ശനിയാഴ്‌ച, ജൂലൈ 23, 2005

രാഹുകാലം കണ്ടുപിടിക്കാൻ എളുപ്പവഴി

ഏതു നല്ല കാര്യം ചെയ്യാനും രാഹുകാലം ഒഴിവാക്കുന്ന ശീലം ഇപ്പോൾ പരക്കേ ഉണ്ട്‌. നേരത്തേ കേരളീയർക്കിടയിൽ രാഹുകാലത്തിന്‌ ഇത്രയും പ്രചാരമില്ലായിരുന്നു. തമിഴ്നാട്ടിലാണു രാഹുകാലത്തിനു കൂടുതൽ പ്രചാരം ഉണ്ടായിരുന്നത്‌. തമിഴ്‌ സ്വാധീനം മൂലം രാഹുകാലം നോക്കൽ കേരളത്തിലും വ്യാപിച്ചു.
വിവാഹം ഉൾപ്പെടെയുള്ള ശുഭകാര്യങ്ങൾക്കു മുഹൂർത്തം നോക്കുമ്പോൾ രാഹുകാലം ഒഴിവാക്കണമെന്നു മുഹൂർത്തപദവി ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട മുഹൂർത്തഗ്രന്ഥങ്ങളൊന്നും കാര്യമായി പറയുന്നില്ല. എങ്കിലും രാഹുകാലം ഇന്ന്‌ കേരളീയർക്കിടയിലും പിടിമുറുക്കിയിരിക്കുന്നു.
ഓരോ ദിവസവും ഒന്നര മണിക്കൂർ ആണു രാഹുകാലം. ഇത്‌ ഓരോ ആഴ്ചയും വ്യത്യസ്‌തമാണ്‌. ഞായർ മുതൽ ശനി വരെ ഓരോ ദിവസത്തെയും രാഹുകാലം നോക്കാനുള്ള എളുപ്പവഴിയായി ഒരു ഈരടി ഉണ്ട്‌.
"നാലര ഏഴര മൂന്നിഹ പിന്നെ
പന്ത്രണ്ടൊന്നര പത്തര നവമേ..." എന്നതാണ്‌ ആ ശ്ലോകാർധം.
ഇതനുസരിച്ച്‌ ഞായറാഴ്ച രാഹുകാലം തുടങ്ങുന്നത്‌ വൈകുന്നേരം 4.30-ന്‌.
തിങ്കളാഴ്ച രാവിലെ 7.30-ന്‌.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്‌ 3.00-ന്‌.
ബുധനാഴ്ച ഉച്ചയ്ക്ക്‌ 12.00-ന്‌.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ്‌ 1.30-ന്‌.
വെള്ളിയാഴ്ച രാവിലെ 10.30-ന്‌.
ശനിയാഴ്ച രാവിലെ 9.00-ന.
ഇതിൽ ഓരോ ദിവസവും പറഞ്ഞിരിക്കുന്ന സമയത്തു തുടങ്ങുന്ന രാഹുകാലം ഒന്നര മണിക്കൂറിനു ശേഷം സമാപിക്കും.
സൂര്യോദയവും അസ്‌തമയവും രാവിലെയും വൈകുന്നേരവും കൃത്യം 6.00 മണിക്കു നടക്കുന്ന ദിവസങ്ങളിലേക്കുള്ളതാണ്‌ ഈ കണക്ക്‌. ഉദയാസ്‌തമയ സമയങ്ങളിൽ മാറ്റം വരുന്നതിനനുസരിച്ച്‌ രാഹുകാലം തുടങ്ങുന്നതിലും മാറ്റം വരും.

1 അഭിപ്രായം:

ശ്രീ @ ശ്രേയസ് പറഞ്ഞു...

ഈയുള്ളവന്‍ ക്രോഡീകരിച്ച ഈ സൗജന്യ രാഹുകാലം കാല്‍ക്കുലേറ്റര്‍ (Rahukaalam Calculator) സ്പ്രെഡ്ഷീറ്റ് നിങ്ങളുടെ സ്ഥലത്തെ പ്രാദേശിക സൂര്യോദയവും സൂര്യാസ്തമയവും അനുസരിച്ചുള്ള ഓരോ ദിവസത്തെയും കൃത്യമായ രാഹുകാലം കണ്ടുപിടിക്കാന്‍ സഹായിക്കും.