തിങ്കളാഴ്‌ച, ജൂലൈ 25, 2005

മുരിക്കന്റെ കായൽ നിലങ്ങൾ കാലത്തിന്‌ കീഴടങ്ങുമ്പോൾ...

മുരിക്കന്റെ കായൽ നിലങ്ങൾ കാലത്തിന്‌ കീഴടങ്ങുമ്പോൾ...
കെ.കെ. സുരേന്ദ്രൻ
കോട്ടയം : കുട്ടനാട്ടിൽ ചിത്തിരക്കായലോരത്ത്‌ ഒരു നാടൻ പള്ളിയും ഉള്ളുപൊള്ളയായ രണ്ട്‌ കല്ലറകളും ചിറ്റോളങ്ങളെ സാക്ഷിയാക്കി കാലത്തിന്‌ കീഴടങ്ങുകയാണ്‌. ഒപ്പം, കായൽ നികത്തി നെൽപ്പാടമാക്കിയ ചിത്തിരയും റാണിയും.

മുരിക്കൻ എന്ന മുരിക്കുംമൂട്ടിൽ തൊമ്മൻ ജോസഫ്‌ പണികഴിപ്പിച്ച പള്ളി തനിക്കും പ്രിയതമയ്ക്കും അന്ത്യനിദ്രയ്ക്കായി തീർത്ത കല്ലറകൾക്കൊപ്പം ശോകമൂകമായി നിലകൊള്ളുന്നു. മനുഷ്യാധ്വാനത്തിന്റെ ചരിത്രമുറങ്ങുന്ന കായൽ നിലങ്ങളാകട്ടെ ആർക്കും വേണ്ടാതെ കായൽ തന്നെ തിരിച്ചെടുത്ത മട്ടിലാണ്‌.
തൊഴിലാളിവർഗ്‌ഗ കാഴ്ചപ്പാടിൽ മുരിക്കൻ കായൽരാജാവായ ശത്രുവായിരുന്നു. ചൂഷണത്തിന്റെ കിരാതമൂർത്തികളിൽ പ്രധാനിയുമായിരുന്നു. അത്‌ ഒരുകാലം. പക്ഷേ, നഷ്‌ടപ്പെടുന്ന നിലങ്ങളെയും ഭക്ഷ്യസ്വയംപര്യാപ്‌തതയെയും ഓർത്ത്‌ ആശങ്കപ്പെടുന്ന ഇക്കാലത്ത്‌ അന്ന്‌ മുരിക്കൻ ചെയ്‌തതൊക്കെയും ഒരു പുനർവായന ആവശ്യപ്പെടുന്നുണ്ട്‌.

കായൽ നികത്തിയെടുത്ത നിലങ്ങളായ ചിത്തിര 716 ഏക്കറും റാണി 568 ഏക്കറും മാർത്താണ്‌ഡം 674 ഏക്കറുമായിരുന്നു.

നെല്ലുല്‌പാദനം കൂട്ടാൻ കഴിയുമെന്നതിനാൽ രാജാവിന്റെ പ്രോത്സാഹനത്തോടെയായിരുന്നു മറ്റു പല കർഷകപ്രമുഖരെയും പോലെ മുരിക്കനും കായൽനികത്തിയത്‌. മനുഷ്യാദ്ധ്വാനവും മുതൽമുടക്കും ഏറെ ആവശ്യമായ ഒന്നായിരുന്നു കായൽനികത്തൽ. ബണ്ട്‌ നിർമ്മാണമാണ്‌ ആദ്യം. തെങ്ങിൻകുറ്റി 30 അടി നീളത്തിൽ മുറിച്ച്‌ നാലായി കീറി കൂർപ്പിച്ച ശേഷം കായലിന്റെ അടിത്തട്ടിലെ ചെളിയിൽ അടിച്ചുതാഴ്ത്തിയാണ്‌ ബണ്ടിന്റെ ഇരുവശവും ഭദ്രമാക്കുക. അടിത്തട്ടിൽ 20 അടി വീതിയും മുകളിൽ അഞ്ച്‌ അടി വീതിയുമാണ്‌ ബണ്ടിന്‌. തെങ്ങിൻകുറ്റികളുടെ നിരയുടെ ഉൾഭാഗത്ത്‌ മുള ചതച്ചുണ്ടാക്കിയ ചെറ്റ നിരത്തിക്കെട്ടിയാണ്‌ ഭിത്തി നിർമ്മിക്കുക. ഭിത്തിക്കുള്ളിൽ ആദ്യം ഒരടി കനത്തിൽ കടപ്പുറം മണ്ണ്‌ വിരിക്കും. അതിന്‌ മുകളിൽ മൂന്നടി കനത്തിൽ കായലിൽനിന്നുള്ള ചെളിക്കട്ട. കുറ്റിച്ചെടികളും മരക്കൊമ്പുകളും കെട്ടിയുണ്ടാക്കുന്ന കറ്റകൾ ചെളിക്കട്ടകൾക്കുമുകളിൽ നിരത്തുന്നു. അതിനും മുകളിൽ കട്ടയും മണലുമിട്ട്‌ ചിറയാക്കുന്നു.

ആയിരക്കണക്കിന്‌ ദണ്‌ഡ്‌ ( ഒരു അളവ്‌) നീളമുള്ള ചിറയാണ്‌ മുരിക്കൻ നിർമ്മിച്ചത്‌. ഒരു ദണ്‌ഡ്‌ നീളത്തിൽ ചിറ കെട്ടാൻ 16 തെങ്ങിൻകുറ്റി, എട്ട്‌ മുളയുടെ ചെറ്റ, 500 കറ്റ, 16 ടൺ ചെളിക്കട്ടയും മണലും, 80 തൊഴിലാളികളുടെ അദ്ധ്വാനം എന്നതാണ്‌ കണക്ക്‌.

ബോയിലറുകളിൽ മരക്കരിയിട്ട്‌ കത്തിച്ചുണ്ടാക്കുന്ന ആവിയിൽ പ്രവർത്തിക്കുന്ന പമ്പുകൾ ഉപയോഗിച്ചാണ്‌ ചിറയ്ക്കുള്ളിലെ വെള്ളം വറ്റിക്കുക. എന്നിട്ട്‌ കട്ടി കുറഞ്ഞ ചെളിയിറക്കി കായൽ നികത്തിയെടുക്കുന്നു. 1940 ലായിരുന്നു ആദ്യ വിളവെടുപ്പ്‌. മുരിക്കന്റെ കൃഷിയും ചൂഷണത്തിന്റെ കഥകളും തുടർന്നു.

1973-ൽ രാജ്യരക്ഷാനിയമം ഉപയോഗിച്ച്‌ മുരിക്കന്റെ കായൽനിലങ്ങൾ സർക്കാർ ഏറ്റെടുത്തു. ആദ്യവർഷം സർക്കാർ കൃഷി ലാഭമുണ്ടാക്കി. അടുത്ത രണ്ടുവർഷവും നഷ്‌ടമായി. 76-ൽ കൂട്ടുകൃഷി സംഘങ്ങളുണ്ടാക്കി കൃഷി നടത്തിയിട്ടും രക്ഷ കിട്ടിയില്ല. പിറ്റേവർഷം ഭൂരഹിത കർഷകത്തൊഴിലാളികൾക്ക്‌ അരഏക്കർ പാടം വീതം നൽകി കൂട്ടുകൃഷി നടത്തി. പിന്നീട്‌ പാട്ടക്കൃഷി പരീക്ഷിച്ചു. മാർത്താണ്‌ഡം മാത്രം പിടിച്ചുനിന്നു. ചിത്തിരയിലും റാണിയിലും അടിത്തട്ടിലെ കക്ക വാരാൻ തുടങ്ങിയതോടെ ബണ്ടുകൾ തകർന്നു.

തന്റെ പാടങ്ങൾ സർക്കാർ പിടിച്ചെടുക്കുമെന്ന്‌ അറിഞ്ഞപ്പോൾ മുരിക്കന്റെ പ്രതികരണം, അവരത്‌ തകർക്കും എന്നായിരുന്നു. ആ വാക്കുകൾ പ്രവചനം പോലെയായി. നിയമാനുസൃതം കിട്ടിയ 15 ഏക്കർ വീതം ഭൂമിയിൽ മുരിക്കന്റെ പിൻഗാമികളാകട്ടെ, ആദായകരമായി കൃഷി നടത്തി.

അവസാന കാലത്ത്‌ തിരുവനന്തപുരത്ത്‌ മകന്റെ വസതിയിലായിരുന്നു മുരിക്കൻ. തിരു. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ ജനറൽ വാർഡിൽ തനി സാധാരണക്കാരനെപ്പോലെയായിരുന്നു അന്ത്യം. 74-ാ‍ം വയസ്സിൽ, 1972 ഡിസംബർ 9ന്‌. അന്ത്യനിദ്ര പട്ടം സെന്റ്‌ മേരീസ്‌ പള്ളി സെമിത്തേരിയിലായി. സ്വന്തം മണ്ണിലേക്ക്‌ മടങ്ങണമെന്ന അഭിലാഷം നടക്കാതെ പോയി. വാഹനഗതാഗതം അനുവദിക്കാത്ത ബന്തുദിനമായിരുന്നു അന്ന്‌.

അഭിപ്രായങ്ങളൊന്നുമില്ല: