ചൊവ്വാഴ്ച, ജൂലൈ 19, 2005

രാമായണത്തിലെ ഔഷധ സമ്പത്ത്‌

കർക്കിടക കഞ്ഞിയും രാമായണശീലുകളുടെ സ്പർശവും കർക്കിടകത്തിൽ ഭക്‌തന്‌ ഔഷധമാകുന്നു. ഔഷധങ്ങളുടെ ഒരു അക്ഷയഖനി തന്നെയാണ്‌ രാമായണം. രാമായണ കർത്താവായ വാൽമീകി മഹർഷി മുതൽ ഔഷധങ്ങളും മന്ത്രങ്ങളും അനുഗ്രഹവർഷമായി നിറഞ്ഞു നിൽക്കുന്നതു കാണാം. വാൽമീകി മഹർഷി കാട്ടാളജീവിതത്തിൽനിന്നു മഹർഷിപദത്തിന്റെ വിശുദ്ധിയിലേക്കു വളർന്നത്‌ താരകമന്ത്രമായ രാമാനാമത്തിന്റെ ശ്രേഷ്ഠതയാലാണ്‌. ഇതേ താരകമന്ത്രമാണ്‌ സമുദ്രലംഘനം നടത്താൻ ശ്രീഹനുമാനു തുണയായതും.

പശിദാഹങ്ങളകറ്റാൻ ബലയും അതിബലയും ഉപദേശിക്കുന്നതും അങ്ങനെ മന്ത്രങ്ങളാൽ വിശപ്പും ദാഹവും ശമിപ്പിക്കാൻ കഴിയുമെന്ന കാര്യവും രാമായണമാണ്‌ നമ്മേ പഠിപ്പിക്കുന്നത്‌. ശരീരത്തിൽ തറച്ച ആയുധങ്ങളെ പുറന്തള്ളുന്ന ഔഷധമാണ്‌ വിശല്യകരണി. മുറിവുകളെ കൂട്ടിയോജിപ്പിക്കുന്ന ഔഷധമാണ്‌ സന്ധാനകരണി. രാമായണത്തിൽ വിവരിക്കുന്ന ഔഷധസമ്പത്തുകളിൽ ഏതാനും ചിലതുമാത്രമാണ്‌ ഇവ.

മുറിവുകളുടെ പാടകളും വടുക്കളും ഒഴിവാക്കുന്ന "പ്ലാസ്റ്റിക്‌ സർജറി'യുടെ ഫലം ചെയ്യുന്ന ഔഷധങ്ങളും രാമായണത്തിൽ കാണാം. സുവർണ്ണകരണി ശരീരത്തിലെ പാടുകളും വടുക്കളും ഇല്ലാതാക്കുന്നു. മരണത്തിന്റെ പിടിയിലമരുന്ന ജീവനെ തിരികെയെത്തിക്കാൻ സിദ്ധിയുള്ള മൃതസഞ്ജീവനി രാമായണത്തിൽ ഏറെ പ്രസിദ്ധമാണ്‌. അങ്ങനെ രാമായണം ഔഷധങ്ങളാലും ദിവ്യമന്ത്രങ്ങളാലും സമ്പന്നമാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല: