വ്യാഴാഴ്‌ച, ഓഗസ്റ്റ് 25, 2005

ബ്ലൂ പ്രിന്റുകളില്ലാത്ത നിർമാണചാതുരി

ബ്ലൂ പ്രിന്റുകളില്ലാത്ത നിർമാണചാതുരി

വാക്കിലോ വരയിലോ വള്ളം നിർമാണത്തിന്റെ തച്ചു ശാസ്‌ത്രം ആരും എവിടെയും രേഖപ്പെടുത്തി വച്ചിട്ടില്ല. തലമുറകൾ കൈമാറി വന്ന കൈപ്പുണ്യവും മനോധർമ്മവും മാത്രമാണ്‌ ഇൌ‍ നിർമാണത്തിന്റെ കണക്കും കാര്യവും എൻജിനീയറിങ്ങും. ശിൽപിയുടെ മനസിൽ മാത്രമാണ്‌ വള്ളത്തിന്റെ ബ്ലൂപ്രിന്റ്‌. മൂപ്പെത്തിയ ആഞ്ഞിലിത്തടിയിലാണ്‌ വള്ളം നിർമിക്കുക. തടി കണ്ടെത്തുകയാണ്‌ നിർമാണത്തിന്റെ ആദ്യഘട്ടം. തടി കിട്ടിയാൽ വള്ളത്തിന്റെ അച്ചുണ്ടാക്കുന്നു. മാവിന്റെ പലക കൊണ്ടാണ്‌ സാധാരണ അച്ചുണ്ടാക്കുക. ഇതിനെ വള്ളത്തിന്റെ മൂശ എന്നു വിളിക്കാം. അറുത്തെടുത്ത ആഞ്ഞിലിത്തടി അഞ്ചു പലകകളായി അച്ചിൽ വയ്ക്കുന്നു. അടിയിലെ പലകയാണ്‌ ഏരാവു പലക. അവയ്ക്കു ഇരുവശവുമായി വരുന്ന പലകകളാണ്‌ മാതാവ്‌. പലയിടത്തും തടി വളച്ചു ചേർക്കേണ്ടതായി വരും.

തടിയിൽ ചാണകം പുരട്ടി തൊണ്ടും ചിരട്ടയും ഇട്ടു കത്തിച്ച കനലിലാണ്‌ തടി വളച്ചെടുക്കുന്നത്‌. വെളി ച്ചെണ്ണയും പഞ്ഞിയും ചെഞ്ചല്ല്യത്തോടു ചേർത്തരച്ചുണ്ടാക്കിയ പശ കൊണ്ടാണ്‌ പലകകൾ ഉറപ്പിക്കുന്നത്‌. ഇരുമ്പിന്റെയും ചെമ്പിന്റെയും ആണികളുമടിക്കും. ഇതിൽ തുരുമ്പെടുക്കാതിരിക്കാൻ പൊന്മെഴുകു പുരട്ടും. തടിയുടെ കനം വള്ളത്തിന്റെ രണ്ടു വശത്തും ഒരു പോലെയാകാൻ ചെത്തിമിനുക്കുകയും ചെയ്യും. വള്ളംപണി തുടങ്ങി ക്കഴിഞ്ഞാൽ തച്ചന്റെ ജീവിതം വള്ളപ്പുരയിൽ തന്നെയാണ്‌. എകാഗ്രവും പ്രാർഥനാ ഭരിതവുമായ മനസോടെ അവർ സൃഷ്ടിയിൽ ഏർപ്പെടുന്നു. ആറു മുതൽ എട്ടു മാസം വരെ സമയം വേണം വള്ളം പൂർത്തിയാക്കാൻ. ഇപ്പോൾ പതിനഞ്ചു ലക്ഷത്തോളം രൂപ ചെലവു വരും ഒരു വള്ളം പണിയാൻ.

ആധുനികകാലത്ത്‌ ചുണ്ടൻ വള്ളങ്ങളുടെ രാജശിൽപിയെന്നു വിശേഷിപ്പിക്കപ്പെടുന്നത്‌ എടത്വയിലെ കോഴിമുക്ക്‌ നാരായണൻ ആചാരിയാണ്‌. ഇന്നുള്ള മിക്കവാറും ചുണ്ടൻ വള്ളങ്ങളുടെ ശിൽപി നാരായണനാചാരിയാണ്‌. കാരിച്ചാൽ, കരുവാറ്റ, പായിപ്പാട്‌, കല്ലൂപ്പറമ്പൻ, ജവഹർ തായങ്കരി, ചമ്പക്കുളം, ചെറുതന, തുടങ്ങി നിരവധി ചുണ്ടൻ വള്ളങ്ങൾ അദ്ദേഹത്തിന്റെ കരവിരുതിൽ പിറന്നു, നീരണിഞ്ഞു. പിന്നോക്ക വിഭാഗക്കാർക്കു വേണ്ടി സർക്കാർ നേരിട്ടു നിർമിച്ച അംബേദ്കർ ചുണ്ടന്റെ നിർമാണം പൂർത്തിയാക്കവേയാണ്‌ നാരായണനാചാരി അന്തരിച്ചത്‌. അദ്ദേഹത്തിന്റെ മക്കൾ ഇന്നു രംഗത്തുണ്ട്‌.

നാരായണനാചാരിയുടെ മകൻ കോഴിമുക്ക്‌ ഉമാമഹേശ്വരൻ പറയുന്നു: അഞ്ചുവർഷം മിനക്കെട്ടാൽ ആർക്കും ഇപ്പോൾ എം.ബി.ബി.എസ്‌ വരെ കിട്ടും. ഡോക്ടറാകാം. പക്ഷെ വള്ളങ്ങളുടെ നിർമാണം അങ്ങനെ പഠിക്കാൻ പറ്റില്ല. അതിനു ജീവിതം തന്നെ അർപ്പിക്കണം. നോക്കി പഠിക്കാൻ പുസ്‌തകങ്ങളില്ല. വള്ളം നീറ്റിലിറക്കുമ്പോൾ തച്ചൻ അനുഭവിക്കുന്ന ടെൻഷന്‌ അതിരില്ല. വിയർക്കും. ഹൃദയമിടിപ്പേറും. പക്ഷെ നീറ്റിലൂടെ പായുന്ന വള്ളം കാണുമ്പോഴുള്ള സംതൃപ്‌തി അതിലുമേറെയാണ്‌.

കടപ്പാട്‌: മനോരമ ഓൺലൈൻ
ലിങ്ക്

അഭിപ്രായങ്ങളൊന്നുമില്ല: