ബുധനാഴ്‌ച, ജൂലൈ 27, 2005

ചേരമാൻ പള്ളി - ചരിത്രവഴികളുടെ സംഗമസ്ഥാനം

ചേരമാൻ പള്ളി
ചരിത്രവഴികളുടെ സംഗമസ്ഥാനം
ഡോ.എം.എസ്‌. ജയപ്രകാശ്‌

കേരള സന്ദർശനവേളയിൽ
രാഷ്‌ട്രപതി എ.പി.ജെ അബ്‌ദുൾകലാം കൊടുങ്ങല്ലൂരിലെ ചേരമാൻപള്ളി
സന്ദർശിക്കുന്നു. ചരിത്ര പ്രവാഹങ്ങളുടെ മഹാസംഗമസ്ഥലമാണ്‌ ചേരമാൻ പള്ളി
കൊടുങ്ങല്ലൂരിലെ ചേരമാൻ പള്ളി ഒരിക്കൽകൂടി ചരിത്രത്തിൽ ശ്രദ്ധാകേന്ദ്രമാകുകയാണ്‌. നമ്മുടെ രാഷ്‌ട്രപതി എ.പി.ജെ. അബ്‌ദുൽകലാം കേരളത്തിൽ എത്തുമ്പോൾ ചേരമാൻ പള്ളി സന്ദർശിക്കണമെന്ന്‌ ആഗ്രഹം പ്രകടിപ്പിച്ചതാണ്‌ ഇപ്പോൾ പള്ളിക്ക്‌ വാർത്താപ്രാധാന്യമുണ്ടാവാൻ കാരണമായത്‌. ലോകചരിത്രത്തിൽതന്നെ ശ്രദ്ധേയമായ സ്ഥാനമുള്ള ചേരമാൻ പള്ളിക്ക്‌ കേരളചരിത്രത്തിൽ അനുപമമായ ഇടമാണുള്ളത്‌.

അനിസ്ലാമികമെന്ന്‌ ചില മുസ്ലിം കേന്ദ്രങ്ങളെങ്കിലും കരുതുന്ന ആചാരങ്ങൾ നടക്കുന്ന മുസ്ലിം ദേവാലയമാണ്‌ ഈ പള്ളി. അടുത്തകാലത്ത്‌ ഈ ആചാരങ്ങൾ വിവാദമുണ്ടാക്കുകയും ചെയ്തു. കഴിഞ്ഞ വർഷത്തെ വിജയദശമിനാളിൽ ചേരമാൻ പള്ളിയിൽ കുട്ടികളെ എഴുത്തിനിരുത്തിയ സംഭവം വാർത്താപ്രാധാന്യം നേടിയിരുന്നല്ലോ. ഹിന്ദുക്കളും മുസ്ലിങ്ങളും കുട്ടികളെ അവിടെ എഴുത്തിനിരുത്തുകയുണ്ടായി. ചില മുസ്ലിം കേന്ദ്രങ്ങൾ എതിർപ്പ്‌ പ്രകടിപ്പിച്ചെങ്കിലും കൊടുങ്ങല്ലൂരിലെ പ്രബുദ്ധരായ മുസ്ലിം സഹോദരങ്ങൾ ചടങ്ങിൽനിന്ന്‌ പിൻമാറിയില്ല. പഴയ ചരിത്രത്തിന്റെ ഒരു തിരുശേഷിപ്പാണിതെന്ന കാര്യം അധികമാരും അറിഞ്ഞിട്ടില്ല.

അതുപോലെതന്നെ, നിലവിളക്ക്‌ കൊളുത്തിവയ്ക്കുന്ന ഇന്ത്യയിലെതന്നെ ഏക മുസ്ലിം പള്ളിയാണ്‌ ചേരമാൻ പള്ളി. നിലവിളക്ക്‌ കൊളുത്തുന്നത്‌ നിഷിദ്ധമാണെന്ന ഇസ്ലാമിക സങ്കൽപത്തിന്‌ വിരുദ്ധമാണിത്‌. എന്നാലും നിലവിളക്ക്‌ ചേരമാൻ പള്ളിയുടെ സാംസ്കാരികചരിത്രത്തിന്റെ ഭാഗമായിത്തന്നെ നിലനിൽക്കുകയാണ്‌. പള്ളിസന്ദർശിക്കുന്നവർക്ക്‌ ഈ വിളക്കിലെ എണ്ണ പ്രസാദമായി നൽകുകയും ചെയ്യുന്നു. ഹിന്ദുവെന്നോ മുസൽമാനെന്നോ വ്യത്യാസമില്ലാതെയാണ്‌ ഈ എണ്ണ പ്രസാദമായി വാങ്ങാൻ കൊടുങ്ങല്ലൂർ നിവാസികൾ ഈ പള്ളിയിലെത്തുന്നത്‌. ഇസ്ലാമിക സംസ്കാരം എത്തുന്നതിനുമുമ്പുതന്നെയുള്ള ബുദ്ധമതപാരമ്പര്യത്തിന്റെ തുടർച്ചയാണ്‌ ഇപ്പോഴത്തെ ഈ ആചാരങ്ങൾ എന്നുകാണാൻ വിഷമമില്ല.

'പള്ളി' എന്ന പദം അറബിപദമല്ല. പാലി ഭാഷയിലെ പദമാണ്‌ 'പള്ളി.' മലയാളത്തിലും അത്‌ പള്ളിതന്നെ. പള്ളി എന്നാൽ ബുദ്ധവിഹാരം എന്നാണ്‌ അർത്ഥം. കേരളത്തിൽ മുസ്ലിം സഹോദരങ്ങളും ക്രൈസ്തവ സഹോദരങ്ങളും അവരുടെ ദേവാലയത്തിന്‌ ഒരേ പദമാണ്‌ ഉപയോഗിക്കുന്നത്‌. രണ്ടുകൂട്ടരും പള്ളിയിലാണ്‌ പോകുന്നത്‌. കേരളത്തിലല്ലാതെ ലോകത്ത്‌ മറ്റൊരിടത്തും ക്രൈസ്തവരും മുസ്ലിങ്ങളും ദേവാലയത്തിന്‌ ഒരേപദം ഉപയോഗിക്കാറില്ല. മുസ്ലിങ്ങൾക്ക്‌ ദേവാലയം മസ്ജിദാണ്‌. പക്ഷേ, കേരളീയരായ മുസ്ലിങ്ങൾക്ക്‌ പള്ളിയാണ്‌ ദേവാലയം. കരുനാഗപ്പള്ളി, പാരിപ്പള്ളി, കാർത്തികപ്പള്ളി, ചന്ദനപ്പള്ളി, പള്ളിക്കൽ, പള്ളിമൺ, പള്ളിപ്പുറം, പള്ളിവാസൽ എന്നിങ്ങനെ പള്ളി ശബ്‌ദമുള്ള സ്ഥലനാമങ്ങൾ ബുദ്ധവിഹാരകേന്ദ്രങ്ങളായിരുന്നു. നമ്മുടെ സ്കൂളുകൾക്ക്‌ പള്ളിക്കൂടമെന്ന പേരാണല്ലോ ഉണ്ടായിരുന്നത്‌. ശബരിമലയ്ക്ക്‌ കൊണ്ടുപോകുന്ന കെട്ടിനെ പള്ളിക്കെട്ടെന്നാണല്ലോ വിളിക്കുന്നത്‌. ഇതെല്ലാം തകർക്കപ്പെട്ട ബൌദ്ധപാരമ്പര്യത്തിന്റെ ഭാഗം തന്നെയാണ്‌.

ബുദ്ധവിഹാരങ്ങളായിരുന്ന പള്ളികൾ തകർക്കപ്പെട്ടതോടെ അവിടെ ക്ഷേത്രങ്ങൾ സ്ഥാപിക്കുകയുണ്ടായി. അപ്പോൾ ഭൂരിപക്ഷം വരുന്ന ജനങ്ങളെ ക്ഷേത്രത്തിൽ കയറ്റാതിരുന്നത്‌ അവർ പഴയ ബുദ്ധപാരമ്പര്യത്തിൽപ്പെട്ടവരായതുകൊണ്ടായിരുന്നു. ഇപ്രകാരം ജാതിവ്യവസ്ഥയിൽ മനുഷ്യാകവാശങ്ങൾ നിഷേധിക്കപ്പെട്ടവരാണ്‌ ഇസ്ലാമിക-ക്രൈസ്തവ മതപ്രസ്ഥാനങ്ങളിലുടെ മോചനം നേടിയത്‌. അവർക്ക്‌ ദേവാലയം ഉണ്ടാക്കിയപ്പോൾ 'പള്ളി' എന്ന നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പദം തന്നെ ക്രൈസ്തവരും മുസ്ലിങ്ങളും ഉപയോഗിക്കുകയാണ്‌ ഉണ്ടായത്‌. ഹിന്ദുക്കൾ ആ പദം ഉപയോഗിക്കാത്തതിന്റെയും ക്രൈസ്തവരും മുസ്ലിങ്ങളും ഉപയോഗിക്കുന്നതിന്റെയും കാരണമിതാണ്‌.

ഹൈന്ദവവൽക്കരണത്തിന്റെ ഭാഗമായ ക്ഷേത്രമാകാതെ ബുദ്ധപാരമ്പര്യത്തിൽനിന്നും നേരിട്ട്‌ ഇസ്ലാമികകേന്ദ്രമായതാണ്‌ ചേരമാൻപള്ളി. ബുദ്ധമത ധ്വംസനത്തിന്റെ ഭാഗമായി അരങ്ങേറിയ കൊലപാതകങ്ങളുടെയും തെറിവിളിയുടെയും പ്രതീകാത്‌മക ആചാരങ്ങൾ ഇന്നും കൊടുങ്ങല്ലൂരിൽ നടക്കുന്നുണ്ട്‌. ഈ പീഡനത്തിന്‌ വിധേയരായ അവിടത്തെ ജനത നഷ്‌ടപ്പെട്ട ബൌദ്ധപാരമ്പര്യത്തിന്റെ സ്ഥാനത്ത്‌ ഇസ്ലാമിക പാരമ്പര്യത്തെ പ്രതിഷ്ഠിച്ചു എന്നതാണ്‌ ചരിത്രസത്യം.

ചേരമാൻ പെരുമാളും പള്ളിവാണ പെരുമാളും
അവസാനത്തെ ചേരരാജാവായിരുന്ന ചേരമാൻ പെരുമാൾ ഇസ്ലാംമതം സ്വീകരിച്ച്‌ മെക്കയ്ക്ക്‌ പോയതായും അതിനെ തുടർന്ന്‌ കേരളത്തിൽ (കൊടുങ്ങല്ലൂർ) എത്തിയ മാലിക്‌ ഇബ്‌നുദിനാറാണ്‌ ഇന്നത്തെ ചേരമാൻ പള്ളി സ്ഥാപിച്ചതെന്നും പറയുന്നുണ്ട്‌. ചേരമാൻ പെരുമാളും പള്ളിവാണ പെരുമാളും ഒന്നാണോ അതോ വ്യത്യസ്തകാലഘട്ടത്തിൽ ജീവിച്ചിരുന്നവരാണോ എന്ന കാര്യത്തിൽ ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്‌. എന്തായാലും മാലിക്‌ ദിനാറുമായി ബന്‌ധമുള്ള ഒരു ചേരരാജാവ്‌ ഉണ്ടെന്നത്‌ തർക്കമറ്റകാര്യമാണ്‌. ആ ചേരരാജാവ്‌ ഇസ്ലാംമതം സ്വീകരിച്ചിരിക്കാനും സാദ്ധ്യതയുണ്ട്‌. ബുദ്ധമത സംസ്കാരം തകർന്നതോടെ നല്ലൊരു വിഭാഗം ജനങ്ങൾ ഇസ്ലാമിൽ അഭയം പ്രാപിച്ചു എന്ന്‌ മുമ്പു സൂചിപ്പിച്ചുവല്ലോ. ചേരരാജാവും ഇപ്രകാരം ഇസ്ലാംമതം സ്വീകരിച്ചു എന്നുവേണം കരുതാൻ. ഇന്നത്തെ കൊടുങ്ങല്ലൂരിൽ ഇസ്ലാമിക സമൂഹം ശക്തമാണെന്നത്‌ ഇക്കാര്യം വെളിപ്പെടുത്തുന്നുമുണ്ട്‌.

നിഷ്കാസനം ചെയ്യപ്പെട്ട പള്ളിവാണ പെരുമാൾക്കുശേഷം വന്ന ചേരമാൻ പെരുമാൾ ബൌദ്ധസംസ്കാരം തുടരാൻ കഴിയാത്ത സാഹചര്യത്തിൽ ഇസ്ലാം മതത്തിലേക്ക്‌ മാർഗ്‌ഗം കൂടി എന്നതാണ്‌ മക്കത്തു പോയ പെരുമാളുടെ ചരിത്രം. മക്കത്തുപോയ പെരുമാളുടെ ചരിത്രവും കേരളോൽപത്തിയിൽ പറയുന്നുണ്ട്‌. കുലശേഖര പെരുമാൾ, ചേരമാൻ പെരുമാൾ എന്നീ രണ്ടു ചേരരാജാക്കന്മാർക്കുമുമ്പാണ്‌ പള്ളിവാണവർ ജീവിച്ചിരുന്നതെന്നും കേരളോൽപത്തി വെളിപ്പെടുത്തിയിട്ടുണ്ട്‌. ഈ ചേരമാൻ പെരുമാളാണ്‌ ഇസ്ലാംമതം സ്വീകരിച്ച അവസാന ചേരരാജാവ്‌ എന്ന നിഗമനത്തെ ശരിവയ്ക്കുന്നതാണ്‌ മേൽപറഞ്ഞ ചരിത്രരേഖകളിലെ വെളിപ്പെടുത്തൽ. ഇദ്ദേഹത്തിന്റെ കാലഘട്ടം എ.ഡി. 800-844 ആയിരിക്കാമെന്ന്‌ ഇളംകുളം കുഞ്ഞൻപിള്ള അഭിപ്രായപ്പെടുന്നുമുണ്ട്‌ (ചില കേരളചരിത്ര പ്രശ്നങ്ങൾ, ഭാഗം 2, പുറം 57).

കൊടുങ്ങല്ലൂരിന്റെ ചരിത്രപ്പെരുമ
ചേരരാജ്യത്തിന്റെ തലസ്ഥാനമായിരുന്ന കൊടുങ്ങല്ലൂർ ക്രിസ്തുവിന്‌ അനേകം നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ റോം, ഈജിപ്‌ത്‌, ഗ്രീസ്‌ തുടങ്ങിയ രാജ്യങ്ങളുമായി വ്യാപാരബന്‌ധമുള്ള തുറമുഖ പട്ടണമായിരുന്നു. "യവനരുടെ (ഗ്രീക്കുകാരുടെ) വലിയ കപ്പലുകൾ ചേരരാജാവിന്‌ ചേർന്ന മനോഹരമായ പെരിയാറ്റിലെ നുരകളിളക്കിക്കൊണ്ടുവന്ന്‌ സ്വർണ്ണം കൊടുത്ത്‌ കുരുമുളകു വാങ്ങിക്കൊണ്ടുപോകുന്നു" എന്ന്‌ സംഘകാല കൃതിയായ അകനാനൂറിലെ 149-ാ‍ം ശ്ലോകത്തിൽ പറയുന്നു. കുരുമുളക്‌ കൂടാതെ മുത്ത്‌, പവിഴങ്ങൾ, രത്‌നക്കല്ലുകൾ, ആനക്കൊമ്പ്‌, പട്ടുതുണികൾ, പരുത്തി, വെറ്റില, അടയ്ക്ക, ആമത്തോട്‌ എന്നിവയും കൊടുങ്ങൂലിൽനിന്ന്‌ കയറ്റി അയച്ചിരുന്നു. ഇതിൽ ചില ചരക്കുകൾ പാണ്ടിനാട്ടിൽനിന്ന്‌ വന്നിരുന്നവയാണ്‌.

ചേരനാടായിരുന്നു മറ്റ്‌ തമിഴ്‌ രാജ്യങ്ങളെക്കാൾ കൂടുതൽ ഫലഭുയിഷ്ഠവും കൂടുതൽ സമാധാനനിരതവും പാശ്ചാത്യർക്ക്‌ എളുപ്പം എത്തിച്ചേരാൻ കഴിയുന്നതുമായ രാജ്യമെന്ന്‌ വാർമിംഗ്‌ടൺ തന്റെ 'ഇന്ത്യയും റോമുമായുള്ള വാണിജ്യബന്‌ധം' എന്ന കൃതിയിൽ പറയുന്നു. വളരെ നേർത്ത തുണിത്തരങ്ങളും കൊടുങ്ങല്ലൂരിൽനിന്നും കയറ്റി അയച്ചിരുന്നു. "കാറ്റുകൊണ്ട്‌ തുന്നിയുണ്ടാക്കുന്ന ഇഴകളിലൂടെ തങ്ങളുടെ സൌന്ദര്യത്തെ പുരുഷന്മാരുടെ മുമ്പിൽ പ്രദർശിപ്പിച്ചുനടന്ന റോമിലെ നാണംകെട്ട മാന്യസ്‌ത്രീകളെ പെട്രോണിയസ്‌ എന്ന റോമൻ നേതാവ്‌ കഠിനമായി ആക്ഷേപിക്കുകയുണ്ടായി." (പുരാതന ദക്ഷിണേന്ത്യയെപ്പറ്റിയുള്ള കൃഷ്‌ണസ്വാമി അയ്യങ്കാരുടെ കൃതി, വാല്യം 2, പുറം-680). ചേരനാട്ടിൽനിന്ന്‌ അയച്ചിരുന്ന വസ്തുക്കളുടെ സ്വതേയുള്ള വിലയുടെ നൂറിരട്ടി വിലയ്ക്കാണത്രേ അവ റോമിന്‌ വിറ്റിരുന്നത്‌. എ.ഡി ഒന്നാം നൂറ്റാണ്ടിൽ കൊടുങ്ങല്ലൂരായിരുന്നു ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാരകേന്ദ്രമെന്ന്‌ പ്‌ളിനി എന്ന റോമൻ ഗ്രന്ഥകാരൻ പറയുന്നത്‌ ശ്രദ്ധേയമാണ്‌. 'ഓസലിസ്‌' എന്ന സ്ഥലത്തുനിന്നും പുറപ്പെട്ടാൽ 'ഹിപ്പാലസ്‌' എന്ന തെക്കുപടിഞ്ഞാറൻ കാറ്റിന്റെ സഹായത്താൽ നാൽപതു ദിവസംകൊണ്ട്‌ റോമിൽ നിന്ന്‌ കൊടുങ്ങല്ലൂരിൽ എത്താമെന്നും പ്‌ളിനി പറയുന്നുണ്ട്‌.

ഈ ചേരപാരമ്പര്യവും ബൌദ്ധസംസ്കൃതിയും സമ്പൽസമൃദ്ധിയുമാണ്‌ ആര്യവൽക്കരണത്തോടെ തകർക്കപ്പെട്ടത്‌. ഈ നഷ്‌ടസ്വർഗ്‌ഗത്തിൽ നിന്നാണ്‌ 'ചേരമാൻ പള്ളി' എന്ന ഇസ്ലാമിക സംസ്കൃതിയുടെ പുതുവസന്തം കൊടുങ്ങല്ലൂരിലുണ്ടായത്‌. മഹത്തായ ഈ പാരമ്പര്യത്തിന്റെ ചരിത്രവഴികളിലേക്കാണ്‌ രാഷ്‌ട്രപതിയായ എ.പി.ജെ. അബ്‌ദുൾ കലാം പറന്നിറങ്ങുന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല: