വ്യാഴാഴ്‌ച, ഓഗസ്റ്റ് 04, 2005

കർക്കടകവാവ്‌

അനന്തതയുടെ വിഹായസിൽ നിറചൈതന്യമായി തലമുറകളിലേക്ക്‌ അനുഗ്രഹം ചൊരിയുകയാണു പിതൃക്കൾ. ആ പിതൃക്കൾക്ക്‌ പുണ്യത്തിന്റെ ബലിപിണ്ഡവുമായി ഒരു നാൾ - കർക്കടകവാവ്‌. ഭാരതീയവിശ്വാസമനുസരിച്ച്‌ ഏറെ പ്രസക്‌തിയുണ്ട്‌ കർക്കടകമാസത്തിലെ കറുത്ത വാവിന്‌. മരിച്ചുപോയ ആത്മാക്കൾക്ക്‌ ബലിയർപ്പിച്ച്‌ പുതുതലമുറ സായുജ്യം നേടുന്ന കർക്കടകവാവ്്‌. ഇന്ന്‌ മുഴുവൻ സമയവും കർക്കടകവാവ്‌ (അമാവാസി) ഉണ്ട്‌. പിറ്റേന്ന്‌ 5 നാഴിക 43 വിനാഴിക വരെ കൂടി അമാവാസി ഉണ്ട്‌.

കേരളത്തിൽ കർക്കടകവാവിനു കൂടുതൽ പ്രാധാന്യമുണ്ട്‌. സംസ്ഥാനത്തെ പ്രശസ്‌തമായ തീർഥങ്ങളിൽ നൂറുകണക്കിന്‌ ആളുകൾ കർക്കടകവാവിനു ബലിയിടാനെത്തും. കേരളത്തിന്റെ തെക്കെന്നോ വടക്കെന്നോ വ്യത്യാസമില്ലാതെ ആലുവയിലും തിരുനാവായിലും തിരുവല്ലത്തുമെല്ലാം പിതൃസ്മരണയിൽ നിരവധി പേർ ഒത്തുചേരും.

പെരിയാറിലും ഭാരതപ്പുഴയിലുമുള്ള വിവിധ തീർഥഘട്ടങ്ങളിൽ ഒട്ടേറെ പേർ ഓരോ വർഷവും കർക്കടകവാവുദിവസം ബലിയിടാനെത്താറുണ്ട്‌. എല്ലാ മാസത്തിലെയും കറുത്ത വാവു ദിവസം പിതൃക്കൾക്കായി ശ്രാദ്ധം തുടങ്ങിയ കർമങ്ങൾ ചെയ്യാം. എന്നാൽ, കർക്കടകമാസത്തിലെയും തുലാമാസത്തിലെയും അമാവാസികൾക്കു കൂടുതൽ പ്രാധാന്യമുണ്ട്‌.

അമാവാസി ദിവസം വ്രതം അനുഷ്ഠിച്ചാൽ പിതൃപ്രീതിയുണ്ടാകുമെന്നാണു വിശ്വാസം. സമ്പത്ത്‌, ആരോഗ്യം, സന്താനങ്ങൾക്ക്‌ അഭിവൃദ്ധി തുടങ്ങിയ ഗുണഫലങ്ങൾ അമാവാസി വ്രതം കൊണ്ട്‌ ഉണ്ടാകുമെന്നു പറയുന്നു. ഈ ദിവസം രാത്രി ഭക്ഷണം ഒഴിവാക്കണം. പിതൃക്കൾക്കായി ശ്രാദ്ധമൂട്ടണം. സ്ഥാലീപാകത്തിന്റെ തലേ ദിവസമാണ്‌ അമാവാസി വ്രതവും പൌർണമിവ്രതവും ആചരിക്കേണ്ടതെന്നു ജ്യോതിഷഗ്രന്ഥങ്ങൾപറയുന്നു. സന്ധ്യയ്ക്കു മുമ്പ്‌ മൂന്നേമുക്കാൽ നാഴിക (ഒന്നര മണിക്കൂർ) പ്രഥമയുള്ള ദിവസമാണ്‌ സ്ഥാലീപാകദിനമായി കണക്കാക്കുന്നത്‌.

കർക്കടകവാവു തീരുന്നതോടെ ശ്രാവണമാസവും വർഷഋതുവും ആരംഭിക്കുകയായി. ഓഗസ്റ്റ്‌ ആറിന്‌ ആണ്‌ ശകവർഷത്തിലെ ശ്രാവണമാസം ആരംഭിക്കുന്നത്‌. മലയാളിയുടെ പൊന്നിൻ ചിങ്ങമാസം തന്നെ ശകവർഷത്തിലെ ശ്രാവണം. പക്ഷേ, ചിങ്ങംപിറക്കാൻ കുറച്ചു ദിവസം കൂടി കഴിയണമെന്നു മാത്രം. ശ്രാവണമാസം തുടങ്ങുന്ന ദിവസം തന്നെ ഗ്രീ ഷ്മഋതു കഴിഞ്ഞുള്ള വർഷഋതുവും ആരംഭിക്കും.

കടപ്പാട്‌ - മനോരമ ഓൺലൈൻ (ലിങ്ക്‌: http://www.
manoramaonline.com/servlet/ContentServer?pagename=manorama/MalArticle/Malfullstory&cid=1
122697099905&c=MalArticle&p=1008011212252&channel=
MalAstrology&count=6&colid=1008325541398
)

അഭിപ്രായങ്ങളൊന്നുമില്ല: