ബുധനാഴ്‌ച, സെപ്റ്റംബർ 28, 2005

ചിലർ ഇങ്ങനെയാണ്‌

ചിലർ ഇങ്ങനെയാണ്‌
കെ സുദർശൻ

നമ്മുടെ രാഷ്‌ട്രീയക്കാർക്ക്‌ ഒരു പ്രയോഗമുണ്ട്‌.
"എന്റെ ഓർമ്മ ശരിയാണെങ്കിൽ?...." അവരുടെ ഓർമ്മ മിക്കവാറും ശരിയാകാറില്ല. ഏതായാലും എന്റെ ഓർമ്മ ശരിയാണോ എന്നു നോക്കാം.
ആണെങ്കിൽ, 1984 ഡിസംബർ 31 നാണ്‌ കേരളത്തിൽ ദൂരദർശൻ കേന്ദ്രം ആരംഭിക്കുന്നത്‌.
ഇത്രയും കൃത്യമായി ഓർത്തിരിക്കാൻ എന്തേ എന്നായിരിക്കും. കാരണമുണ്ട്‌.
അന്നു ഞാൻ ആകാശവാണിയിലാണ്‌. ഇതു കേട്ടാൽ തോന്നും അന്ന്‌ അവിടത്തെ ഡയറക്‌ടറായിരുന്നോ എന്ന്‌.
സോറി, അനൌൺസറായിരുന്നു. അതും ദിവസ 'വേദ'നാടിസ്ഥാനത്തിൽ!
എന്നാലും അനൌൺസർ തന്നല്ലോ. അതും ആ ഇളം പ്രായത്തിൽ.
മീശ ഒക്കെ ആശ ആയിട്ടുനിൽക്കുന്നേ ഉള്ളൂ!
അന്ന്‌ പത്‌മരാജൻസാർ അവിടെ ഉണ്ട്‌. ഞങ്ങൾ ഒരുമിച്ച്‌ ഡ്യൂട്ടി ചെയ്‌തിട്ടുമുണ്ട്‌.
എനിക്ക്‌ അഭിനയമോഹമില്ലാത്തതുകൊണ്ട്‌ ആ ബന്‌ധം വഷളാകാതെ തുടരാനും സാധിച്ചു. ആയിടയ്ക്കാണ്‌ ടിവി നിലയം 'ട്രിവാൻഡ്രത്ത്‌' വരുന്നത്‌.
കാണാൻ കൊള്ളാവുന്നവരും എന്തെങ്കിലും ഒരു ബിരുദം ധരിച്ചിട്ടുള്ളവരും ആയ സർവ്വരേയും സാദരം ക്ഷണിച്ചിട്ടുണ്ട്‌, പത്രദ്വാരാ...
തസ്‌തികകൾ മൂന്നുതരമാണ്‌.
ന്യൂസ്‌ റീഡർ
അനൌൺസർ.
കോമ്പിയർ.
ഓരോന്നിലും പത്തോ പന്ത്രണ്ടോ വേക്കൻസികൾ മാത്രം. മിക്കവരും ന്യൂസ്‌ റീഡറാവാനാണ്‌ താല്‌പര്യപ്പെട്ടത്‌. എന്തോ, എനിക്കതിൽ കമ്പം തോന്നിയില്ല.
അകാലത്തിൽ വിടപറഞ്ഞുപോയ പ്രിയങ്കരനായ നമ്മുടെ സിനിമാസീരിയൽ നടൻ ഡോക്‌ടർ ഹരിപ്രസാദിനെ ഒരിക്കൽ ആരോ ന്യൂസ്‌ വായിക്കാൻ ക്ഷണിച്ചു.
അദ്ദേഹം പ്രതികരിച്ചതിങ്ങനെയായിരുന്നു.
"എനിക്ക്‌ ന്യൂസ്‌ വായിക്കുന്നതിൽ വലിയ താല്‌പര്യമില്ല."
"പിന്നേ?"
"ന്യൂസ്‌ സൃഷ്‌ടിക്കുന്നതിലാണ്‌ താല്‌പര്യം!"
ഇത്രയും 'ക്‌ളാസ്സിക്കായ' കാരണമില്ലെങ്കിലും ന്യൂസ്‌ വായനയിൽ എനിക്കും അത്ര രസം തോന്നിയില്ല.
പകരം അനൌൺസർ ആയേക്കാമെന്നുവച്ചു.
പക്ഷേ, എന്നോടൊപ്പം അപേക്ഷ പൂരിപ്പിച്ചുകൊണ്ടിരുന്ന ഒരു സുഹൃത്ത്‌ പെട്ടെന്ന്‌ ബഹുവചനത്തിൽ അങ്ങു തീരുമാനിച്ചു.
"നമുക്ക്‌, 'കോമ്പിയറു'മതി."
കോമ്പിയർ എന്താണെന്ന്‌ പക്ഷേ കക്ഷിക്ക്‌ അറിഞ്ഞുകൂടായിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ ന്യായീകരണം എന്നെ സ്വാധീനിച്ചു.
ഈ മൂന്നിലും തള്ള്‌ കുറയാൻ സാദ്ധ്യത ആ ഭാഗത്താണ്‌. ഞാനും അതുതന്നെ വെട്ടി എഴുതി.
'ഫോട്ടോ സ്ക്രീനിംഗിൽ' വിജയിച്ചവരെയാണ്‌ ഇന്റർവ്യൂവിന്‌ വിളിച്ചത്‌. എന്നുപറഞ്ഞാൽ അനേകായിരങ്ങളിൽ നിന്നും, അഞ്ഞൂറോ, അറുന്നൂറോ പേരെ. അതിൽ, കൂട്ടുകാരൻ ഔട്ട്‌. ഞാൻ നോട്ട്‌ ഔട്ട്‌. പിന്നെ അഭിമാനം തോന്നാതിരിക്കുമോ?
സ്ക്രീൻ ടെസ്റ്റിന്‌ എനിക്കു വായിക്കാൻ തന്നത്‌ ശ്രീമതി സുഗതകുമാരിക്ക്‌ ആ വർഷം വയലാർ അവാർഡിനോടൊപ്പം സമ്മാനിച്ച പ്രശസ്‌തിപത്രമായിരുന്നു.
അതിലും ഞാൻ നോട്ടൌട്ട്‌. അങ്ങനെ അവസാന റൌണ്ടിൽ, ഞാനും എത്തി. പിന്നെയും എന്റെ ഊഴം കഴിഞ്ഞപ്പോൾ, പുറത്തു വെയിറ്റുചെയ്യാൻ പറഞ്ഞു.
അകാരണമായ ഒരു ടെൻഷൻ!
വെളുക്കുവോളം വെള്ളം കോരിയിട്ട്‌, ഒടുവിൽ.
അന്ന്‌ ഇന്നുകാണുന്ന കെട്ടിട സമുച്ചയമൊന്നുമില്ല. സ്റ്റുഡിയോതന്നെ ഒരു ബസിനകത്താണ്‌ സെറ്റപ്പുചെയ്‌തിരിക്കുന്നത്‌.
ഏതാണ്ട്‌ തട്ടുകട പരുവത്തിലാണ്‌ ക്യാന്റീൻ. ചപ്പാത്തിയൊക്കെ ചുട്ടു കൈയിലേയ്ക്കിട്ട്‌ കൊടുക്കുകയാണ്‌. വർക്കിംഗ്‌ ലഞ്ച്‌ പോലെ!
മാത്രമല്ല, വഴിയും ഇന്നത്തെപ്പോലെ അത്ര കൃത്യമല്ല. തൊട്ടടുത്ത കോഴിവളർത്തൽ കേന്ദ്രം വഴിയാണ്‌ പലരും സ്ഥലത്തെത്തുന്നത്‌!
ടെസ്റ്റ്‌ കഴിഞ്ഞിറങ്ങിയവരെല്ലാം സ്ഥലം വിടുകയാണ്‌. എന്നോടു മാത്രമെന്താ ഇരിക്കാൻ പറഞ്ഞത്‌?
ആധി മൂത്ത്‌ വ്യാധി ആകാറായി. അപ്പോഴേക്കും ഒരാൾ വന്ന്‌ അകത്തേക്കു ചെല്ലാൻ പറഞ്ഞു:
"ഫസ്റ്റ്‌ പ്രോഗ്രാം അവതരിപ്പിക്കുന്ന ആളിനെ കണ്ടെത്താനായിരുന്നു ഈ ടെസ്റ്റ്‌. ആൻഡ്‌ യു ആർ സെലക്‌ടഡ്‌."
അപ്പോഴത്തെ എന്റെ ത്രില്ല്‌ നിങ്ങളുടെ ഭാവനയ്ക്ക്‌ വിടുന്നു.
അന്ന്‌ ഞാൻ ട്യൂഷൻ എടുക്കുന്നുണ്ടായിരുന്നു. അക്കാലത്തെ പ്‌ളസ്‌ ടൂ ക്കാർക്ക്‌!
അവരിലൂടെ ഈ വാർത്ത പറന്നുപറന്നു പോയി.
ആലോചിച്ചുനോക്കിയേ. കേരളത്തിൽ ആദ്യമായി ടിവി സംപ്രേഷണം നടക്കുമ്പോൾ തെളിയുന്നത്‌ എന്റെ മുഖം. അഹങ്കരിക്കാതിരിക്കുമോ?
അഹങ്കരിച്ചു.
ലാവിഷായിട്ട്‌ അഹങ്കരിച്ചു.
ഒടുവിൽ, ചരിത്രത്തിലെ എല്ലാ അഹങ്കാരികൾക്കും സംഭവിച്ചതുതന്നെ എനിക്കും സംഭവിച്ചു.
ഉദ്ഘാടനത്തിന്‌ വെറും രണ്ടുനാൾ മാത്രം. ഇനിയും എനിക്ക്‌ അറിയിപ്പൊന്നും കിട്ടിയിട്ടില്ല.
മമ്മദ്‌ മൌണ്ടനെ കാണാൻ പോയില്ലെങ്കിൽ മൌണ്ടൻ മമ്മദിന്റെ അടുത്തേക്ക്‌ പോകണമെന്നാണല്ലോ.
ഞാൻ ദൂരദർശനിലേക്ക്‌ സ്വമേധയാ ചെന്നു.
അവിടെ തിരക്കിട്ട്‌ ഒരുക്കങ്ങൾ നടക്കുന്നു. അതെല്ലാം നോക്കിയും കണ്ടും അലസമായി നീങ്ങുന്നതിനിടയിൽ ഒരു ശബ്‌ദം.
"ഇന്നലെ കണ്ടില്ലല്ലോ?"
തിരിഞ്ഞുനോക്കുമ്പോൾ ശ്രീമതി സുശീലാവിജയരാഘവൻ.
അന്നത്തെ ഡെപ്യൂട്ടി സ്റ്റേഷൻ ഡയറക്‌ടർ.
"ഫസ്റ്റ്‌ഡേ പ്രോഗ്രാം ചെയ്യുന്നത്‌ സുദർശനല്ലേ. ഇന്നലെ റിഹേഴ്‌സലുണ്ടായിരുന്നല്ലോ.
"ഞാൻ അറിഞ്ഞില്ല മേഡം."
അവർ എന്നെ മുറിയിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. എന്നിട്ട്‌ ഫോണിൽ ആരോടോ വരാൻ പറഞ്ഞു.
നിമിഷങ്ങൾക്കുശേഷം പ്രത്യക്ഷപ്പെട്ടത്‌ ആകാശവാണിയിൽ ഉണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥനാണ്‌. അദ്ദേഹം രണ്ടു ദിവസംമുമ്പ്‌ അവിടെ പ്രൊഡ്യൂസറായോ മറ്റോ ചാർജെടുത്തിരുന്നു.
എന്നെ ചൂണ്ടിയിട്ട്‌ അവർ അയാളോട്‌ ചോദിച്ചു.
"ഇദ്ദേഹമല്ലേ ഫസ്റ്റ്‌ ഡേ ചെയ്യുന്നത്‌?"
ആ മനുഷ്യൻ ആദ്യം ഒന്നു പരുങ്ങി. പിന്നെ ഒന്നു ചിരിച്ചു. ആ ചിരി അണയുന്നതിനുമുമ്പ്‌ ഇങ്ങനെ പറഞ്ഞു:
"സോറി മേഡം. ഞാൻ ഷെഡ്യൂൾ ഒന്നുമാറ്റി.കേരളത്തിലെ ആദ്യത്തെ ടെലികാസ്റ്റല്ലേ.അപ്പോൾ തിരുവാതിര വേഷത്തിൽ ഒരു സുന്ദരി പ്രത്യക്ഷപ്പെടുന്നതായിരിക്കും ബെറ്റർണമ്മുടെ ഹെറിറ്റേജിന്റെ ഒരു ടച്ചും കിട്ടും.
ഇദ്ദേഹത്തിന്‌ ഇഷ്‌ടം പോലെ ചാൻസ്‌ പിന്നെ കൊടുക്കാമല്ലോ."
"അത്‌ ശരിയാ.യൂ കാൻ ഡൂ ലേറ്റർ."
ഡെപ്യൂട്ടി ഡയറക്‌ടർ ചിരിച്ചുകൊണ്ടുപറയുന്നു.
ഞാൻ എഴുന്നേറ്റു.
എന്റെ അപ്പോഴത്തെ വികാരമർദ്ദം ഇവിടെ വിസ്‌തരിക്കണ്ടല്ലോ.
പിന്നെ ഒരിക്കലും ആ മനുഷ്യൻ എന്നെ വിളിച്ചില്ല. ഞാൻ അങ്ങോട്ടുപോയതുമില്ല. തിരുവാതിരവേഷങ്ങളെ ഇഷ്‌ടംപോലെ ഇറക്കുമതി ചെയ്‌തു, അദ്ദേഹം.
വർഷങ്ങൾക്കുശേഷം വികലാംഗനായ എന്റെ ഒരു സുഹൃത്ത്‌ വേദനയോടെ ഒരു കാര്യം പറഞ്ഞു.
അവിടെ പോകുമ്പോഴെല്ലാം ഈ മനുഷ്യന്റെ സീറ്റിൽ പുള്ളി ചെല്ലാറുണ്ടത്രെ. പഴയ പരിചയത്തിന്റെ തൂവൽ മിനുക്കാനെന്നോണം.
സുഹൃത്തിനെ കണ്ടതും പുള്ളിയുടെ മുഖത്ത്‌ ഒരു അസ്വസ്ഥത.
പരിപാടിയിൽ തടസ്സം നേരിട്ടതുപോലെ!
"എന്താ വന്നത്‌?"
ശബ്‌ദത്തിലെ 'ഫ്രിക്ഷൻ' ശ്രദ്ധിക്കാതെ സുഹൃത്ത്‌ പറഞ്ഞു.
"ഒരു സ്ക്രിപ്റ്റു കൊടുക്കാനുണ്ടായിരുന്നു."
പിന്നെ ഒരു മിസൈലാക്രമണമായിരുന്നു ആ മനുഷ്യൻ.
"മിസ്റ്റർ. നിങ്ങൾ ഇടയ്ക്കിടയ്ക്ക്‌ ഇങ്ങനെ വന്നു ഡിറ്റർബ്‌ ചെയ്യരുത്‌. നിങ്ങൾക്കൊക്കെ ഒരു വിചാരമുണ്ട്‌. നമ്മളൊക്കെ ഇവിടെ ഇരുന്നു സുഖിക്കയാണെന്ന്‌. നോംസ്‌ അനുസരിച്ചേ ഇവിടെ നമുക്ക്‌ എന്തെങ്കിലും ചെയ്യാനാവൂ. സ്ക്രിപ്റ്റുണ്ട്‌, തേങ്ങയുണ്ട്‌ എന്നൊക്കെ പറഞ്ഞ്‌, കേറി ഇങ്ങു വന്നേയ്ക്കും രാവിലെ. യൂസ്‌ലെസ്‌."
ഒടുവിൽ,
ഉപസംഹരിച്ചത്‌ ഇംഗ്‌ളീഷിലായിരുന്നു.
"So, please get out...."
പാവം!
കാല്‌ സ്വാധീനമില്ലാത്ത ആ സുഹൃത്ത്‌ വേറെയാരെയോ കാണാനാണ്‌ അവിടേക്ക്‌ പോയത്‌. ഇദ്ദേഹം ചോദിച്ചപ്പോൾ വിവരം പറഞ്ഞെന്നേയുള്ളൂ.
വേദനയോടെ ബദ്ധപ്പെട്ട്‌ പടിയിറങ്ങുമ്പോൾ, പിന്നിൽ നിന്നൊരു സ്‌ത്രീശബ്‌ദം.
"സോറി. ഞാൻ അവിടെ ഇരുന്നതുകൊണ്ടാണ്‌ അയാൾ താങ്കളെ അപമാനിച്ചത്‌. എന്റെ മുന്നിൽ ഷൈൻ ചെയ്‌തതാ. അയാൾക്കുവേണ്ടി ഞാൻ മാപ്പു ചോദിക്കുന്നു. ഒന്നും വിചാരിക്കരുത്‌. ഞങ്ങൾക്കെല്ലാം പുച്ഛമാണ്‌ അയാളെ. ഡേർട്ടി ഫെലോ!"

കാലം വലിയൊരു ഔഷധമാണ്‌. പലതിനും.
ആ 'ഡേർട്ടിഫെലോ' ഇപ്പോൾ അവിടെ ഇല്ല!

(കടപ്പാട്: കേരള കൌമുദി ഓൺലൈൻ)

അഭിപ്രായങ്ങളൊന്നുമില്ല: