വ്യാഴാഴ്‌ച, ഓഗസ്റ്റ് 25, 2005

ഓർക്കുക വെളിയം ദാമോദരനെ

ഓർക്കുക വെളിയം ദാമോദരനെ
ഡോ. കെ. ശ്രീരംഗനാഥൻ, വെളിയം

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരിൽ ഏറ്റവും കൂടുതൽകാലം ഒളിവിൽ കഴിഞ്ഞ നേതാവ്‌ ഒരുപക്ഷേ വെളിയം ദാമോദരനായിരിക്കാം. പതിമ്മൂന്നുവർഷം! ഒളിവു ജീവിതമെന്നത്‌ ദാമോദരനെ സംബന്‌ധിച്ചിടത്തോളം ഏതെങ്കിലും സുരക്ഷിത സങ്കേതത്തിലെ സുരക്ഷിതമായ താമസമായിരുന്നില്ല.

ജനങ്ങളുടെ ഇടയിൽ അവരുടെ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെട്ടുകൊണ്ട്‌ പാർട്ടിയുടെ അടിത്തറ വിപുലീകരിക്കുകയായിരുന്നു ദാമോദരൻ ചെയ്‌തിരുന്നത്‌. ദാമോദരനെ ജീവനോടെ പിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ ജഡമെങ്കിലും കൊട്ടാരക്കര മണികണ്ഠനാൽത്തറയിൽ വയ്ക്കുമെന്ന പൊലീസിന്റെ വാശി പക്ഷേ നടപ്പിലാക്കാനവർക്ക്‌ കഴിഞ്ഞില്ല. ജനങ്ങളുടെ സംരക്ഷണയിൽ ഒരു പോറലുപോലുമേൽക്കാതെ ഒളിവുജീവിതം തുടരാൻ ദാമോദരനുകഴിഞ്ഞത്‌ ഒരു കമ്മ്യൂണിസ്റ്റിന്റെ അസാമാന്യമായ ധീരതയൊന്നുകൊണ്ടുമാത്രമാണ്‌.

വെളിയത്തെ ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച ദാമോദരൻ വിദ്യാർത്ഥി കോൺഗ്രസിൽകൂടിയാണ്‌ രാഷ്‌ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്‌. ക്രമേണ കമ്മ്യൂണിസ്റ്റാശയങ്ങളിൽ ആകൃഷ്‌ടനായി ഒരു മുഴുവൻസമയ പ്രവർത്തകനാവുകയായിരുന്നു. പുന്നപ്ര വയലാർ സംഭവത്തോടെ പൂർണ്ണമായും ഒളിവുജീവിതത്തിലേക്ക്‌ ദാമോദരൻ മാറിക്കഴിഞ്ഞിരുന്നു. ഒളിവുജീവിതം തുടരുന്നതിനനുസരിച്ച്‌ അദ്ദേഹത്തിന്റെ പേരിലുള്ള കേസുകളുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരുന്നു. അസാമാന്യ ധീരതയുടെയും സാഹസികതയുടെയും കഥകൾ നിറഞ്ഞതാണ്‌ ആ ഒളിവുകാലങ്ങൾ. രാജൻ എന്ന പേരായിരുന്നു അന്ന്‌ കമ്മ്യൂണിസ്റ്റുകാർക്കിടയിൽ ദാമോദരനുണ്ടായിരുന്നത്‌.

മദ്ധ്യകേരള കമ്മ്യൂണിസ്റ്റുചരിത്രം വെളിയം ദാമോദരനെ കൂടാതെ എഴുതാനാകില്ല. ഗ്രാമങ്ങൾ സായുധപോരാട്ടത്തിലൂടെ പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി വെളിയം ഭാർഗ്‌ഗവന്റെയും വെളിയം ദാമോദരന്റെയും നേതൃത്വത്തിൽ വെളിയത്തിന്റെ ഭരണം പിടിച്ചെടുക്കുകയും പ്രതീകാത്‌മകമായി വില്ലേജാഫീസിന്റെ താക്കോൽ ഏറ്റുവാങ്ങിക്കൊണ്ട്‌ കമ്മ്യൂണിസ്റ്റ്‌ പതാക കെട്ടുകയും ചെയ്‌തത്‌ ഇന്നും പുളകത്തോടെയാണ്‌ പഴയ തലമുറ ഓർക്കുന്നത്‌.

കൊല്ലം ശ്രീനാരായണ കോളേജിൽ നിന്നും സാമ്പത്തിക ശാസ്‌ത്രത്തിൽ ഓണേഴ്‌സ്‌ ബിരുദം ഉന്നത നിലയിൽ പാസായ വെളിയം ഭാർഗ്‌ഗവൻ സിവിൽ സർവീസുൾപ്പടെ വരേണ്യവർഗ്‌ഗ സ്വപ്‌നങ്ങളായ ഉദ്യോഗങ്ങൾക്ക്‌ പോകാതെ സ്വന്തം ജീവൻപോലും അപകടത്തിലാകുന്ന പാർട്ടി പ്രവർത്തനത്തിന്‌ ദാമോദരനോടൊപ്പം ചേരുകയാണുണ്ടായത്‌. ഇവർ തമ്മിലുണ്ടായിരുന്ന സൌഹൃദം അസാധാരണമായ ഒരു ബന്‌ധമായിരുന്നു.
പൊലീസ്‌ വലയത്തിൽ നിന്നും അത്ഭുതകരമായി ദാമോദരൻ രക്ഷപ്പെട്ട കഥകൾ അവിശ്വസനീയങ്ങളാണ്‌.

1957-ൽ കമ്മ്യൂണിസ്റ്റുപാർട്ടി അധികാരത്തിൽ വന്നിട്ടും ദാമോദരന്‌ ഒളിവിൽ കഴിയേണ്ടിവന്നത്‌ കേരള പൊലീസിന്റെ വാശി ഒന്നുകൊണ്ടുമാത്രമാണ്‌. ഒടുവിൽ വെളിയം ഭാർഗ്‌ഗവന്റെ നേതൃത്വത്തിൽ പൊലീസിന്റെ മൂക്കിന്‌ കീഴിൽ സംഘടിപ്പിച്ച ഒരു വമ്പിച്ച പൊതുയോഗത്തിൽ സ്വീകരണം നൽകിക്കൊണ്ട്‌ ഒളിവുജീവിതം അവസാനിപ്പിക്കുകയായിരുന്നു. 1988 ആഗസ്റ്റ്‌ 25-ന്‌ 57-ാ‍ം വയസ്സിൽ മരണം ആകസ്‌മികമായി കീഴടക്കുമ്പോൾ പോലും ദാമോദരന്റെ പേരിൽ അമ്പതോളം കേസുകൾ പിൻവലിക്കപ്പെടാതെ കിടക്കുന്നുണ്ടായിരുന്നു.

ജീവിതകാലം മുഴുവൻ അധികാര രാഷ്‌ട്രീയത്തിൽ നിന്നൊഴിഞ്ഞുനിൽക്കാൻ താല്‌പര്യം കാണിച്ചിട്ടുള്ള ദാമോദരൻ ഒരു പഞ്ചായത്ത്‌ മെമ്പർപോലും ആയിരുന്നില്ല. അവിവാഹിതനായിരുന്നു. എഴുത്തുകാരൻ, സഹകാരി, ഗ്രന്ഥശാലാ പ്രവർത്തകൻ അഭിനേതാവ്‌ തുടങ്ങിയ നിലകളിലെല്ലാം തന്റെ സജീവ സാന്നിദ്ധ്യം നിലനിർത്താൻ മരണംവരെ ദാമോദരന്‌ കഴിഞ്ഞിരുന്നു.
ഒരു കമ്മ്യൂണിസ്റ്റുകാരൻ എങ്ങനെ ആയിരിക്കണമെന്ന്‌ സ്വജീവിതംകൊണ്ട്‌ കാണിച്ചുതന്ന ദാമോദരന്റെ 17ആം ചരമവാർഷികദിനമാണിന്ന്‌. (25 ആഗസ്റ്റ്‌ 2005)

കടപ്പാട്‌: കേരള കൌമുദി ഓൺലൈൻ

1 അഭിപ്രായം:

Vishnu Ravi പറഞ്ഞു...

നല്ല പോസ്റ്റ്‌