ബുധനാഴ്‌ച, ഓഗസ്റ്റ് 10, 2005

പതിനെട്ടടവുകളുടെ കളരിപ്പയറ്റ്‌

പതിനെട്ടടവുകളുടെ കളരിപ്പയറ്റ്‌

'..പാവാട തന്നെ വിരിക്കുന്നുണ്ട്‌ പാവാട മുകളിൽ തളികവച്ച്‌ തളിക നിറവോളം വെള്ളരിയും വെള്ളരിമീതെയൊരു നാളികേരം നാളീകേരത്തിനുമേൽ ചെമ്പഴുക്ക മുകളിലൊരു കോഴിമുട്ട കോഴിമുട്ടമേൽ ദൂശിനാട്ടി ചുരിക മുനമേൽ മറിഞ്ഞുനിന്നു." അതായിരുന്നു ചേകോൻമാരുടെ മെയ്‌ വഴക്കവും കളരിപ്പയറ്റിന്റെ കരുത്തും. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആയോധന കലയെന്ന ്‌ അഭിമാനിക്കാവുന്ന കളരിപയറ്റ്‌ കേരളത്തിന്റെ തനതായ പൈതൃകം പേറുന്ന ആയോധനവിദ്യയാണ്‌. സംസ്കൃതത്തിലെ 'ഖലൂരിക' എന്ന വാക്കിൽ നിന്നുമാണ്‌ കളരി എന്ന പദം ഉത്ഭവിച്ചത്‌. കളരി എന്നാൽ വ്യായാമം ചെയ്യുവാനുള്ള ഇടമെന്നർത്ഥം.

ഐതിഹ്യപ്രകാരം പരശുരാമൻ തീരപ്രദേശങ്ങളിൽ 108 ദേവീക്ഷേത്രങ്ങളും മധ്യദേശത്ത്‌ 108 ശിവാലയങ്ങളും മലയോരങ്ങളിൽ ശാസ്‌താക്ഷേത്രങ്ങളും സ്ഥാപിച്ചതോടൊപ്പം 42 കളരികളും തുടങ്ങി. ഭാരതീയ ശാസ്‌ത്രങ്ങളുടെയെല്ലാം അടി സ്ഥാനപ്രമാണമായ തന്ത്രശാസ്‌ത്രമാണ്‌ കളരിയുടെയും അടിത്തറ. ധ്യാനവും പ്രാർത്ഥനയും വണക്കങ്ങളും കളരിവിദ്യയുടെ അവിഭാജ്യഘടകങ്ങളാണ്‌. വലതുകാൽവച്ചു കളരിയിലിറങ്ങി, കളരി വണങ്ങി, കളരി ദേവതകളെ തൊഴുതാണു തുടക്കം. കളരിയുടെ പ്രധാനഭാഗങ്ങൾ പൂത്തറ, ഗുരുത്തറ, ഗണപതിത്തറ എന്നിവയാണ്‌. പൂത്തറയിലും ഗുരുത്തറയിലും പുഷ്പാരാധന നടത്തിയാണു ദിവസവും പരിശീലനം തുടങ്ങുക.

മെയ്യഭ്യാസമുറകൾക്കു പുറമെ ഉദ്വർത്തനം, ഉൽസാദനം, സംവാഹനം (ഉഴിച്ചിൽ, തടവൽ) തുടങ്ങിയ ചികിത്സകളും കളരിയുടെ ഭാഗമാണ്‌. യഥാർത്ഥത്തിൽ രണ്ടായി കാണാനാകില്ലെങ്കിലും കളരിപ്പയറ്റ്‌ വടക്കൻ സമ്പ്രദായത്തിന്റെയും ആഗസ്‌ത്യ മഹർഷി ഉപജ്ഞാതാവായുള്ള അടിതട തെക്കൻ സമ്പ്രദായത്തിന്റെയും പ്രത്യേകതയായി വ്യാഖ്യാനിക്കപ്പെടുന്നു. തെക്കൻ സമ്പ്രദായത്തിൽ സ്വയംപ്രതിരോധമാണ്‌ ആധാരം. വടക്കൻ സമ്പ്രദായം യുദ്ധ സമ്പ്രദായമാണ്‌. മെയ്യഭ്യാസവും (മെയ്ത്താരി) വടിത്തല്ലും (കോൽത്താരി) അങ്കത്താരിയും ഇതിൽ പെടുന്നു. ധനുർവേദസംഹിതയാണ്‌ വടക്കൻ സമ്പ്രദായത്തിന്റെ അടിത്തറ. പ്രധാനമായും നാലുഭാഗങ്ങളായാണ്‌ കളരിയഭ്യാസത്തെ തിരിച്ചരിക്കുന്നത്‌ മെയ്പ്പയറ്റാണ്‌ ഇതിൽ ആദ്യത്തേത്‌. 'ഉത്തടി' എന്നാണ്‌ കളരിയിലെ ആദ്യ അഭ്യാസത്തിനു പറയുക. ഒരു ശിശു പിച്ചവച്ചു തുടങ്ങുന്നതുമായി ബന്ധപ്പെട്ടുള്ളതാണിത്‌. മെയ്യഭ്യാസങ്ങളാണ്‌ മെയ്പ്പയറ്റിൽ. രണ്ടാമതായി വരുന്നത്‌ കോൽത്താരിയാണ്‌. മരംകൊണ്ടുള്ള ആയുധങ്ങൾ, വടി എന്നിവയാണ്‌ കോൽത്താരിയിൽ ഉപയോഗിക്കുക. മൂന്നാമതായി വരുന്ന അങ്കത്താരിയിൽ ലോഹങ്ങൾ കൊണ്ടുള്ള ആയുധങ്ങൾ ഉപയോഗിക്കുന്നു. നാലാമത്തെ ഭാഗമായിട്ടുള്ളതാണ്‌ വെറുംകൈ എന്ന ആയുധരഹിത പയറ്റുമുറകൾ. കരാട്ടെ,കുങ്ങ്ഫൂ തുടങ്ങിയ പ്രസിദ്ധങ്ങളായ ആയോധനമുറകൾ ഈ അഭ്യാസമുറകളിൽനിന്നു രൂപം കൊണ്ടതാണെന്നു പറയപ്പെടുന്നു.

ഓതിരം,കടകം, ചടുലം, മണ്ഡലം, വൃത്തചക്ര, സുഖംകാളം, വിജയം, വിശ്വമോഹനം, അന്യോന്യം, സുരഞ്ജയം, സൌഭദ്രം, പാടലം, പുരഞ്ജയം, കായവൃത്തി, സിലാഘണ്ഡം, ഗദാശാസ്‌ത്രം, അനുത്തമം, ഗദായഘട്ടം, എന്നങ്ങനെ പതിനെട്ടടവുകൾ കളരിയിൽ കാണാവുന്നതാണ്‌. അറപ്പിൽ കൈയൻ, പിള്ളതാങ്ങി, ദ്രോണമ്പള്ളി, വള്ളുവനാടൻ, വട്ടോൻ തിരുപ്പൻ, ഒടിമുറശാരി എന്നിങ്ങന ആറുശൈലികളാണ്‌ കേരളത്തിൽ പ്രചരിച്ചത്‌. വേണ്ടത്ര പ്രോത്സാഹനവും പരിപോഷണവുമില്ലാതെ കളിയഭ്യാസം ഇന്നു ക്ഷയിക്കുകയാണെങ്കിലും കളരിയിലെ പാരമ്പര്യ ചികിത്സാമുറകളിൽ ഇന്ന്‌ ഏറെപ്പേർ ആകൃഷ്ടരാണ്‌. ഉഴിച്ചിൽ, പിഴിച്ചിൽ, ഞവരക്കിഴി, ധാര, വസ്‌തി തുടങ്ങിയ ചികിത്സാവിധികൾ വിദേശികളെപ്പോലും ആകർഷിക്കുന്നു. ഇന്നും കടത്തനാട്ടിലെ മണൽത്തരികൾ കളരിപ്പയറ്റിന്റെ വീര്യവും കരുത്തും ഓർമ്മവയ്ക്കുന്നുണ്ടാവണം. കാറ്റിൽ വായ്ത്താരികൾ കേൾക്കാൻ കഴിഞ്ഞേക്കും. "വലതുകാൽ തൂക്കി വലതു കൊണ്ട്‌ നീക്കിച്ചവിട്ടി കൈനേരേ കൂപ്പിത്തൊഴുത്‌, ഇടതുകാൽ തൂക്കി ഇടതുകൊണ്ട്‌ നീക്കിച്ചവിട്ടി കൈനേരെ കൂപ്പിത്തൊഴുത്‌..."

കടപ്പാട്‌: മനോരമ ഓൺലൈൻ
ലിങ്ക്‌: http://www.manoramaonline.com/servlet/
ContentServerpagename=manorama/MalArticle/
Malfullstory&cid=1025168123221&c=MalArticle
&p=1015299284311&channel=mmFestival&count=
7&colid=1015308017604

1 അഭിപ്രായം:

Alex Chacko പറഞ്ഞു...

പ്രസ്തുത ശൈലി സംവിധാനത്തിൽ ചങ്ങമ്പിള്ളി ഒരു കുടുമ്ബ പേരാണ്.തുളുനാടൻ ഭാഗത്തു നിന്നും വന്ന അവരുടേതായ ഒരു രീതി ശൈലി ഉണ്ടെന്നു പറയപ്പെടുന്നു.

അതുപോലെ തന്നെ ആലപ്പുഴ, എറണാകുളം,പാലക്കാട്‌, തൃശൂർ, മലപ്പുറം, കോഴിക്കോട് തുടങ്ങിയ വിവിധ ജില്ലകളിൽ നിലനിൽക്കുന്നതായ നിരവധിയായ ശൈലികൾ മദ്ധ്യകേരള ശൈലിയെന്നും.. അതിൽ തന്നെ കളംചവിട്ടു,മുതലായ നിരവധി വിദ്യകൾ ഇന്നും നിലനിൽക്കുന്നുണ്ട്