ശനിയാഴ്‌ച, ഓഗസ്റ്റ് 20, 2005

'അന്ന'ത്തിൽ നിന്ന്‌ തുടങ്ങുമ്പോൾ

'അന്ന'ത്തിൽ നിന്ന്‌ തുടങ്ങുമ്പോൾ
എം.വി. ദേവൻ
അരുവിപ്പുറം പ്രതിഷ്ഠയ്ക്കും കുറച്ചുകൊല്ലം മുൻപാണ്‌ മഹാനായ വിവേകാനന്ദസ്വാമി കേരളം സന്ദർശിക്കുന്നത്‌. ഇന്ത്യയെന്ന ഭാരതത്തിലെ ആസേതുഹിമാചലദേശങ്ങളെല്ലാം ചുറ്റിക്കണ്ടതിന്‌ ശേഷമാണ്‌ അദ്ദേഹം കേരളത്തിൽ കാലുകുത്തുന്നത്‌. ഷൊർണ്ണൂർ വരെ തീവണ്ടിയിലും (അക്കാലത്ത്‌ ഷൊർണൂർ - എറണാകുളം തീവണ്ടിപ്പാത നിലവിൽ വന്നിരുന്നില്ല). പിന്നീട്‌ മറ്റു വാഹനങ്ങളിലും സഞ്ചരിച്ചാണ്‌ അദ്ദേഹം കേരളത്തിൽ - അഥവാ കൊച്ചി, തിരുവിതാംകൂർ ദേശത്തെത്തുന്നത്‌. ഈ ദേശം 'ഒരു ഭ്രാന്താലയ'മാണെന്ന സർട്ടിഫിക്കറ്റാണ്‌ അദ്ദേഹം നൽകുന്നത്‌. മദിരാശിയിൽ വച്ച്‌ നടത്തിയ അതിപ്രസിദ്ധമായ പ്രസംഗത്തിലാണ്‌ കേരളം ഭ്രാന്താലയമാണെന്ന പ്രഖ്യാപനമുണ്ടാകുന്നത്‌. ബീഹാറിലും ഉത്തർപ്രദേശിലും ഹിമാലയ സാനുക്കളിലും ബംഗാളിലും പഞ്ചാബിലും കർണ്ണാടകത്തിലും തമിഴ്‌, തെലുങ്ക്‌ ദേശങ്ങളിലും കാണാത്ത ഭ്രാന്ത്‌ കേരളത്തിൽ അദ്ദേഹം കണ്ടു. കണ്ടത്‌ അദ്ദേഹം കലവറയില്ലാതെ വിളിച്ചുപറഞ്ഞു.
ഈ ഭ്രാന്താലയത്തിലാണ്‌ നാരായണഗുരുവിന്‌ ജനിക്കേണ്ടിവന്നത്‌. ഈ 'ഭ്രാന്ത്‌' മാറ്റാനുള്ള 'വൈദ്യൻ' താനാണെന്ന്‌ ഗുരു സ്വയം സങ്കൽപിച്ചിരുന്നോ? എന്തോ അറിയില്ല. ഏതായാലും ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ മുതൽ പിന്നീടുള്ള കർമ്മങ്ങൾ അനുസന്‌ധാനം ചെയ്യുന്ന ഒരാൾക്ക്‌ ബോദ്ധ്യപ്പെടുക ഗുരുവിന്‌ ഈ ലക്ഷ്യമുണ്ടായിരുന്നുവെന്ന്‌ തന്നെയാണ്‌.

മൂവായിരമോ, ആറായിരമോ കൊല്ലത്തെയെങ്കിലും പാരമ്പര്യവും സാംസ്കാരിക മഹത്വവുമുള്ള ഒരു ജനപഥം എങ്ങനെ മൂല്യച്യുതിയുടെയും ജീർണ്ണതയുടെയും അഴുക്കുചാലിൽ മുങ്ങിപ്പൊങ്ങി വീർപ്പുമുട്ടുന്ന അവസ്ഥയിൽ ചെന്നുപെട്ടു? ഗുരുവിനെ അലട്ടിയ ഈ ചോദ്യത്തിന്‌, വിവേകാനന്ദനെക്കൊണ്ട്‌ 'ഭ്രാന്താലയം'. എന്നു വിളിപ്പിച്ച ഈ അവസ്ഥയ്ക്ക്‌, എന്തു പരിഹാരം എന്നതായിരുന്നു ഗുരുവിന്റെ അന്വേഷണം. 'അന്ന'ത്തിൽ നിന്ന്‌ തുടങ്ങുന്ന മനുഷ്യജീവിതം പടികൾ കടന്ന്‌ 'ആനന്ദ'ത്തിൽ ചെന്ന്‌ ലയിക്കുമെന്നറിയാവുന്ന ഗുരുവിന്‌ ഓരോ പടിയും 'ഉള്ളതാ'യിരുന്നു. അവ ഒന്നും 'മായ'യായിരുന്നില്ല. ആ പടികൾ ഓരോന്നും ചവിട്ടിക്കടന്നു ചെന്നാലേ 'ആനന്ദ'ത്തിലെത്താൻ (മോചനം) സാധിക്കൂ എന്ന്‌ ഗുരുവിന്‌ നല്ല നിശ്ചയമുണ്ടായിരുന്നു.

'സ്വാഭിമാന'മുള്ള 'സ്വത്വ' ബോധമുള്ള വ്യക്തികൾ ചേർന്ന ആരോഗ്യകരമായ ഒരു സമൂഹത്തെയാണ്‌ ഗുരു മനക്കണ്ണിൽ ഉപദർശിച്ചിരുന്നത്‌. സ്വന്തം കൈകൊണ്ട്‌ തൊഴിൽ ചെയ്ത്‌ അന്യർക്ക്‌ ഭാരമാകാതെ എന്നാൽ, അന്യർക്ക്‌ ഉപകാരത്തിനെത്തുമാറ്‌ (അവനവനാത്‌മസുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ്‌ വരേണം) ജീവിക്കുന്ന ആദർശശുദ്ധിയുള്ള പൌരന്മാരും പൌരികളും നിറഞ്ഞ ഒരു നാട്‌ അറിവിന്റെ വെളിച്ചം കെട്ടുപോകാതെ, അറിവിനുമപ്പുറത്ത്‌ അറിവല്ലാതെ മറ്റൊന്നുമില്ലെന്നറിഞ്ഞു ജീവിക്കുന്ന ആദർശ ധീരന്മാരുടെ ഒരു നാട്‌. അതാണോ ഇന്നത്തെ കേരളം? അഥവാ ഭാരതം?

ഇരുട്ടിൽ നിന്ന്‌ പതുക്കെ പ്രകാശത്തിലേക്ക്‌ ഭാരതീയർ നീങ്ങുന്നത്‌ പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതിയോടെയാണ്‌. വഴികാട്ടികൾ അങ്ങ്‌ ബംഗാളിലാണ്‌ പിറവിയെടുത്തത്‌. 'ഹിന്ദു'മതത്തിലെ 'സതി' മുതലായ അനാചാരങ്ങൾക്കെതിരായി ധീരമായി ശബ്‌ദിച്ചുകൊണ്ട്‌ രംഗത്തുവന്ന രാജാറാം മോഹൻറോയി, ഈശ്വരചന്ദ്ര വിദ്യാസാഗർ, കേശവ്‌ദേവ്‌ സെൻ, ദേവേന്ദ്രനാഥ ടാഗോർ, ശരത്ചന്ദ്ര ചാറ്റർജി, അരവിന്ദഘോഷ്‌ ഇങ്ങനെ ഒരുപറ്റം ബംഗാളി ഗുരുക്കന്മാരുടെ വരവോടെയാണ്‌ നമ്മുടെ നാട്ടിൽ മൂന്നാം 'നവോത്ഥാന'ത്തിന്‌ തിരശ്ശീല ഉയർന്നത്‌. രാമകൃഷ്‌ണ പരമഹംസരും അദ്ദേഹത്തിന്റെ വിശിഷ്‌ട ശിഷ്യനായ വിവേകാനന്ദനും ഈ പ്രസ്ഥാനത്തിലെ ഉജ്ജ്വലദീപശിഖകളായിരുന്നു.

ബംഗാളിൽ തുടങ്ങിയ ഈ നവോത്ഥാനത്തോട്‌ ഭാവൈക്യമാർന്നു വളർന്ന പ്രസ്ഥാനം എന്തുകൊണ്ടോ കേരളത്തിലാണ്‌ വേരുറച്ചതും പടർന്നുപന്തലിച്ചതും പ്രോജ്ജ്വലിച്ചതും. അതിന്റെ കാരണപുരുഷൻ നാരായണഗുരുവല്ലാതെ മറ്റാരുമായിരുന്നില്ല. അരുവിപ്പുറം പ്രതിഷ്ഠയും അതിനുശേഷം കേരളത്തിലങ്ങോളമിങ്ങോളമുണ്ടായ അഭൂതപൂർവ്വമായ സാമൂഹ്യചലനവും തദ്വാരാ സംഭവിച്ച മാറ്റവും ഒരു നവോത്ഥാനത്തിന്റെ തെളിവുകളായി - ശകലീഭൂതമായ തെളിവുകളായെങ്കിലും - അവശേഷിക്കുന്നു. അതിൽ നിന്നാണ്‌ 'കേരള മോഡൽ' അഥവാ 'കേരള മാതൃക'യെന്ന പ്രയോഗം നിലവിൽ വന്നത്‌. കേരള മോഡലിനെ ചൂണ്ടി 'സങ്ങതി അറിഞ്ഞാ, സങ്ങതി അറിഞ്ഞാ, അത്‌ ഞമ്മളാ' എന്നവകാശപ്പെടുന്ന എട്ടുകാലി മമ്മൂഞ്ഞുമാർ ഇവിടെ അസംഖ്യമുണ്ടെന്നതും നാം കാണാതിരിക്കരുത്‌. 'ബംഗാൾ മോഡൽ' എന്ന്‌ പ്രയോഗിച്ച്‌ കണ്ടിട്ടുണ്ടോ? എന്തുകൊണ്ട്‌ എന്ന്‌ നാം അന്വേഷിച്ചോ? അന്വേഷിക്കേണ്ടതാവശ്യമല്ലേ?

യഥാർത്ഥത്തിൽ ബംഗാളിൽ സംഭവിക്കേണ്ടത്‌ ഇവിടെ കേരളത്തിലാണ്‌ സംഭവിച്ചത്‌ എന്നത്‌ ഗൌരവത്തോടെ നാം ചിന്താവിഷയമാക്കേണ്ടതാകുന്നു. കേരളത്തിലും ബംഗാളിലും പല കാര്യങ്ങളിലും സാദൃശ്യമുണ്ട്‌. കേരളീയർക്ക്‌ ബംഗാൾ എന്നും ആദർശവും ലക്ഷ്യസ്ഥാനവുമായിരുന്നു. അതുകൊണ്ടാണ്‌ നാരായണഗുരുവിന്റെ വത്സല ശിഷ്യനും നമ്മുടെ മഹാകവിയുമായ കുമാരനാശാൻ, കേരള പുത്രൻ രാജരാജവർമ്മ എന്ന 'കേരളപാണിനി'യുടെ ചരമത്തിൽ അതീവ ദുഃഖിതയായി അലമുറയിടുന്ന 'മലയാണ്‌മ'യെ ആശ്വസിപ്പിക്കാൻ വിശ്വമഹാകവി കാളിദാസനെ രംഗത്തവതരിപ്പിച്ച്‌ അദ്ദേഹത്തെക്കൊണ്ടീവണ്ണം ഉദീരണം ചെയ്യിക്കുന്നത്‌. 'വംഗദ്വേവിലുദിച്ച' രവിയെ സ്‌നേഹിച്ച വിശ്വംഭരേ' എന്ന്‌. രവീന്ദ്രനാഥടാഗോറെന്ന കവിയുണ്ടല്ലോ നമുക്കാശ്വസിക്കാൻ എന്ന്‌.

ഇങ്ങനെയൊക്കെയായിരുന്നിട്ടും ബംഗാളിന്‌ എന്തുകൊണ്ട്‌ വർത്തമാനകാലത്ത്‌ ഒരു 'മാതൃക'യാവാൻ സാധിച്ചില്ല? 'കേരള മോഡൽ' പോലെ ഒരു 'ബംഗാൾ മോഡൽ' എന്തുകൊണ്ടില്ലാതെ പോയി?

എന്റെ നിഗമനം പൂർണ്ണമായി ശരിയായിക്കൊള്ളണമെന്നില്ല; എന്നാലും ശങ്കയോടെയെങ്കിലും പറയട്ടെ: ബംഗാളിലെ നവോത്ഥാന നായകന്മാരെല്ലാവരും സമുദായശ്രേണിയിലെ ' ഉന്നത'രായിരുന്നു. അവരുടെ വാക്കും കർമ്മവും ഒരുമിച്ച്‌ 'മഹദ്വചനങ്ങ'ളാവുകയല്ലാതെ കർമ്മകാണ്‌ഡത്തിലേക്ക്‌ കാര്യമായി കടന്നുചെന്നില്ല. സമൂഹത്തെ സമൂലം ഇളക്കിമറിക്കുന്ന പ്രസ്ഥാനമായവ കരുപ്പിടിച്ചില്ല. വാക്ക്‌ കർമ്മമായി രൂപാന്തരപ്പെട്ടില്ല. സമൂഹസൌധത്തിന്റെ മേൽ വിതാനങ്ങളിൽ അടിച്ചുവീശിയത്‌ വലിയ കാറ്റുതന്നെ. പക്ഷേ, ആ കാറ്റ്‌ ഭൂമിയിലെ ചെറുതരുലതാദികളെയോ കറുകപ്പുല്ലിനെയോ തഴുകിയില്ല. 'ഗ്രാസ്സ്‌ റൂട്ടി'ലേക്ക്‌ മേൽപ്പടവിലെ ചലനങ്ങൾ വേണ്ടത്ര ശക്തിയോടെ ഇറങ്ങിച്ചെന്നില്ല. 'വചന'ത്തിന്‌ വശ്യതയില്ലാത്തതുകൊണ്ടല്ല; മാഹാത്‌മ്യമില്ലാത്തതുകൊണ്ടല്ല - മേലും കീഴും തമ്മിലുള്ള അകൽച്ച കുറയ്ക്കാനോ ദൂരങ്ങളെ വെട്ടിത്തള്ളാനോ ആ പ്രയത്‌നങ്ങൾക്ക്‌ സാധിക്കാതെ പോയി.

എന്നാൽ, ഇവിടെ കേരളത്തിൽ 'നവോത്ഥാന'ത്തിന്റെ മുള പൊട്ടിയത്‌ ഉന്നതശ്രേണിയിലെ വരേണ്യർക്കിടയിലായിരുന്നില്ല, സമുദായത്തിലെ അടിപ്പടലകളിലെ 'അസ്‌പൃശ്യർക്കിട'യിലായിരുന്നു. ഭാരതീയ സംസ്കൃതിയുടെ ഉൾച്ചൂരും ദ്രാവിഡക്കരുത്തും നവീന നാഗരികതയുടെ വികിരണശക്തിയുമാർജ്ജിച്ച ആ അടിയാളന്മാരുടെ 'വചനം' പെട്ടെന്ന്‌ കർമ്മമായി രൂപാന്തരപ്പെട്ടു. ആ വചനങ്ങൾ വെറും ' ഉദ്ധാരണ'ത്തിനുള്ള വാക്കുകളല്ലായിരുന്നു. കർമ്മവ്യഗ്രതയുണർത്തുന്ന ചാട്ടവാറടികളായിരുന്നു. അതേശേണ്ട സ്ഥാനത്ത്‌ ഏശുകയും ചെയ്തു. എന്നാൽ, സമാധാനമോ, ശാന്തിയോ ഭഞ്ജിക്കാതെ, മൌനമായ മന്ത്രോച്ചാരണംപോലെ, ഉണങ്ങിയ വിറകിൽ തീ പോലെ (ശുഷ്കേന്‌ധനേ അഗ്‌നിവത്ത്‌) യാണ്‌ അത്‌ പ്രവർത്തിച്ചതെന്ന്‌ വേണമെങ്കിൽ പറയാം.

നാരായണഗുരുവും അയ്യങ്കാളിയും വൈകുണ്ഠസ്വാമിയും പൊയ്കയിൽ യോഹന്നാനും ചട്ടമ്പിസ്വാമികളും പൽപുവും കുമാരനാശാനും സഹോദരൻ അയ്യപ്പനും എല്ലാം സമുദായത്തിലെ അടിപ്പടലയിൽ നിന്നോ അതോട്‌ തൊട്ടുനിൽക്കുന്ന അടരുകളിൽ നിന്നോ വന്നവരാണ്‌. ശാപഗ്രസ്തവും ജീർണ്ണവുമായ ബ്രാഹ്‌മണ്യത്തിന്റെ നശീകരണ ശക്തിയെ അതിജീവിക്കാനും മാനവമഹത്വത്തെ ഉയർത്തിക്കാട്ടാനും ഈ മനീഷികൾക്കും അവരോടൊപ്പമുള്ളവർക്കും അനുചരന്മാർക്കും നിഷ്‌പ്രയാസം സാധിച്ചു. 'ആട്ടിടയനും ആടുകളും' എന്ന അവസ്ഥ മാറി 'ആടുകൾ തന്നെ സ്വയം മേയുകയോ' 'ആട്ടിൻ കുലമായി പൊറുതി കൊള്ളുകയോ' എന്നസ്ഥിതി വന്നു. (ജോർജ്‌ ഓർവെല്ലിന്റെ 'ആനിമൽ ഫാം' ഓർക്കുക). സമൂഹത്തെ സമൂലം ഉടച്ചുവാർക്കുകയും 'മനുഷ്യനാണ്‌ മാനദണ്‌ഡ'മെന്ന ഉയർന്ന മൂല്യബോധം പരാഗണം നിർവ്വഹിക്കുകയും ചെയ്യുന്നതിന്‌ മുമ്പേ നവോത്ഥാന പ്രക്രിയയ്ക്ക്‌ ദിശാബോധം നഷ്‌ടപ്പെട്ടു.

ദേശത്തിന്റെ സ്വാതന്ത്യ്‌രപ്രാപ്‌തിയും അതോടെ ആരംഭിച്ച 'അധികാര പരിരംഭണഭ്രമ'വുമാണ്‌ 'നവോത്ഥാന'ത്തിന്‌ കോടാലിയായിത്തീർന്നത്‌. 'ജനായത്ത സമ്പ്രദായം' (ഡെമോക്രസി) ജീവിതത്തിൽ ഒരിക്കലും ആചരിച്ചിട്ടില്ലാത്ത ഒരു സമൂഹത്തിൽ ജനായത്ത സമ്പ്രദായത്തിലുള്ള കക്ഷികളും അവയുടെ രൂപീകരണവും അവർ തമ്മിലുള്ള തെരഞ്ഞെടുപ്പ്‌ മത്സരവും ഒരുതരം പൊറാട്ടു നാടകമായി കലാശിച്ചു. അകാലത്തിലുള്ള ഈ സംഭവ വികാസമാണ്‌ നമ്മുടെ 'നവോത്ഥാന'ത്തെ 'ചാപിള്ള'യോ അല്ലെങ്കിൽ 'അംഗവൈകല്യം ബാധിച്ച ശിശുവോ' ആക്കിത്തീർത്തത്‌. കുറ്റം മറ്റാരുടേതുമല്ല. നമ്മുടേതുതന്നെ.

കടപ്പാട്‌: കേരളകൌമുദി ഓൺലൈൻ

അഭിപ്രായങ്ങളൊന്നുമില്ല: