തിങ്കളാഴ്‌ച, ഓഗസ്റ്റ് 15, 2005

ഭാരതീയന്റെ അഭിമാനമായി ദേശീയ പതാക

ഭാരതീയന്റെ അഭിമാനമായി ദേശീയ പതാക
ബീനാ സെബാസ്റ്റ്യൻ

ഓരോ ഭാരതീയന്റെയും അഭിമാനമാണ്‌ നമ്മുടെ ദേശീയ പതാക. പിങ്കാലി വെങ്കയ്യയാണ്‌ ഇതിന്റെ ഉത്ഭവത്തിന്‌ കാരണക്കാരൻ. ആന്ധ്രപ്രദേശിലെ മിച്ചലിപുരം സ്വദേശിയായിരുന്ന പിങ്കാലി വെങ്കയ്യ. ലോകമെമ്പാടുമുള്ള മുപ്പതിലധികം രാജ്യങ്ങളുടെ ദേശീയ പതാകകളെ പഠിച്ചശേഷമാണ്‌ ഇന്ത്യൻ പതാകയ്ക്കു അദ്ദേഹം രൂപം നൽകിയത്‌. വർഷങ്ങൾ നീണ്ട പരിശ്രമങ്ങൾക്കുശേഷം 1916-21 കാലഘട്ടത്തിലാണ്‌ ഇന്ത്യയുടെ ദേശീയ പതാക എന്ന ആഗ്രഹം സഫലമായത്‌. അക്കാലത്തു കത്തി നിന്നിരുന്ന 'വന്ദേമാതരം' പ്രസ്ഥാനത്തിന്‌ ശക്‌തി പകരുന്നതായിരുന്നു ദേശീയ പതാകയുടെ ആവിർഭാവം.

പങ്കാലിയ്ക്കു മുൻപേ നിരവധിയാളുകൾ ദേശീയ പതാക ഒരു യഥാർഥ്യമാക്കുന്നതിനു പരിശ്രമിച്ചിരുന്നു. ചുവപ്പ്‌, മഞ്ഞ, പച്ച എന്നീ നിറങ്ങൾ ചേർന്നതായിരുന്നുആദ്യ പതാക. എട്ട്‌ വെള്ള താമരകളെയും ഇതിൽ ചിത്രീകരിച്ചിരുന്നു. പതാകയുടെ മഞ്ഞ ഭാഗത്ത കടും നീല നിറത്തിൽ ദേവനാഗിരി ലിപിയിൽ 'വന്ദേമാതരം' എന്ന്‌ എഴുതിയിരിക്കുന്നു. 1906 ഓഗസ്റ്റ്‌ ഒന്നിന്‌ കൽക്കത്തയിലെ പാഴ്സി ബഗാൻ സ്ക്വയറിൽ (ഗ്രീൻ പാർക്ക്‌) ഈ പതാക ഉയർത്തി. ഭാരതത്തിന്റെ പതാക ആദ്യമായി ഉയരുന്ന സന്ദർഭമായിരുന്നു അത്‌.

1907-ലാണ്‌ പതാകയുടെ പരിഷ്കരിച്ച രൂപം പ്രത്യക്ഷപ്പെടുന്നത്‌. മാസം കാമായുടെ നേതൃത്വത്തിൽ രൂപംകൊണ്ട ഈ പതാക ആദ്യമായി ഉയർന്നത്‌ പാരീസിലാണ്‌. ആദ്യപതാകയുമായി നിരവധി സാമ്യങ്ങളുണ്ടായിരുന്നു. എങ്കിലും ആദ്യ പതാകയിലെ എട്ടു താമരകൾക്കു പകരം ഈ പതാകയിൽ ഒരു താമരയെയും ഏഴു നക്ഷ്രങ്ങളെയുമാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. സപ്‌തർഷികളെയായിരുന്നു ഏഴു നക്ഷത്രങ്ങൾ പ്രതിനിധീകരിച്ചത്‌. ബർലിനിൽ നടന്ന സോഷ്യലിസ്റ്റു സമ്മേളനത്തിലും ഈ പതാക ഉയർന്നു.

1917-nൽ നിരവധി രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലായിരുന്നു പതാകയുടെ മൂന്നാം ഘട്ടം. ആനി ബസന്റും ബാല തിലകും നേത്യത്വം നൽകിയ ഹോം റൂൾ പ്രസ്ഥാനത്തിനു ശക്‌തി പകരാൻ ഇതിനു കഴിഞ്ഞെങ്കിലും ഗാന്ധിജിയുടെ നേതൃത്വത്തിൽ ദേശീയപ്രസ്ഥാനം ശക്‌തമായ ശേഷം 1921-ലാണ്‌ ത്രിവർണ പതാകയ്ക്കു അന്തിമരൂപം ഉണ്ടായത്‌.

1921-ൽ ആന്ധ്രാപ്രദേശിൽ നടന്ന എ.ഐ.സി.സി സമ്മേളനത്തിൽ താൻ രൂപം നൽകിയ പതാകയുമായി പിങ്കാലി കടന്നുവന്നു. പതാക അദ്ദേഹം ഗാന്ധിജിക്കു നൽകി. ചുവപ്പ്‌, പച്ച എന്നീ രണ്ടു നിറങ്ങളിലായിരുന്നു ഈ പതാക. രാജ്യത്തെ രണ്ടു പ്രധാന സമുദായങ്ങളെയാണ്‌ ഇതുവഴി പിങ്കാലി ഉദ്ദേശിച്ചത്‌. എന്നാൽ ഇതിനെ ഔദ്യോഗികമായി അംഗീകരിക്കാൻ ഐ.ഐ.സി.സിക്ക്‌ കഴിഞ്ഞില്ല. ഗാന്ധിജി നൽകിയ അംഗീകാരം ധാരാളമായിരുന്നു. ന്യൂനപക്ഷ സമുദായങ്ങളെ പ്രതിനിധീകരിച്ച്‌ വെള്ളനിറം കൂടി ചേർത്ത്‌ ഗാന്ധിജി ഈ പതാകയെ ഭേദഗതി ചെയ്‌തു. ജലാന്ററിലെ ഹാൻസ്‌ രാജിന്റെ നിർദ്ദേശമനുസരിച്ച്‌ സാധാരണക്കാരുടെയും പുരോഗതിയുടെയും പ്രതീകമായ ചക്രവും പതാകയിൽ ഇടം നേടി.

പതാകയുടെ നിറങ്ങൾക്കു നൽകിയ വ്യാഖ്യാനം പല വിമർശനങ്ങൾക്കും ഇടയാക്കി. തുടർന്ന്‌ 1931-ൽ കറാച്ചിയിൽ നടന്ന ഐ.ഐ.സി.സി സമ്മേളനത്തിൽ വ്യക്‌തമായ വ്യാഖ്യാനം നിലവിൽവന്നു. കുങ്കുമനിറം ധീരതയുടെയും വെളുപ്പ്‌ സത്യത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമെന്നു വിലയിരുത്തി. പതാകയുടെ മധ്യത്തിലെ നീല നിറത്തിലുള്ള ചക്രം അശോക ചക്രവർത്തി സാരാനാഥിൽ സ്ഥാപിച്ച 'ധർമ്മ ചക്ര'ത്തെയും പ്രതിനിധീകരിച്ചു.

നിരവധി പരിഷ്കാരങ്ങൾക്കും വ്യാഖ്യാനങ്ങൾക്കുമൊടുവിൽ 1947 ജൂലൈ 22ന്‌ ഭരണഘടന നിർമ്മാണ സമിതി ഇന്നത്തെ പതാകയുടെ രൂപരേഖ അംഗീകരിച്ചു.

കടപ്പാട്‌: മനോരമ ഓൺലൈൻ.
ലിങ്ക്‌: http://www.manoramaonline.com/servlet/ContentServer?pagename=manorama/MalArticle/Malfullstory&cid=
1123786927715&c=MalArticle&p=1015299284311&channel=
mmFestival&count=7&colid=1015308017604