ചൊവ്വാഴ്ച, ജൂലൈ 19, 2005

പുസ്‌തകപ്രേമികൾ സൂക്ഷിച്ചോ!

പുസ്‌തകപ്രേമികൾ സൂക്ഷിച്ചോ!
കെ സുദർശൻ

പുസ്തകം വനിതാവിത്തം
പരഹസ്തഗതം, ഗതം!
കേട്ടിട്ടില്ലേ, ഈ സാൻസ്കൃറ്റ്‌?
നമുക്കു വേണ്ടപ്പെട്ട ഒരു പുസ്തകമാകട്ടെ, പ്രിയപ്പെട്ട ഒരു വനിതയാകട്ടെ, അല്ലെങ്കിൽ എല്ലാം എല്ലാമായ കറൻസിയാകട്ടെ. മറ്റൊരാളുടെ കസ്റ്റഡിയിൽ ചെന്നു പെട്ടോ, പെട്ടതുതന്നെ!
എന്റെ കൈയിൽ നിന്ന്‌ ഒരുപാടുപേർ പുസ്തകം കൊണ്ടുപോയിട്ടുണ്ട്‌. തിരിച്ചു കൊണ്ടുവന്നവർ ഒന്നോ രണ്ടോ!
കാശും ചിലരൊക്കെ വാങ്ങിക്കൊണ്ട്‌ പോയിട്ടുണ്ട്‌. ബാക്കി പറയണ്ടല്ലോ?
ഭാഗ്യത്തിന്‌, രണ്ടാമത്തെ ഐറ്റം ആരും ചോദിച്ചിട്ടില്ല. എങ്കിൽ അതും പോയേനേ!
നമുക്കു പുസ്തകങ്ങളെക്കുറിച്ചാവാം, ഈ ആഴ്ചത്തെ ആലോചന.
വായന മരിക്കുന്നെന്നും മരിക്കുന്നില്ലെന്നും മുൻപ്‌ വാദിച്ചുകൊണ്ടിരുന്ന പലരും ഇപ്പോൾ മരിച്ചുകഴിഞ്ഞു. പക്ഷേ, ആ വിവാദം ഇപ്പോഴും ആരോഗ്യത്തോടെ ജീവിക്കുന്നു! പക്ഷേ, ഞാൻ 'സംസാരിക്കാ'നുദ്ദേശിക്കുന്നത്‌ അതിനെക്കുറിച്ചൊന്നുമല്ല. വായനയ്ക്കിടയിൽ സംഭവിക്കുന്ന ചില 'ആരോഗ്യപ്രശ്‌ന'ങ്ങളെക്കുറിച്ചാണ്‌.
പുസ്തകം വാങ്ങുന്ന ആൾ മടക്കിക്കൊണ്ടുവരുന്നില്ല എന്ന്‌ ആദ്യം ഞാൻ പറഞ്ഞത്‌ പൂർണ്ണമായും ശരിയല്ല. പലരും അതു 'മടക്കി'ത്തന്നെയാണ്‌ കൊണ്ടുവരുന്നത്‌. വേറൊരുത്തന്റെ പുസ്തകമാകുമ്പോൾ ലാവിഷായിട്ട്‌ മടക്കാമല്ലോ.
ചിലരുണ്ട്‌. വായിച്ചുനിറുത്തിയ പേജ്‌ പിടിച്ചൊരു ഒടിപ്പാണ്‌! ചിലർ ആ പേജുമാത്രമല്ല, ആ പരിസരത്തുള്ള പത്തുപതിനാറെണ്ണം കൂടി പിടിച്ചൊടിച്ചുകളയും!
എന്തിനാ?
എളുപ്പം കണ്ടുപിടിക്കാൻ, എവിടംവരെ ആയെന്ന്‌.
വായിച്ചു തള്ളുന്നതനുസരിച്ച്‌ പേജുകൾ 'ഒതുക്കി' പിറകേ കൊണ്ടുപോകുന്നവരുണ്ട്‌. കവറുൾപ്പെടെ! അധികവും കിടന്നുവായിക്കുന്നവരാണ്‌ അങ്ങനെ ചെയ്യുന്നത്‌. അല്ലെങ്കിലും മനുഷ്യർക്ക്‌ ഇരിക്കുമ്പോൾ ഉള്ള സ്വഭാവമല്ലല്ലോ കിടക്കുമ്പോൾ!
നല്ല വായനക്കാർ സ്വന്തം സഹധർമ്മിണിയെപ്പോലെയാണ്‌ പുസ്തകത്തോടും പെരുമാറുക. ഒരു'ഒടിവും' തട്ടാതെ! ചിലപ്പോൾ പഴക്കം ഒരുപാടുകാണും. എന്നാലും കാഴ്ചയിൽ 'ഷോറൂം കണ്ടിഷൻ' ആയിരിക്കും. ആ സാധനം ഒരു കശ്‌മലൻ കൊണ്ടുപോയി വായിച്ചിട്ട്‌ തിരിച്ചു എത്തിക്കുന്നതോ? ഏതാണ്ടൊരു 'സൂര്യനെല്ലി'പരുവത്തിൽ!
ചിലരു പറയും, പുസ്തകം സൌന്ദര്യപൂർവ്വം സൂക്ഷിക്കുന്നവർ അതു തൊട്ടുപോലും നോക്കാത്തവരാണെന്ന്‌!
അതു ശരിയല്ല.
മറ്റു കാര്യങ്ങളിലെന്നപോലെ വായനയിലുമുണ്ട്‌, അച്ചടക്കം. ചില 'ഗണ്‌ഡൻ' പണ്‌ഡിതന്മാരുണ്ട്‌, അവർക്കു ചില വരികളങ്ങ്‌ സ്‌ട്രൈക്ക്‌ ചെയ്യും. ഉടൻ അതിന്റെ അടിയിൽ വരയ്ക്കണം. അല്ലാതെ അവർക്ക്‌ ഒരു സമാധാനമില്ല.
ഏതു പാരഗ്രാഫുകണ്ടാലും രണ്ടുവരിയെങ്കിലും അണ്ടർലൈൻ ചെയ്യണമെന്ന്‌ നിർബന്‌ധമുള്ളവരുമുണ്ട്‌. ഒരു അത്യാവശ്യവും ഉണ്ടായിട്ടല്ല. അതൊരുതരം അസുഖമാണ്‌!
എന്നാൽ ശരി, സ്വന്തം പുസ്തകത്തിൽ ആയിക്കോ അതെല്ലാം. അങ്ങനെയൊന്നുമില്ല അവർക്ക്‌. ആരുടെ പുസ്തകം കൈയിൽകിട്ടിയാലും ഉടൻ പേന ഊരും. ലൈബ്രറി ബുക്കായാലും അവർക്ക്‌ പ്രശ്‌നമല്ല.
വരയിട്ടിരിക്കും, കട്ടായം!
ചിലർക്ക്‌ വരയിട്ടാൽ മാത്രംപോര. എന്തെങ്കിലും എഴുതുകയും വേണം.
ഈയിടെ ലൈബ്രറിയിൽ നിന്നും എം.ടി.യുടെ ഒരു പഴയ നോവൽ എടുത്തുവായിക്കുകയായിരുന്നു. ഒരു ഭാഗമെത്തിയപ്പോൾ ഒരുത്തൻ എഴുതിയിരിക്കുന്നു-
'നല്ല ആശയം'!
ആ നോവലിൽ അവിടെ മാത്രമേ 'നല്ല' ആശയം ഉള്ളൂ. ബാക്കി പിന്നെ....?
ലൈബ്രറിയിൽ നിന്നും കൃത്യമായി പുസ്തകം എടുത്തുകൊണ്ടുപോകുന്നവരെ കണ്ടിട്ടില്ലേ? ബ്രിട്ടീഷ്‌ ലൈബ്രറി പോലുള്ളിടത്ത്‌ ഒരേ സമയം അഞ്ചും ആറും പുസ്തകങ്ങൾ എടുക്കാമല്ലോ. കൃത്യസമയത്ത്‌ തിരിച്ചുകൊടുക്കുന്നതും കാണാം.
എന്തൊരു വായനയാ ഇവർക്കെന്നു തോന്നും.
എവിടാ!
മിക്കവാറും ഈ 'ആറും' വായിച്ചു കാണില്ല. ഫൈൻ പേടിച്ച്‌ തിരിച്ചേല്‌പിക്കുന്നതാ. ചില ശുദ്ധാത്‌മാക്കൾ, കൊണ്ടുവന്നതുപോലെ തിരിച്ചും 'ചുമക്കു'ന്നതും കാണാം. 'റിന്യൂ' ചെയ്യാൻ കൊണ്ടുവന്നതാ. എന്നു വച്ചാൽ വായന നടന്നില്ലെന്നർത്ഥം.
മെമ്പർഷിപ്പ്‌ എടുത്തു എന്ന ഏക കാരണത്താൽ രണ്ടാഴ്ചയിൽ ഒരിക്കൽ കൃത്യമായി ലൈബ്രറിയിൽ പോവുകയും തിരഞ്ഞു തിരഞ്ഞ്‌ പുസ്തകങ്ങൾ എടുക്കുകയും വായിക്കാതെ തിരിച്ചുകൊണ്ടുകൊടുക്കുകയും വീണ്ടും തിരഞ്ഞു തിരഞ്ഞ്‌ എടുത്തുകൊണ്ടുപോവുകയും, വായിക്കപ്പെടാതെ തിരിച്ചേല്‌പിക്കപ്പെടുകയും, പിന്നെയും തിരഞ്ഞു തിരഞ്ഞ്‌....
അങ്ങനെയും ഉണ്ട്‌ ചില വായനക്കാർ. അവർക്ക്‌ ഇതൊരു നേർച്ചയാണ്‌.
ചില 'ഹോൾസെയിൽ അലസന്മാർ' ചെന്ന്‌ മെമ്പർഷിപ്പ്‌ എടുക്കും. ആരുടെയെങ്കിലും പ്രേരണയിൽ ചെയ്യുന്നതാണ്‌. ഒടുവിൽ സംഭവം ദാരുണമായിത്തീരും.
വെറും 25 രൂപയുടെ ഗ്രന്ഥത്തിനായിരിക്കും ഇവർ ഇരുന്നൂറ്റിയമ്പതും മുന്നൂറ്റിയമ്പതും രൂപ പിഴയടയ്ക്കുന്നത്‌!
അത്തരം അലസാത്‌മാക്കളുടെ അറിവിലേക്ക്‌.
ആ സന്ദർഭങ്ങളിൽ പുസ്തകം കളഞ്ഞുപോയന്നങ്ങു പറഞ്ഞാൽ മതി. പിഴ അതിന്റെ പകുതിയേ വരൂ!
ഒരു പുസ്തകം നമുക്കു തീരെ വായിക്കണ്ട എന്നിരിക്കട്ടെ. ഒരു എളുപ്പവഴിയുണ്ട്‌. അതു വിലകൊടുത്തങ്ങ്‌ വാങ്ങുക.
പിന്നെ ഈ ജന്മത്തിലത്‌ വായിക്കുന്ന പ്രശ്‌നമില്ല!
പണ്ടൊരാൾ പറഞ്ഞു. വായന നടക്കണമെങ്കിൽ ജയിലിൽ കിടക്കണമെന്ന്‌. ആ ഏകാന്തത വായനയ്ക്ക്‌ സമ്മർദ്ദം നൽകും എന്നായിരിക്കും ഉദ്ദേശിച്ചത്‌. വായനയോട്‌ മുൻകാല പ്രണയം ഉണ്ടായിട്ടുള്ള ഒരാൾക്കേ അങ്ങനെ സംഭവിക്കൂ. അല്ലാതെ തനിച്ചിരുന്നെന്നു വച്ച്‌ വായിക്കണമെന്നില്ല. എങ്കിൽ, മണിച്ചനൊക്കെ, സുകുമാർ അഴീക്കോടിനേക്കാൾ വായിച്ചു കാണുമല്ലോ!
ഒരുമാതിരിപ്പെട്ടവർ വായിച്ചുപോകുന്ന ചില സന്ദർഭങ്ങളുണ്ട്‌. ചില 'കൈ'കളിൽ നിന്നും പുസ്തകം വാങ്ങും.
പിറ്റേന്നു രാത്രി കൊടുത്താളുടെ ഫോൺ.
"എങ്ങനെയുണ്ട്‌ പുസ്തകം?"
"കൊള്ളാം, നല്ല ഒഴുക്കുണ്ട്‌."
"എവിടെ എത്തി?"
'എവിടാ!'
ഇനി വേണം തുറന്നുനോക്കാൻ!
അടുത്തദിവസം
വീണ്ടും ഫോൺ :
"വായിച്ചു കഴിഞ്ഞോ?"
"ഇല്ല. ഇന്ന്‌ പതിനേഴു പേജേ പോയുള്ളൂ. അൽപം തിരക്കായിപ്പോയി."
രണ്ടുദിവസം കഴിഞ്ഞ്‌ വീണ്ടും അയാളുടെ ഫോൺ.
"ആശാനേ, കഴിഞ്ഞോ വായന?"
അപ്പോഴാണ്‌ ആ കാര്യംതന്നെ ഓർക്കുന്നത്‌. എന്നാലും മറുപടിയിൽ 'വാട്ട'മൊന്നുമില്ല.
"ഇന്നത്തോടെ കഴിയും. ഇനി ഒരു 20 പേജിനകത്തേ ഉള്ളൂ?"
"അപ്പോൾ ആലീസിന്റെ ആത്‌മഹത്യയൊക്കെ കഴിഞ്ഞോ?"
"കഴിഞ്ഞു കഴിഞ്ഞു. അതിന്നലെയായിരുന്നു."
"ഗബ്രിയേൽ സെമിത്തേരിയിൽ ചെന്ന്‌ ഏറ്റുപറയുന്ന ഭാഗം ആയോ?"
(ഏത്‌ ഗബ്രിയേല്‌!)
"അവിടെയെത്തിയില്ല.
"ഗബ്രിയേല്‌ പോകാനിറങ്ങുന്നേ ഉള്ളൂ...."
"എവിടന്നു പോകാനിറങ്ങുന്നു?"
"സോറി... വേറൊരു ഫോൺ വരുന്നു... പുസ്തകം ഞാൻ രാവിലെ എത്തിക്കാം. ഗുഡ്‌നൈറ്റ്‌!"
ചിലപ്പോൾ അന്നുരാത്രി ഓട്ടിച്ചൊന്നു വായിച്ചെന്നിരിക്കും. തനിക്കുവേണ്ടിയല്ല. പുസ്‌തകം തന്ന ദുഷ്‌ടനു വേണ്ടി!
ചിലർക്ക്‌ പുസ്തകത്തോടു ഒരുതരം 'രതി'യാണ്‌.
കവറു കണ്ടാൽ മതി, ഇഷ്‌ടമാവും.
പിന്നെ അതു വേണം.
പറ്റുമെങ്കിൽ ഒന്നുകൊണ്ടുപോയിട്ടുവരണം.
കൊണ്ടുപോയിട്ട്‌ കാര്യമൊന്നുമില്ലെന്ന്‌ മനസ്സിലായല്ലോ! എങ്കിലും കൊണ്ടുപോണം, അവർക്ക്‌.
ഒരിക്കൽ എന്റെ ഒരു സുഹൃത്ത്‌ വീട്ടിൽ നിന്നും വായിക്കാനെടുത്തുകൊണ്ടുപോയ പുസ്തകമേതാന്നറിയാമോ?
ഡിക്ഷ്‌ണറി!
ഇംഗ്‌ളീഷ്‌ - ഇംഗ്‌ളീഷ്‌ - ഹിന്ദി ഡിക്ഷ്‌ണറി!
വായിച്ചിട്ട്‌ തരാമെന്ന്‌!
ഏതു വാഴ്ത്തപ്പെട്ട കൃതി ഇറങ്ങിയാലും ഉടൻ വാങ്ങിക്കൊണ്ടുവരുന്നവരുണ്ട്‌. അതോടെ അവരുടെ ജോലി തീർന്നു. പിന്നെയത്‌ അലമാരയിലിരുന്നോളും.
ചോദിച്ചാൽ പറയും, റഫറുചെയ്യാനാണെന്ന്‌! ഒ.എൻ.വി യുടെ 'ഉജ്ജയിനി' എന്ന പുസ്തകം വാങ്ങിയ നാലുപേരോടു ഞാൻ അതിനെക്കുറിച്ച്‌ ചില കാര്യങ്ങൾ ചോദിച്ചു.
നോ കമന്റ്‌സ്‌!
പെരുമ്പടവത്തിന്റെ 'ഒരു സങ്കീർത്തന'ത്തെക്കുറിച്ച്‌ ഞാൻ ആരോടോ കഥപറയുന്ന കേട്ട്‌ വീട്ടിൽപ്പോയി ആദ്യമായി എടുത്തുനോക്കിയവരുണ്ട്‌. കുരീപ്പുഴ ശ്രീകുമാറിന്റെ ആദ്യ കവിതാസമാഹാരത്തിലെ ഒരു കവിത ഗ്രഹപ്പിഴയ്ക്ക്‌ ഒരുത്തനെ ഒന്നു ചൊല്ലി കേൾപ്പിച്ചു. അയാൾ അന്നു തിരിച്ചുപോയത്‌ ആ പുസ്തകവും കക്ഷത്തുവച്ചുകൊണ്ടാണ്‌.
അതിവിടെ ഇരുന്നിട്ടല്ലേ, ഈ പ്രശ്‌നം ഉണ്ടായത്‌!
ആരുടെ മുഴുവൻ കൃതി ഇറങ്ങിയാലും ഉടൻ സ്വന്തമാക്കുന്നവരുണ്ട്‌. അതൊരു 'അസറ്റ്‌' ആണവർക്ക്‌.
പിന്നെ, നേരത്തേ പറഞ്ഞപോലെ 'റഫറും' ചെയ്യാമല്ലോ!
അങ്ങനെ ഒരാളുടെ അലമാരയിൽ അടുത്തദിവസം ഒരു പുസ്തകം കണ്ടു.
"കമ്പ്‌ളീറ്റ്‌ വർക്ക്‌സ്‌ ഒഫ്‌ ഷേക്‌സ്‌പിയർ"
എടുത്തുനോക്കിയപ്പോൾ, എല്ലാ ഷേക്‌സ്‌പിയർ കൃതികളുടെയും 'നഗ്‌ന' രൂപം!
പരാവർത്തനവുമില്ല,
ടിപ്പണിയുമില്ല.
പതിനാറാംശതകത്തിലെ പ്രാകൃത ആംഗലവാണിയിലുളള തത്‌സ്വരൂപം!
പക്ഷേ, വാങ്ങിയ ആൾക്ക്‌ പ്രശ്നവുമില്ല, പരാതിയുമില്ല.
ഞാൻ ചോദിക്കട്ടെ, ഇതോ വായന?
ചില്ല്‌ അലമാരകളിൽ മുഷിയാതെ സൂക്ഷിക്കുവാൻ കൂട്ടുന്ന ഈ ആധുനിക സാംസ്കാരിക കാപട്യമോ വായന?
എങ്കിൽ, ആ വായന മരിക്കുന്നതു തന്നെയാണ്‌ നല്ലത്‌!

അഭിപ്രായങ്ങളൊന്നുമില്ല: