തിങ്കളാഴ്‌ച, ജൂലൈ 25, 2005

ബഹിരാകാശം ഭൂമിയെ നോക്കുന്നു

ബഹിരാകാശം ഭൂമിയെ നോക്കുന്നു

അമ്പിളി അമ്മാവനെ പിടിച്ചുതരാമോ എന്ന്‌ ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ മേധാവിയോട്‌ ഒരു കൊച്ചുകുട്ടി ചോദിച്ചാൽ 'നോ' എന്നായിരിക്കില്ല ഇനി മറുപടി. 'നോക്കട്ടെ, ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നു' എന്നാവും ഉത്തരം.
ചന്ദ്രനിലെ മനുഷ്യവാസം എന്നത്‌ എക്കാലത്തെയും ബഹിരാകാശ ഗവേഷകരുടെ സ്വപ്‌നമാണ്‌. പതിറ്റാണ്ടുകളായി ഇതിനുവേണ്ടിയുള്ള ഗവേഷണങ്ങൾ പല രാജ്യങ്ങളിലും നടക്കുന്നുണ്ട്‌. മനുഷ്യനെ ചന്ദ്രനിൽ എത്തിച്ചുവരെ നാം പഠനങ്ങൾ നടത്തിയിട്ടുണ്ട്‌. ഇതിലൊക്കെ ഇന്ത്യയുടെ സംഭാവന ചെറുതല്ലെങ്കിലും സാമ്പത്തിക പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുള്ള പ്രവർത്തനങ്ങളേ നമുക്ക്‌ നടത്താൻ സാധിച്ചിട്ടുള്ളൂ. എന്നാലിപ്പോൾ ഐ.എസ്‌.ആർ.ഒയുടെ സാരഥിയുടെ നേതൃത്വത്തിൽ ചന്ദ്രനിലെ മനുഷ്യവാസത്തിന്റെ സാദ്ധ്യത ആരായാൻ, അവിടെ ജലം ഉണ്ടോ എന്ന്‌ പരിശോധിക്കാൻ, 2015 ൽ അമേരിക്ക ചന്ദ്രനിലേക്ക്‌ ആളെ അയയ്ക്കുമ്പോൾ അവർക്ക്‌ ചന്ദ്രനിലെ വിവരങ്ങൾ മുൻകൂട്ടി ശേഖരിച്ച്‌ നൽകാൻ ' ചന്ദ്രയാൻ - 1' എന്ന ഒരു ബൃഹത്ത്‌ പദ്‌ധതി നടപ്പാക്കുകയാണ്‌. 2007-08 ൽ നടപ്പിലാകുന്ന 'ചന്ദ്രയാൻ 1' പദ്‌ധതിയെക്കുറിച്ചും ഉപഗ്രഹ സാങ്കേതികവിദ്യ സമൂഹത്തിന്റെ താഴേതലത്തിലുള്ളവർക്ക്‌ എങ്ങനെ ഉപയോഗപ്രദമാക്കാൻ കഴിയുന്നു എന്നതിനെപ്പറ്റിയും ഐ.എസ്‌.ആർ.ഒ മേധാവി ഡോ.ജി. മാധവൻനായർ വിശദീകരിക്കുന്നു:
ചന്ദ്രന്റെ ഉപരിതലത്തെക്കുറിച്ച്‌ പഠിക്കാനുള്ള പദ്‌ധതിയാണ്‌ ചന്ദ്രയാൻ 1. രണ്ടുവർഷമാണ്‌ പഠനകാലം. 2007 ൽ 500 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം പി.എസ്‌. എൽ.വി ഉപയോഗിച്ച്‌ ചന്ദ്രനിലേക്ക്‌ അയയ്ക്കും. ചന്ദ്രോപരിതലം പഠിക്കാനുള്ള വിവിധ ഉപകരണങ്ങൾ ഉപഗ്രഹത്തിൽ ഘടിപ്പിക്കും. രണ്ടുവർഷംകൊണ്ട്‌ ചന്ദ്രനിലെ ലവണങ്ങൾ, ഹീലിയം - 3, കൂടാതെ ജലം എന്നിവയുടെ സാന്നിദ്ധ്യം ഉണ്ടോ എന്ന്‌ പഠിക്കും. ഇന്ത്യയുടെ ഈ ഗവേഷണ പദ്‌ധതിയുമായി അമേരിക്ക, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ സഹകരിക്കുന്നുണ്ട്‌.

