ശനിയാഴ്‌ച, ജൂലൈ 23, 2005

മഴയുടെ വരവായി ഇടവപ്പാതി

ഇത്‌ ഇടവപ്പാതിയുടെ നാളുകൾ. മലയാളമണ്ണിന്‌ മഴയുടെ അനുഗ്രഹം കോരിച്ചൊരിയുന്ന കാലവർഷ ത്തിന്റെ നാളുകൾ. ജ്യോതിഷപരമായി മഴയും പ്രവചിക്കാൻ വഴികളുണ്ട്‌. ജ്യോതിഷമൊന്നും അറിയാത്തവർ തന്നെ ഞാറ്റുവേലയും മറ്റും നോക്കി മഴയുടെ വരവു കണക്കുകൂട്ടുന്നു. പഴയകാലത്ത്‌ മലയാളി മഴയെക്കുറിച്ച്‌ അറിയാൻ ആശ്രയിച്ചിരുന്നത്‌ ഞാറ്റുവേലക്കണക്കും മറ്റും തന്നെയാണ്‌. ഇപ്പോഴത്തെ കാലത്തേതു പോലെ ഉപഗ്രഹനിരീക്ഷണസൌകര്യങ്ങളോ റഡാർ സംവിധാനങ്ങളോ ഒന്നും ഇല്ലാതിരുന്ന കാലത്ത്‌ മനുഷ്യൻ അവനു സാധ്യമായ വഴികൾ ഉപയോഗിച്ചു പ്രകൃതിയെ പഠിക്കുകയായിരുന്നു.

ഇടവപ്പാതി എന്ന സങ്കൽപം അങ്ങനെ വന്നതാണ്‌. ഇടവം 15-നു കാലവർഷം തുടങ്ങും എന്നു പഴയ കാലത്തെ കാരണവൻമാർ തീരുമാനിച്ചുറപ്പിച്ചിരിക്കുകയാണ്‌. പണ്ടൊക്കെ കാലവർഷം കണക്കു തെറ്റാതെ വരികയും പോകുകയും ചെയ്യുമായിരുന്നു. പിന്നെപ്പിന്നെ, കാടും പുഴയുമൊക്കെ മനുഷ്യൻ സ്വന്തം താത്പര്യത്തിനായി നശിപ്പിച്ചപ്പോൾ മഴയുടെ പോക്കുവരവിന്റെ കണക്കും തെറ്റി. തിരി മുറിയാതെ മഴ പെയ്യുന്ന തിരുവാതിര ഞാറ്റുവേലയിലും ഇപ്പോൾ ചില കാലങ്ങളിൽ കൊടുംവരൾച്ചയാണ്‌.

ജ്യോതിഷത്തിൽ സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നതാണു നവഗ്രഹ സമൂഹം. ഇവയുടെ സ്ഥിതി അനുസരിച്ച്‌ മഴയുടെ വരവും പോക്കും കണക്കാക്കാ മെന്നു ജ്യോതിഷവിദഗ്ധർ പറയുന്നു. ജലകാരകൻ ചന്ദ്രനാണ്‌. ചന്ദ്രന്റെ നിൽപിന്‌ ഇതിൽ ഏറെ പ്രസക്‌തിയുണ്ട്‌. ഇത്തവണ ഇടവപ്പാതി വരുന്നത്‌ മേയ്‌ 29-നാണ്‌.

ഇടവപ്പാതി എന്നു പറഞ്ഞാൽ, ഇതെന്തു പാതി എന്നു ചോദിക്കും പുതിയ തലമുറ. അത്രയേറെ അകന്നു, ഇടവപ്പാതി മലയാളിയിൽ നിന്ന്‌. ഇടവപ്പാതി, തുലാപ്പത്ത്‌, തിരുവാതിര ഞാറ്റുവേല തുടങ്ങി മലയാണ്മയുടെ സുകൃതം പേറുന്ന കുറെയേറെ വാക്കുകളുണ്ട്‌. അവയിൽ പലതും മലയാളത്തിന്‌ ഇന്ന്‌ അന്യമായിക്കൊണ്ടിരിക്കുന്നു.

മേടം, ഇടവം തുടങ്ങിയ മലയാളമാസങ്ങൾ മുഴുവൻ അറിയാവുന്ന മലയാളികൾ തന്നെ ചുരുക്കം. പിന്നെയല്ലേ, ഇടവപ്പാതിയും തുലാപ്പത്തുമൊക്കെ! പണ്ട്‌ കാർഷികകേരളം ഇടവ പ്പാതിക്കായി കാത്തിരിക്കുമായിരുന്നു. മുറ തെറ്റാതെ കാലവർഷം പെയ്‌തു കൊണ്ടിരുന്ന കാലം. കൃത്യം ഇടവം പതിനഞ്ച്‌ ആയാൽ കാലവർഷം തുടങ്ങുകയായി.

മലയാളത്തിന്റെ മണ്ണിലും മനസ്സിലും പുതുജീവന്റെ നാമ്പുകളുയരുന്ന മഴയുടെ വരവ്‌ പ്രകൃതിയുടെ അനുഗ്രഹവർഷമായി മലയാളി നെഞ്ചിലേറ്റി. മഴ വരുന്ന ആ സുദിനം (അതു പക്ഷേ, സംസ്കൃതക്കാരുടെ ദുർദിനമല്ല) മലയാളികൾ ശരിക്കും ആഘോഷിച്ചു. ഇടവം 15-നെ ഇടവപ്പാതിയെന്നു സ്നേഹത്തോടെ വിളിച്ചു. ഇടവപ്പാതി 'നൊട്ടന്റെ കുറിയുടെ ദിവസം' ആണെന്നും മറ്റുമുള്ള പലതരം കഥകൾ പഴയകാലത്ത്‌ നാട്ടിൻപുറങ്ങളിൽ പ്രചരിച്ചിരുന്നു.

ഇടവപ്പാതി മുതൽ കർക്കടകം തീരുവോളം കനത്ത മഴയായിരുന്നു പണ്ട്‌. ഇടവമാസത്തിന്റെ അവസാന നാളുകളിൽ വരുന്ന മകയിരം ഞാറ്റുവേലയും മിഥുനമാസത്തിലെ തിരുവാതിര ഞാറ്റുവേലയും പേമാരിയുടെ നാളുകളായിരുന്നു. 'തിരുവാതിര തിരി മുറിയാതെ' എന്ന ചൊല്ലു പോലും മലയാളത്തിൽ ഉണ്ടായത്‌ മലയാളിയുടെ സ്വന്തം അനുഭവങ്ങളിൽ നിന്നു തന്നെ. 'ഇടവം തൊട്ടു തുലാത്തോളം കുട കൂടാതെ നടക്കൊലാ' എന്നൊരു നാട്ടുപാട്ടും ഉണ്ടായിരുന്നു. ഇടവമാസം മുതൽ തുലാമാസം വരെ എന്നും എപ്പോഴും മഴയുണ്ടാകാമെന്നു പഴമക്കാരുടെ അനുഭവം. ഇന്നു പക്ഷേ, കാലം മാറി, കഥ മാറി. കാലവർഷത്തിന്റെ വരവും കാലം തെറ്റി. ഇക്കൊല്ലം പോലും തുലാവർഷം ഇടിയും മിന്നലുമായി എത്തിയത്‌ വേനലിനിടയിൽ. കുടിക്കാൻ പോലും വെള്ളമില്ലാത്ത കടുത്ത വേനൽ പിന്നെയും.

ഇടവപ്പാതി കഴിഞ്ഞ്‌ ആഴ്ചകൾ കഴിഞ്ഞാലും മഴയില്ലാത്ത കാലം! 'ഇടവപ്പാതിക്കും വിയർത്തോളല്ലേ...' എന്നു പണ്ടു കവി പാടിയത്‌, ഭാവനയിലായിരുന്നെങ്കിൽ, ഇന്ന്‌ അത്‌ അക്ഷരാർഥത്തിൽ ശരിയായ യാഥാർഥ്യം!

അഭിപ്രായങ്ങളൊന്നുമില്ല: