വ്യാഴാഴ്‌ച, ഓഗസ്റ്റ് 25, 2005

ശീ വിദ്യാധിരാജ ചട്ടമ്പി സ്വാമി-കാലതീതമായ ജ്യോതിസ്സ്‌

ശീ വിദ്യാധിരാജ ചട്ടമ്പി സ്വാമി -കാലതീതമായ ജ്യോതിസ്സ്‌
ആർ. രാമചന്ദ്രൻനായർ
മുൻ ചീഫ്‌ സെക്രട്ടറി

ലോകചരിത്രത്തിലും-അതുപോലെ ഓരോ ദേശത്തിന്റെ ചരിത്രത്തിലും-അഭൂതപൂർവ്വമായ പരിവർത്തനത്തിന്റെ കാലഘട്ടങ്ങൾ ഉദയം ചെയ്യാറുണ്ട്‌. അത്തരം സന്ദർഭങ്ങളിൽ പരിവർത്തനപ്രക്രിയയുടെ ലക്ഷ്യവും ദിശയും രൂപവും ഭാവവും നിർണ്ണയിക്കുന്നതിന്‌ പ്രാഗൽഭ്യമുള്ള യുഗപുരുഷന്മാർ രംഗത്ത്‌ പ്രത്യക്ഷപ്പെടുകയും പരിവർത്തനപ്രസ്ഥാനത്തിന്‌ പുരോഗമിക്കാനുള്ള പ്രയാണസരണി ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നതായി കാണപ്പെടാറുമുണ്ട്‌. പരിവർത്തന കാലഘട്ടം അതിന്റെ സ്വഭാവത്തിനിണങ്ങിയ യുഗപുരുഷന്മാരെ സൃഷ്‌ടിക്കുകയാണോ അതോ യുഗപുരുഷന്മാർ അവരുടെ സ്വഭാവത്തിനനുസൃതമായി പരിവർത്തന കാലഘട്ടത്തെ സൃഷ്‌ടിക്കുകയാണോ ചെയ്യുന്നത്‌ എന്നതിനെക്കുറിച്ച്‌ രണ്ടഭിപ്രായമുണ്ടാകാം. പരമാർത്ഥത്തിൽ മഹാന്മാർ കാലഘട്ടത്തെയും കാലഘട്ടം മഹാന്മാരെയും അന്യോന്യം സൃഷ്‌ടിക്കുന്നു എന്നുള്ളതാണ്‌ വാസ്തവം.
പത്തൊൻപതാം നൂറ്റാണ്ട്‌ (1801-1900) കേരളത്തിന്റെ ചരിത്രത്തിൽ മഹത്തായ ഒരു യുഗപരിവർത്തനത്തിന്‌ സാക്ഷ്യം വഹിക്കുകയുണ്ടായി എന്നുള്ളത്‌ സംശയാതീതമാണ്‌. പരശുരാമൻ സമുദ്രത്തിന്‌ മീതേ മഴുവെറിഞ്ഞു കേരളത്തെ ഉദ്ധരിച്ചെടുക്കുകയും അങ്ങനെ സൃഷ്‌ടിച്ച രാജ്യത്തെ ഒന്നാകെ നമ്പൂതിരി ബ്രാഹ്‌മണരുടെ മാത്രം സ്വൈരവിഹാരത്തിനായി നീക്കിവയ്ക്കുകയും ബ്രാഹ്‌മണരുടെ ദാസ്യവൃത്തി ഏറ്റെടുത്തുനടത്തി അവരെ പ്രീതരാക്കുക എന്ന ചുമതല മാത്രം അബ്രാഹ്‌മണർക്ക്‌ നൽകുകയും ചെയ്തു എന്ന വിചിത്രമായ കഥ അക്ഷരാർത്ഥത്തിൽത്തന്നെ വിശ്വസിച്ച്‌, ബ്രാഹ്‌മണരുടെ പാദസേവ നടത്തുന്നതിനെക്കാൾ പുണ്യകരമായ ഒരു പ്രവൃത്തി ഭൂമുഖത്തില്ല എന്നു കരുതി ജീവിക്കുന്നവരായിരുന്നു പത്തൊൻപതാം ശതകത്തിന്റെ പ്രാരംഭത്തിലെ സാധാരണക്കാരായ കേരളീയർ. വേദമന്ത്രങ്ങളെപ്പോലെ പരിപാവനമായി മറ്റു യാതൊന്നും പ്രപഞ്ചത്തിലില്ലെന്നും ആ വേദമന്ത്രങ്ങൾ കേൾക്കാനോ പഠിക്കാനോ ഉരുവിടാനോ ഉള്ള അവകാശം ബ്രാഹ്‌മണർക്ക്‌ മാത്രമുള്ള കുത്തകയാണെന്നും അന്നത്തെ കേരളീയർ പരക്കെ വിശ്വസിച്ചിരുന്നു. ഹൈന്ദവ ദർശനത്തിന്റെ ആധാരശിലകളിലൊന്നായ ഭഗവദ്‌ഗീത പഠിക്കാനും പകർത്താനും സ്വാംശീകരിക്കാനുമുള്ള അവകാശം ബ്രാഹ്‌മണരുടേതുമാത്രമാണെന്നും സാമാന്യജനങ്ങൾ അംഗീകരിച്ചിരുന്നു.

ദൈവാധീനം ജഗത്‌സർവം
മന്ത്രാധീനം തു ദൈവതം
തന്മന്ത്രം ബ്രാഹ്‌മണാധീനം
ബ്രാഹ്‌മണോ മമ ദൈവതം
എന്നുള്ളതായിരുന്നു അജ്ഞജനങ്ങളുടെ സമീപനരീതി.

ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികൾ അദ്ദേഹത്തിന്റെ 'പ്രാചീന മലയാളം' എന്ന ഗ്രന്ഥത്തിൽ ഭാരതീയരുടെ ആധികാരികമായുള്ള പുരാണങ്ങളിലോ ഇതിഹാസങ്ങളിലോ ഒന്നും ഭാർഗവരാമൻ പരശുവിക്ഷേപണം കൊണ്ട്‌ സൃഷ്‌ടിച്ച ഭൂമിയാണ്‌ കേരളം എന്നൊരു കഥ കാണാനില്ലെന്നും നമ്പൂതിരി ബ്രാഹ്‌മണർ സമീപകാലത്ത്‌ എഴുതിയുണ്ടാക്കിയ ഗ്രന്ഥങ്ങളിലാണ്‌ ആദ്യമായി ഈ കഥ പ്രത്യക്ഷപ്പെടുന്നതെന്നും തെളിവുസഹിതം വിശദമാക്കി. അതുപോലെ, വേദമന്ത്രങ്ങൾ കേൾക്കാനും പഠിക്കാനും ചൊല്ലാനുമുള്ള അവകാശം ജിജ്ഞാസുക്കളായ എല്ലാ മനുഷ്യർക്കുമുള്ളതാണ്‌ എന്ന്‌ 'വേദാധികാര നിരൂപണം' എന്ന ഗ്രന്ഥത്തിൽ അദ്ദേഹം കാര്യകാരണ സഹിതം വ്യക്തമാക്കി. ബ്രാഹ്‌മണനല്ലാത്ത (യാദവനായ) ശ്രീകൃഷ്‌ണൻ ബ്രാഹ്‌മണനല്ലാത്ത (അർദ്ധക്ഷത്രീയനും അർദ്ധയാദവനുമായ) അർജുനന്‌ ഉപദേശിച്ച്‌ കൊടുത്തതും ബ്രാഹ്‌മണനല്ലാത്ത (മുക്കുവാനായ) വേദവ്യാസൻ രേഖപ്പെടുത്തിവച്ചതുമായ ഭഗവതദ്‌ഗീതയ്ക്കുമേൽ ബ്രാഹ്‌മണർക്ക്‌ എങ്ങനെയാണ്‌ ജന്മാവകാശം സിദ്ധിച്ചത്‌ എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന്‌ യുക്തിപൂർവ്വമായ മറുപടി നൽകുവാൻ യാതൊരാൾക്കും സാധിച്ചില്ല.

ശ്രീവിദ്യാധിരാജ സ്വാമികളുടെയും ശ്രീനാരായണഗുരുസ്വാമികളുടെയും മറ്റും വിപ്‌ളവാത്‌മകങ്ങളായ ആശയങ്ങൾക്ക്‌ പരിവർത്തന യുഗമായ പത്തൊൻപതാം ശതകത്തിലെ കേരളീയാന്തരീക്ഷം തന്നെയാണ്‌ ജന്മംനൽകിയത്‌ എന്നൊരാൾ വാദിച്ചാൽ അതിനെ പൂർണ്ണമായി നിഷേധിക്കാനാവുകയില്ല. ടിപ്പു സുൽത്താന്റെ പതനത്തിനുശേഷം മലബാർ-കൊച്ചി പ്രദേശങ്ങളിലെയും വേലുത്തമ്പിയുടെ ചരമത്തിനുശേഷം തിരുവിതാംകൂറിലെയും ഭരണസംവിധാനത്തിന്മേൽ ബ്രിട്ടീഷ്‌ ഈസ്റ്റിന്ത്യാ കമ്പനിയുടെ പ്രതിനിധികൾ പിടിമുറുക്കുകയുണ്ടായല്ലോ.

പാശ്ചാത്യലോകത്ത്‌ നിലവിൽവന്നുകഴിഞ്ഞിരുന്ന പ്രജായത്ത ഭരണവും സാമൂഹികവ്യവസ്ഥിതിയും വിദ്യാഭ്യാസ സമ്പ്രദായവും വിശ്വാസപ്രമാണങ്ങളും ശാസ്‌ത്രമുന്നേറ്റവും ഒക്കെ കേരളീയരുടെ മേൽ ശക്തമായ സ്വാധീനം ചെലുത്താതിരിക്കുക എന്നുള്ളത്‌ സംഭവ്യമായിരുന്നില്ല. സിദ്ധരൂപവും അമരകോശവും ശ്രീരാമോദന്തവും ശ്രീകൃഷ്‌ണ വിലാസവും മറ്റും പഠിച്ചു ഹൃദിസ്ഥമാക്കിയാൽ വിദ്യാഭ്യാസം പൂർണമായി എന്നു കരുതിപ്പോന്ന സ്ഥാനത്ത്‌ കേരളത്തിലെ വിദ്യാർത്ഥികൾ ഗണിതശാസ്‌ത്രം ഊർജ്ജതന്ത്രം, രസതന്ത്രം, ലോക ചരിത്രം, രാഷ്‌ട്രമീമാംസ ഇംഗ്‌ളീഷ്‌ ഭാഷയും സാഹിത്യവും എന്നിവയൊക്കെ പഠിച്ചുതുടങ്ങിയതോടെ അവരുടെ ചിന്താഗതികളിൽ മാറ്റമുണ്ടാകാതിരിക്കാൻ കഴിയുമായിരുന്നില്ല.

അച്ചടിയന്ത്രങ്ങളും അച്ചുകൂടങ്ങളും നിലവിൽ വന്നതോടെ ഗ്രന്ഥങ്ങൾ എല്ലാം കൈകൊണ്ടുതന്നെ ക്‌ളേശിച്ചു പകർത്തി എടുത്താലേ പഠിക്കാനാവൂ എന്ന അവസ്ഥയ്ക്കുമാറ്റം വന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ വാരികകളും മാസികകളും മലയാളത്തിൽ പ്രചാരമാർജ്ജിച്ചതോടെ ഒരുവിചാര വിപ്‌ളവത്തിന്‌ വഴി ഒരുങ്ങുകതന്നെ ചെയ്‌തു. ആ കാലഘട്ടത്തിൽ സംഭവിച്ച ഇമ്മാതിരിയുള്ള പരിവർത്തനങ്ങളാണ്‌ ശ്രീവിദ്യാധിരാജന്റെയും ശ്രീനാരായണ ഗുരുദേവന്റെയും മറ്റുചില പ്രഭാവശാലികളായ ഗുരുക്കന്‌മാരുടേയും ആശയങ്ങൾക്കും പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചതെന്നുള്ളതിൽ സംശയമില്ല. പക്ഷേ, വിപ്‌ളവാത്‌മകങ്ങളായ ഇത്തരം പുതിയ ചിന്താധാരകൾക്ക്‌ ജനസാമാന്യത്തിന്റെ ഇടയിൽ പരക്കെ പ്രാചരവും അംഗീകാരവുമുണ്ടാക്കിത്തീർത്തത്‌ ഈ ഗുരുക്കന്‌മാു‍രടെ സ്വാധീനം കൊണ്ടുമാത്രമായിരുന്നു.

വിജ്ഞാന സമ്പന്നന്‌മാരും യുദ്ധവീരന്‌മാരും ഭരണ ധുരന്‌ധരന്‌മാരും വ്യവസായ പ്രമുഖന്‌മാരുമൊക്കെ ഭാരതീയരുടെ ആദരവിനും ശ്‌ളാഘയ്ക്കും വിഷയീഭവിക്കാറുണ്ടെങ്കിലും ത്യാഗികളും തപോനിധികളുമായ ആധ്യാത്‌മക ഗുരുക്കന്‌മാരെയാണ്‌ ഭാരതീയ ജനത ഏറ്റവുമേറെ ആരാധിച്ചുപോന്നിട്ടുള്ളത്‌. ഇന്ത്യൻ സ്വാതന്ത്യ്‌ര സമരത്തിന്റെ ചരിത്രം തന്നെ പരിശോധിക്കുക. ഗോപാൽ കൃഷ്‌ണഗോഖലേ, ലാലാലജ്‌പത്‌റായ്‌, സുരേന്ദ്രനാഥ്‌ ബാനർജി, മോത്തിലാൽ നെഹ്‌റു, ചിത്തരഞ്ജൻ ദാസ്‌ എന്നിങ്ങനെയുള്ള അതിപ്രഗൽഭന്‌മാരായ രാഷ്‌ട്രനേതാക്കന്‌മാർക്ക്‌ ഒരിക്കലും കൈവരിക്കാൻ സാധിക്കാത്ത സ്വാധീനശക്തിയാണ്‌ ഭാരതീയ ജനതയുടെ മേൽ മഹാത്‌മാഗാന്‌ധി എന്ന " അർദ്ധ നഗ്‌നനായ ഫക്കീർ" നേടിയെടുത്തത്‌ എന്നു നമുക്ക്‌ കാണാൻ കഴിയുന്നു.

കാരണം മഹാത്‌മാഗാന്‌ധി ഒരു രാഷ്‌ട്രീയ നേതാവുമാത്രമായിരുന്നില്ല; ദിവ്യ ചൈതന്യ സമന്വിതമായ ഒരു ആധ്യാത്‌മക തേജസ്സുകൂടിയായിരുന്നു. സബർമതിയിലെയോ വർദ്ധയിലേയോ പർണ്ണാശ്രമത്തിലിരുന്നുകൊണ്ട്‌ ഗാന്‌ധിജി ഒരു നിർദ്ദേശം നൽകിയാൽ ഭാരതത്തിലെ ജനകോടികൾ ഉടനടി ആ നിർദ്ദേശം ഏറ്റെടുത്തു പ്രവൃത്തിപഥത്തിൽ കൊണ്ടുവരുവാൻ സന്നദ്ധരായിരുന്നു. ഗാന്‌ധിജിയുടെ വ്യക്തിത്വത്തിന്റെ അവിഭാജ്യ ഘടകമായ ആദ്ധ്യാത്‌മിക പരിവേഷംതന്നെയായിരുന്നു അതിന്റെ ഹേതു. സാമ്രാജ്യങ്ങൾ വെട്ടിപ്പിടിച്ച വീരശൂരന്‌മാരെയല്ല ഭൌതിക സമ്പത്തെല്ലാം വലിച്ചെറിഞ്ഞ്‌ ഉച്ഛവൃത്തി സ്വീകരിക്കാൻ സന്നദ്ധരായ സർവസംഗ പരിത്യാഗികളെയാണ്‌ ഇന്ത്യക്കാർ എന്നും മാനിച്ചിട്ടുള്ളത്‌. കേരളത്തിൽ അഭൂതപൂർവ്വമായുള്ള സാമൂഹിക പരിവർത്തനങ്ങൾക്ക്‌ ആരംഭം കുറിക്കുവാൻ ശ്രീവിദ്യാധിരാജ സ്വാമികൾക്കും ശ്രീനാരായണഗുരുദേവനും സാധിച്ചത്‌ അവരുടെ ആദ്ധ്യാത്‌മികമായ ഔന്നത്യം കൊണ്ടുതന്നെയായിരുന്നു എന്നുള്ളത്‌ നിസ്സന്ദേഹമായ സംഗതിയാണ്‌.

കാലികങ്ങളായ സാമൂഹിക പ്രശ്‌നങ്ങൾ പരിഹരിക്കുന്ന വിഷയത്തിൽ മഹാഗുരുക്കന്‌മാർ നൽകിയിട്ടുള്ള സംഭാവനകൾ നിശ്ചയമായും പ്രശംസാർഹമാകുന്നു. പക്ഷേ, കാലം മുന്നോട്ടുപോകുന്നതനുസരിച്ച്‌ കാലികപ്രശ്‌നങ്ങളുടെ പ്രാധാന്യവും സാംഗത്യവും അപ്രത്യക്ഷമാകുക തന്നെ ചെയ്യും. ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികളെപ്പോലെയുള്ള അദ്ധ്യാത്‌മിക ഗുരുക്കന്‌മാരുടെ വ്യക്തിപ്രഭാവത്തെ അത്തരത്തിലുള്ള താത്കാലികങ്ങളായ സാമൂഹിക പ്രശ്‌ന പരിഹാരങ്ങളുടെ മാനദണ്‌ഡം വച്ച്‌ മാത്രം അളക്കുന്നത്‌ ഒട്ടും സമജസമല്ല.

അഖണ്‌ഡമണ്‌ഡലാകാരം
വ്യാപ്‌തം യേന ചരാചരം
തത്‌പദം ദർശിതം യേന
തസ്‌മൈ ശ്രീ ഗുരവേ നമഃ
എന്നാണല്ലോ. അഖണ്‌ഡമണ്‌ഡലാകാരമായ പ്രപഞ്ച ചൈതന്യത്തിന്റെ ദിവ്യപ്രകാശം നമ്മുടെ നയനങ്ങൾക്ക്‌ പ്രത്യക്ഷമാക്കിത്തരുന്നതിൽ വിജയിച്ചിട്ടുള്ള ചുരുക്കം ചില മഹാപുരുഷന്‌മാരിൽ ഒരാളാണ്‌ ശ്രീവിദ്യാധിരാജൻ. അതിനാൽ കേരളഭൂമി നിലനിൽക്കുന്നിടത്തോളം കാലം അദ്ദേഹത്തെ വിസ്‌മരിക്കാനാവുകയില്ല.

കടപ്പാട്‌:കേരളകൌമുദി ഓൺലൈൻ

അഭിപ്രായങ്ങളൊന്നുമില്ല: