വെള്ളിയാഴ്‌ച, ഒക്‌ടോബർ 28, 2005

നമ്മൾ നടന്നു കൊണ്ടിരിക്കുകയാണ്‌

നമ്മൾ നടന്നു കൊണ്ടിരിക്കുകയാണ്‌
ഡി. വിനയചന്ദ്രൻ

പാറ്റ്‌നയിൽ തീവണ്ടിയിറങ്ങുമ്പോൾ വേപ്പിൻ തണ്ടുകൾ വിൽക്കുന്നവരുടെ തിരക്ക്‌. പിന്നെ പണ്ടകളുടെ ഏജന്റുമാരായ കുതിരവണ്ടിക്കാരുടെയും റിക്ഷാക്കാരുടെയും തിരക്ക്‌. ആറ്റുകടവിലേക്കു നടന്നു. പുണ്യപുരാതനമായ ഫാൽഗുനദി ഉണങ്ങി വരണ്ടു തീട്ടക്കണ്ടമായി കിടക്കുന്നു. ശാപത്തിന്റെ അടയാളംപോലെ, കറുത്തുനീലിച്ച ഒരു അഴുക്കുചാൽ നാട മണലിനു നടുവിലുണ്ട്‌. ഒരു വലിയ സ്വപ്‌നഭംഗത്തിന്റെ ക്ഷീണവുമായി കിഴക്കൻ ആകാശച്ചരിവിനെ നോക്കി കുറച്ചവിടെ നിന്നു. മണിയനീച്ചപോലെ ബലികർമ്മം ചെയ്യാൻ ബലാൽക്കാരമായി പൊതിയുന്ന പണ്ടകൾ. അവരെ ഒഴിവാക്കി പുഴയുടെ നടക്കു തെളിനീരിനുവേണ്ടി ചാലുകീറുന്ന തൊഴിലാളികളുടെ അടുത്തേയ്ക്കു ചെന്നു. അഴുക്കുവെള്ളം ഉപയോഗിക്കാനായിരിക്കും ചെന്നതെന്നു കരുതി വെള്ളത്തിനു ഒരു രൂപ കൂലി ആവശ്യപ്പെട്ടു.
"ഫൽഗുനദി നിങ്ങളുടെ കുടുംബസ്വത്താണോ?"
എനിക്ക്‌ ദേഷ്യം വന്നു.
"ഞങ്ങൾ ബംഗാളിൽനിന്നും ബീഹാറിൽനിന്നും വരുന്ന പണക്കാരല്ല. സാധാരണ യാത്രികരാണ്‌. ഞാൻ അങ്ങു തെക്കേയറ്റത്തുള്ള കേരളത്തിൽ നിന്നാണു വരുന്നത്‌."
തൊഴിലാളികളുടെ മട്ടുമാറി.
"ഞങ്ങൾ പാവങ്ങളായതുകൊണ്ടുമാത്രം കാശു ചോദിച്ചതാണ്‌. പണ്ടകളല്ല."
കിണറു വെട്ടുവാൻ തമിഴ്‌നാട്ടിൽ നിന്നു വരുന്ന തൊഴിലാളികൾ ഉപയോഗിക്കുന്ന മൺവെട്ടികളേക്കാൾ നീണ്ട ഒരുതരം മൺവെട്ടി, എട്ടുപത്തുപേർ ഒരുമിച്ചു പിടിച്ചു മണ്ണുമാന്തുകയാണ്‌. ഞാൻ അവരുടെ കൂടെ ചേർന്നു. ഏകദേശം രണ്ടുമണിക്കൂർ കഴിഞ്ഞപ്പോൾ മണ്ണിനിടയിൽനിന്ന്‌ കാരുണ്യംപോലെ തെളിനീർ പ്രത്യക്ഷപ്പെട്ടു. എന്റെ കൈയിലുണ്ടായിരുന്ന വറ്റലും എള്ളുണ്ടയും ഞാൻ അവർക്ക്‌ കൊടുത്തു. അവർ കട്ടൻചായ ഇട്ടുതന്നു. ഗ്രാമക്കഥകൾ പറയാൻ തുടങ്ങി.
വേദികളിൽ ഭക്തികച്ചവടം ചെയ്യുന്ന പണ്ടകൾ. പ്രശസ്‌തിക്കും പരസ്യത്തിനും വേണ്ടിയല്ലാതെ വിയർപ്പൊഴുക്കി നദിയെ പുനർജ്ജനിപ്പിക്കുന്ന വേലക്കാർ. നമ്മുടെ ഒട്ടുമിക്ക സാംസ്ക്കാരിക പ്രവർത്തനങ്ങളും പ്രഹസനങ്ങളാകുമ്പോൾ ജനസാമാന്യം ആരുടെയും പ്രീതിക്കും പുരസ്ക്കാരത്തിനും വേണ്ടിയല്ലാതെ പ്രയത്‌നിക്കുന്നു. അവരോടൊപ്പം അല്‌പനേരം മൺവെട്ടി പിടിച്ചപ്പോൾ ഒരു മഹാചരിത്രത്തിന്റെ ഭാഗമായതുപോലെ എനിക്കു തോന്നി. ഞാൻ പണ്ടേ എഴുതിയ 'ചരിത്രം', 'മൂർത്തി', 'കോലങ്ങൾ' എന്നീ കവിതകളിലെ കൊല്ലന്റെയും കുശവന്റെയും പാണന്റെയും വർഗ്‌ഗത്തിൽപ്പെട്ടവരാണ്‌ ആ പണിയാളർ.
ഈ ഫാൽഗുവിന്റെ തീരത്താണ്‌ പ്രവാസകാലത്ത്‌ ജാനകിയും രാമലക്ഷ്‌മണന്മാരും ദശരഥനു വേണ്ടി ബലിയിട്ടത്‌. കഠിനക്കായ ക്‌ളേശത്താൽ വെള്ളത്തിൽ മുങ്ങാൻ തുടങ്ങിയ സിദ്ധാർത്ഥനു പിടിച്ചു കയറാൻ മഹാവൃക്ഷം ചില്ലകൾ നീട്ടിക്കൊടുത്തത്‌. തളർന്നു കരയ്ക്കെത്തിയ സിദ്ധാർത്ഥനു കഞ്ഞിവെള്ളം നൽകിയ സുജാത. ആട്ടിൻപാലു നൽകിയ ഇടയൻ. മധ്യവർഗ്‌ഗത്തെപ്പറ്റി സിദ്ധാർത്ഥനു ബോധോദയം നൽകിയ നാടോടി നർത്തകരും ഗായകരും. ഉണങ്ങിവരണ്ടു കിടന്ന നിരഞ്ജനയിൽ ഉണർന്നു വന്ന ജലസ്രോതസ്സ്‌ ഇപ്പോഴും എന്റെ ഉള്ളിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു- മൈത്രി, മുദിത, കരുണ.
മായ
കാശിയിലെ ശവഗലിയും സതിയുടെ ചിതയുടെ തുടർച്ചയായി എപ്പോഴും കത്തിക്കൊണ്ടിരിക്കുന്ന ചിതകളും പുണ്യപാവനയായ ജാഹ്‌നവിയിലേക്കൊഴുകുന്ന ശവങ്ങളും. ഭയപ്പെടുത്തി, അക്കരെ നിരന്നിരിക്കുന്ന കഴുകന്മാർ. കലമ്പുന്ന വായസങ്ങളും ശ്വാക്കളും. ചട്ടമ്പികളായ പണ്ടകൾ. സ്‌മൃതിയിൽ ശ്രുതിയിട്ടു വരുന്ന കബീറിന്റെ വാക്കുകൾ. ഗംഗയുടെ ജീവനസംഗീതത്തിനനുപല്ലവിയായി മുഴങ്ങുന്ന വിദ്വൽസംഗീതധാരകൾ.
അവിടംവിട്ട്‌ ബുദ്ധവിഹാരമായ സാരനാഥിൽ എത്തുമ്പോൾ മൂകഗംഭീരമായ പുൽപ്പരപ്പ്‌. ബുദ്ധഗയയിലെ ആലിൽനിന്നു ശ്രീലങ്കയിൽ കൊണ്ടുപോയി വളർത്തിയ അശ്വത്ഥത്തിൽനിന്നു പിന്നെ സാരനാഥിൽ കൊണ്ടുവന്ന പിടിപ്പിച്ച അരയാൽ മൃഗതൃഷ്‌ണയുടെ നടുക്കു ബുദ്ധധർമ്മം പോലെ. ഓങ്കാരവും ശരണത്രയവും മനസ്സിൽ മുഴങ്ങി. ഇടവിട്ട്‌ വിഹാരത്തിലെ മണിമുഴക്കങ്ങൾ. ധർമ്മത്തിന്റെ അച്ചുതണ്ടിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ജീവിതം. പൊടുന്നനെ ഒരു ടിബറ്റൻ സുന്ദരി എന്റെ മുന്നിലൂടെ. ശിഥില സമാധിയായ എന്നെ കാന്തം ഇരുമ്പെന്ന പോലെ അവൾ പിറകേ വലിച്ചുകൊണ്ടുപോയി. ഈ ദിവ്യലാവണ്യം ബുദ്ധനെ നേരിട്ട മാരന്റെ അവതാരമാണോ? ബോധിസത്വ പ്രഭാവവും മായാ മരീചികയും ഒപ്പത്തിനൊപ്പം എന്നെ അഭിമിഖീകരിക്കുകയാണോ? അവളുടെ കൈയിൽ ഞാൻ എന്തിനാണ്‌ ഉമ്മ വച്ചത്‌? അവൾ എന്നെ മാറോടു ചേർത്തുപിടിച്ചതെന്തിനാണ്‌? പ്രഭാപരിവേഷം നിറഞ്ഞ വനദേവതമാരുടെ ഒരു ആവാസ മധുരിമയിൽ നിന്നെന്നപോലെ ഞാനെപ്പോഴാണ്‌ പുറത്തുവന്ന്‌ നലാന്റയിൽ പോകാൻ വണ്ടികയറിയത്‌? അന്നു ഞാൻ കണ്ട പെണ്ണിന്റെ അതേ ഗാത്രശോഭയുള്ള ഒരു വനിതാസാന്നിദ്ധ്യം ഡൽഹിയിൽ ദലൈലാമ പ്രസംഗിക്കുന്നതിന്റെ മുൻവരിയിൽ പിന്നെ കണ്ടു. ഞാൻ ബുദ്ധനെ, നാഗാർജ്ജനനെ, അശ്വഘോഷനെ ഓർത്തോർത്ത്‌ ദു:ഖനിവാരണ പഥങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നു.


ഉന്നതങ്ങളിലെ മാനസപുഷ്‌പങ്ങൾ
ഹരിദ്വാരിൽ നിന്നേ ഞാൻ ആളുകളോട്‌ ആരായുന്നുണ്ടായിരുന്നു.
"ഈ സീസണിൽ തപോവനത്തിലേക്കു പോകാൻ പറ്റുമോ?"
വിഷമമാണെന്ന്‌ എല്ലാവരും പ്രതിവചിച്ചു. ഇടയ്ക്കിടയ്ക്കു മഴയുണ്ട്‌. ചെറുചെറു ഭൂകമ്പങ്ങൾ. മണ്ണിടിച്ചിൽ.
ഉത്തരകാശിയിൽ എത്തിയപ്പോൾ ഞാൻ അല്‌പം മുമ്പേ നടന്നു. ഒറ്റക്കാടുപോലെ പടർന്നു പന്തലിച്ചുനിൽക്കുന്ന ചെമ്പകത്തിന്റെ പീഠത്തിൽ ഒരു സിദ്ധൻ ഇരിക്കുന്നു. ദേവീക്ഷേത്രത്തിൽ തൊഴാൻ വരുന്നവരൊക്കെ അദ്ദേഹത്തെ വന്ദിക്കുന്നു. അദ്ദേഹത്തിനു ദക്ഷിണ നൽകുന്നു. ഞാൻ അവിടെ എത്തി ദക്ഷിണ നൽകാൻ മുതിർന്നപ്പോൾ വേണ്ടെന്നു പറഞ്ഞു. എന്നോടു ഇരിക്കാൻ ആംഗ്യം കാണിച്ചു. എനിക്ക്‌ പഴവും ചെമ്പകത്തിന്റെ പൂമൊട്ടും തന്നു. ഞങ്ങൾ വർത്തമാനം തുടങ്ങി. കുഞ്ഞുനാളിൽ ഗംഗാമാതാവിനെ സ്വപ്‌നം കണ്ട്‌ വടക്കേ ഇന്ത്യയിലെ സ്വന്തം വാടിവിട്ട്‌ ഇവിടെ എത്തിയതാണ്‌. പുരാണപ്രസിദ്ധമായ ലാക്ഷാഗൃഹം തൊട്ടപ്പുറത്തായിരുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു. പുണ്യപൂമാന്റെ നാമം കേദാരഭാരതി! വ്യാസൻ, ഭാസൻ, ഭവഭൂതി എന്നൊക്കെ പറയുംപോലെ. എല്ലാവഴിയും സമർഖണ്‌ഡിലേക്കെന്ന ചൊല്ലുപോലെ എല്ലാ മാർഗ്‌ഗങ്ങളും കേദാരനാഥിലേക്കെന്ന നാടൻ പാട്ടുമുണ്ട്‌. ഞാൻ അറച്ചറച്ച്‌ അദ്ദേഹത്തോടു ചോദിച്ചു.
"തപോവനത്തിലേക്കു പോകാൻ പറ്റുമോ?"
ഒട്ടും ധൃതിയില്ലാതെ എന്നാൽ പൂർണ്ണവിശ്വാസത്തിൽ ദൃഢമായി അദ്ദേഹം പറഞ്ഞു.
"പറ്റും. പതുക്കെപ്പതുക്കെ."
ആ യാത്രയിൽ തപോവനത്തിൽ പോകാൻ പറ്റുമെന്നു പറഞ്ഞ ഒരേയൊരാൾ.
രണ്ടാംനാൾ ഗംഗോത്രിയിൽനിന്ന്‌ പന്തീരായിരം അടിയുള്ള ഒറ്റയടിപ്പാതയിലൂടെ ഗോമുഖിലേക്കു വേച്ചുവേച്ചു നടക്കുകയാണ്‌. പർവ്വതയാനത്തിന്റെ അനുക്ഷണവികസ്വരമായ മഹാനാടകവും മൌനനിറവും അനുഭവിച്ചുകൊണ്ട്‌. അപ്പോഴതാ ഒരു യുവസന്യാസി എതിരേ വരുന്നു. എന്റെ അടുത്തെത്തി ചോദിക്കുന്നു.
"വിനയചന്ദ്രൻ സാറല്ലേ?"പിന്നെത്തുടരുന്നു. " ഞാൻ വേണുജിയുടെ അനുജനാണ്‌. നെടുമങ്ങാട്ടുകാരൻ. കായികതാരവും ഫോട്ടോഗ്രാഫറുമായിരുന്ന ഞാൻ ഇപ്പോൾ സന്യാസിയാണ്‌. പറക്കുംസ്വാമിയുടെ ആശ്രമത്തിൽ. പേര്‌ ഹരി ഓം ആനന്ദ്‌. പണ്ടില്ലാത്തപോലെ ഇക്കൊല്ലം ഗിരിമുകളിൽ ധാരാളം പൂക്കൾ പ്രത്യക്ഷപ്പെട്ടതായി അറിഞ്ഞു. രണ്ടുകൊല്ലമായി ഇങ്ങോട്ടൊക്ക വന്നിട്ട്‌. പന്തീരായിരം അടി ഉയരം മുതലാണ്‌ ബ്രഹ്‌മസരോജം വിരിയുന്നത്‌."
പൂക്കളുടെ താഴ്‌വരയുടെ ഏതാണ്ടിങ്ങേ വശമായ ആ ഗോമുഖപഥത്തിലെ ഈ അഭിമുഖം എന്റെ മനസ്സിൽ ഒരു ദേവവസന്തം സൃഷ്‌ടിച്ചു. ഇടയ്ക്ക്‌ ബുദ്ധിമുട്ട്‌ ഉണ്ടാകുമെങ്കിലും തപോവനത്തിൽ എത്തിച്ചേരുമെന്ന വിശ്വാസത്തിനു ആക്കം കൂട്ടുന്നതായിരുന്നു ആ കണ്ടുമുട്ടൽ. ഹിമാലയത്തിലെ അധിത്യകകളിൽ ദിവാകരയോഗിയെ കുമാരനാശാൻ നടത്തിച്ചത്‌ ഓർത്തു. ഓർമ്മകൾ വഴിമാറി മനസ്സിൽ പുതിയ പൂക്കൾ വിരിഞ്ഞുകൊണ്ടിരുന്നു. ഞങ്ങളുടെ പാദങ്ങൾ ഭാഗീരഥിയുടെ മുകൾതട്ടിലൂടെ ഗോമുഖിലേക്കു നീങ്ങിക്കൊണ്ടിരുന്നു.


മാനുഷികം
അശോക്‌ വാങ്ങ്‌പേയി ഭാരത്ഭവന്റെ സെക്രട്ടറി ആയിരുന്നപ്പോൾ ഭോപ്പാലിൽ ഞാൻ പലതണ പോയിട്ടുണ്ട്‌. സമ്മേളനത്തിന്റെ തിരക്കിനു മുമ്പു നാടുകാണാൻ കുറച്ചുനേരത്തേ പോകും. അങ്ങനെ ഒരു ഗസ്റ്റ്‌ ഹൌസിൽ താമസിക്കുമ്പോൾ ഭാരത്ഭവനിലെ സ്റ്റുഡിയോ ഉപയോഗിക്കാൻ നാഗ്‌പൂരിൽ നിന്നും എത്തിയ കുറച്ചു ചിത്രകലാവിദ്യാർത്ഥികളെ പരിചയപ്പെടാനിടയായി. അവരും ഞാനും മാത്രമേ ഗസ്റ്റ്‌ ഹൌസിലുള്ളൂ. എനിക്ക്‌ ഭാരത്ഭവന്റെ ഔദ്യോഗിക സന്നാഹങ്ങളുണ്ടെങ്കിലും ഞാൻ അവരുടെ കൂടെ ഭക്ഷണം കഴിക്കണമെന്ന്‌ നിർബന്‌ധമായി. അവർക്ക്‌ മറാഠിയേ അറിയൂ. എനിക്ക്‌ ഹിന്ദിപോലും നല്ല വശമില്ല. 'മേഘ' എന്ന വെളുത്തു കൊലുന്നനേയുള്ള ഒരു പെൺകുട്ടി സ്വയമേ എന്റെ ആളായി. എന്റെ ഭക്ഷണകാര്യങ്ങളൊക്കെ നോക്കാൻ കടപ്പെട്ടവളെപ്പോലെ. വർത്തമാനം കുറവ്‌. നിറഞ്ഞുതെളിയുന്ന ജന്മാന്തരസൌഹൃദം. കൂട്ടുകാർ മേഘയെ എനിക്കു വേണ്ടി ഒരുക്കി നിർത്തിയിരിക്കുന്നതുപോലെ.
മേഘ എന്റെ കൂടെ വീട്ടിൽ വരാൻ ആഗ്രഹിച്ചിരുന്നു. ഞാൻ യാത്ര ചോദിക്കുമ്പോൾ അവളെ മുൻനിർത്തി കൂട്ടുകാർ മൂകരായി. അവളുടെ മിഴികളിൽ പ്രകാശിക്കുന്ന കണ്ണീർ. ആ സ്‌നേഹകാതരത, നിരാലംബമായ വിത്തം ഇപ്പോഴും എന്റെ മനസ്സിലുണ്ട്‌. ദീപ്‌തസൌഹൃദത്തിന്റെ ബാഷ്‌പാവിലമായ ക്ഷണം ഇപ്പോഴും ജീവനോടെ. ദു:ഖം സ്വയം വരിച്ച എന്റെ സഹനങ്ങളിൽ മേഘയുടെ സ്‌മൃതി എപ്പോഴും വിഷാദസ്‌പർശമുള്ള സാന്ത്വനമാകുന്നു.

കടപ്പാട്‌ : കേരളകൌമുദി ഓൺലൈൻ

അഭിപ്രായങ്ങളൊന്നുമില്ല: