ചൊവ്വാഴ്ച, ജൂലൈ 12, 2005

സ്‌നേഹത്തിന്റെ നീരൊഴുക്ക്‌

സ്‌നേഹത്തിന്റെ നീരൊഴുക്ക്‌
മാതാ അമൃതാനന്ദമയി

സ്‌നേഹത്തിന്റെയും പരസ്‌പരവിശ്വാസത്തിന്റെയും ഭാഷ നമ്മള്‍ മറന്നുപോയിരിക്കുന്നു. സ്‌നേഹമില്ലായ്കയും കാരുണ്യമില്ലായ്കയുമാണ്‌ ഇന്ന്‌ ലോകത്തെ മിക്ക പ്രശ്‌നങ്ങള്‍ക്കും കാരണം. എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്‌ സ്‌നേഹത്തിന്റെ ഭാഷയാണ്‌.
സ്‌നേഹം എല്ലായിടത്തുമുണ്ട്‌. പക്ഷേ, ഇന്നു കാണുന്ന എല്ലാ സ്‌നേഹവും യഥാര്‍ത്ഥ സ്‌നേഹമല്ല! നമ്മള്‍ സ്വന്തം വീട്ടുകാരെ സ്‌നേഹിക്കുന്നു. അതുപോലെ അയല്‍ക്കാരെ സ്‌നേഹിക്കുന്നില്ല. നമ്മുടെ അച്ഛനെയും അമ്മയെയും സ്‌നേഹിക്കുന്നതുപോലെ മറ്റുള്ളവരെ സ്‌നേഹിക്കാന്‍ നമുക്ക്‌ കഴിയുന്നില്ല.
സ്വന്തം മതത്തെ നമ്മള്‍ സ്‌നേഹിക്കുന്നു. എങ്കിലോ, മറ്റു മതങ്ങളോട്‌ സഹിഷ്‌ണുത കാണിക്കുന്നില്ല. സ്വന്തം രാജ്യത്തെ സ്‌നേഹിക്കുന്നതു പോലെ മറ്റൊരു രാജ്യത്തെ സ്‌നേഹിക്കുന്നില്ല. അതുകൊണ്ടാണ്‌ പറഞ്ഞത്‌, നമ്മുടെ സ്‌നേഹം യഥാര്‍ത്ഥമല്ലെന്ന്‌.
പരിമിതമായ മമതയാണ്‌ നമ്മുടെ മനസ്സു നിറയെ. ഇടുങ്ങിയ സ്വഭാവമുള്ള ഈ മമതയെ ദിവ്യമായ പ്രേമമാക്കി മാറ്റുകയെന്നതാണ്‌ ആദ്ധ്യാത്‌മികതയുടെ ലക്ഷ്യം.
അഹങ്കാരവും ഭയവും അന്യഭാവവും മനസ്സില്‍നിന്ന്‌ മായുമ്പോള്‍ മാത്രമെ ലോകത്തെ നിഷ്കളങ്കമായി സ്‌നേഹിക്കാന്‍ നമുക്കു കഴിയൂ. തിരികെ യാതൊന്നും പ്രതീക്ഷിക്കാത്തതാണ്‌ യഥാര്‍ത്ഥ സ്‌നേഹം. നദി
ഒഴുകുന്നതു പോലെയാണ്‌ അത്‌. രോഗിക്കും അരോഗിക്കും പാപിക്കും ദരിദ്രനും ഭക്തനും യുക്തിവാദിക്കുമൊക്കെ ആ നദിയില്‍ കുളിക്കാം. നദി അന്വേഷിക്കുന്നുണ്ടോ, കുളിക്കാനെത്തുന്നയാള്‍ നല്ലവനെന്നോ ചീത്തയെന്നോ?
ആരെങ്കിലും കുളിച്ചില്ലെങ്കിലും നദിക്ക്‌ വിരോധമില്ല. ആരു നിന്ദിച്ചാലും നദിക്ക്‌ പരാതിയില്ല. കാരണം, എല്ലാവരെയും തഴുകിത്തലോടി, മറ്റുള്ളവരുടെ അഴുക്കുകള്‍ സ്വയം ഏറ്റുവാങ്ങി നിശ്ശബ്‌ദമായി ഒഴുകുക എന്നതാണ്‌ നദിയുടെ ധര്‍മ്മം.
സ്‌നേഹം പ്രേമമായി വികസിക്കുമ്പോള്‍ ഹൃദയത്തില്‍ കാരുണ്യം നിറയും. പ്രേമത്തിന്റെ പൂര്‍ണ്ണതയിലാണ്‌ സൌന്ദര്യവും സൌരഭ്യവുമുള്ള കരുണാപുഷ്‌പം വിരിയുന്നത്‌. പ്രേമം ഹൃദയത്തിന്റെ അനുഭൂതിയാണ്‌. അതിന്റെ പ്രകടിതഭാവമാണ്‌ കാരുണ്യം! ദു:ഖിതരോട്‌ നമ്മള്‍ കാണിക്കുന്ന നിറഞ്ഞ പ്രേമമാണ്‌ കാരുണ്യം.
പ്രേമം നിറഞ്ഞുകവിഞ്ഞ്‌ ഓരോ വാക്കിലും നോട്ടത്തിലും പ്രവൃത്തിയിലും പരന്നൊഴുകുമ്പോള്‍ അതിനെ കാരുണ്യമെന്നു വിളിക്കുന്നു. അതാണ്‌ മതത്തിന്റെ പൂര്‍ണ്ണത. അതാണ്‌ മതത്തിന്റെ ലക്ഷ്യം. കാരുണ്യവും പ്രേമവും കൊണ്ട്‌ പൂര്‍ണ്ണനായ വ്യക്തിയാണ്‌ മതത്തിന്റെ യഥാര്‍ത്ഥ തത്വം സാക്ഷാത്കരിച്ചവന്‍.
അങ്ങനെയുള്ളവര്‍ മറ്റുള്ളവരില്‍ തെറ്റുകളും കുറ്റങ്ങളും ദൌര്‍ബല്യങ്ങളും കാണുകയില്ല. നല്ലവരെന്നോ മോശപ്പെട്ടവരെന്നോ ആരെയും വേര്‍തിരിക്കില്ല.
കാരുണ്യത്തിന്‌ രണ്ടു രാജ്യങ്ങളെന്നോ രണ്ടു മതങ്ങളെന്നോ വേര്‍തിരിവില്ല. അത്തരം മനസ്സില്‍ അഹങ്കാരമില്ല. അതുകൊണ്ടുതന്നെ ഭയമില്ല; കാമവും ക്രോധവുമില്ല. ആ മനസ്സ്‌ എല്ലാം പൊറുക്കുകയും മറക്കുകയും ചെയ്യുന്നു.
ഒരു ഇടനാഴിപോലെയാണ്‌ കാരുണ്യം. ആര്‍ക്കും അതിലൂടെ കടന്നുപോകാം. പക്ഷേ, ഒന്നിനും അതില്‍ തങ്ങിനില്‍ക്കാന്‍ കഴിയില്ല. കാരുണ്യം യഥാര്‍ത്ഥ പ്രേമത്തില്‍ നിന്ന്‌ ഉണ്ടാകുന്നു. പ്രേമത്തിന്‌ മമതയില്ല. ആ പ്രേമത്തിന്റെ പൂര്‍ണ്ണതയിലാണ്‌ കാരുണ്യം പ്രകാശിക്കുന്നത്‌.
ഭൂമിയിലെ എല്ലാത്തിലും ജീവചൈതന്യത്തെ കാണുകയും അനുഭവിക്കുകയും ചെയ്യുക- അതാണ്‌ പ്രേമം. പ്രേമം ഹൃദയത്തില്‍ നിറയുമ്പോള്‍ പ്രപഞ്ചത്തിലെങ്ങും ജീവചൈതന്യം തുടിക്കുന്നത്‌ നമുക്ക്‌ കാണാന്‍ കഴിയും.
മതം പറയുന്നു: ജീവചൈതന്യം പ്രേമമാണ്‌. അത്‌ അവിടെയുണ്ട്‌. ഇവിടെയുണ്ട്‌. എല്ലായിടത്തുമുണ്ട്‌. ജീവചൈതന്യമില്ലാതെ മറ്റൊന്നുമില്ല. പ്രേമവും എല്ലായിടത്തുമുണ്ട്‌. എവിടെ ജീവനുണ്ടോ, ജീവിതമുണ്ടോ അവിടെ പ്രേമമുണ്ട്‌!
അതുപോലെ പ്രേമമുള്ളിടത്തെല്ലാം ജീവനും ജീവിതവുമുണ്ട്‌. ജീവനും പ്രേമവും രണ്ടല്ല, ഒന്നാണ്‌. ബുദ്ധി മാത്രം പോരാ, പ്രേമവും കാരുണ്യവും വിശ്വാസവും നിറഞ്ഞ ഒരു ഹൃദയംകൂടിയുണ്ടെങ്കിലേ നമ്മുടെ ജീവിതം പൂര്‍ണ്ണമാകൂ. ഇതു പഠിപ്പിക്കുക എന്നതാണ്‌ മതത്തിന്റെയും
മതാനുഷ്ഠാനങ്ങളുടെയും ലക്ഷ്യം.
ബുദ്ധിയുടെയും യുക്തിയുടെയും കാലമാണിത്‌. ശാസ്‌ത്രത്തിന്റെ യുഗം. പക്ഷേ, അതിനിടെ സ്വന്തം ഹൃദയത്തെ നമ്മള്‍ മറന്നിരിക്കുന്നു. ഹൃദയത്തിന്റെ ഭാവങ്ങളും ഭാഷയും മറന്നിരിക്കുന്നു.
'ഞാന്‍ സ്‌നേഹത്തില്‍ വീണുപോയി' എന്ന്‌ പലരും പറയാറുണ്ട്‌. അതു പക്ഷേ, സ്വര്‍ത്ഥതയുടെയും ഭൌതികതയുടെയും സ്‌നേഹമാണ്‌. പ്രേമത്തില്‍ ഉണര്‍ന്നുയരാന്‍ നമുക്കു കഴിയുന്നില്ല. വീഴണമെങ്കില്‍ അത്‌ ബുദ്ധിയില്‍ നിന്ന്‌ ഹൃദയത്തിലേക്കായിരിക്കണം!

1 അഭിപ്രായം:

-സു‍-|Sunil പറഞ്ഞു...

അനുഭവമുണ്ടോ?