ബഹിരാകാശ ഗവേഷണങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങളുമായി ഐ.എസ്‌.ആർ.ഒ സഹകരിക്കുന്നുണ്ട്‌. ബഹിരാകാശ ഗവേഷണ രംഗത്തെ ആഗോള സഹകരണം ഇന്ന്‌ ഏറെ വിപുലമാണ്‌. റഷ്യ, ഫ്രാൻസ്‌, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുമായി ഐ.എസ്‌.ആർ.ഒ തുടക്കം മുതൽ സഹകരിച്ചു വരുന്നു.

ഐ.എസ്‌.ആർ.ഒയുടെ ഉപഗ്രഹങ്ങൾ ഇന്ന്‌ സമൂഹത്തിലെ താഴേത്തട്ടുകാർക്ക്‌ സഹായമേകുന്നുണ്ട്‌. ഉപഗ്രഹങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ടെലിമെഡിസിൻ പദ്ധതി ഇത്തരത്തിൽ ഒന്നാണ്‌.

വൻ നഗരങ്ങളിലെ മൾട്ടിസ്‌പെഷ്യാലിറ്റി ആശുപത്രി സൌകര്യങ്ങൾ ഗ്രാമങ്ങളിലുള്ളവർക്കും പ്രയോജനപ്പെടുന്ന ഒരു പദ്ധതിയാണിത്‌. കൊച്ചി, ബാംഗ്ലൂർ, കൊൽക്കൊത്ത, ദില്ലി തുടങ്ങിയ സ്ഥലങ്ങളിലെ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളെ ഉപഗ്രഹം വഴി വിവിധ കേന്ദ്രങ്ങളുമായി ബന്‌ധിപ്പിച്ച്‌ വിദഗ്ദ്ധ ചികിത്സോപദേശം കൈമാറുന്നു.

ആൻഡമാൻ, ലക്ഷദ്വീപ്‌ തുടങ്ങിയ ദ്വീപുകളും വടക്കു കിഴക്കൻ പ്രദേശങ്ങളും കാശ്‌മീർ, കാർഗിൽ തുടങ്ങി പെട്ടെന്ന്‌ എത്തിപ്പെടാൻ വിഷമമുള്ള സ്ഥലങ്ങളിലും ടെലിമെഡിസിൻ സൌകര്യമെത്തിക്കലാണ്‌ ഇപ്പോഴത്തെ ലക്ഷ്യം. കേരളത്തിൽ ശബരിമലയിൽ തീർത്ഥാടകർക്ക്‌ രണ്ടുവർഷമായി ഈ സൌകര്യം ലഭ്യമാകുന്നുണ്ട്‌. കേരളത്തിലെ മെഡിക്കൽ കോളേജുകളെ ഗ്രാമങ്ങളിലുള്ള ആശുപത്രികളുമായി ഉപഗ്രഹം വഴി ബന്‌ധിപ്പിച്ചുകൊണ്ടുള്ള പദ്ധതിക്ക്‌ തുടക്കം കുറിച്ചുകഴിഞ്ഞു. രണ്ട്‌ മാസത്തിനുള്ളിൽ പൂർത്തിയാകും. മെഡിക്കൽ കോളേജുകളിലെ വിദഗ്ദ്ധരായ പ്രൊഫസർമാരുടെയും ലക്ചർമാരുടെയും സേവനം അവർ നേരിട്ട്‌ എത്താതെ തന്നെ ഗ്രാമങ്ങളിൽ ഫലപ്രദമായി എത്തിക്കാൻ ഇത്‌ സഹായകമാണ്‌.

ഭൂമിയിൽ ജലത്തിന്റെ ലഭ്യത കണ്ടെത്താൻ ഇന്ന്‌ ഉപഗ്രഹങ്ങളുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്‌. കിണർ കുഴിച്ചാൽ വെള്ളം കിട്ടുമോ എന്ന കാര്യംപോലും മുൻകൂട്ടി അറിയാൻ ഇന്ന്‌ സംവിധാനമുണ്ട്‌.

രാജസ്ഥാൻ, മധ്യപ്രദേശ്‌, ഗുജറാത്ത്‌ തുടങ്ങിയ ജലദൌർലഭ്യമുള്ള പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്താൻ ഉപഗ്രഹങ്ങൾ സഹായിക്കുന്നു. ഉപഗ്രഹത്തിൽ നിന്നുള്ള വിവരമനുസരിച്ച്‌ കിണർ കുഴിച്ചാൽ 90 ശതമാനവും വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാം. മറിച്ചാണെങ്കിൽ 30 ശതമാനമെ ഉറപ്പുള്ളൂ. ഇതുവഴി ഗ്രാമീണർക്ക്‌ 500 കോടി രൂപയോളം ലാഭമുണ്ടാകുന്നു. കൂടാതെ മൽസ്യസമ്പത്തുള്ള സ്ഥലങ്ങളെക്കുറിച്ച്‌ ഉപഗ്രഹത്തിൽ നിന്ന്‌ ലഭിക്കുന്ന വിവരങ്ങൾ മൽസ്യബന്‌ധനത്തിനു പോകുന്നവർക്ക്‌ ഒരനുഗ്രഹമാണ്‌. വിളകൾ, മണ്ണ്‌, രോഗങ്ങൾ, കാലാവസ്ഥ തുടങ്ങിയവയെക്കുറിച്ചുള്ള വിശദവിവരങ്ങൾ കർഷകർക്കും പ്രയോജനപ്പെടുന്നുണ്ട്‌ - മാധവൻനായർ പറഞ്ഞു.
വാർത്താവിനിമയ രംഗത്തെ വിപ്ലവം
വാർത്താവിനിമയ രംഗത്ത്‌ രാജ്യത്ത്‌ വിപ്‌ളവമുണ്ടാക്കിയത്‌ ഐ.എസ്‌.ആർ.ഒയുടെ ഇൻസാറ്റ്‌ ഉപഗ്രഹങ്ങളാണ്‌. ഇൻസാറ്റ്‌ ഉപഗ്രഹങ്ങൾ ടിവി സംപ്രേഷണത്തെ രാജ്യംമുഴുവനും എത്തിക്കാൻ സഹായിച്ചു. ഇൻസാറ്റ്‌ നാലാം പരമ്പരയിലെ ആദ്യത്തെ ഉപഗ്രഹം ഇൻസാറ്റ്‌-4 എ വിക്ഷേപണത്തിന്‌ തയ്യാറായിക്കഴിഞ്ഞു. ഇതിനുശേഷം ഇൻസാറ്റ്‌-4 ബി വരുന്നു.
ടിവി സംപ്രേഷണത്തിനു പുറമെ വാണിജ്യാവശ്യങ്ങൾക്കുള്ള വി-സാറ്റും ഇൻസാറ്റിലുണ്ട്‌. ബാങ്കുകൾ, ഓഹരി വിപണി എന്നിവയുടെ ഉപയോഗത്തിനാണിത്‌.
ജി.എസ്‌.എൽ.വി
കമ്മ്യൂണിക്കേഷൻ, കാലാവസ്ഥ തുടങ്ങിയ ആവശ്യങ്ങൾക്കുള്ള ഉപഗ്രഹങ്ങളെ 36,000 കിലോമീറ്റർ ഉയരത്തിലുള്ള ജിയോസിങ്ക്രണസ്‌ ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ജിയോസിങ്ക്രണസ്‌ ലോഞ്ച്‌ വെഹിക്കിൾ (ജി.എസ്‌. എൽ.വി) ഉപയോഗിക്കുന്നതിൽ ഐ.എസ്‌.ആർ.ഒയ്ക്ക്‌ കഴിവ്‌ തെളിയിക്കാൻ സാധിച്ചിട്ടുണ്ട്‌. 2004 സെപ്റ്റംബറിൽ ശ്രീഹരിക്കോട്ട സതീഷ്‌ധവാൻ സ്‌പേസ്‌ സ്റ്റേഷനിൽ നിന്ന്‌ ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ ഉപഗ്രഹമായ എഡ്യുസാറ്റ്‌ വിക്ഷേപിച്ചത്‌ ജി.എസ്‌.എൽ.വി - എഫ്‌ 01 റോക്കറ്റ്‌ ഉപയോഗിച്ചാണ്‌. ജി. എസ്‌.എൽ.വിയുടെ ആദ്യ ഓപ്പറേഷണൽ വിക്ഷേപണം വിജയകരമായതോടെ 2000 കിലോഗ്രാം ഭാരമുള്ള ഉപഗ്രങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനുള്ള കഴിവ്‌ നമ്മൾ തെളിയിച്ചു.
ഇപ്പോൾ ജി.എസ്‌.എൽ.വി (എം.കെ-1)യിൽ ഉപയോഗിക്കുന്നത്‌ റഷ്യൻ നിർമ്മിത ക്രയോജനിക്‌ എഞ്ചിനാണ്‌. അടുത്ത ഘട്ടത്തിൽ (ജി. എസ്‌.എൽ.വി - എം.കെ-2) തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക്‌ എഞ്ചിൻ(ക്രയോജനിക്‌ അപ്പർ സ്റ്റേജ്‌) റോക്കറ്റിൽ ഘടിപ്പിക്കാനാകും. ഈ എഞ്ചിൻ റോക്കറ്റിന്‌ 2000 മുതൽ 2500 വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിക്കാനുള്ള ശേഷി നൽകും. പിന്നീട്‌ നമ്മൾക്ക്‌ റഷ്യൻ എഞ്ചിനുകളെ ആശ്രയിക്കേണ്ട ആവശ്യമില്ല. മാത്രമല്ല ക്രയോജനിക്‌ എഞ്ചിൻ തദ്ദേശീയമായി നിർമ്മിക്കാൻ കഴിഞ്ഞാൽ റോക്കറ്റ്‌ വിക്ഷേപണത്തിന്‌ വിദേശത്തുപോകേണ്ടതുമില്ല. നമ്മുടെ ആവശ്യങ്ങളെല്ലാം ജി. എസ്‌.എൽ.വി ഉപയോഗിച്ച്‌ നിറവേറ്റാം. സാമ്പത്തികമായി ഇ ത്‌ ഏറെ മെച്ചമുണ്ടാക്കും.
റിമോട്ട്‌സെൻസിംഗ്‌ ഉപഗ്രഹങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ ഐ.എസ്‌.ആർ.ഒയ്ക്ക്‌ നല്ല വരുമാനമാണ്‌. ഈ ചിത്രങ്ങൾ വഴി രാജ്യത്തിനുള്ളിൽ 54 ദശലക്ഷം ഡോളറും വിദേശത്തുനിന്ന്‌ അഞ്ച്‌ മില്ല്യൺ ഡോളറും ഐ.എസ്‌.ആർ.ഒയ്ക്ക്‌ ലഭിക്കുന്നു. ഉപഗ്രഹ വിക്ഷേപണം വഴി 15 ദശലക്ഷം ഡോളറാണ്‌ വരുമാനം. ഐ.എസ്‌.ആർ.ഒയുടെ വാണിജ്യവിഭാഗമായ ആൻട്രിക്‌സ്‌ കോർപറേഷൻ വഴി വർഷം 300 കോടി ഡോളർ ലഭിക്കുന്നുണ്ട്‌ - മാധവൻനായർ പറഞ്ഞു.

സിനിമയിലേതുപോലെ
ചില ഹോളിവുഡ്‌ സിനിമകളിൽ കാണുന്നതുപോലുള്ള ബഹിരാകാശ യാത്ര നടപ്പിലാകുമോ? തൽക്കാലം നടപ്പില്ലെന്നാണ്‌ മാധവൻനായർ പറയുന്നത്‌. "ബഹിരാകാശ യാത്ര ഇപ്പോൾ വളരെ ചിലവേറിയതാണ്‌. സ്ഥിരമായി ബഹിരാകാശത്തു പോയി വരാൻ തൽക്കാലം സാധ്യമാവാനിടയില്ല. എന്നാൽ വിദൂര ഭാവിയിൽ അത്‌ നടന്നുകൂടായ്കയില്ല. ചെലവുകുറഞ്ഞതും സുരക്ഷിതവുമാകണമെന്നു മാത്രം"-മാധവൻനായർ പറഞ്ഞു.

ബഹിരാകാശത്ത്‌ അയച്ച ശേഷം ഭൂമിയിൽ തിരിച്ചിറക്കാൻ സ്‌പേസ്‌ ഷട്ടിലുകൾ വികസിപ്പിക്കാൻ ഐ. എസ്‌.ആർ.ഒയും തയ്യാറെടുക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. "ഐ.എസ്‌.ആർ. ഒ റിക്കവറി പ്രൊജക്റ്റ്‌ എന്ന പദ്ധതി പ്രകാര അടുത്ത വർഷം 500 കിലോ ഭാരമുള്ള ഒരു മൊഡ്യൂൾ ഐ.എസ്‌. ആർ.ഒ വിക്ഷേപിക്കുന്നുണ്ട്‌. കാർട്ടോസാറ്റ്‌-2 ഉപഗ്രഹത്തിനൊപ്പം പി.എസ്‌.എൽ.വി ഉപയോഗിച്ച്‌ വിക്ഷേപിക്കുന്ന മൊഡ്യൂൾ ബഹിരാകാശത്ത്‌ കുറച്ച്‌ ദിവസം കഴിഞ്ഞ ശേഷം തിരിച്ച്‌ ഭൂമിയിലേക്ക്‌ വരും. ശ്രീഹരിക്കോട്ടയ്ക്ക്‌ സമീപം കടലിൽ പതിക്കുന്ന ഈ വാഹനം വീണ്ടും ഉപയോഗിക്കാനാവുമെന്നതാണ്‌ പ്രത്യേകത. ഭാവിയിൽ മനുഷ്യനെ ബഹിരാകാശത്ത്‌ അയയ്ക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ തുടക്കമായി ഇതിനെ കണക്കാക്കുന്നു".
തയ്യാറാക്കിയത്‌ : പ്രസൂൻ

അഭിപ്രായങ്ങളൊന്നുമില്ല: