തിങ്കളാഴ്‌ച, ജൂലൈ 25, 2005

അന്തിമ കാഹളം

അന്തിമ കാഹളം
ബൈ ലൈൻ: എം.ജെ. അക്ബർ

പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗ്‌ ബുദ്ധിശൂന്യനായിരുന്നെങ്കിൽ ആരും അത്ര കാര്യമാക്കില്ലായിരുന്നു. തെളിഞ്ഞ ബുദ്ധിയും അതിനെ തീക്ഷ്‌ണമാക്കുന്ന പരന്ന വായനയും അദ്ദേഹത്തിനുണ്ട്‌ എന്നതാണ്‌ ബുദ്ധിമുട്ടുണ്ടാക്കുന്ന സംഗതി. ഉദ്യോഗതലത്തിൽനിന്ന്‌ 1991ൽ പൊടുന്നനെ ദേശീയ ശ്രദ്ധാകേന്ദ്രമായി ഉയർന്നതോടെ പ്രധാന വായന ഫയലുകളായി മാറിയെന്നത്‌ മറന്നുകൊണ്ടല്ല ഇതു പറയുന്നത്‌.

മന്ത്രിയുടെ സമയം കളയണമെങ്കിൽ ഉദ്യോഗസ്ഥർക്ക്‌ വളരെ ലളിതമായ വഴിയുണ്ട്‌. മന്ത്രിക്ക്‌ ഇഷ്‌ടമുള്ള സംഗതിക്ക്‌ അവർ സൌകര്യം ഒരുക്കിക്കൊടുക്കും. മൻമോഹൻ വായന ഇഷ്‌ടപ്പെടുന്ന ആളായതിനാൽ അദ്ദേഹത്തിന്‌ ചുറ്റുമുള്ള ഉദ്യോഗക്കൂട്ടം പുലർച്ചെ മുതൽ രാത്രി വൈകി തളർന്നുറങ്ങുന്നതുവരെ വേണ്ടത്ര ഫയലുകൾ എത്തിച്ചുകൊടുക്കാൻ ഉൽസാഹിക്കുമെന്ന്‌ തർക്കമില്ലാതെ പറയാൻ കഴിയും.

പ്രബലമായ ഒരു രാജ്യത്തിന്റെ ഭരണത്തലവന്റെ തിരക്കിട്ട ചുമതലകളുടെ ഭാഗമായി അടിക്കടി വിദേശയാത്ര നടത്തേണ്ടിവരിക ഒരു പ്രധാനമന്ത്രിയെ സംബന്‌ധിച്ചിടത്തോളം സ്വാഭാവികമാണ്‌. സമ്പന്ന രാഷ്‌ട്രങ്ങളുടെ കൂട്ടായ്‌മയായ ജി-എട്ട്‌ ഉച്ചകോടിക്കായി കഴിഞ്ഞയാഴ്ച അദ്ദേഹം സ്കോട്ട്‌ലന്റിലായിരുന്നു.

പ്രൌഢോജ്വലമായ ആ സമ്മേളനത്തിനായി ചൈനീസ്‌പ്രധാനമന്ത്രി വെൻ ജിയാബാവോയും എത്തിയിരുന്നു എന്നത്‌ അതിന്റെ തിളക്കം കൂട്ടുകയാണ്‌ ചെയ്യുന്നത്‌. സമ്മേളനവേദിയായ ഗ്ലെൻഈഗിൾസിൽ ബ്രിട്ടീഷുകാരുടെ ആതിഥേയത്വം അപാരമായിരുന്നു. 10 കോടി പൌണ്ടാണ്‌ (ഉദ്ദേശം 760 കോടി രൂപ) ബ്രിട്ടീഷ്‌ സർക്കാർ ഉച്ചകോടിക്കായി ചെലവിട്ടതെന്നാണ്‌ വിശ്വസനീയവിവരം. ബ്രിട്ടീഷ്‌ ഭക്ഷണം എന്ന്‌ കേൾക്കുമ്പോഴേ ചീറ്റുന്ന ഫ്രഞ്ച്‌പ്രസിഡന്റ്‌ ജാക്‌ ഷിറാക്‌ ഒരു വിരുന്ന്‌ കഴിഞ്ഞപ്പോൾ എഴുന്നേറ്റ്‌ പാചകക്കാരനെ പ്രത്യേകം അഭിനന്ദിച്ചു എന്നുപറയുമ്പോൾ ഈ തുകയുടെ വലുപ്പംപോലും നിഷ്‌പ്രഭമാകും.

മൻമോഹന്റെ പ്രിയവിഭവങ്ങളുടെ പട്ടികയിൽ ഭക്ഷണത്തേക്കാൾ പ്രാധാന്യം അക്കാദമികകാര്യങ്ങൾക്കാണെന്ന്‌ അറിയുന്ന ബുദ്ധിമാന്മാരായ ബ്രിട്ടീഷുകാർ അതിനും അവസരമൊരുക്കിയിരുന്നു. സാമ്പത്തികശാസ്‌ത്രത്തിൽ താൻ ഡോക്‌ടറേറ്റ്‌ നേടിയ വിഖ്യാതമായ ഓക്‌സ്ഫഡ്‌ സർവകലാശാല ഓണററി ബിരുദംനൽകി ഡോ. സിംഗിനെ ആദരിച്ചു. ബഹുമതിയിൽ അങ്ങേയറ്റം ആഹ്ലാദവാനാണെന്ന്‌ അദ്ദേഹം തുറന്നുപറയുകയും ചെയ്‌തു. വിദ്യാധാത്രിയായ സ്ഥാപനത്തിൽ നിന്നുതന്നെ ഓണററി ബിരുദം ലഭിക്കുന്നിടത്തോളം അമൂല്യമായ ബഹുമതി മറ്റൊന്നുമില്ല. ഏറെ വിലമതിക്കുന്ന നിമിഷമാണിത്‌. ബിരുദം സ്വീകരിച്ച്‌ അദ്ദേഹം പറഞ്ഞു. അത്യാഹ്ലാദത്തിന്റെ ഈ സന്ദർഭത്തിലായിരുന്നു ആ പരാമർശമുണ്ടായത്‌. 'കോളനിഭരണത്തിനെതിരായ സമരത്തിന്റെ ഉച്ചസ്ഥായിയിൽപോലും സദ്ഭരണം എന്ന ബ്രിട്ടീഷ്‌ അവകാശവാദത്തെ ഞങ്ങൾ പൂർണമായി നിരാകരിച്ചിട്ടില്ല'.
കഴിഞ്ഞ ദിവസങ്ങളിൽ വാഷിംഗ്‌ടണിലുണ്ടായിരുന്ന പ്രധാനമന്ത്രി പ്രസിഡന്റ്‌ ജോർജ്‌ ബുഷിനെയും അത്യധികം ആഹ്ലാദിപ്പിക്കുന്ന രീതിയിലാണ്‌ സംസാരിച്ചത്‌. രണ്ടാഴ്ചക്കിടെ ലോകം ഭരിക്കുന്ന രണ്ട്‌ മനുഷ്യരുടെ മനസ്സിലും സിംഗ്‌ സ്ഥാനമുറപ്പിച്ചു. ഇതൊരു ചെറിയ കാര്യമല്ല. എങ്കിലും ഫയലുകളും പ്രസംഗങ്ങളും വായിക്കുന്നതിനിടെ ചുരുക്കം ചില പുസ്‌തകങ്ങൾ വായിക്കാനെങ്കിലും അദ്ദേഹം സമയം കണ്ടെത്തിയിരുന്നെങ്കിലെന്നാണ്‌ എന്റെ പ്രാർഥന.

വിഖ്യാത സാമ്പത്തികശാസ്‌ത്രജ്ഞൻ ഡോ. അമർത്യാസെൻ രചിച്ച 'ക്ഷാമവും ദാരിദ്യ്‌രവും' എന്ന പുസ്‌തകമാവും ഞാൻ അദ്ദേഹത്തിന്റെ മേശപ്പുറത്ത്‌ ആദ്യം വെക്കുക. വിദ്യാഭ്യാസ വിചക്ഷണരും പൊതുപ്രവർത്തകരും സാഹിത്യകാരന്മാരുമടക്കം (ഡോ. എസ്‌. രാധാകൃഷ്‌ണൻ, ഡോ. ബിമൽകൃഷ്‌ണ) ഇന്ത്യ-ബ്രിട്ടീഷ്‌ ബന്‌ധം സമ്പന്നമാക്കിയ പലരുടെയും പേരുകൾ മൻമോഹൻ പരാമർശിക്കുകയുണ്ടായി. എന്തിന്‌, സൽമാൻ റുഷ്‌ദിയെവരെ ആ പ്രസംഗം തൊട്ടുപോയി. (വിവാദ പുസ്‌തകം 'സാത്താന്റെ വചനങ്ങളു'ടെ നിരോധംനീക്കി വാക്കുകളിലെ മാന്യത അദ്ദേഹം പാലിച്ചിരുന്നെങ്കിൽ എന്നതു വേറെ) ക്ഷാമത്തിന്റെ കാര്യത്തിൽ പ്രകൃതിക്ക്‌ മനുഷ്യനോളം പങ്കില്ലെന്നു നിരീക്ഷിക്കുകയും പട്ടിണിയെക്കുറിച്ച പഠനത്തിന്‌ നോബൽസമ്മാനം നേടുകയും ചെയ്‌ത ഡോ. അമർത്യാസെന്നിനെ പക്ഷേ, ഇന്ത്യൻ പ്രധാനമന്ത്രി പരാമർശിച്ചില്ല. ഈ ഒഴിവാക്കലിന്‌ വ്യക്‌തമായ കാരണമുണ്ടാവും. കേംബ്രിഡ്ജിലെ ട്രിനിറ്റി കോളജിൽനിന്ന്‌ ബിരുദാനന്തര ബിരുദം നേടിയയാളാണ്‌ സെൻ. കേംബ്രിഡ്ജുകാരനെ പ്രശംസിച്ചു പറയുന്നത്‌ ഓക്‌സ്ഫഡിൽ എന്നും വിവാദമാണെന്നത്‌ ഏവർക്കും അറിയുന്നതാണ്‌. അതെന്തായാലും ഡോ. സെന്നിന്റെ പുസ്‌തകം ഓടിച്ചുനോക്കിയാൽ തന്നെ ബംഗാളിലെ വൻ ഭക്ഷ്യക്ഷാമത്തെ കുറിച്ച ആറാമധ്യായം ശ്രദ്ധയിൽ പെടാതിരിക്കില്ല.

സദ്ഭരണത്തിൽ ഭാസുരമായ ബ്രിട്ടീഷ്‌രാജിന്റെ അന്ത്യവർഷങ്ങളിൽ 35 ലക്ഷത്തിനും 38 ലക്ഷത്തിനും ഇടയിൽ ആളുകളാണ്‌ പട്ടിണിയിൽ മരിച്ചത്‌. ഇതിൽ ഭൂരിഭാഗവും 1943 മാർച്ചിനും നവംബറിനുമിടയിലായിരുന്നു. സാധാരണ മരണനിരക്ക്‌ വെച്ചുള്ള സംഖ്യ ഉൾപ്പെടുത്താതെയുള്ള കണക്കാണിത്‌. സാധ്യമായതിൽ വെച്ചേറ്റവും നികൃഷ്‌ടവും വേദനാജനകവും അമാനുഷികവുമായ രീതിയിൽ 40 ലക്ഷത്തോളം ബംഗാളികളാണ്‌ പിടഞ്ഞുമരിച്ചത്‌. യുദ്ധംമൂലം ബർമയിൽനിന്ന്‌ അരി ഇറക്കുമതി നിലക്കുകയും ചുഴലിക്കാറ്റിൽ വിളനാശം ഉണ്ടാവുകയും ചെയ്‌തെങ്കിലും 1943ൽ ബംഗാളിൽ ഗുരുതരമായ ഭക്ഷ്യക്കമ്മി ഉണ്ടായിരുന്നില്ലെന്ന്‌ ഡോ. അമർത്യാസെൻ വ്യക്‌തമാക്കുന്നു. വസ്‌തുതകൾക്ക്‌ നിരക്കാത്ത നിഗമനങ്ങളിലെത്തിയ ഔദ്യോഗിക അന്വേഷണകമീഷൻ വരെ ഭക്ഷ്യവിതരണത്തിൽ കഷ്‌ടിച്ച്‌ ആറു ശതമാനം കുറവേ ഉണ്ടായിട്ടുള്ളൂ എന്ന്‌ സമ്മതിക്കുന്നുണ്ട്‌. അസാധാരണമായ ഈ ദുരന്തത്തിന്റെ വിശദാംശങ്ങളിലേക്ക്‌ കടക്കേണ്ടതില്ലെങ്കിലും പ്രധാനമന്ത്രിയുടെ അറിവിലേക്കായി ഡോ. സെന്നിന്റെ പുസ്‌തകത്തിലെ ഏതാനും വരികൾ ഉദ്ധരിക്കാം. 'ക്ഷാമം എങ്ങനെയുണ്ടായാലും അത്‌ പരിഹരിക്കാനുള്ള വഴി പൊതുവിതരണ സമ്പ്രദായത്തിലൂടെ സാധനങ്ങൾ യഥേഷ്‌ടം ലഭ്യമാക്കുകയാണ്‌' ഇത്‌ മനസ്സിലാക്കാൻ വലിയ പ്രയാസമൊന്നുമില്ല. എന്നാൽ, ബ്രിട്ടീഷ്‌ രാജിന്റെ സദ്ഭരണം എന്താണ്‌ ചെയ്‌തത്‌?

'ഒരിക്കലും ഔദ്യോഗികമായി ക്ഷാമമായി പ്രഖ്യാപിക്കപ്പെട്ടില്ല എന്നതാണ്‌ ബംഗാൾ ക്ഷാമത്തിന്റെ വിചിത്രമായ വിശേഷം. അങ്ങനെയെങ്കിൽ 1883ലെ 'ക്ഷാമ വ്യവസ്ഥകൾ' പ്രകാരം ആശ്വാസപ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ട ബാധ്യത വരുമായിരുന്നു. ബംഗാൾ ഗവർണർ സർ ടി. റൂഥർഫോർഡ്‌ വൈസ്രോയിയോട്‌ വിശദീകരിച്ചു: 'നിശ്ചിത റേഷൻ വിതരണം ചെയ്യാനുള്ള ഭക്ഷ്യവസ്‌തുക്കൾ ഇല്ലാതിരുന്നതിനാൽ 'ക്ഷാമ വ്യവസ്ഥ' (Famine Code) ബാധകമാക്കിയില്ല'.

പൂഴ്ത്തിവെപ്പ്‌ മൂലമാണ്‌ ഭക്ഷ്യക്കമ്മിയുണ്ടായതെന്ന്‌ സർക്കാർ പിന്നീട്‌ പുറമേക്ക്‌ സമ്മതിച്ചു. ഇന്ത്യക്കാർ പൂഴ്ത്തിവെപ്പ്‌ നടത്തിയിട്ടുണ്ടാവാമെന്നത്‌ സത്യമാണ്‌. പക്ഷേ, സദ്ഭരണക്കാർ ഇടപെട്ടിരുന്നെങ്കിൽ ഭരണപരമായ ഈ പ്രശ്‌നം പരിഹരിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ.

ബ്രിട്ടീഷുകാരുടെ നിഷ്ക്രിയത്വം ഇതിലുമേറെ വഞ്ചനാപരമായിരുന്നു. 'ആറുലക്ഷം ടൺ ഗോതമ്പ്‌ ഇറക്കുമതി ചെയ്യാൻ അനുമതി തേടിയുള്ള അഭ്യർഥനപോലും ജനുവരി 16ന്‌ ലണ്ടൻ നിരാകരിച്ചു. ഏറ്റവുമധികം മരണമുണ്ടായ 1943ലായിരുന്നു ഇത്‌. വളരെ കുറഞ്ഞ അളവിൽ മാത്രമാണ്‌ ഇറക്കുമതി നടന്നത്‌' ഇതിന്റെ മറുഭാഗം അടിവരയിട്ടു വായിക്കേണ്ടതാണ്‌. '1943 ജനുവരി 26ന്‌ വൈസ്രോയി ഇന്ത്യയുടെ ചുമതലയുള്ള സെക്രട്ടറി ഓഫ്‌ സ്റ്റേറ്റിന്‌ എഴുതി; പ്രയാസങ്ങൾ എന്തുതന്നെയായാലും ബംഗാളിന്റെ ആവശ്യത്തിനുതന്നെ തികഞ്ഞില്ലെങ്കിൽകൂടി സിലോണിനുവേണ്ടി കുറച്ചുകൂടി അരി വിട്ടുതരണമെന്ന്‌ ഞാൻ അദ്ദേഹത്തോട്‌ (ബംഗാൾ പ്രധാനമന്ത്രി ഹുസൈൻ ശഹദ്‌ സുഹ്രവർദി) പറഞ്ഞിട്ടുണ്ട്‌. അദ്ദേഹം അത്‌ ഒരു നിലക്കും അവഗണിക്കാനിടയില്ല. കുറച്ച്‌ അവിടെനിന്ന്‌ ഒപ്പിക്കാൻ കഴിയുമെന്നു തന്നെയാണ്‌ പ്രതീക്ഷ'.

നിങ്ങൾ ഞങ്ങളെ ഏറെ ഒപ്പിച്ചു, വൈസ്രോയി! 40 ലക്ഷം ബംഗാളികൾ പട്ടിണികിടന്നു മരിക്കുമ്പോഴാണ്‌ സദ്ഭരണക്കാർ ബംഗാളിൽനിന്ന്‌ സിലോണിലേക്ക്‌ അരി കയറ്റുമതി ചെയ്‌തത്‌.

ഇന്ത്യയിലെ പാതകങ്ങൾക്ക്‌ ഞാൻ ബ്രിട്ടീഷുകാരെ പഴിക്കില്ല. അത്‌ വങ്കത്തമാണ്‌. ക്ഷയിച്ചുപോയതിനാലാണ്‌ ഇന്ത്യ ബ്രിട്ടീഷുകാർക്ക്‌ മുന്നിൽ വീണുപോയത്‌. ആയിരങ്ങളിലൊതുങ്ങുന്ന സൈനികരുമായി എളുപ്പം കീഴടക്കാവുന്ന അവസ്ഥയിലായിരുന്നു ഇന്ത്യയെന്നാണ്‌ റോബർട്ട്‌ ക്ലൈവ്‌ പറഞ്ഞത്‌. ക്ലൈവ്‌ പറയുന്നതിൽ അത്യുക്‌തിയുണ്ടാവാമെങ്കിലും അധികമൊന്നുമില്ല. എന്നാൽ, സാമ്രാജ്യശക്‌തിയായ ബ്രിട്ടൻ ഇന്ത്യൻ താൽപര്യത്തേക്കാൾ സ്വാർഥതാൽപര്യം മുൻനിർത്തിയാണ്‌ പ്രവർത്തിച്ചത്‌. പല മേഖലകളിലും ഭരണം മെച്ചമായിരുന്നെങ്കിൽ അത്‌ ബ്രിട്ടീഷ്‌വാഴ്ച അരക്കിട്ടുറപ്പിക്കുന്നതിനു വേണ്ടി മാത്രമായിരുന്നു. അല്ലാതെ ഇന്ത്യക്കാരെ യാതനകളിൽനിന്ന്‌ കരകയറ്റുന്നതിനായിരുന്നില്ല.

ചരിത്രകാരനായ പോൾ കെന്നഡിയുടെ 'വൻശക്‌തികളുടെ ഉദയവും പതനവും' ആണ്‌ പ്രധാനമന്ത്രി വായിക്കേണ്ട രണ്ടാമത്തെ ഗ്രന്ഥം. ലോക സമ്പദ്‌വ്യവസ്ഥയിൽ 1700ൽ 22.6 ശതമാനമായിരുന്ന (ഏതാണ്ട്‌ യൂറോപ്പിന്‌ തുല്യം) ഇന്ത്യൻവിഹിതം 1952ൽ 3.8 ശതമാനമായി കൂപ്പുകുത്തിയതിനെപ്പറ്റി പ്രധാനമന്ത്രി പരാമർശിച്ചത്‌ ഏറെ സംഗതമായി. എന്തുകൊണ്ടിത്‌ സംഭവിച്ചെന്ന്‌ സാമ്പത്തികവിദഗ്‌ധനായ ഡോ. സിംഗ്‌ പറയേണ്ടതായിരുന്നു. ഈ അവസരത്തിൽ മറ്റൊരു കണക്ക്‌ പറയാം. അത്‌ കെന്നഡിയുടേതാണ്‌. 1750ൽ ലോകത്തിലെ ഉൽപന്നങ്ങളിൽ 24.5 ശതമാനവും ഇന്ത്യയുടേതായിരുന്നെങ്കിൽ ബ്രിട്ടന്റെ വിഹിതം 1.9 ശതമാനം മാത്രമായിരുന്നു. 1900ൽ ബ്രിട്ടന്റേത്‌ 18.5 ശതമാനമായപ്പോൾ ഇന്ത്യയുടേത്‌ 1.7 ശതമാനമായി ഇടിഞ്ഞു. ഈ പതനത്തിന്‌ ഒന്നിലേറെ കാരണങ്ങളുണ്ടായേക്കാമെങ്കിലും കൊളോണിയലിസത്തിന്‌ അതിൽ പങ്കില്ലെന്ന്‌ പറയാനാവുമോ?

'ക്ലൈവ്‌; ഒരു ബ്രിട്ടീഷ്‌ സമ്രാട്ടിന്റെ ജീവനും മരണവും' ആണ്‌ മൂന്നാമത്തെ ഗ്രന്ഥം. ഇതിൽനിന്നുള്ള ചെറിയൊരു ഉദ്ധരണിയോടെ അവസാനിപ്പിക്കാം. 'പ്ലാസിയുദ്ധ വിജയത്തിനുശേഷം മുർഷിദാബാദ്‌ നഗരത്തിലെത്തിയപ്പോൾ ക്ലൈവ്‌ നിരീക്ഷിച്ചു; മുർഷിദാബാദ്‌ ലണ്ടൻപോലെ വിശാലവും ജനനിബിഡവും സമ്പന്നവുമായ നഗരമാണ്‌. എന്നാൽ, ലണ്ടനിലെ സമ്പന്നരേക്കാൾ സമ്പന്നരാണ്‌ ഇവിടത്തെ സമ്പന്നർ'.

അഭിപ്രായങ്ങളൊന്നുമില്ല: