തിങ്കളാഴ്‌ച, ഓഗസ്റ്റ് 22, 2005

ഓർമ്മയിലെ ഓണം - മഹാകവി അക്കിത്തം

ഓർമ്മയിലെ ഓണം
മഹാകവി അക്കിത്തം

ഓണം നാളുകളിലെല്ലാം ഞങ്ങൾ കുട്ടികൾക്ക്‌, കളിയുടെ ദിവസങ്ങളായിരുന്നു. ഓണക്കാലത്ത്‌ പലവിധ കളികളുണ്ടായിരുന്നു. അതിൽ ഏറ്റവും വ്യത്യസ്‌തത നിറഞ്ഞതും ആവേശകരവുമായ ഒന്നാണ്‌ പകിട കളി.
എന്റെ അച്ഛന്റെ മരുമകനാണ്‌ (പൊറോത്തേട്ടൻ- ബ്രഹ്‌മദത്തൻ) ഈ കളി എനിക്കും എന്റെ സഹോദരങ്ങൾക്കും പഠിപ്പിച്ചുതന്നത്‌. പൊറോത്തേട്ടന്റെ കൈയിൽ ഓടിൽ വാർത്ത പകിട ഉണ്ടായിരുന്നു.
(നാല്‌ വശങ്ങളുള്ള അതിന്റെ ഒരുവശത്ത്‌ ഒരു കുഴിയും മറ്റൊരു വശത്ത്‌ മൂന്ന്‌ കുഴിയും മൂന്നാമതൊരു വശത്ത്‌ നാല്‌ കുഴിയും നാലാമത്തെ വശത്ത്‌ ആറ്‌ കുഴിയും ഉണ്ടാകും. ഇത്‌ ഉരുട്ടിയെറിഞ്ഞ്‌, മുകളിൽ കാണുന്ന വശത്ത്‌ കാണുന്ന കുഴിയുടെ എണ്ണം നോക്കി കരുനീക്കുന്ന കളിയാണ്‌ അത്‌.)
ഓണ ദിവസങ്ങളിൽ (ഉത്രാടം, തിരുവോണം, അവിട്ടം, ചതയം) തറവാടിന്റെ മുറ്റത്തും അമ്പലപ്പറമ്പിലും ആൽമരച്ചുവട്ടിലും പകിടകളി ചൂടുപിടിക്കും. മണിക്കൂറുകൾ നീണ്ട കളി സന്‌ധ്യമയങ്ങിയാലും നീണ്ടുപോകാറുണ്ട്‌. വർഗ്‌ഗ, സമുദായ, ജാതി, വ്യത്യാസമൊന്നുമില്ലാതെ എല്ലാവരും ഈ കളിയിൽ കൂടും.
ഓരോ ഓണം കടന്നുവരുമ്പോഴും ഓണകളിയോടൊപ്പം പൊറോത്തേട്ടനെയും ഓർമ്മവരും. കവിയായിരുന്ന അദ്ദേഹം 1994-ൽ അന്തരിച്ചു.

കടപ്പാട്‌: കേരളകൌമുദി ഓൺലൈൻ

അഭിപ്രായങ്ങളൊന്നുമില്ല: