ചൊവ്വാഴ്ച, ജൂലൈ 19, 2005

ആരാണ്‌ ദരിദ്രൻ

ആരാണ്‌ ദരിദ്രൻ
മാതാ അമൃതാനന്ദമയി

ഭാരതം ദരിദ്രരാഷ്‌ട്രമാണോ? അങ്ങനെയാണെന്നാണ്‌ പാശ്ചാത്യർ പറഞ്ഞു പരത്തുന്നത്‌. ഭൌതികസമ്പത്തിൽ ഭാരതം ചില രാജ്യങ്ങളുമായി താരതമ്യംചെയ്യുമ്പോൾ ദരിദ്രമാണ്‌.
എന്നാൽ, മന:ശ്ശാന്തിയിൽ ഭാരതം ഇന്നും സമ്പന്നംതന്നെ. പല പാശ്ചാത്യരാജ്യങ്ങളേക്കാൾ ഇവിടെ കുറ്റകൃത്യങ്ങൾ വളരെ കുറവാണ്‌. മനോരോഗികളുടെയും മയക്കുമരുന്നിനടിമകളായവരുടെയും എണ്ണം അത്ര കണ്ടു പെരുകുന്നില്ല. കാരണം, ഇവിടെ ആദ്ധ്യാത്‌മിക സംസ്ക്കാരം അവശേഷിച്ചിട്ടുണ്ട്‌.
ആദ്ധ്യാത്‌മികതത്വങ്ങൾ ഉണ്ടെങ്കിൽ മാത്രമേ സമൂഹത്തിൽ ശാന്തി നിലനിർത്താൻ കഴിയൂ. സ്വയമാർജ്ജിച്ച സ്വത്തിൽ തനിക്കു ജീവിക്കാനുള്ളതുമാത്രം എടുത്തശേഷം ബാക്കി ദാനം ചെയ്യാനാണ്‌ ആദ്ധ്യാത്‌മികം ഉപദേശിക്കുന്നത്‌.
എന്നാൽ ഇന്നു അതാണോ നടക്കുന്നത്‌? മറ്റുള്ളവന്റെ സ്വത്തുകൂടി അപഹരിച്ചു അത്‌ ബാങ്കിലിടാനാണ്‌ ശ്രമിക്കുന്നത്‌. ജീവിതം എന്നാൽ പണം സമ്പാദിക്കാൻ മാത്രം എന്നാണ്‌ പലരുടെയും ധാരണ. എത്ര സമ്പത്തുണ്ടായിട്ടും ജീവിക്കുന്നതാകട്ടെ ദരിദ്രനായും. കാരണം, സമ്പത്തുണ്ടെങ്കിലും മന:ശ്ശാന്തിയില്ല.
ഒരു പിടി വറ്റാണെങ്കിലും അതു കുടുംബത്തിലെ എല്ലാവരും പങ്കിട്ടു കഴിച്ച്‌ സംതൃപ്‌തിയോടെ കിടന്നുറങ്ങുന്ന പാവപ്പെട്ടവനാണോ, അതോ അസുഖം കാരണം വയറു നിറച്ചുണ്ണാൻ കഴിയാതെ എയർകണ്ടീഷൻ മുറിയിൽ ഉറക്കം വരാതെ കിടന്നുരുളുന്ന ധനവാനോ, ആരാണ്‌ യഥാർത്ഥത്തിൽ ദരിദ്രൻ? അങ്ങനെ നോക്കിയാൽ തീർച്ചയായും ഭാരതം സമ്പന്നരാജ്യംതന്നെ.
ഭൌതികമായും ഭാരതം സമ്പന്നരാജ്യം തന്നെയായിരുന്നു. പിന്നീട്‌ ഇവിടെയുള്ളവരിൽ അഹങ്കാരം വർദ്ധിക്കാൻ തുടങ്ങി. 'എനിക്ക്‌ അവന്റേതുകൂടി വേണ'മെന്നായി. ഇതു ഭ്രാന്താണ്‌. സ്ഥാനമാനങ്ങൾക്കുവേണ്ടി പെരുതുന്നവൻ ഭ്രാന്തനാണ്‌. അസൂയയും അഹങ്കാരവും കൊണ്ട്‌ ഈശ്വരനെ മറക്കാൻ തുടങ്ങി. ധർമ്മം വെടിഞ്ഞു. പരസ്‌പരം കലഹം വർദ്ധിച്ചു. അങ്ങനെ ഐക്യവും ഭൌതികശക്തിയും നഷ്‌ടമായി.
ഇതു മറ്റുള്ള രാജ്യങ്ങൾക്ക്‌ ഇവിടെ ആധിപത്യം ഉറപ്പിക്കാൻ സഹായകമായി. എത്രയോ കാലം വിദേശീയർ ഭാരതത്തെ അടക്കി ഭരിച്ചു. അവർ നമ്മുടെ സമ്പത്തെല്ലാം ചോർത്തിക്കൊണ്ടു പോയി. രാജ്യത്തെ മരുഭൂമിക്ക്‌ തുല്യമാക്കി.
ഇന്നും ഭാരതത്തിന്റെ നിലനില്‌പിനു കാരണം, ഇവിടത്തെ ഭൌതികശക്തിയല്ല. അവശേഷിക്കുന്ന ആത്‌മീയശക്തി ഒന്നുമാത്രമാണ്‌. പക്ഷേ, ഇത്രയൊക്കെ അനുഭവങ്ങളുണ്ടായിട്ടും നമ്മൾ ശരിയായ പാഠം പഠിക്കാൻ തയ്യാറാകുന്നില്ല. രാജ്യത്തിന്റെ പുരോഗതിയേക്കാൾ വ്യക്തിലാഭമാണ്‌ പലരുടെയും ലക്ഷ്യം. ശരിയായ ഭൌതിക പുരോഗതി, ആദ്ധ്യാത്‌മികവിദ്യയിലൂടെ മാത്രമേ നേടിയെടുക്കാൻ കഴിയൂ. ഇന്നുള്ള ഭൌതികസമ്പത്തുതന്നെ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ മതി നമ്മുടെ രാജ്യത്ത്‌ ദാരിദ്യ്‌രം ഇല്ലാതാകും.
അന്യരാജ്യക്കാർ തരിശു ഭൂമിയിൽപോലും കൃഷിയിറക്കുമ്പോൾ നമ്മൾ കൃഷിയിടങ്ങൾ കളിസ്ഥലങ്ങളും വ്യവസായശാലകളുമാക്കി തീർക്കുന്നു. പണം കൊണ്ടു വയറു നിറയ്ക്കാൻ കഴിയുമോ? പണം നൽകിയാലും വാങ്ങാൻ ആഹാരം വേണ്ടേ?
ഓരോ രാജ്യത്തിനും തനതായ പൈതൃകമുണ്ട്‌. അതിൽ വേരുറച്ചുനിന്നുകൊണ്ടുള്ള പരിഷ്ക്കാരം മാത്രമേ ആ രാജ്യത്തെ പുരോഗതിയിലേക്കു നയിക്കൂ. ആത്‌മീയസംസ്ക്കാരം ഉൾക്കൊണ്ട്‌ ചെറുപ്പക്കാർ ഓരോ ഗ്രാമങ്ങളിലും ചെന്ന്‌ ജനങ്ങളെ ബോധവത്ക്കരിക്കണം. രാജ്യത്തെ സ്വന്തം വീടുപോലെ കാണുവാൻ അവരെ പഠിപ്പിക്കണം. കൃഷിഭൂമി കൃഷിക്കുമാത്രം ഉപയോഗിക്കാൻ അവരെ പ്രേരിപ്പിക്കണം.
വീടില്ലാത്തവർക്ക്‌ വീടുവച്ചുകൊടുക്കണം. ആഹാരമില്ലാത്തവർക്ക്‌ ആഹാരം എത്തിക്കണം. ഒപ്പം നമ്മുടെ സംസ്ക്കാരം കൂടി അവരെ പറഞ്ഞു മനസ്സിലാക്കിക്കണം. ഈ രാജ്യത്തിന്റെ സംസ്ക്കാരം മറന്നുകൊണ്ട്‌ ഇനിയും നമ്മൾ മുന്നോട്ടുപോയാൽ ഭാവിയിൽ ഇതിനേക്കാൾ ദു:ഖിക്കേണ്ടി വരുമെന്ന്‌ ഓർമ്മപ്പെടുത്തണം. ആദ്ധ്യാത്‌മികസംസ്ക്കാരം എന്നുനഷ്‌ടപ്പെടുന്നുവോ അന്നു തുടങ്ങും രാജ്യത്തിന്റെ പൂർണ്ണനാശം.
ആദ്ധ്യാത്‌മികം എന്നത്‌ ജീവിതത്തിൽനിന്ന്‌ വേറിട്ടൊരു വസ്‌തുവല്ല. അവനവനിലുള്ളതുതന്നെയാണ്‌. അതിനെ ബോധതലത്തിലേക്കു കൊണ്ടുവരാൻ ആചാരാനുഷ്ഠാനങ്ങൾ സഹായിക്കുന്നു എന്നു മാത്രം. പല്ലു തേയ്ക്കുന്നതും കുളിക്കുന്നതും എങ്ങനെ നമ്മുടെ സ്വഭാവമായി തീർന്നോ അതുപോലെയായി മാറേണ്ടതാണ്‌. ഈ തത്വങ്ങൾ ഉൾക്കൊള്ളാൻ അവസരം ലഭിച്ചില്ലായിരുന്നുവെങ്കിൽ ഭൂരിപക്ഷം ആൾക്കാരുടെയും ജീവിതം ചലിക്കുന്ന യന്ത്രമനുഷ്യരുടേതുപോലെയാകുമായിരുന്നു. മതമില്ലാതെയും ജീവിക്കാം. അതുപക്ഷെ, ശവത്തിനു മേയ്ക്കപ്പിടുന്നതുപോലെയാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല: