌ വിഭിന്ന ഭാവങ്ങളുടെ നിറക്കൂട്ടുകളായിരുന്നു. വീതിയേറിയ പാതയ്ക്കിരുവശവും നില്‍ക്കുന്ന മരങ്ങളില്‍ മഴവില്ല്‌ പൂത്തുവിടര്‍ന്നതു പോലെയുള്ള വര്‍ണ്ണരാജികള്‍! പല നിറമായിരുന്നു മരങ്ങളുടെ ഇലകള്‍ക്ക്‌.
യാത്രയിലുടനീളം കാറിന്റെ ഗ്‌ളാസ്‌ പൂര്‍ണ്ണമായും തുറന്നിട്ടിരുന്നു. സുഖമുള്ള തണുപ്പ്‌. പ്രകൃതിയൊരുക്കിയ ദൃശ്യവിരുന്നുകള്‍ കണ്ടപ്പോള്‍ മനസ്സിന്‌ വല്ലാത്ത ശാന്തത. കണ്ടു മതിവരാത്ത ആ കാഴ്ചകള്‍ മനസ്സില്‍ നിന്ന്‌ ഒരിക്കലും മായുന്നില്ല. അതുപോലൊരു കാഴ്ച അതിനു ശേഷം
കണ്ടിട്ടുമില്ല.
വൈകുന്നേരമായിരുന്നു കച്ചേരി. അറുനൂറോളം മലയാളികള്‍ ഹാളിലുണ്ടായിരുന്നു. കച്ചേരി തീര്‍ന്നപ്പോള്‍ ഞാന്‍ സ്റ്റേജിനു പുറകില്‍ അല്‌പം മാറിനിന്ന്‌ വിശ്രമിച്ചു.
അപ്പോള്‍ മധ്യവയസ്സു കടന്ന ഒരു സ്‌ത്രീ എന്റെയടുത്തേക്കു വന്നു. ഒരുപാടു നാളത്തെ പരിചയമുള്ളതു പോലെയാണ്‌ അവര്‍ എന്നോടു പെരുമാറിയത്‌.
ആദ്യമേ അവര്‍ എന്നെ അഭിനന്ദിച്ചു. കച്ചേരി വളരെ ഇഷ്‌ടപ്പെട്ടെന്ന്‌ അവര്‍ പറഞ്ഞു.
"എത്രയോ നാളായി ഞാന്‍ ആഗ്രഹിക്കുന്നു, ജയചന്ദ്രനെ ഒന്നു നേരില്‍ കാണണമെന്ന്‌. ജയചന്ദ്രന്‍ ട്യൂണ്‍ ചെയ്‌ത ഒരു പാട്ട്‌ എന്നെ വല്ലാതെ നെമ്പരപ്പെടുത്തുന്നു. അതു കേള്‍ക്കുമ്പോഴുണ്ടാകുന്ന മനസ്സിന്റെ അവസ്ഥ വേദനയാണോ എന്നു പറയാനും കഴിയുന്നില്ല. പക്ഷേ, കരയാന്‍ വെമ്പുന്നതുപോലെ മനസ്സു പിടയും.
എന്തോ, ആ പാട്ടിന്‌ എന്റെ ജീവിതവുമായി ബന്‌ധമുള്ളതു പോലെ. ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്‌, എന്റെ ജീവിതത്തിനാണോ നിങ്ങള്‍ സംഗീതം കൊടുത്തതെന്ന്‌!"
ഞാന്‍ അതിശയത്തോടെ അവരുടെ മുഖത്തേക്കു നോക്കിയിരുന്നു. 'അകലെ'എന്ന സിനിമയ്ക്കു വേണ്ടി ഞാന്‍ ട്യൂണ്‍ ചെയ്‌ത 'അകലെ.... ആരോ പാടുന്നു....' എന്ന പാട്ടിനെക്കുറിച്ചാണ്‌ അവര്‍ സംസാരിച്ചത്‌.
"എന്റെ വീട്ടില്‍ നിന്ന്‌ ഓഫീസിലെത്താന്‍ ഒന്നരമണിക്കൂര്‍ നേരത്തെ കാര്‍യാത്രയുണ്ട്‌. കാറിലെ സ്റ്റീരിയോയില്‍ ഈ പാട്ടു മാത്രമേയുള്ളൂ. ഒരേ പാട്ടുതന്നെ
വീണ്ടുംവീണ്ടും കേള്‍ക്കുന്നതിന്റെ പേരില്‍ ഭര്‍ത്താവ്‌ എന്നെ കുറ്റപ്പെടുത്തുമായിരുന്നു. ഇപ്പോള്‍ അതില്ല. ആ പാട്ടിലെവിടെയോ എന്റെ ജീവിതവും സ്വകാര്യതയുമുണ്ടെന്ന്‌ തിരിച്ചറിഞ്ഞതു മുതല്‍ അദ്ദേഹവും ആ പാട്ട്‌ ഇഷ്‌ടപ്പെടാന്‍ തുടങ്ങി."
സിനിമയിലെ ഒരു കഥാപാത്രത്തിനു വേണ്ടി ചിട്ടപ്പെടുത്തിയ ഈണം. പക്ഷേ അത്‌ ലോകത്തിന്റെ മറ്റൊരു കോണില്‍ നിശ്ശബ്‌ദം ജീവിക്കുന്ന ഒരു സ്‌ത്രീയുടെ ജീവിതവും തേങ്ങലുമാണെന്നറിഞ്ഞപ്പോള്‍ എന്റെ മനസ്സ്‌ ആര്‍ദ്രമായി. അവരുമായി മിനിട്ടുകളുടെ പരിചയം മാത്രമെ എനിക്കുള്ളൂ. പക്ഷേ, ബന്‌ധങ്ങളുടെ ഊഷ്‌മളത പകരുന്ന സാന്നിദ്ധ്യമായിരുന്നു അവരുടേത്‌. ഞാന്‍ അവരെ 'അമ്മേ' എന്ന്‌ വിളിച്ചുപോയി.
ആ വിളി കേള്‍ക്കാന്‍ കാത്തിരുന്നതു പോലെ അവരുടെ കണ്ണുകള്‍ പ്രകാശിച്ചു. ഒന്നുകൂടി അങ്ങനെ വിളിക്കാമോ എന്ന്‌ അവര്‍ ചോദിച്ചു.
"അമ്മേ, എനിക്കു കിട്ടിയ ഏറ്റവും വലിയ അഭിനന്ദനമാണ്‌ ഈ വാക്കുകള്‍. ഇനിയും അമ്മയുടെ ജീവിതത്തിനായി ഞാന്‍ ഈണമൊരുക്കാം. പക്ഷേ, അമ്മയുടെ മനസ്സിലെ വേദനയെക്കുറിച്ച്‌ ഒന്നും പറഞ്ഞില്ലല്ലോ. അല്ലെങ്കില്‍ വേണ്ട- ഒന്നും പറയണ്ട."
അപ്പോഴേക്ക്‌ അവരുടെ ഭര്‍ത്താവ്‌ അടുത്തെത്തി. മാന്യമായി പൊരുമാറുന്ന, പക്വതയുള്ള ഒരാള്‍. അവരോട്‌ യാത്രപറയുമ്പോള്‍ എന്റെ മനസ്സ്‌ വല്ലാതെ വ്യാകുലപ്പെടുന്നുണ്ടായിരുന്നു. അപ്പോള്‍ കേട്ടു, ഇരുട്ടിന്റെ നിഴലില്‍ നിന്ന്‌
അടക്കിപ്പിടിച്ച ഒരു തേങ്ങല്‍!
ഇപ്പോഴും ആ സ്‌ത്രീയെ ഞാനോര്‍ക്കും. എന്നോടു പറയാന്‍ മടിച്ച അവരുടെ ദു:ഖങ്ങള്‍ എന്തായിരിക്കും? എല്ലാം ഉള്ളിലൊതുക്കി അവര്‍ നിശ്ശബ്‌ദം കരഞ്ഞുതീര്‍ക്കുകയാണോ? എന്തായാലും എന്റെ ഓര്‍മ്മയിലെ കരയുന്ന ഒരു മുഖമാണ്‌ ആ സ്‌ത്രീയുടേത്‌.

ഒരിക്കല്‍ ഞാന്‍ സത്യസായി ബാബയെ കാണാന്‍ പുട്ടപര്‍ത്തിയില്‍ പോയി. പോകേണ്ടിവന്നു എന്നു പറയുന്നതാണ്‌ ശരി. ബാബയെക്കുറിച്ച്‌ അക്കാലത്ത്‌ എനിക്കത്ര വിശ്വാസമുണ്ടായിരുന്നില്ല. മിടുക്കനായ ഒരു മായാജാലക്കാരന്‍ എന്നതിനപ്പുറം മറ്റൊരു പരിവേഷവും ബാബയ്ക്കു കൊടുക്കാന്‍ എന്റെ മനസ്സ്‌ തയ്യാറല്ലായിരുന്നു.
പക്ഷേ, എന്റെ ഭാര്യയ്ക്ക്‌ ബാബയെ ഈശ്വരനു തുല്യം വിശ്വാസമായിരുന്നു. അതിനെക്കുറിച്ച്‌ തര്‍ക്കമോ മറ്റോ ഞങ്ങള്‍ തമ്മിലുണ്ടായിട്ടില്ല. ഓരോരുത്തര്‍ക്കും ഓരോ വിശ്വാസം. അവള്‍ പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്‌, പുട്ടപര്‍ത്തിയില്‍ പോയി ബാബയെ കാണണമെന്ന്‌. അവിടേക്കൊഴികെ എവിടേക്കു വേണമെങ്കിലും കൂടെ വരാമെന്നായിരുന്നു എന്റെ മറുപടി.
എങ്കിലും, ഒരിക്കല്‍ കൊല്ലത്തുള്ള ഒരു ബന്‌ധുവിന്റെ ക്ഷണം നിരസിക്കാന്‍ എനിക്കു കഴിഞ്ഞില്ല. ആ വര്‍ഷം ഓണത്തിന്‌ ഞാന്‍ പുട്ടപര്‍ത്തിയില്‍ ചെന്നു പാടണമെന്ന്‌ അദ്ദേഹത്തിന്‌ നിര്‍ബന്‌ധം. മനസ്സ്‌ പൊരുത്തപ്പെടാത്ത സ്ഥലത്തു പോയി എങ്ങനെ പാടും? അതായിരുന്നു എന്റെ പ്രശ്‌നം.
പക്ഷേ, ഇതറിഞ്ഞപ്പോള്‍
എന്റെ അമ്മ കര്‍ക്കശമായി പറഞ്ഞു: "നിനക്ക്‌ വിശ്വാസമുണ്ടോ എന്നതല്ല പ്രശ്‌നം. നീ ബാബയുടെ ആശ്രമത്തില്‍ പോകണം. പാടാന്‍ അവസരം കിട്ടിയാല്‍ പാടുകയും വേണം."
അമ്മയുടെ വാക്കിനു മുന്നില്‍ എനിക്ക്‌ എതിര്‍വാക്കില്ല. അമ്മ എനിക്ക്‌ ഗുരു കൂടിയാണ്‌. പാട്ടിന്റെ സ്വരസ്ഥാനങ്ങള്‍ ഞാന്‍ ആദ്യം പഠിച്ചത്‌ അമ്മയില്‍ നിന്നാണ്‌.
അങ്ങനെ ഞാന്‍ സമ്മതിച്ചു. വിവരമറിഞ്ഞപ്പോള്‍ ഏറ്റവും സന്തോഷിച്ചത്‌ എന്റെ ഭാര്യയായിരുന്നു. ഞങ്ങള്‍ കുടുംബസമേതം പുട്ടപര്‍ത്തിയിലേക്കു തിരിച്ചു. ഓണമായതുകൊണ്ട്‌ പുട്ടപര്‍ത്തിയില്‍ ധാരാളം മലയാളികളുണ്ടായിരുന്നു.
രാവിലെ ഞങ്ങള്‍ പ്രധാന ഹാളിലേക്കു കയറി. ഇരുപതിനായിരത്തിലേറെ ജനങ്ങള്‍ അവിടെയിരിപ്പുണ്ട്‌. എന്നെ അതിശയിപ്പിച്ചത്‌ അവിടത്തെ നിശ്ശബ്‌ദതയാണ്‌.
സ്റ്റേജിന്റെ ഒരു വശത്ത്‌ ഞങ്ങളിരുന്നു. അല്‌പം കഴിഞ്ഞപ്പോള്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ കച്ചേരി ആരംഭിച്ചു. അപ്പോഴാണ്‌ അമ്മ ഒരു കാര്യം ഓര്‍മ്മപ്പെടുത്തിയത്‌.
"നീ പാടാനല്ലേ വന്നത്‌? പക്കമേളക്കാരില്ലാതെ പാടിയാല്‍ നന്നാകുമോ?"
അതു ശരിയാണെന്ന്‌ എനിക്കും തോന്നി. ഇനിയിപ്പോള്‍ പക്കമേളക്കാരെ എങ്ങനെ സംഘടിപ്പിക്കും? കൈതപ്രത്തിന്റെ കച്ചേരി തീര്‍ന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തെ ചെന്നുകണ്ട്‌ കാര്യം പറഞ്ഞു.
"അതിന്‌ എന്തിനാ വിഷമിക്കുന്നത്‌? ഈ പക്കമേളക്കാര്‍
ജയചന്ദ്രനും അകമ്പടിയുണ്ടാകും. അതിനു ശേഷമേ ഞങ്ങള്‍ യാത്രതിരിക്കൂ."
അതു കേട്ടപ്പോള്‍ എനിക്ക്‌ സമാധാനമായി.
ഭക്തര്‍ക്ക്‌ ദര്‍ശനം നല്‍കാന്‍ ബാബ ഉടനെ എത്തുമെന്ന്‌ അവിടെയുണ്ടായിരുന്ന ആരോ പറഞ്ഞു. അപ്പോള്‍ എന്റെ ഭാര്യയ്ക്ക്‌ ഒരു ആഗ്രഹം. ഞാന്‍ പാടുമ്പോള്‍ കൂടെയിരുന്ന്‌ തംബുരുവില്‍ ശ്രുതിയിടണം. അങ്ങനെയൊരു അവസരം കിട്ടിയാല്‍ ബാബയെ വളരെയടുത്ത്‌ കാണാന്‍ അവസരം കിട്ടുമല്ലോ.
തംബുരുവില്‍ ശ്രുതിയിടാന്‍ പക്കമേളക്കാരില്‍ത്തന്നെ ആളുണ്ടെന്നു പറഞ്ഞപ്പോള്‍ അവളുടെ മുഖത്ത്‌ നിരാശ പടര്‍ന്നു.
ബാബ വരാറായപ്പോള്‍ എന്റെ ഭാര്യയും അമ്മയും മറ്റും സ്റ്റേജിനു പിന്നില്‍ നിന്ന്‌ ആള്‍ക്കൂട്ടത്തിനിടയിലേക്കു പോയി. ആ തിരക്കിനിടയില്‍ എവിടെയോ അവര്‍ക്ക്‌ ഇരിക്കാന്‍ ഒരിടം കിട്ടി.
അധികം വൈകാതെ ബാബ വന്നു. ഭക്തിയുടെ കുളിര്‍ത്തെന്നല്‍ അവിടമാകെ പടര്‍ന്നതു പോലെ. ബാബ നടന്നുവരികയാണ്‌. പാടാന്‍ തയ്യാറെടുത്ത്‌ ഞാനിരുന്നു. എന്റെ മുന്നിലൂടെ കടന്നുപോയ ബാബ ഒരുനിമിഷം നിന്നു. പിന്നെ, വളരെനാളത്തെ പരിചയമുള്ളതുപോലെ എന്നെ നോക്കി ചിരിച്ചു. എന്നിട്ട്‌ വാത്സല്യത്തോടെ എന്റെ കവിളില്‍ ഒന്നു തലോടി.
ഞാന്‍ പാടാന്‍ തുടങ്ങി. അപ്പോള്‍ മറ്റൊരു അത്ഭുതം നടന്നു. ഭക്തരുടെ ഇടയിലൂടെ ബാബ മന്ദം നടക്കുകയാണ്‌. എല്ലാവരും ഭക്തിയോടെ ബാബയെ നോക്കി പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. വളരെ പിന്നില്‍
ജനക്കൂട്ടത്തിനിടയിലിരുന്ന എന്റെ ഭാര്യയുടെ മുന്നില്‍ അദ്ദേഹം നിന്നു.
അവളെ നോക്കി വാത്സല്യത്തോടെ പുഞ്ചിരിച്ചു. എന്നിട്ട്‌ മലയാളവും കന്നടയും കലര്‍ത്തി അവളോടു പറഞ്ഞു:
"നീ വിഷമിക്കേണ്ട. അവന്‍ പാടട്ടെ. നിനക്ക്‌ നൃത്തംചെയ്യാനറിയാമല്ലോ. പാട്ടു കഴിഞ്ഞിട്ട്‌ നീ നൃത്തം ചെയ്‌തോളൂ."
ഇതു പറഞ്ഞിട്ട്‌ ബാബ ഭക്തരുടെ ഇടയിലൂടെ നടന്നുനീങ്ങി. അത്ഭുതം കൊണ്ട്‌ എന്റെ ഭാര്യയ്ക്ക്‌ അനങ്ങാന്‍ പോലും കഴിഞ്ഞില്ല. തനിക്ക്‌ വിഷമമുണ്ടെന്ന്‌ ബാബ എങ്ങനെ അറിഞ്ഞു?
അതു മാത്രമോ, താന്‍ നൃത്തം ചെയ്യുമെന്ന്‌ അദ്ദേഹം എങ്ങനെ മനസ്സിലാക്കി? അത്ഭുതവും ഭക്തിയും കൊണ്ട്‌ അവള്‍ വിങ്ങിക്കരഞ്ഞുപോയി. (കച്ചേരി തീര്‍ന്നതിനു ശേഷമാണ്‌ ഞാന്‍ ഇതെല്ലാം അറിയുന്നത്‌.)
ഭക്തരുടെ ഇടയിലൂടെ നടന്ന്‌ ബാബ സ്റ്റേജിലേക്കു കയറിവന്നു. അപ്പോള്‍ ഞാന്‍ കൃഷ്‌ണനെക്കുറിച്ചുള്ള ഒരു കീര്‍ത്തനം പാടിനിര്‍ത്തുകയായിരുന്നു. 'പാടിത്തീര്‍ന്നോ' എന്ന്‌ അദ്ദേഹം ആംഗ്യഭാഷയില്‍ എന്നോടു ചോദിച്ചു.
ഞാന്‍ വല്ലാത്തൊരു മാനസികാവസ്ഥയോടെ അദ്ദേഹത്തെ നോക്കിയിരുന്നു. എന്റെ അടുത്തേക്കു വന്ന അദ്ദേഹം ഒരുനിമിഷം കൈകളുയര്‍ത്തി.
അടുത്ത നിമിഷം അദ്ദേഹത്തിന്റെ കൈവെള്ളയില്‍ ഒരു സ്വര്‍ണ്ണമാല! ബാബ ആ മാല എന്റെ കഴുത്തിലണിയിച്ചു.
അപ്പോഴേക്കും എല്ലാ നിയന്ത്രണങ്ങളും ധാരണകളും എന്റെ
പിടിവിട്ടുപോയി. ഞാന്‍ ആ പാദങ്ങളില്‍ സാഷ്‌ടാംഗം വീണു. അദ്ദേഹം എന്നെ വാത്സല്യത്തോടെ പിടിച്ചേഴുന്നേല്‌പിച്ച്‌ നെറുകയില്‍ തൊട്ട്‌ അനുഗ്രഹിച്ചു.
"കീര്‍ത്തിയുണ്ടാകും. നല്ലവനായി വരും."
അദ്ദേഹം ഫോട്ടോഗ്രാഫര്‍മാരെ വിളിച്ച്‌, ബാബയും ഞാനും ഒരുമിച്ചുനില്‍ക്കുന്ന ഒരു ഫോട്ടോയെടുക്കാന്‍ പറഞ്ഞു. അതും ഒരു അപൂര്‍വ്വ ഭാഗ്യമായിരുന്നു. ബാബ സാധാരണ അങ്ങനെ ചെയ്യാറില്ലെന്നാണ്‌ അനുഭവസ്ഥര്‍ പറഞ്ഞത്‌.
ദര്‍ശനം കഴിഞ്ഞ്‌ ബാബ പോയപ്പോള്‍ ഹാളിലുണ്ടായിരുന്ന പലരും എന്റെയടുത്തുകൂടി. ബാബ എന്റെ കഴുത്തിലണിയിച്ച മാല അവരെല്ലാം ഭക്തിയോടെയും കൌതുകത്തോടെയും പിടിച്ചുനോക്കി.
ഭക്തിയുടെ ഒരു നീര്‍ച്ചാല്‍ അപ്പോള്‍ എന്റെ മനസ്സിലും ഉറവയെടുക്കാന്‍ തുടങ്ങിയിരുന്നു.
പിറ്റേന്ന്‌ എന്നെ അത്ഭുതപ്പെടുത്തിയത്‌ മറ്റൊരു കാഴ്ചയാണ്‌. പുട്ടപര്‍ത്തിയിലെ മിക്ക കടകളിലും ബാബ എന്നെ പിടിച്ചുനില്‍ക്കുന്ന ഫോട്ടോ തൂങ്ങിക്കിടക്കുന്നു! ഒരെണ്ണം ഞാനും വാങ്ങി. ഒരു നിധിപോലെ ആ ചിത്രം ഇപ്പോഴും ഞാന്‍ സൂക്ഷിക്കുന്നു.


തയ്യാറാക്കിയത്‌
ചന്ദ്രശേഖരന്‍ ശാസ്‌തവട്ടം

2 അഭിപ്രായങ്ങൾ:

-സു‍-|Sunil പറഞ്ഞു...

ഇതുപോലെ ലോകട്ഠിനും ഈണങള്‍ തന്നെങ്കില്‍!

-സു‍-|Sunil പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.