തിങ്കളാഴ്‌ച, ഓഗസ്റ്റ് 22, 2005

സിനിമ വേറെ സാഹിത്യം വേറെ -സംവാദം

സിനിമ വേറെ സാഹിത്യം വേറെ

സാഹിത്യകൃതി ദൃശ്യാവിഷ്കാരത്തിനുള്ളതാണെന്ന ധാരണ അപകടകരമാംവിധം വ്യാപിക്കുകയാണോ? എഴുതുന്ന ഓരോ വരിയും ഒരു ദൃശ്യമാവണമെന്ന ചിന്തപോലും പുലർത്തുന്നവരുണ്ട്‌. സാഹിത്യത്തിന്‌ വികാരത്തിന്റെയും സംഭവത്തിന്റെയും തലമുണ്ട്‌. അതുപോലെതന്നെ മനനത്തിന്റെയും താത്വികതയുടെയും തലമുണ്ട്‌. ഉപനിഷത്തുമുതൽ ആധുനിക ശാസ്‌ത്രംവരെ സാഹിത്യത്തിന്റെ വിഷയമാകാറുണ്ട്‌. എന്നാൽ ദൃശ്യതയുടെ അനിവാര്യതയുണ്ടാവുന്നത്‌ മറ്റൊരു മാധ്യമത്തിലാണ്‌. കഥകളിയിൽ ദൃശ്യപരതയില്ലാതെ ഒന്നും സാദ്ധ്യമല്ല. നൃത്തത്തിൽ ദൃശ്യാത്‌മകത പ്രധാനമാണ്‌. സിനിമ ദൃശ്യാനുഭവമായിരിക്കണം. സാഹിത്യം അങ്ങനെയല്ല. അത്‌ ജൈവപരമായ അറിവും അനുഭവവുമാണ്‌.

വാസ്തവത്തിൽ ദൃശ്യപരമാക്കാൻ കഴിയാത്ത ഒരു മേഖല സാഹിത്യത്തിനുണ്ട്‌. അത്‌ അതിന്റെ ജീവനാണ്‌. ദൃശ്യതകൾക്കപ്പുറത്ത്‌, മാനസികവും ബൌദ്ധികവുമായ അതീത ലോകത്തെ പുൽകാൻ തുടിക്കുന്ന ഹൃദയമാണത്‌.

സാഹിത്യകൃതിയും ദൃശ്യാത്‌മകതയും തമ്മിലുള്ള ബന്‌ധത്തെപ്പറ്റി പ്രശസ്ത എഴുത്തുകാരായ മേതിൽ രാധാകൃഷ്‌ണനും കെ.പി. സുധീരയും സംവിധായകനായ ശ്യാമപ്രസാദും പ്രതികരിക്കുകയാണിവിടെ.

മേതിൽ രാധാകൃഷ്‌ണൻ
"സാഹിത്യമാണ്‌ സിനിമയെന്ന ധാരണ ഇവിടെ പ്രചരിച്ചിട്ടുണ്ട്‌. അബദ്ധമാണിത്‌. സാഹിത്യവും സിനിമയും രണ്ട്‌ വ്യത്യസ്ത മീഡിയകളാണ്‌. നല്ല കൃതികൾ ഉണ്ടാവാത്തതുകൊണ്ട്‌ സിനിമയെടുക്കാൻ കഴിയുന്നില്ലെന്ന്‌ ആരെങ്കിലും പറയുന്നെങ്കിൽ ഒട്ടും ബുദ്ധിപരമായ നിരീക്ഷണമല്ല ഇത്‌"-മേതിൽ രാധാകൃഷ്‌ണൻ പറയുന്നു.
സാഹിത്യത്തിൽനിന്ന്‌ സിനിമ എത്രത്തോളം അകലുന്നുവോ അത്രത്തോളം നല്ലതാണെന്ന നിലപാടാണ്‌ മേതിലിനുള്ളത്‌. "ചില സാഹിത്യ രചനകളിൽ നിന്ന്‌ നല്ല സിനിമകൾ ഉണ്ടായിട്ടുണ്ട്‌. ഉദാഹരണത്തിന്‌ പൊളാൻസ്കിയുടെ ഹാംലറ്റും ബാസ്‌ലെർമന്റെ 'റോമിയോ ആൻഡ്‌ ജൂലിയറ്റും'. ഷേക്‌സ്‌പിയറുടെ ഹാംലറ്റിൽനിന്ന്‌ വളരെ അകന്നുമാറിയാണ്‌ പൊളാൻസ്കിയുടെ ഹാംലറ്റിന്റെ നില്‌പ്‌. ഇതാണ്‌ നാം മനസ്സിലാക്കേണ്ടത്‌. 'റോമിയോ ആൻഡ്‌ ജൂലിയറ്റ്‌ കഴിഞ്ഞ രണ്ട്‌ ദശാബ്‌ദത്തിനിടയിലുണ്ടായ ഏറ്റവും നല്ല സിനിമയാണെന്ന്‌ ഞാൻ വിലയിരുത്തുന്നു. അപ്പോഴും അത്‌ സാഹിത്യത്തിൽ നിന്ന്‌ വളരെ ദൂരെയാണ്‌. എന്തുകൊണ്ടോ, നമ്മുടെ നാട്ടിൽ സാഹിത്യകൃതികൾ അതേപടി സിനിമയാക്കുന്നവരാണ്‌ അധികവും"-മേതിൽ പറയുന്നു.

കെ.പി. സുധീര
"നല്ല സാഹിത്യകൃതികൾ സിനിമയാക്കാതിരിക്കുന്നതാണ്‌ നല്ലത്‌. നിരാശ ഒഴിവാക്കാം"-കെ.പി. സുധീര പറഞ്ഞു.
വായിക്കുമ്പോൾ നമുക്ക്‌ കിട്ടുന്ന അനുഭൂതികൾ, പലപ്പോഴും കൃതികളുടെ ദൃശ്യാവിഷ്കാരം നൽകാറില്ലെന്നാണ്‌ സുധീരയുടെ അഭിപ്രായം.
"ശ്യാമപ്രസാദ്‌ 'മരണം ദുർബലം' ടെലിസീരിയലാക്കിയപ്പോൾ നല്ലതായി തോന്നി. അതേസമയം പെരുമ്പടവം ശ്രീധരന്റെ ' എന്റെ ഹൃദയത്തിന്റെ ഉടമ' എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരം പാളിപ്പോയി." സുധീര വിലയിരുത്തുന്നതിങ്ങനെയാണ്‌.

"വായിക്കുമ്പോൾ ഒരു പ്രക്രിയയുണ്ട്‌. പ്രശാന്തിയിൽ നിന്ന്‌ പ്രക്ഷുബ്‌ധാവസ്ഥയിലേക്കും പിന്നീട്‌ പ്രശാന്തിയിലേക്കുമാണ്‌ വായനാനുഭവം നീങ്ങുക. എന്നാൽ, ദൃശ്യരൂപങ്ങളായി കാണുമ്പോൾ അദ്ധ്വാനം കുറവാണ്‌. ശ്രദ്ധ കുറച്ചുമതി. സാഹിത്യം സിനിമയാക്കുമ്പോൾ പൊതുവെ കഥാതന്തുമാത്രമേ സ്വീകരിക്കാറുള്ളൂ. നാനാതരത്തിലുള്ള അനുഭൂതി വിശേഷങ്ങൾ ഉൾക്കൊള്ളുന്നതായി തോന്നുന്നില്ല"-സുധീര പറയുന്നു.

തന്റെ 'ഗംഗ' എന്ന നോവൽ ചലച്ചിത്രമാക്കാനുണ്ടായ ഉദ്യമങ്ങളെയും അവർ വിശദീകരിച്ചു. "ഗംഗ ഞാൻ വളരെ ശ്രദ്ധ ചെലുത്തി എഴുതിയതാണ്‌. ഒരു സംവിധായകൻ അതിൽ താല്‌പര്യം പ്രകടിപ്പിച്ചു. എന്നാൽ എന്റെ രചനയിൽ നിന്ന്‌ പ്രതികൂലമായി വ്യതിചലിക്കാനാണ്‌ സംവിധായകൻ ശ്രമിച്ചത്‌. 'ഗംഗ' വായിച്ചവർക്ക്‌ അതിന്റെ ദൃശ്യാവിഷ്കാരം ഇഷ്‌ടപ്പെടില്ലെന്ന്‌ മനസ്സിലാക്കികൊണ്ട്‌ ഞാൻ പിന്‌മാറി. സംവിധായകൻ എന്നെ വേറൊരു രീതിയിൽ തിരക്കഥ എഴുതാൻ പ്രേരിപ്പിച്ചു. എനിക്ക്‌ അത്‌ മറ്റൊരു രീതിയിൽ എഴുതുന്നത്‌ ദുസ്സഹമായി തോന്നി. സാഹിത്യം ആത്‌മാവിനെ കവരുന്നുണ്ട്‌, പല തലങ്ങളിൽ. എന്നാൽ ദൃശ്യാവിഷ്കാരങ്ങൾ അത്രയ്ക്കൊന്നും ഏശുന്നതായി തോന്നിയിട്ടില്ല".

ശ്യാമപ്രസാദ്‌
"സിനിമയിൽ സംഭാഷണങ്ങൾ ഉപയോഗിക്കുന്നത്‌ ഒരു പാപമാണെന്ന്‌ ഞാൻ കരുതുന്നില്ല. ഒരു സംവിധായകനെന്ന നിലയിൽ ഞാൻ നീതി പുലർത്തുന്നത്‌ സിനിമയോടാണ്‌. സാഹിത്യകൃതിയോടല്ല" ശ്യാമപ്രസാദ്‌ പറഞ്ഞു.

നാടകങ്ങളും നോവലുകളും ഉപജീവിച്ച്‌ സിനിമയെടുത്തിട്ടുള്ള ശ്യാമപ്രസാദ്‌ ഒരു സാഹിത്യകൃതിയുടെ വായനക്കാരനെ സിനിമയിലൂടെ തൃപ്‌തിപ്പെടുത്തേണ്ട ബാദ്ധ്യതയില്ലെന്ന്‌ വിശ്വസിക്കുന്നു.
"സിനിമയ്ക്ക്‌ സാഹിത്യരചന പ്രചോദനമാകാം. പക്ഷേ, അതിലപ്പുറമില്ല. സിനിമ സംവിധായകന്റെ മാത്രം സ്വന്തമാണ്‌. സാഹിത്യകൃതിയുടെ ശൈലിയോ കാലഘട്ടമോ ഒന്നും സംവിധായകന്‌ ഭാരമാവരുത്‌.
സംഭാഷണങ്ങൾ തീരെ ഉപയോഗിക്കാതിരുന്ന നവ സിനിമയുടെ പതനം ഞാൻ കണ്ടതാണ്‌. മനുഷ്യരുടെ ലോകത്ത്‌ സംഭാഷണം പ്രധാനമാണ്‌. ദൃശ്യാവിഷ്കാരത്തിന്റെ മികവിന്‌ സംവിധായകൻ അത്‌ ഉപയോഗിക്കുന്നുവെന്നേയുള്ളു. സിനിമയ്ക്ക്‌ ശക്തിപകരാൻ അതിന്‌ കഴിയുമെങ്കിൽ"-ശ്യാമപ്രസാദ്‌ പറഞ്ഞു.

കടപ്പാട്‌: കേരളകൌമുദി ഓൺലൈൻ

അഭിപ്രായങ്ങളൊന്നുമില്ല: