ബുധനാഴ്‌ച, ഒക്‌ടോബർ 05, 2005

വ്രതവിശുദ്ധിയുമായി റംസാന്‍ ദിനങ്ങള്‍

വ്രതവിശുദ്ധിയുമായി റംസാന്‍ ദിനങ്ങള്‍
കെ.പി.ഒ. റഹ്‌മത്തുല്ല

ഭക്തിയുടെ വിശുദ്ധവിതാനത്തിലേക്ക്‌ മനുഷ്യനെ എത്തിക്കുന്ന ശക്തമായ കര്‍മ്മമാണ്‌ നൊയമ്പ്‌.
"സത്യത്തില്‍ വിശ്വസിച്ചവരേ! നിങ്ങള്‍ടെ പൂര്‍വികരെപ്പോലെ നിങ്ങള്‍ക്കും വ്രതാനുഷ്ഠാനം നിര്‍ബന്‌ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക്‌ നന്മ ഉണ്ടാകാന്‍വേണ്ടി (2:183) ശരീരമനസ്സുകളെ പാകപ്പെടുത്തി, ദുഷ്ചിന്താശീലങ്ങളില്‍നിന്ന്‌ തടഞ്ഞ്‌ നന്മകളില്‍ നിരതമാകുന്ന ഭക്തിയുടെ പാരമ്യത്തിലേക്ക്‌ വ്രതം മനുഷ്യനെ നയിക്കുന്നു."

നൊയമ്പിന്‌ ഖുര്‍ ആനിന്റെ ഭാഷയില്‍ 'സ്വിയാമ' എന്നാണ്‌ പേര്‌. 'സ്വിയാമ' അഥവാ 'സ്വൌമ' എന്ന അറബിപദത്തിന്‌ നിയന്ത്രണം എന്നാണര്‍ത്ഥം. ഉന്നതമായ ഒരു ലക്ഷ്യത്തിനുവേണ്ടി മനസ്സിനെയും ശരീരത്തെയും നിയന്ത്രിച്ചുനിറുത്തുന്ന ഏറെ ശ്രമകരമായ കര്‍മ്മം. പട്ടിണി കിടക്കുക എന്നത്‌ നൊയമ്പിന്റെ ആശയമല്ല. ആഹാരമുപേക്ഷിച്ചതുകൊണ്ടുമാത്രം വ്രതമാവുകയില്ല. നബി തിരുമേനി പറഞ്ഞത്‌ "എത്രയെത്ര നൊയമ്പുകാരാണുള്ളത്‌, പശിയും ദാഹവുമല്ലാതെ മറ്റൊന്നും നേടിയിട്ടില്ലാത്തവര്‍?"

ഈസാ നബിയുടെ മാതാവ്‌ മറിയമിന്റെ നോമ്പിനെപ്പറ്റി ഖുര്‍ ആനില്‍ പരാമര്‍ശമുണ്ട്‌. രോഷാകുലരായി തനിക്കെതിരെ ഇളകിവരുന്ന ജനങ്ങളോട്‌ എന്തു പറയണമെന്നറിയാതെ അവര്‍ കുഴങ്ങി. "ഞാന്‍ ഇതിനുമുമ്പേ മരിച്ചുപോയെങ്കില്‍ എത്ര നന്നായിരുന്നു...!" ചോരക്കുഞ്ഞിനെ നോക്കി അവര്‍ കരഞ്ഞു.

ഭക്തയായ ആ മഹതിയെ അല്ലാഹു ആശ്വസിപ്പിച്ചു. "നീ തിന്നുകയും കുടിക്കുകയും കണ്‍കുളിര്‍ക്കുകയും ചെയ്യുക. വല്ല മനുഷ്യരെയും കണ്ടാല്‍ എനിക്ക്‌ നൊയമ്പാണ്‌, ഇന്ന്‌ ഞാന്‍ ആരുമായും സംസാരിക്കുന്നതല്ല എന്നു പറഞ്ഞേക്കുക" വിശുദ്ധ ഖുര്‍ ആന്‍ (19:26)
നൊയമ്പനുഷ്ഠിക്കുന്ന മറിയമിനോട്‌ ആഹാരം കഴിക്കാന്‍ അല്ലാഹുവിന്റെ കല്‍പന! അതായിരുന്നു മറിയമിന്റെ നൊയമ്പ്‌. നാവിനെ നിയന്ത്രിച്ച്‌ മൌനവ്രതമാചരിച്ചുകൊണ്ട്‌, തനിക്കെതിരെ ഇരമ്പിവരുന്ന ജനരോഷത്തെ ക്ഷമകൊണ്ട്‌ ജയിക്കുകയായിരുന്നു മറിയം.

മറ്റ്‌ ആരാധനാമുറകള്‍ക്കുപരി, സവിശേഷപ്രാധാന്യമുള്ള ഒരു മഹത്കര്‍മ്മമാണ്‌ വ്രതാനുഷ്ഠാനം. അതു തീരെ പ്രകടനപരമല്ല. നമസ്കാരം, ഹജ്ജ്‌, സകാത്ത്‌.... എല്ലാറ്റിനും കര്‍മ്മരൂപമുണ്ട്‌. മറ്റുള്ളവര്‍ക്ക്‌ അതറിയാന്‍ കഴിയും. നോമ്പ്‌ അങ്ങനെയല്ല. അത്‌ ദൈവവും ദാസനും തമ്മില്‍ നേരിട്ടുള്ള സ്വകാര്യബന്‌ധമാണ്‌. ബാഹ്യമായ രൂപവും ചലനവും അതിനില്ല. ആരെയും കാണിക്കാന്‍ സാധ്യമല്ല; അല്ലാഹുവിനെയല്ലാതെ - നബി (സ) പറഞ്ഞു: " അല്ലാഹു അറിയിച്ചിരിക്കുന്നു. നോമ്പ്‌ എനിക്കുള്ളതാണ്‌. ഞാന്‍ അതിനുള്ള പ്രതിഫലം നല്‍കുന്നതുമാണ്‌.

പ്രവാചക തിരുമേനി (സ)യുടെ മദീനാ പലായനത്തിന്റെ രണ്ടാം വര്‍ഷമാണ്‌ നോമ്പു നിര്‍ബന്‌ധിച്ചുകൊണ്ട്‌ വിധിയുണ്ടായത്‌. വിശുദ്ധ ഖുര്‍ ആന്റെ അവതരണം ആരംഭിച്ച റംസാന്‍ മാസത്തിലാണ്‌ അനുഷ്ഠിക്കേണ്ടത്‌. അതിനു കാരണമുണ്ട്‌. ഖുര്‍ ആന്‍ പാപബാധയെ സൂക്ഷിച്ച്‌ ജീവിക്കാന്‍ തയ്യാറുള്ള 'മുത്തഖി'കള്‍ക്കുവേണ്ടിയാണ്‌. ഭക്തന്മാര്‍ക്കാണ്‌ ഖുര്‍ ആന്‍ കൊണ്ട്‌ നേര്‍വഴി പ്രാപിക്കാന്‍ കഴിയുക (2:2)
"ജനങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശനമായിക്കൊണ്ടും നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചുകാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും ഖുര്‍ ആന്‍ അവതീര്‍ണ്ണമായ മാസമാകുന്നു റംസാന്‍. അതുകൊണ്ട്‌ നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ, അവര്‍ വ്രതമാചരിക്കേണ്ടതാണ്‌." വി.ഖു-2:185)ദിവ്യസന്ദേശവുമായി പ്രവാചകന്മാരെ സമീപിക്കാറുള്ള മാലാഖ 'ജിബ്‌രീല്‍', റംസാനില്‍ നബി തിരുമേനിയെ മറന്നുകാണുക പതിവായിരുന്നു. ഖുര്‍ ആന്‍ ആദ്യാവസാനം നബി ചൊല്ലിക്കേള്‍പ്പിക്കും. ജിബ്‌രീല്‍ അത്‌ ശരിവയ്ക്കും. അവസാനവര്‍ഷം ഇത്‌ രണ്ടുതവണ ആവര്‍ത്തിക്കുകയുണ്ടായി.

മനുഷ്യര്‍ക്കാകമാനം മോക്ഷത്തിന്റെ വെളിച്ചമായി കാരുണ്യവാനായ ദൈവം നല്‍കിയ സന്ദേശമാണ്‌ ഖുര്‍ ആന്‍. മഹത്തായ ഈ അനുഗ്രഹത്തിനു നാന്ദിയായി ഖുര്‍ ആനിന്റെ വാര്‍ഷികമായിട്ടാണ്‌ റംസാനില്‍ വ്രതമാചരിക്കുന്നത്‌.'റംസാന്‍' എന്നാല്‍ കഠിനമായി തപിക്കുന്നത്‌. ഭക്തിയുടെ ഉഗ്രതാപത്താല്‍ പൈശാചികമായ ചിന്തകളെയും ശീലങ്ങളെയും കരിച്ചുകളയുന്ന മാസം. നബി തിരുമേനി പറഞ്ഞു: "റംസാന്‍ മാസം വന്നാല്‍ പിശാചുക്കള്‍ ബന്‌ധിക്കപ്പെടും, നരകത്തിന്റെ വാതിലുകള്‍ അടയും, സ്വര്‍ഗ്‌ഗകവാടങ്ങള്‍ തുറക്കപ്പെടും..."തെറ്റായ ചിന്തകളെയും സ്വാധീനങ്ങളെയും പിടിച്ചുകെട്ടി സ്വന്തം സുരക്ഷിതത്വം ഉറപ്പുവരുത്താനും സ്വര്‍ഗ്‌ഗത്തിന്റെ വാതിലുകള്‍ തനിക്കുവേണ്ടി സ്വയം തുറക്കുവാനും പരിശീലിക്കുന്ന മാസം.വ്രതം തീവ്രമായ ഒരു പ്രയത്‌നമാണ്‌. ഉന്നതമായ ലക്ഷ്യത്തിനുവേണ്ടി വിശ്വാസി സ്വയം ഏറ്റെടുക്കുന്ന കഠിനമായ പരിശീലനം. പൈശാചികമായ ചിന്താശീലങ്ങള്‍ക്ക്‌ കടന്നുവരാന്‍ നൊയമ്പുകാരന്റെ ജീവിതത്തില്‍ പഴുതുകളില്ല. ദാഹിച്ചിട്ട്‌ വെള്ളംപോലും കുടിക്കാത്ത ഭക്തന്‍, സഹനത്തിന്റെ അപാരമായ ശക്തികൊണ്ട്‌ വ്രതവിശുദ്ധിയെ കളങ്കപ്പെടുത്തുന്ന എല്ലാ തിന്മകളെയും തകര്‍ത്തുകളയുന്നു.

നൊയമ്പുകാരന്‍ ദുര്‍ബലനല്ല. വ്രതമാചരിക്കുന്നവനുള്ള നിബന്‌ധനകളില്‍ നബി (സ) ഇങ്ങനെ പറയുന്നു: "ഇനി വല്ലവനും ശകാരിക്കുകയോ ദേഹോപദ്രവത്തിനു മുതിരുകയോ ചെയ്താല്‍ എനിക്ക്‌ നോമ്പാണ്‌ എന്നു മാത്രം അവനോടു പറയുക."
നൊയമ്പ്‌ വിശ്വാസിയെ കൂടുതല്‍ ശക്തനാക്കുകയാണ്‌. പ്രസിദ്ധമായ ബദര്‍ യുദ്ധം ഉദാഹരണം. ഇസ്ലാമിക ചരിത്രത്തിലെ തുല്യതയില്ലാത്ത വിജയം. സര്‍വസന്നാഹങ്ങളുമായി ഒരുങ്ങിപ്പുറപ്പെട്ട ആയിരത്തി മുന്നൂറ്‌ ഖുറൈശി യോദ്ധാക്കളോട്‌ നിരായുധരായ മുന്നൂറില്‍പ്പരം മുസ്ലീങ്ങള്‍ ഏറ്റുമുട്ടിയ മഹാസംഭവം! അസാധാരണമായ ഈ ശക്തിപ്രകടനവും വിജയവും നോമ്പിന്റെ ദിവസങ്ങളിലായിരുന്നു; റംസാന്‍ 17ന്‌.
കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇസ്ലാമില്‍ പ്രായശ്ചിത്തവും പ്രതിക്രിയയും ശിക്ഷാമുറകളുമുണ്ട്‌. കൊലചെയ്ത കുറ്റവാളിയോട്‌ പ്രായശ്ചിത്തമായി നിര്‍ദ്ദേശിച്ച കൂട്ടത്തില്‍ രണ്ടുമാസം തുടര്‍ച്ചയായി നൊയമ്പനുഷ്ഠിക്കാന്‍ വിധിച്ചിരുന്നു. ശപഥം ചെയ്തിട്ട്‌ അതു പാലിക്കാതെ പോയാല്‍ മൂന്നുദിവസം നോമ്പനുഷ്ഠിക്കണം.

ജീവിതത്തിലൊരിക്കല്‍ മാത്രം നിര്‍ബന്‌ധമുള്ള കര്‍മ്മമാണ്‌ ഹജ്ജ്‌. ഹജ്ജിന്റെ അനുഷ്ഠാനങ്ങളില്‍ വീഴ്ച വരുത്തിയവന്‍ പകരം നൊയമ്പനുഷ്ഠിക്കുകയാണ്‌ വേണ്ടത്‌.കര്‍മ്മങ്ങളില്‍ വരുന്ന കുറവു നികത്തി തെറ്റുകള്‍ ആവര്‍ത്തിക്കാതെ മനുഷ്യനെ നന്മകളില്‍ പിടിച്ചുനിറുത്താനും ദൈവപ്രീതിയുടെ ഉന്നതപദവിയിലേക്ക്‌ പിടിച്ചുയര്‍ത്താനും വ്രതാനുഷ്ഠാനംപോലെ സ്വാധീനമുള്ള കര്‍മ്മം വേറെയില്ല.
പ്രവാചക ശിഷ്യന്‍ അബൂ ഉമാമ (റ) നബിയോടു ചോദിച്ചു: "എനിക്ക്‌ സ്വര്‍ഗ്‌ഗത്തില്‍ പ്രവേശിക്കാനുതകുന്ന ഒരു കര്‍മ്മത്തെപ്പറ്റി പറഞ്ഞുതന്നാലും."അവിടന്ന്‌ അരുളി: "താങ്കള്‍ വ്രതമനുഷ്ഠിക്കുക, അതിനു തുല്യമായ മറ്റൊന്നില്ല."

കടപ്പാട് : കേരള കൌമുദി ഓൺലൈൻ

അഭിപ്രായങ്ങളൊന്നുമില്ല: