തിങ്കളാഴ്‌ച, ഓഗസ്റ്റ് 08, 2005

രാമൻ: സംയമനത്തിന്റെ മൂർത്ത രൂപം

രാമൻ: സംയമനത്തിന്റെ മൂർത്ത രൂപം
ഡോ. ചേരാവള്ളി ശശി

ആരെയും പ്രകോപിപ്പിക്കുന്നവിധം പെരുമാറുന്ന ശൈലി ചിലർക്കു ജൻമസിദ്ധമാണ്‌. മുള്ളും മുനയും വച്ച, വിഷം പുരട്ടിയ വാക്കുകൾ മറ്റുള്ളവരുടെ നെഞ്ചിലേക്ക്‌ അവർ തൊടുത്തുവിടും. ക്രോധംകൊണ്ട്‌ എന്തിനും തയാറെടുത്തു നിൽക്കുന്ന അവരുടെ മുൻപിൽ ആത്മസംയമനത്തോടെ പെരുമാറാനും അവരെ ശമപ്പെടുത്താനും എത്രപേർക്കു കഴിയും? അതിനു ധീരതയ്ക്കൊപ്പം ക്ഷമയും വിവേകവും പക്വതയും വേണം. വാല്മീകിയുടെ രാമനെവ്യത്യസ്‌തനാക്കുന്നത്‌ ഇവയെല്ലാമടങ്ങിയ അസാധാരണ വ്യക്‌തിത്വ വിശേഷമാണ്‌.

രാമായണത്തിലെ ഒട്ടേറെ കഥാസന്ദർഭങ്ങൾ രാമന്റെ ആത്മസംയമനത്തെ വെളിപ്പെടുത്തുന്നു. സീതാസ്വയംവരാനന്തരം മടങ്ങുന്ന ശ്രീരാമാദികളെ വഴിയിൽ തടയുന്ന 'കൈലാസംപോലെ ദുർദ്ധഷനും കാലാഗ്നിപോലെ ദുസ്സഹ'നുമായ പരശുരാമന്റെ മന്റെ കയ്യിൽ പടവില്ലും ഘോരാസ്‌ത്രങ്ങളും തോളിൽ വെൺമഴുവുമുണ്ടായിരുന്നു. രാമൻ എന്ന ചെറുബാലൻ ശൈവചാപം ഒടിച്ചു സീതയെ വേട്ടതറിഞ്ഞ്‌ അദ്ഭുതസ്‌തിമിതനും അസഹിഷ്ണുവുമായിത്തീർന്ന ഭാർഗവരാമൻ, ശ്രീരാമൻ വെറും നിസ്സാരനാണെന്നു ബന്ധുജന മധ്യത്തിൽ, ബോധ്യപ്പെടുത്താൻ എത്തിയതാണ്‌. ചെന്നപാടെ കയ്യിലിരുന്ന വൈഷ്ണവചാപം നീട്ടി രാമനെ വെല്ലുവിളിച്ചു: "കുലയ്ക്കുക ശരോപേതം കാട്ടിത്തരിക നിൻ ബലം" എന്ന്‌.

സംഹാരാത്മകമായ ആ പുറപ്പാടുകണ്ടു ഭീതിപൂണ്ട ദശരഥൻ കേണു: "പൈതങ്ങളാമെൻ പുത്രർക്കഭയം നൽകീടേണമേ..., ഇരിക്കാ രാമനൊരുവൻ മരിച്ചാൽ ഞങ്ങളാരുമേ..." പക്ഷേ, പരശുരാമൻ ആ വാക്കുകൾക്ക്‌ ഒട്ടും വില കൽപ്പിച്ചില്ല. "ക്ഷാത്രധർമത്തെ മുൻനിർത്തി രാമാ, നീ വാങ്ങുകുത്തമം..." എന്നു ധിക്കാരപൂർവം പറഞ്ഞു വില്ലുകാട്ടി പുച്ഛത്തോടെ നിന്നതേയുള്ളൂ. പിതാവിന്റെയും സർവബന്ധുക്കളുടെയും, പ്രത്യേകിച്ചു നവവധുവിന്റെ മുന്നിൽവച്ച്‌ ഒരാൾ പ്രകോപനപരമായി ഇങ്ങനെ വെല്ലുവിളിച്ചു നിസ്സാരനാക്കുമ്പോൾ, ഏതൊരാൾക്കും ക്രോധം ജ്വലിച്ചു പോകും. പക്ഷേ, ശ്രീരാമൻ ആത്മസംയമനം പാലിക്കുകയാണു ചെയ്‌തത്‌. മുഗ്ധഭാവം കൈവിടാതെ വിവേകമതിയായിത്തീരുന്നു. "താതാദരാൽ ഒതുക്കത്തിൽ..." ഭൃഗുനന്ദ നനോടു മറുപടി പറയാനാണു രാമൻ തുനിയുന്നത്‌.

മറുപടി ആത്മവിശ്വാസം നിറഞ്ഞ ധീരന്റേതുതന്നെ. "ക്ഷത്രിയധർമത്തിന്‌ അശക്‌തനും നിർവീര്യനുമായി കരുതി അങ്ങ്‌ എന്റെ മനസ്സിനെ പുച്ഛിച്ചുതള്ളുന്നു. അല്ലേ? എന്നാൽ, കാൺകിന്നെന്റെ കെൽപ്‌ ഭാർഗവാ..." എന്നാണു രാമന്റെ മൊഴി.

ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ, രാമന്റെ സൌമ്യഭാവം മാറി. മാത്രകൊണ്ട്‌ അദ്ദേഹം ക്ഷത്രിയവിക്രമനായി. ഭൃഗുരാമൻ കൊടുത്ത വില്ല്നിസ്സാരമായി കുലച്ചു ശരം തൊടു ത്തപ്പോൾ ഭൃഗുരാമൻ ശ്രീരാമതേജസ്സിന്റെ മുന്നിൽ നിർവീര്യനായി മരവിച്ചുനിന്നു പോയി. വീരസ്യം പറഞ്ഞുവന്നശേഷം "പൊയ്ക്കൊള്ളാം മഹേന്ദ്രമലയ്ക്കു ഞാൻ..." എന്നു സമ്മതിച്ചുകൊണ്ടുള്ള പോക്ക്‌ ഒന്നു കാണേണ്ടതുതന്നെ. ലക്ഷ്മണകോപം ശമിപ്പിക്കുന്നിടത്ത്‌ ശ്രീരാമന്റെ ഇൌ‍ ആത്മസംയമനം വീണ്ടും നമുക്കു കാണാം. ഇവിടെയെല്ലാം രാമൻ നേതാക്കന്മാർക്കെന്നല്ല, സാധാരണക്കാർക്കു പോലും മാതൃകയായിത്തീരുന്നു.

കടപ്പാട്‌ : മനോരമ ഓൺലൈൻ
ലിങ്ക്‌: http://www.manoramaonline.com/servlet/
ContentServer?pagename=manorama/MalArticle/Malfullstory&
cid=1122931514750&c=MalArticle&p=1015299284311&channel
=mmFestival&count=7&colid=1015308017604

അഭിപ്രായങ്ങളൊന്നുമില്ല: