ശനിയാഴ്‌ച, ജൂലൈ 16, 2005

ഓർമകളിലെ കുളിർജ്വാല

ഓർമകളിലെ കുളിർജ്വാല
ഒ.എൻ.വി കുറുപ്പ്‌
സി.വി. കുഞ്ഞുരാമന്റെ കൂർമ്മബുദ്ധിയും നർമ്മബോധവും സർഗ്‌ഗഭാവനയും സി. കേശവന്റെ നിർഭയത്വവും ധീരതയും ഒത്തുചേർന്ന ഒരു യുവസിംഹമായിട്ടാണ്‌ കെ. ബാലകൃഷ്‌ണൻ പൊതുരംഗത്തേക്കു കടന്നുവന്നത്‌. തന്റെ ഉജ്ജ്വല പ്രഭാഷണങ്ങൾകൊണ്ട്‌ യുവാക്കളുടെ, പ്രത്യേകിച്ച്‌ വിദ്യാർത്ഥികളുടെ ഹീറോ ആയി. ആദ്യമായി ആ പ്രഭാഷണം കേൾക്കാനിടവന്ന സന്ദർഭത്തെപ്പറ്റി അടുത്തകാലത്തൊരു കവിതയിൽ ഞാൻ കുറിച്ചിട്ടതിങ്ങനെയാണ്‌:
"ജൂണിലെ മഴ ചാറാൻ
തുടങ്ങുന്നതുപോലെ....
ഞാനെന്റെ കൌമാരത്തെ
നേർക്കുനേർ കാണും പോലെ....
സാക്ഷ്യപത്രങ്ങൾ ഭദ്ര-
മായ്‌ പൊതിഞ്ഞതും പേറി
പോർട്ടിക്കോവിലായ്‌ വിളി-
കാത്തുനിൽക്കവേ, മുന്നിൽ
കാരിരുമ്പിനാൽ തീർത്തൊ-
രസ്ഥികൂടംപോലൊരാൾ
നേരെയാമാവിൻ ചോട്ടി,-
ലെങ്ങോനിന്നണയുന്നു.
സായ്‌പിന്റെ ഭരണത്തെ-
ത്താങ്ങിനിർത്തിടും നാട്ടു-
സായിപ്പന്മാർക്കെതിരേ തൻ
വാക്‌ശരം വർഷിക്കുന്നു.
മുഷ്‌ടികളേതോ കാമ-
ധേനുവിന്നകിട്ടിലായ്‌
മുട്ടുന്നൂ സ്വാതന്ത്യ്‌രത്തിൻ
അമൃതം കവർന്നീടാൻ...."

"ഒരു മാവിനുചുറ്റും" എന്ന പേരിൽ, യൂണിവേഴ്‌സിറ്റി കോളേജിൽ 1946 ജൂണിലൊരു ദിവസം ഇന്റർവ്യൂവിന്‌ വന്ന ദിവസത്തെ അനുഭവമാണതിൽ വിവരിച്ചിട്ടുള്ളത്‌. "കാരിരുമ്പിനാൽ തീർത്തൊരസ്ഥികൂടം പോലൊരാൾ" സാക്ഷാൽ കെ. ബാലകൃഷ്‌ണനായിരുന്നു. അന്ന്‌ ചെയ്ത പ്രസംഗത്തിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്തതും മറ്റും ഇന്ന്‌ ചരിത്രമായ സ്ഥിതിക്ക്‌ അക്കഥയൊന്നും വിസ്തരിക്കുന്നില്ല.

മധുര അമേരിക്കൻ കോളേജിൽനിന്ന്‌ ബിരുദമെടുത്തുവന്ന രണ്ട്‌ ചെറുപ്പക്കാർ ഇംഗ്ലീഷിലും മലയാളത്തിലും 'തീപ്പൊരിപ്രസംഗം' ചെയ്ത്‌ യുവഹൃദയങ്ങളെ ഇളക്കിമറിച്ചിരുന്നു-കെ. ബാലകൃഷ്‌ണനും ജി.ജനാർദ്ദനക്കുറുപ്പും. പിൽക്കാലത്ത്‌ പ്രൊഫ. മാത്യുതരകൻ ആ ശിഷ്യന്മാരെ പ്രശംസിക്കുന്നത്‌ ഞാൻ കേട്ടിട്ടുണ്ട്‌. അങ്ങനെ വിപ്‌ളവവിദ്യാർത്ഥി പ്രസ്ഥാനത്തിൽ പ്രഭാഷകനായി, സംഘാടകനായി തുടക്കംകുറിച്ച കെ. ബാലകൃഷ്‌ണൻ പിന്നീട്‌ പത്രപ്രവർത്തനരംഗത്ത്‌ റിപ്പോർട്ടർ മുതൽ പത്രാധിപർവരെയായി. യൂണിവേഴ്‌സിറ്റി കോളേജങ്കണത്തിൽ 1946 - 47 കാലത്ത്‌ പല ദേശീയ നേതാക്കളുടെയും പ്രസംഗം സശ്രദ്ധം കേട്ടുകൊണ്ടിരുന്നിട്ട്‌ ഒരൊഴിഞ്ഞ കോണിൽ പോയിരുന്ന്‌ നന്നായൊന്ന്‌ മുറുക്കി, കുറച്ച്‌ കടലാസും പേനയും സമ്പാദിച്ച്‌ ഒറ്റയിരുപ്പിൽ ആ പ്രസംഗം മുഴുവൻ ഓർമ്മയിൽനിന്ന്‌ പകർത്തി പത്രമാഫീസിലേക്ക്‌ കൊടുത്തയയ്ക്കുന്ന ആ റിപ്പോർട്ടർ പലരെയും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്‌. ജയപ്രകാശ്‌ നാരായണന്റെ, അരുണാ ആസഫലിയുടെ, കെ.പി.എസ്‌. മേനോന്റെ-അങ്ങനെ പലരുടെയും പ്രഭാഷണങ്ങൾ ഓർമ്മയിൽ രേഖപ്പെടുത്തി, ഏതാൾക്കൂട്ടത്തിനുനടുവിലിരുന്ന്‌ അത്‌, കാതലായ അംശങ്ങളൊന്നും നഷ്‌ടപ്പെട്ടുപോകാതെ റിപ്പോർട്ട്‌ രൂപത്തിലാക്കാൻ കെ. ബാലകൃഷ്‌ണന്‌ കഴിഞ്ഞിരുന്നു. ഈ റിപ്പോർട്ടർ പിൽക്കാലത്ത്‌ കൌമുദി' വാരികയുടെ ജീവാത്‌മാവും പരമാത്‌മാവുമായിത്തീർന്നപ്പോൾ, അദ്ദേഹം "കൌമുദി ബാലകൃഷ്‌ണൻ" എന്ന ജീവിച്ചിരിക്കുന്ന ലെജൻഡായി മാറി. പത്രപ്രവർത്തനം എത്രമാത്രം സർഗ്ഗാത്‌മകമാക്കാമെന്നും മാറ്റങ്ങൾ കുറിക്കാനുള്ള ആയുധമാക്കാമെന്നും തെളിയിച്ച കെ. ബാലകൃഷ്‌ണൻ സ്വന്തം പത്രത്തിന്റെ പേരിൽത്തന്നെ അറിയപ്പെട്ടു.

ജീവിതത്തെ സംബന്‌ധിക്കുന്നതൊന്നും അന്യമല്ലാതിരുന്ന കൌമുദിയിലെ പത്രാധിപക്കുറിപ്പുകൾ സമകാലിക രാഷ്‌ട്രീയത്തിന്റെയും സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയുമെല്ലാം നിർഭയമായ നിരൂപണങ്ങളും വിലയിരുത്തലുകളുമായി. ചോദ്യോത്തരപംക്തി മൌലികശോഭയുള്ള ഉപരിചിന്താപ്രേരകമായ സൂക്തിരത്‌നങ്ങളായി. "രൂപലാവണ്യമുള്ള ഒരു പെണ്ണ്‌ സ്വഭാവശുദ്ധിയില്ലാത്തവളായാലോ?" എന്ന ചോദ്യത്തിന്‌ "പരോപകാരിയായിരിക്കും" എന്നു മറുപടി. അതിലേറെ ചിരിക്കാൻ വക നൽകുന്ന മറ്റൊന്നിങ്ങനെ:

ചോ : "വർഗ്ഗീസും നർഗീസും തമ്മിലുള്ള വ്യത്യാസമെന്താണ്‌ ബാലേട്ടാ...."

ഉത്തരം : "വർഗ്ഗീസിന്റെ 'വാ'യിൽ 'നാ' കേറിയാൽ നർഗീസാകും" അസംബന്‌ധ ചോദ്യത്തെ അസംബന്‌ധ മറുപടികൊണ്ട്‌ അനായാസം നേരിടുന്ന പത്രാധിപർ ചിലപ്പോൾ, ഗൌരവക്കാരനായി മാറുന്നത്‌ കാണാം. "താങ്കൾ മരിച്ചാൽ താങ്കളെ അടക്കം ചെയ്യുന്ന കല്ലറയിൽ കൊത്തിവയ്ക്കാൻ ഏത്‌ ആംഗ്ലേയകവിയുടെ പദ്യശകലമായിരിക്കും തിരഞ്ഞെടുക്കുക?" എന്ന ചോദ്യത്തിന്‌ "എന്റെ കല്ലറയിൽ എന്തെങ്കിലും കൊത്തിവയ്ക്കണമെന്ന്‌ വിചാരിക്കുന്നവർ എന്നെ അറിഞ്ഞവരല്ല" എന്നുത്തരം പറയുമ്പോൾ, സ്വന്തം മരണാനന്തരജീവിതത്തെപ്പറ്റി നിസ്സംഗത പുലർത്തുന്ന ഒരു വലിയ മനസ്സ്‌ നാം കാണുന്നു.

"മരണാനന്തരം ശാശ്വതസൌഖ്യം കിട്ടാനെന്തുവേണ"മെന്ന ചോദ്യത്തിന്‌ "മരിച്ചാൽ മതി" എന്ന ഉത്തരമല്ലാതെ മറ്റെന്ത്‌ പറയാൻ.
" മൊട്ടിനാണോ, പുഷ്‌പത്തിനാണോ കൂടുതൽ മോഹം?" എന്ന ചോദ്യത്തിന്‌ അതർഹിക്കുന്ന ഗൌരവത്തോടെ ചിന്താബന്‌ധുരമായ മറുപടിയിങ്ങനെ: "മൊട്ടിന്റെ മോഹം വിടരാനാണ്‌. പുഷ്‌പത്തിന്റെ മോഹം വാടാതിരിക്കാനും ഇണ ചേരാനുമാണ്‌. നിലനില്‌പിനുള്ള മോഹം. ഒന്ന്‌ കർമ്മനിരതമായ ഉൽക്കട വികാരത്തിൽനിന്നും, മറ്റൊന്ന്‌ ഭവിഷ്യത്തിനെപ്പറ്റിയുള്ള ചിന്തയുണ്ടാക്കുന്ന അങ്കലാപ്പിൽനിന്നും ഉടലെടുക്കുന്നു. ശക്തി കൂടുതൽ രണ്ടാമത്തേതിനാണ്‌".

ചില ഉത്തരങ്ങളിൽ ആത്‌മകഥാംശമുണ്ട്‌.
"ഒരു പഴയ മുഖ്യമന്ത്രിയുടെ മകൻ എന്ന്‌ ചിലപ്പോഴെങ്കിലും സ്വയം അഭിമാനിച്ചിട്ടില്ലേ?" എന്ന ചോദ്യത്തിന്‌ "നെഞ്ചുകീറി നേരിനെ കാട്ടു"ന്ന ഒരുത്തരമാണ്‌ നൽകുന്നത്‌: "ഞാനൊരിക്കലും ഒരു മുഖ്യമന്ത്രിയുടെ മകനായിരുന്നില്ല. സ്ഥലത്തുണ്ടായിരുന്ന ഏകപുത്രൻ ഞാനായിരുന്നെങ്കിലും മുഖ്യമന്ത്രി സി. കേശവനുമൊത്ത്‌ ഒരിക്കലും ഞാൻ സഞ്ചരിച്ചിട്ടില്ലെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എനിക്കെന്റെ അച്ഛനെ വലിയ ബഹുമാനവും ഭയവുമാണ്‌. മുഖ്യമന്ത്രി സി. കേശവനെ അത്ര വലിയ ഭയമൊന്നുമുണ്ടായിരുന്നില്ല." ഒട്ടുനീണ്ടുപോയ ഈ ഉത്തരം ഞാനിവിടെ ഉദ്ധരിക്കുന്നത്‌, അധികാരത്തെയല്ല, മാനുഷികബന്‌ധങ്ങളെ മാനിക്കുന്ന തന്റെ മനസ്സ്‌ ബാലകൃഷ്‌ണൻ തുറന്നുകാട്ടുന്നതിനൊരുദാഹരണമെന്ന നിലയ്ക്കാണ്‌.
സ്വന്തം പിതാവിന്റെ നേർക്കുള്ള ആദരാതിരേകം അഭിമാനത്തോടെ അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്യുന്നു.

കെ. ബാലകൃഷ്‌ണന്റെ സർഗ്ഗാത്‌മകതയുടെ പൊന്നോമനസ്സന്താനമേതെന്നു ചോദിച്ചാൽ "കൌമുദി" എന്ന ഉത്തരം തന്നെയാവും ഏറ്റവുമധികം പേരിൽ നിന്നുണ്ടാവുക. ഒരു നല്ല പത്രാധിപർ നല്ല മുഖക്കുറിപ്പെഴുത്തുകാരൻ മാത്രമല്ല, പലരെയും കൊണ്ടെഴുതിക്കുന്നതിൽ വൈദഗ്ദ്ധ്യം കാട്ടുന്നയാൾ കൂടിയാണ്‌. ബഷീറും തകഴിയും മുതൽ എഴുതിത്തെളിഞ്ഞുവരുന്നവർവരെ എത്രയെത്ര പേരാണ്‌ കൌമുദി പത്രാധിപരിൽ തങ്ങളുടെ സർഗ്‌ഗാത്‌മകതയ്ക്ക്‌ ഏറ്റവുമനുകൂലമായ കാലാവസ്ഥ കണ്ടെത്തിയതെന്ന്‌ ഇന്നേറെ പ്രസിദ്ധമാണ്‌. ബഷീറിന്റെ "മതിലുകളു"ടെ മാത്രം കഥ മതി അത്‌ സാക്ഷ്യപ്പെടുത്താൻ. ജി. വിവേകാനന്ദന്റെ "കള്ളിച്ചെല്ലമ്മ"യുടെ പിന്നിൽ എന്റെ ഓർമ്മ ശരിയാണെങ്കിൽ കെ. ബാലകൃഷ്‌ണന്റെ പ്രേരണയും പ്രചോദനവുമുണ്ടായിരുന്നു. തകഴിയുടെ കാര്യം പ്രത്യേകം പറയേണ്ടതില്ല. കൌമുദി ഓണം വിശേഷാൽപ്രതിയുടെ കാലമായാൽ കെ.എസ്‌. ചെല്ലപ്പൻ, പ്രൊഫ. എൻ. കൃഷ്‌ണപിള്ള സാറിന്റെ ഉമ്മറത്തുവന്ന്‌ അദ്ദേഹം ഒരേകാങ്ക നാടകം പുതുതായെഴുതി പൂർത്തിയാകുംവരെ തപസ്സിരിക്കാറുള്ളതിനെപ്പറ്റി സാറിന്റെ ഒരു പഴയ ലേഖനം തന്നെയുണ്ട്‌. തന്റെ പ്രതിഫലം നൂറുറുപ്പികയാണെന്ന്‌ ഒരെഴുത്തുകാരൻ ഓർമ്മപ്പെടുത്തിയപ്പോൾ, നൂറുറുപ്പിക അയച്ചുകൊടുത്ത്‌ വിനയാന്വിതനായി മറുപടി നൽകിയത്‌ മറ്റൊരു കഥ. ("അന്ത'ഹന്ത'യ്ക്ക്‌ ഇന്തപ്പട്ട്‌"). അര നൂറ്റാണ്ടിനു മുമ്പ്‌ 'കൌമുദി'യിലാദ്യമായി പ്രസിദ്ധീകരിച്ച എന്റെ കവിതയ്ക്ക്‌ ഇരുപത്തഞ്ചു രൂപയുടെ ഒരു ചെക്ക്‌ ഒപ്പിട്ടയച്ചത്‌ ഞാനിന്നും കൃതജ്ഞതയോടെ ഓർക്കുന്നു.

കൌമുദി വാരികയ്ക്ക്‌ അന്ന്‌ രണ്ടണയായിരുന്നു വില എന്നു കൂടി ഓർക്കണം. കെ. ബാലകൃഷ്‌ണന്‌ സിനിമാരംഗത്തും ഒരു മേൽവിലാസം കൈവരുന്നതിന്‌ ആകസ്‌മിക കാരണങ്ങളാൽ കാലം അനുകൂലിക്കാതെ പോയ കഥ ചിലർക്കെങ്കിലും ഇന്നുമറിയാം. തൊള്ളായിരത്തി അമ്പത്തിമൂന്നിലാണെന്നാണോർമ്മ യൂണിവേഴ്‌സിറ്റി കോളേജിലെ മലയാളം എം.എ. ക്‌ളാസ്സിന്റെ വരാന്തയിൽ എന്നെ അന്വേഷിച്ച്‌ ഒരാൾ വരുന്നു - കൈയിലൊരു കുറിപ്പുണ്ട്‌, കൌമുദി ബാലകൃഷ്‌ണന്റെ. അന്നു വൈകിട്ട്‌ ക്‌ളാസ്സു വിട്ടാൽ രാജഗോപാലാചാരി റോഡിലുള്ള ശ്രീ. കെ. എം.കെ.മേനോന്റെ വസതിയിൽ വരണം. അതനുസരിച്ച്‌ ഞാൻ പോകുന്നു. അവിടെ കൌമുദി ബാലകൃഷ്‌ണൻ എന്നെ കാത്തിരിക്കുന്നു. "ത്യാഗസീമ" എന്ന തന്റെ കഥ സിനിമയാക്കുന്നു. സത്യനും പ്രേംനസീറും അതിലഭിനയിക്കുന്നു. പാട്ടെഴുതണം. എന്നിട്ട്‌ വിസ്തരിച്ച്‌ കഥ പറയുന്നു. സന്ദർഭങ്ങൾ പറയുന്നു. 'കാലം മാറുന്നു' എന്ന സിനിമയ്ക്കുവേണ്ടി പാട്ടെഴുതുന്നതിനും മുമ്പാണ്‌ ഈ സംഭവം. വളരെ സന്തോഷത്തോടെ സമ്മതിച്ചു മടങ്ങി. ഷൂട്ടിംഗ്‌ തുടങ്ങിവച്ചു. അതിൽ നിന്ന്‌ ചില 'സ്റ്റിൽസ്‌' കൌമുദിയിലും മറ്റും അച്ചടിച്ചുവന്നു. പക്ഷേ, അതു മുന്നോട്ടുപോയില്ല. 'ത്യാഗസീമ' ഞാൻ പാട്ടെഴുതിയ ആദ്യചിത്രമായില്ല. ബാലൻ ഒന്നാംതരം സിനിമാ നിരൂപണങ്ങളെഴുതിയതല്ലാതെ, ആ രംഗത്ത്‌ മറ്റൊന്നും ഉണ്ടായില്ല.

കെ. ബാലകൃഷ്‌ണൻ നിയമസഭാംഗമായി. ഐക്യമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച്‌ പാർലമെന്റംഗവുമായി. ഞങ്ങൾക്കൊക്കെ വലിയ പ്രതീക്ഷയായിരുന്നു. നിയമസഭയിൽ ഇംഗ്ലീഷിലും മലയാളത്തിലും അക്കാലത്ത്‌ അംഗങ്ങൾ പ്രസംഗിക്കുന്ന പതിവുണ്ടായിരുന്നു. ബാലൻ രണ്ടിലും സമർത്ഥനും. എന്നാൽ, ട്രഷറി ബഞ്ചിനെ ക്ഷീണിപ്പിക്കുന്ന പൊടുന്നനെയുള്ള 'കമന്റുകൾ' കൊണ്ട്‌ ബാലൻ കൂടുതൽ ശ്രദ്ധേയനായി. ഒരിക്കലൊരു മന്ത്രിയുടെ ഇംഗ്ലീഷിനെന്തോ ചെറിയൊരു പിഴവു സംഭവിച്ചപ്പോൾ ചാടിയെഴുന്നേറ്റ്‌,If not fair to the people, at least be fair to the grammar എന്നു പറഞ്ഞത്‌ ഒന്നോർത്തു ചിരിക്കാൻ വക നൽകുന്നു.

പാർലമെന്റിലെ ബാലന്റെ ചെയ്തികളെപ്പറ്റി വലുതായൊന്നുമറിയില്ല. തുടക്കം വളരെ തിളക്കമാർന്നതായിരുന്നു എന്നു കേട്ടിട്ടുണ്ട്‌. എന്നാൽ പാർലമെന്റിലെ നടപടികളെപ്പറ്റി ബാലന്‌ ഒരുതരം നിസ്സംഗതയോ വെറുപ്പു തന്നെയോ തോന്നിത്തുടങ്ങി എന്നും കേട്ടിട്ടുണ്ട്‌.

"തന്റെ ദുഃഖങ്ങളെ മദ്യത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച ചരിത്രത്തിലെ ആദ്യത്തെ വ്യക്തിയൊന്നുമല്ല കെ. ബാലകൃഷ്‌ണൻ (അവസാനത്തേതുമാവാനിടയില്ല!) എന്നാൽ, സ്വന്തം സമ്പൂർണ്ണതാബോധം അതികഠിനമായ നിഷ്ഫലതാബോധത്തിന്റെ രൂക്ഷശിലയിൽ തട്ടിത്തകരുമ്പോൾ, സ്വന്തം പ്രസ്ഥാനത്തെയോ സഹപ്രവർത്തകരെയോ ശപിച്ചും ശകാരിച്ചും പ്രതികരിക്കുന്ന നിന്ദ്യവാസന കെ. ബാലകൃഷ്‌ണനുണ്ടായിരുന്നില്ല. ട്രോജൻ യുദ്ധത്തിന്റെ വിജയത്തിന്‌ നിർണ്ണായകമായ പങ്കുവഹിച്ച 'അക്കില്ലിസ്‌' എന്ന യവനയുദ്ധവീരൻ, സ്വന്തം ആളുകൾ - അതും അല്‌പന്മാർ- തനിക്കെതിരേ തിരിയുന്നത്‌ കണ്ട്‌ കപ്പൽത്തട്ടിലിരുന്ന്‌ കണ്ണീരൊഴുക്കുന്ന ചിത്രമാണ്‌ അവസാനകാലത്ത്‌ കെ.ബാലകൃഷ്‌ണൻ അനുസ്‌മരിപ്പിച്ചിരുന്നത്‌. എങ്കിലെന്ത്‌? കൌമുദി ബാലകൃഷ്‌ണൻ എന്നത്‌ മലയാള പത്രപ്രവർത്തനത്തിൽ ഒരു കാലഘട്ടത്തിന്റെ പേരായിരുന്നു; നമ്മുടെ പൊതുജീവിതത്തിൽ സാഹസികമായ ധീരതയുടെ പര്യായമായിരുന്നു; "നനഞ്ഞു പോയി, എങ്കിലും ജ്വാല" എന്ന്‌ സ്വയം വിശേഷിപ്പിച്ചപ്പോൾ, അത്‌ അജയ്യനായ ഒരു പടയാളിയുടെ ഉണങ്ങാത്ത മുറിവിന്റെ വേദനയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: