ശനിയാഴ്‌ച, ഒക്‌ടോബർ 29, 2005

ചെമ്മീന്‌ 40 വയസ്സ്‌

ചെമ്മീന്‌ 40 വയസ്സ്‌
സി.പി. ശ്രീഹര്‍ഷന്‍

മലയാളത്തിന്‌ ചെമ്മീനിലൂടെ മികച്ച സിനിമയ്ക്കുളള ആദ്യദേശീയ പുരസ്കാരം ലഭിച്ചിട്ട്‌ നാല്‌പതുവര്‍ഷം തികയുന്നു

നീലക്കുയിലിന്റെയും മുടിയനായ പുത്രന്റെയും വിജയത്തിനുശേഷമാണ്‌ രാമു കാര്യാട്ട്‌ ചെമ്മീന്‍ ഒരുക്കിയത്‌. 1957-ല്‍ പ്രസിദ്ധീകരിച്ച തകഴിയുടെ ചെമ്മീന്‍ എന്ന ജനപ്രിയനോവലിന്റെ ഉദാത്തമായ ദൃശ്യാവിഷ്കാരമായിരുന്നു അത്‌. സംഭാഷണം രചിച്ചത്‌ എസ്‌. എല്‍. പുരം സദാനന്ദന്‍. നിര്‍മ്മാണം പ്രതിസന്‌ധിഘട്ടത്തിലായപ്പോള്‍ രാമുവിന്റെ സുഹൃത്ത്‌ എഡ്ഢി മാസ്റ്ററുടെ സുഹൃത്തായ ബാബു രക്ഷകനായെത്തി. കണ്‌മണി എന്ന ബാനറിലൂടെ ബാബു ചെമ്മീന്‍ നിര്‍മ്മിച്ചപ്പോള്‍ പിന്നീട്‌ അദ്ദേഹം കണ്‌മണി ബാബുവായി. ഛായാഗ്രഹണം മാര്‍ക്കസ്‌ ബര്‍ട്ട്‌ലി. സത്യനും മധുവും കൊട്ടാരക്കരയും എസ്‌.പി. പിള്ളയും ഷീലയും അടൂര്‍ ഭവാനിയുമെല്ലാം ചേര്‍ന്നുതീര്‍ത്ത നടനവിസ്‌മയം... അങ്ങനെ എല്ലാം കൊണ്ടും ചെമ്മീന്‍ ഒരു സംഭവമായിരുന്നു...

*
നാല്‌പത്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ നടന്ന സംഭവങ്ങള്‍ ഓര്‍മ്മിച്ചെടുക്കുകയാണ്‌ ചെമ്മീന്‍ എന്ന ചിത്രത്തിന്റെ സ്റ്റില്‍ ഫോട്ടോഗ്രാഫറായ ശിവന്‍. ന്യൂസ്‌വീക്ക്‌, ലൈഫ്‌ മാഗസിനുകളുടെ ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ പേരെടുത്ത ശിവനെ കാണാന്‍ ചലച്ചിത്രകാരന്‍ രാമുകാര്യാട്ടും പ്രഗല്‍ഭനായ ഛായാഗ്രാഹകന്‍ മാര്‍ക്കസ്‌ ബാര്‍ട്ട്‌ലിയും തിരുവനന്തപുരത്തെ വസതിയില്‍ ചെന്നു. തിരക്കുള്ള ഒരു ദിവസമാണ്‌. ശിവന്‌ സഹോദരതുല്യനായ സുഹൃത്തായിരുന്നു രാമു.
ശിവന്‍, ഞാന്‍ കളറില്‍ ഒരു സിനിമ ചെയ്യാന്‍ പോകുന്നു. ബാര്‍ട്ട്‌ലിയാണ്‌ ഛായ. സ്റ്റില്‍ ഫോട്ടോഗ്രാഫി ശിവന്‍ ചെയ്യണം- രാമു ആഗമനോദ്ദേശം വ്യക്തമാക്കി.

പ്രസ്‌ ഫോട്ടോഗ്രാഫര്‍ എന്ന നിലയിലുള്ള തിരക്കുണ്ട്‌. എങ്കിലും വരാം, ഒരാഴ്ച വന്ന്‌ ഫോട്ടോകള്‍ എടുത്തുതരാമെന്ന്‌ ശിവന്‍ സമ്മതം മൂളി. രാമു കാര്യാട്ടിനോ മാര്‍ക്കസ്‌ ബാര്‍ട്ട്‌ലിക്കോ ഇതു സമ്മതമായിരുന്നില്ല. ശിവന്‍ ഞങ്ങളുടെ കൂടെ വേണം. സിനിമയുടെ ജോലിയിലുടനീളം- ഇതായിരുന്നു രാമുവിന്റെ നിലപാട്‌. സുഹൃത്തിന്റെ സ്‌നേഹപൂര്‍വ്വമുള്ള നിര്‍ബന്‌ധത്തിനു ശിവന്‍ എന്ന പ്രസ്‌ ഫോട്ടോഗ്രാഫര്‍ വഴങ്ങി. അങ്ങനെ ചെമ്മീന്‍ സിനിമയുടെ ചരിത്രത്തില്‍ ശിവനും ഒരു ഭാഗമായി, മലയാളസിനിമയുടെ തന്നെ ചരിത്രരേഖകളില്‍ ശിവന്‍ ഇടം നേടി. (ചലച്ചിത്രപ്രതിഭകളായ സന്തോഷ്‌ ശിവനും സംഗീത്‌ ശിവനും ശിവന്റെ മക്കളാണ്‌.)

"വ്യക്തിപരമായി ചെമ്മീന്‍ ഒരു വലിയ ഓര്‍മ്മയാണ്‌" ശിവന്‍ വാരാന്ത്യകൌമുദിയോടു പറഞ്ഞു. ആക്‌ടിന്റെ ആഭിമുഖ്യത്തില്‍ ചെമ്മീനിന്റെ നാല്‍പ്പതാം വാര്‍ഷികം തിരുവനന്തപുരത്ത്‌ കൊണ്ടാടുകയാണ്‌. ഒരു വലിയ കൂട്ടായ്‌മയുടെ സൃഷ്‌ടിയായിരുന്നു ചെമ്മീന്‍. അങ്ങനെയൊരു കൂട്ടായ്‌മ ഇന്ന്‌ ചലച്ചിത്രലോകത്തു കാണുന്നുണ്ടോ? നാല്‍പ്പതാം വാര്‍ഷികമൊക്കെ ആഘോഷിക്കാന്‍ കഴിയുന്നതും ഇതുകൊണ്ടൊക്കെതന്നെയാണെന്ന്‌ ശിവന്‍ പറയുന്നു. സ്‌നേഹത്തിന്റെ മയില്‍ക്കുറ്റിയായിരുന്നു ചെമ്മീന്‍.

ഇവിടെ ഓര്‍മ്മിക്കപ്പെടേണ്ടവര്‍ ഏറെയുണ്ട്‌. പ്രധാനമായും മണ്‍മറഞ്ഞുപോയവര്‍. സത്യന്‍ മാഷും കൊട്ടാരക്കരയും എസ്‌. പി. പിള്ളയും ബക്കറും എഡ്ഢിമാസ്റ്ററും സലില്‍ദായും (സലില്‍ ചൌധരി) ഒക്കെ... പിന്നെയുമുണ്ട്‌ , ഒരു ബദറുദ്ദീനുണ്ടായിരുന്നു, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌, ബാബുവിന്റെ ബന്‌ധുവാണ്‌ (കണ്‌മണിബാബു). പിന്നെ, കുഞ്ഞിമൂസ. മധുവിന്റെ പരീക്കുട്ടിയെ ഇന്നും മനസ്സില്‍ നിന്നു മായ്ച്ചുകളയാനൊക്കുമോ?

ഷൂട്ടിംഗിനിടയില്‍ ഒരു ദിവസം രാവിലെ രാമുവും ബാര്‍ട്ട്‌ലിയും ചേര്‍ന്ന്‌ എന്നെ കെട്ടിപ്പിടിക്കുന്നു, ഉമ്മ വയ്ക്കുന്നു- ഞാന്‍ അന്തംവിട്ടു. ഇവരെന്താ രാവിലെ തന്നെ രണ്ടെണ്ണം അകത്താക്കിയോ? പക്ഷേ, സംഗതി അതല്ലായിരുന്നു, ഞാന്‍ എടുത്ത സ്റ്റില്‍ഫോട്ടോകളുടെ പ്രിന്റ്‌ ബോംബെയില്‍ നിന്നെത്തിയതു കണ്ടപ്പോഴുണ്ടായ സന്തോഷമാണ്‌. ഇത്‌ സ്റ്റില്‍സ്‌ അല്ല, എല്ലാം ആക്ഷനാണ്‌- ബാര്‍ട്ട്‌ലി അഭിനന്ദിച്ചു.

ഷൂട്ടിംഗിനിടയില്‍ സത്യന്‍മാഷും ഞാനും കടലില്‍ പോകുമായിരുന്നു, വള്ളത്തില്‍.ഷൂട്ടിംഗിനിടയില്‍ തന്നെയാണ്‌ നാട്ടിക കടപ്പുറത്ത്‌ ഒരു ദിവസം ഒരു വലിയ സ്രാവ്‌ വന്ന്‌ കരയ്ക്കടിഞ്ഞത്‌. ചെമ്മീനിന്റെ ഷൂട്ടിംഗ്‌ ഒരു ഉത്സവമായിരുന്നു, നാട്ടിക കടപ്പുറത്തുകാര്‍ക്ക്‌. അവരും ഞങ്ങളുടെ ഭാഗമായി, കുടുംബാംഗങ്ങളെപ്പോലെ.

ഏതാനും ആഴ്ചകള്‍ക്കു മുമ്പ്‌ ഞാന്‍ കൊടുങ്ങല്ലൂരില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ചെന്ന വേളയില്‍ നാട്ടിക തീരത്ത്‌ വെറുതെ പോയി. പഴയ ഓര്‍മ്മകളുമായി... പ്രായമായവരെല്ലാം എന്നെ തിരിച്ചറിഞ്ഞു. അയ്യോ, ശിവന്‍സാര്‍, കയ്യില്‍ ക്യാമറയൊന്നുമില്ലേ?- അവര്‍ ചോദിച്ചു. സ്‌നേഹം കൊണ്ടവര്‍ വീര്‍പ്പുമുട്ടിച്ചു, എന്റെ കണ്ണുകള്‍ നിറഞ്ഞു... അതെ, ചെമ്മീന്‍ സുഖമുള്ള ഓര്‍മ്മ തന്നെയാണ്‌.

കടപ്പാട്‌: കേരളകൌമുദി.കോം

അഭിപ്രായങ്ങളൊന്നുമില്ല: