തിങ്കളാഴ്‌ച, ജൂലൈ 25, 2005

ആനയുടെ തീറ്റക്കണക്ക്‌

ആനയുടെ തീറ്റക്കണക്ക്‌
ഉണ്ണി നമ്പൂതിരി

'ആനവായിൽ അമ്പഴങ്ങ' എന്നു കേട്ടിട്ടില്ലേ? ഈ പഴമൊഴിയിൽ തെല്ലും പതിരില്ല. കരയിലെ ഏറ്റവും വലിയ മൃഗമായ ആനക്ക്‌ അൽപമൊന്നും പോരാ തീറ്റ. കണക്ക്‌ കേൾക്കുമ്പോൾ ആരും അദ്ഭുതപ്പെട്ടുപ്പോകുമെന്നതാണ്‌ യാഥാർത്ഥ്യം. ആനയെ കണ്ടിട്ടുണ്ടെന്നല്ലാതെ അതിന്റെ തീറ്റക്കണക്ക്‌ ഒക്കെ ആരു നോക്കാൻ? എന്നാൽ അതിലുമുണ്ട്‌ കുറെ കാര്യങ്ങൾ. ഒരു ദിവസത്തിൽ 24 മണിക്കൂറാണ്‌ ഉള്ളതെങ്കിൽ അതിൽ 20 മണിക്കൂറും തീറ്റയിൽ വ്യാപൃതനാവാനാണ്‌ ഗജവീരനിഷ്ടം. നാരുള്ള ആഹാരങ്ങൾ കൂടുതലിഷ്‌ ടം. കാട്ടാന മരത്തൊലി, മരച്ചില്ല, പച്ച ഇലകൾ, ഇല്ലി, പുല്ല്‌ എന്നിവയൊക്കെ തിന്നുമ്പോൾ നാട്ടാന പനംപട്ട, തെങ്ങോല, കൈത, പനമരം, ചോളത്തണ്ട്‌, കരിമ്പ്‌ എന്നിവയൊക്കെ ഭക്ഷണമാക്കുന്നു.

തികച്ചും സസ്യഭുക്കായ ആനക്ക്‌ അതിന്റെ ശരീരഭാരത്തിന്റെ അഞ്ചുശതമാനം തൂക്കത്തിൽ നാരുള്ള ഭക്ഷണം വേണമെന്നാണു കണക്ക്‌. വാരിവലിച്ചു തിന്നുന്ന പ്രകൃതം. പക്ഷേ ഇതുമുഴുവൻ ദഹിക്കുന്നുണ്ടോ? ഇല്ല. തിന്നുന്നതിന്റെ 40% മാത്രമെ കുടലിൽ വച്ച്‌ ദഹിച്ച്‌ ശരീരം ആഗിരണം ചെയ്യുന്നുള്ളൂ. ബാക്കി എരണ്ടത്തിലൂടെ ദഹിക്കാതെ വിസർജിക്കപ്പെടുന്നു.

കേരളത്തിലെ ആനകളുടെ ഇഷ്ടഭോജ്യം പനംപട്ട തന്നെ. അതുകൊണ്ട്‌ നാട്ടിലിപ്പോൾ പനംപട്ട കിട്ടാനും വിഷമമാണ്‌. ഒരു പട്ടക്ക്‌ 10 രൂപയും മറ്റും നൽകിയാണ്‌ ഉടമസ്ഥർ തങ്ങളുടെ ഗജവീരനുവേണ്ടി അത്‌ വാങ്ങുന്നത്‌. തെങ്ങുംപട്ട ആനക്ക്‌ കൊടുക്കാമെങ്കിലും ചിലവ ഇതിനോടു താൽപര്യം കാണിക്കാറില്ല. അരി, നെല്ല്‌, മുതിര, റാഗി, ഗോതമ്പ്‌ എന്നിവ പാകപ്പെടുത്തി ആനക്കു കൊടുക്കാമെങ്കിലും പണച്ചെലവിന്റെ കാര്യമോർത്ത്‌ പലരും ഇതിനു മുതിരാറില്ല.

നാട്ടാനകളുടെ എണ്ണം വർധിച്ചതോടെ പനംപട്ടക്കു രൂക്ഷമായ ക്ഷാമമാണ്‌ ഇപ്പോൾ അനുഭവപ്പെടുന്നത്‌. നിലവിലുള്ള പനകൾ വെട്ടിനീക്കുകയും പുതിയവ വച്ചു പിടിപ്പിക്കാതിരിക്കുകയും ചെയ്യുമ്പോൾ കുറവിന്റെ അളവ്‌ കൂടുന്നു. ഈ സ്ഥിതി തുടർന്നാൽ തീറ്റക്ക്‌ വേറെ വഴി തേടേണ്ടി വരുമെന്നു ആനയുടമകൾ പറയുന്നു.

തീറ്റപോലെ തന്നെയാണ്‌ ആനക്ക്‌ വെള്ളവും. നാട്ടിലായാലും കാട്ടിലായാലും അവക്ക്‌ വെള്ളം ഏറെ ഇഷ്ടമാണ്‌. കുടിക്കാനും കുളിക്കാനും വെള്ളം ഏറെ വേണംതാനും. വിശപ്പിനും ദാഹത്തിനും വെള്ളം എന്നാണ്‌ ആനയുടെ പ്രമാണം. അതായത്‌ തീറ്റ അൽപം കുറഞ്ഞാലും സുഭിക്ഷമായി വെള്ളം കിട്ടിയാൽ ആന വേഗം ക്ഷീണിക്കില്ല.

ഒരു ദിവസം ആന 250 ലിറ്റർ വെള്ളം കുടിക്കും. പലതവണകളായിട്ടാണ്‌ ഇത്‌ അകത്തു ചെല്ലുക. തുമ്പിക്കൈ കൊണ്ട്‌ ഒരു തവണ വലിക്കുമ്പോൾ എട്ടുലിറ്റർ വെള്ളം അകത്ത്‌ എത്തുമെന്നാണ്‌ കണക്ക്‌. അങ്ങിനെ ഒരു തവണ എട്ടോ പത്തോ കൈ വെള്ളം കുടി ക്കും. ഇങ്ങിനെ ദിവസത്തിൽ മൂന്നു തവണ. തെളിഞ്ഞ വെള്ളമാണ്‌ ആനക്കിഷ്ടം. ദുർഗന്ധമോ നിറവ്യത്യാസമോ ഉണ്ടെങ്കിൽ കുടിക്കാൻ മടി കാണിക്കും. കിണറ്റിലെ വെള്ളം മാത്രം കുടിക്കുന്ന നാട്ടാനകൾ കേരളത്തിലുണ്ട്‌.

കാട്ടിലാണെങ്കിൽ ശുദ്ധജലം തേടി കിലോമീറ്ററുകളോളം നടക്കാൻ ആന തയ്യാറാവും. എവിടെയും ശുദ്ധജലം കിട്ടിയില്ലെങ്കിൽ പുഴയിലെ മണലിൽ കാലുകൊണ്ട്‌ കുത്തി കുഴിയുണ്ടാക്കി അതിൽ ഊറി വരുന്ന വെള്ളം ആന കുടിക്കുമത്രെ.
ഇരുനൂറ്റിയൻപത്‌ ലിറ്റർ വെള്ളം കുടിക്കുന്ന ആന ഒരു ദിവസം വിസർജിക്കുന്ന മൂത്രത്തിന്റെ അളവും രസകരമായ ഒരു കണക്കാണ്‌. ആരോഗ്യമുള്ള ആന ഒരു ദിവസം 50 ലിറ്റർ മൂത്രം വിസർജിക്കും. പത്ത്‌ പന്ത്രണ്ട്‌ തവണയായിട്ടാണ്‌ ഇത്രയും മൂത്രം പുറംതള്ളുന്നത്‌.

വൃത്തിയുള്ള ജീവിയാണ്‌ ആന. അതുകൊണ്ട്‌ തന്നെ ദിവസവും കുളിക്കണമെന്നു അതിനു നിർബന്ധമുണ്ട്‌. നാട്ടാനകൾക്കു വെള്ളത്തിൽ കിടന്നുള്ള കുളി അത്യാവശ്യമാണെന്നു വിദഗ്ധർ പറയുന്നു. മൂന്നും നാലും മണിക്കൂർ വെള്ളത്തിൽ കിടക്കാൻ ഇവയ്ക്ക്‌ മടിയില്ല.

അഭിപ്രായങ്ങളൊന്നുമില്ല: