തിങ്കളാഴ്‌ച, ഓഗസ്റ്റ് 22, 2005

ശുദ്ധീകരിക്കാനായി അംബായാഗം

ശുദ്ധീകരിക്കാനായി അംബായാഗം
ഡോ. വെള്ളായണി അർജുനൻ

ഭീകരമായ സാംസ്കാരിക അധഃപതനവും ദാരുണമായ ധർമ്മച്യുതിയും വികൃതവും വികലവുമായ ഹീനവാസനകളും കൊടികുത്തിവാഴുന്ന ആധുനിക കാലഘട്ടത്തിൽ, മാനുഷിക മൂല്യങ്ങളുടെ നിലനില്‌പിനും മനുഷ്യസ്‌നേഹത്തിന്റെ വികസനത്തിനും വേണ്ടി വമ്പിച്ച ഒരു ശുദ്ധീകരണ പരിശ്രമം അനിവാര്യമായിത്തീർന്നിരിക്കുന്നു. എന്തിനെയും ഹിംസിച്ചെറിഞ്ഞുകൊണ്ട്‌ സ്വാർത്ഥതയുടെ പൂർത്തീകരണത്തിനുവേണ്ടി കടുത്ത വ്യഗ്രത കാണിക്കുന്ന ഇന്നത്തെ മനുഷ്യനെ യഥാർത്ഥ മാനവമഹത്വത്തിന്റെ സന്ദേശവാഹകനാക്കിത്തീർക്കുവാൻ വേണ്ടിയുള്ള ഒരു കർമ്മപരിപാടി ഇന്ന്‌ അനുപേക്ഷണീയം തന്നെയാണ്‌. ഈ സാഹചര്യത്തിലാണ്‌ 'അംബായാഗം' എന്ന മഹനീയ യാഗകർമ്മത്തിന്റെ മഹത്വം വ്യക്തമാകുന്നത്‌.

അയ്യായിരത്തിലധികം വർഷങ്ങൾക്കുമുമ്പ്‌ വ്യാസമഹർഷി, പാണ്‌ഡവരാജവംശത്തിന്റെ പുണ്യത്തിനുവേണ്ടി അംബായാഗം നടത്തിയതായും അന്ന്‌, പാപപങ്കിലമായിത്തീർന്നിരുന്ന നിരവധി ജീവിതങ്ങൾ പവിത്രീകരിക്കപ്പെട്ടതായും ദേവീഭാഗവതം തുടങ്ങിയ വിശിഷ്‌ട ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചു കാണുന്നു. ശൃംഗിമുനിയുടെ ശാപം നിമിത്തം തക്ഷകന്റെ കടിയേറ്റ്‌ അകലാമൃത്യു വരിച്ച പരീക്ഷിത്ത്‌ രാജാവിന്റെ പുത്രൻ ജനമേജയൻ സർപ്പവംശത്തെ മുഴുവൻ സംഹരിക്കുവാൻവേണ്ടി അതിവിപുലമായ രീതിയിൽ ഒരു സർപ്പയാഗം നടത്തുകയും തൽഫലമായി സർപ്പശാപമേറ്റ ജനമേജയൻ കുഷ്ഠരോഗിയായിത്തീരുകയും ആ രാജവംശം മുഴുവൻ ഘോരപാപത്തിലാണ്ട്‌ ദുരിതമനുഭവിക്കുകയും ചെയ്ത ഘട്ടത്തിലാണ്‌ വ്യാസമഹർഷി അവിടെ എത്തിച്ചേരുകയും അംബായാഗം നടത്തി എല്ലാ കളങ്കിതജീവിതകളെയും പവിത്രീകരിച്ച്‌ പുണ്യാത്‌മാക്കളായി മാറ്റുകയും ചെയ്തത്‌. സാമൂഹികജീവിതത്തിന്റെയും സാംസ്കാരിക വികാസത്തിന്റെയും മനുഷ്യജന്മശുദ്ധീകരണത്തിന്റെയും മഹായജ്ഞമാണ്‌ അംബായാഗം.

ജനമേജയന്റെ വംശത്തെ മുഴുവൻ പവിത്രീകരിക്കുവാൻ സാധിച്ച അംബായാഗം, മനുഷ്യരാശിയുടെ മുഴുവൻ പവിത്രതയ്ക്കും ജീവിതഭദ്രതയ്ക്കും പുരോഗതിക്കും പുണ്യലബ്‌ധിക്കും വേണ്ടി ശാസ്‌ത്രവിധിപ്രകാരം നടത്തുവാൻ തിരുവനന്തപുരത്തെ 'ഈശവിശ്വപ്രജ്ഞാന ട്രസ്റ്റ്‌' തീരുമാനിച്ചിരിക്കുന്നു. ജഗത്‌ഗുരു സ്വാമി ഈശാതൃപ്പാദങ്ങളുടെ ദിവ്യസാന്നിദ്ധ്യത്തിലാണ്‌ യാഗം നടത്തുവാൻ പദ്ധതിയിട്ടിരിക്കുന്നത്‌. 2005 ഒക്‌ടോബർ 4 മുതൽ 12 വരെ തിരുവനന്തപുരത്ത്‌ 'മണിദ്വീപിൽ' വച്ചായിരിക്കും ഈ യജ്ഞപരിപാടി നടത്തുന്നത്‌. സാക്ഷാൽ അംബയുടെ വാസസ്ഥാനമാണ്‌ മണിദ്വീപ്‌. അതുകൊണ്ടാണ്‌ ഈ യാഗഭൂമിക്ക്‌ ആ പേരുതന്നെ നൽകിയിരിക്കുന്നത്‌.

അശ്വമേധയാഗം, രാജസൂയയാഗം, സോമയാഗം തുടങ്ങിയ നിരവധി യാഗങ്ങളെപ്പറ്റി മുമ്പു നാം കേട്ടിട്ടുണ്ട്‌. അവയെല്ലാം ദ്രവ്യയാഗങ്ങളാണ്‌. സമ്പന്നതയ്ക്കുവേണ്ടിയുള്ള യാഗങ്ങളാണവ. അംബായാഗമാകട്ടെ, ദ്രവ്യവും പുണ്യവും ധന്യവുമായ നവചൈതന്യവും സമൂഹത്തിന്‌ പ്രദാനം ചെയ്യുവാൻ പര്യാപ്‌തവും ബഹുഗുണസാന്ദ്രവുമായ യജ്ഞമാണ്‌. ഈ യാഗത്തിൽ പണ്‌ഡിതപാമരഭേദം കൂടാതെ ആർക്കും പങ്കുകൊള്ളുവാനും മഹത്തായ ജീവിതതത്വങ്ങൾ സ്വീകരിക്കുവാനും സാധിക്കും.

ഈശാസ്വാമിയുമായി അംബായാഗത്തിന്റെ ലക്ഷ്യങ്ങളെപ്പറ്റി ചർച്ചനടത്തിയപ്പോൾ അദ്ദേഹത്തിൽ നിന്നും ലഭിച്ച താത്വികമായ നിർദ്ദേശങ്ങളും സാത്വികമായ സന്ദേശങ്ങളും ജീവിതത്തിന്‌ വളരെയധികം വെളിച്ചം നൽകുന്നവയാണെന്ന്‌ എനിക്ക്‌ ബോദ്ധ്യമായി. മനുഷ്യനെ യഥാർത്ഥ മാനുഷിക ബോധത്തിലേക്ക്‌ ഉയർത്തുവാനും സ്വസ്ഥതയെ അനുഭൂതിയാക്കി മാറ്റുവാൻ ഉപകരിക്കുന്ന രീതിയിൽ ശരീരത്തെ ക്രമീകരിക്കുവാനും മനുഷ്യചിന്തയെ സംശുദ്ധമാക്കി സൌമ്യമായ ഏകാഗ്രത അനുഭവിക്കുവാനും വിക്ഷോഭകാരികളായ അഹിതവികാരങ്ങൾ അലട്ടുന്ന മനുഷ്യമനസ്സിനെ നിയന്ത്രിച്ച്‌ പവിത്രീകരിക്കുവാനും അഹങ്കാരത്തിന്റെ അന്‌ധകാരത്തിൽനിന്ന്‌ ഔൽകൃഷ്‌ട്യത്തിന്റെ പ്രകാശത്തിലേക്ക്‌ മനുഷ്യനെ നയിക്കുവാനും അംബായാഗത്തിലൂടെ സാധ്യമായിത്തീരും എന്നാണ്‌ പൂർവാചാര്യന്മാരോടൊപ്പം ഈശാസ്വാമികളും പ്രസ്താവിക്കുന്നത്‌.

ഭക്തിവേദി, യോഗവേദി, ജ്ഞാനവേദി, മന്ത്രവേദി, തന്ത്രവേദി, യന്ത്രവേദി, ധ്യാനവേദി, മാനസയാഗവേദി, ദ്രവ്യയാഗവേദി എന്നിങ്ങനെ ഒൻപത്‌ മഹത്തായ ക്രമീകരണങ്ങളിലൂടെ പുതിയൊരു അനുഭൂതിതലം സൃഷ്‌ടിക്കുവാൻ സാധിക്കുന്നതാണ്‌.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നും അനേകം വേദപണ്‌ഡിതന്മാരും യജ്ഞപണ്‌ഡിതന്മാരും ശാസ്‌ത്രജ്ഞന്മാരും സാഹിത്യകാരന്മാരും കലാകാരന്മാരും താന്ത്രികന്മാരും എല്ലാവിധത്തിലുമുള്ള വിജ്ഞാനകുതുകികളും ഈ യാഗസമാരംഭങ്ങളിൽ പങ്കാളികളാകുവാൻ സന്നദ്ധരായി മുമ്പോട്ടുവന്നിട്ടുണ്ട്‌.
എല്ലാ വിജ്ഞാനകുതുകികളുടെയും ബുദ്ധിജീവികളുടെയും സംസ്കാരസ്‌നേഹികളുടെയും ശാന്തിസന്ദേശവാഹകന്മാരുടെയും സമ്പൂർണ്ണ സഹകരണം ഈ പ്രസ്ഥാനത്തിന്റെ വിജയത്തിന്‌ നൽകണമെന്ന്‌ ഈശവിശ്വപ്രജ്ഞാന ട്രസ്റ്റിന്റെ പ്രതിനിധി എന്ന നിലയിൽ ഞാൻ അഭ്യർത്ഥിക്കുന്നു.

കടപ്പാട്‌: കേരളകൌമുദി ഓൺലൈൻ

അഭിപ്രായങ്ങളൊന്നുമില്ല: