വെള്ളിയാഴ്‌ച, ഒക്‌ടോബർ 28, 2005

ഒരു വാക്കും വിനയും

ഒരു വാക്കും വിനയും
ഡി. ദയാനന്ദൻ
(പുരാരേഖാ ഗവേഷകൻ സെൻട്രൽ ആർക്കൈവ്‌സ്‌, ഫോർട്ട്‌, തിരുവനന്തപുരം)

നൂറ്റിയിരുപത്തേഴ്‌ സംസ്ഥാനങ്ങൾ അടക്കിഭരിച്ചിരുന്ന രാജാവാണ്‌ അഹശ്വേരോശ്‌. 'ശൂശൻ' ആയിരുന്നു അദ്ദേഹത്തിന്റെ രാജധാനി.
മഹാപ്രതാപിയായ അഹശ്വേരോശ്‌ തന്റെ സ്ഥാനാരോഹണത്തിന്റെ മൂന്നാംവാർഷികം ആഘോഷിക്കാൻ തീരുമാനിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി തന്റെ അധികാരത്തിൻ കീഴിലുള്ള പ്രഭുക്കന്മാർക്കും ഭൃത്യന്മാർക്കും ഒരു സത്കാരവും അദ്ദേഹം ഏർപ്പെടുത്തി. ആഘോഷപരിപാടികൾ നൂറ്റിയെൺപതു ദിവസം നീണ്ടുനിന്നു!
രാജകീയ സത്കാരത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു വീഞ്ഞ്‌. രാജാക്കന്മാരും പ്രഭുക്കന്മാരും ധാരാളം വീഞ്ഞ്‌ കഴിച്ചു. സ്‌ത്രീകൾക്കു വേണ്ടി മാത്രമായി വസ്ഥി രാജ്ഞിയും ഒരു സത്കാരം സംഘടിപ്പിച്ചിരുന്നു.
കണക്കിലേറെ വീഞ്ഞുകുടിച്ച്‌ ലക്കുകെട്ടപ്പോൾ രാജാവിന്‌ ഒരു ആഗ്രഹം- തന്റെ ഭാര്യയായ വസ്ഥിയുടെ സൌന്ദര്യം എല്ലാവരെയും കാണിക്കണം! അദ്ദേഹം അന്ത:പുരത്തിലെ ഏഴു ഷണ്‌ഡന്മാരെ വിളിച്ച്‌, രാജ്ഞിയെ കിരീടം ധരിപ്പിച്ച്‌ രാജസന്നിധിയിലേക്ക്‌ ആനയിക്കാൻ ആജ്ഞ നൽകി.
സുന്ദരിയായ രാജ്ഞിക്ക്‌ അതത്ര രസിച്ചില്ല. തന്റെ സൌന്ദര്യം അന്യപുരുഷന്മാർക്കു മുന്നിൽ പ്രദർശിപ്പിക്കേണ്ടതല്ലെന്നായിരുന്നു അവരുടെ മനോഭാവം. അതുകൊണ്ട്‌ വസ്ഥിരാജ്ഞി രാജസന്നിധിയിലേക്കു പോയില്ല.
രാജ്ഞിയുടെ ധിക്കാരം അഹശ്വേരോശിന്‌ ഇഷ്‌ടപ്പെടുമോ? രാജകല്‌പന നിരസിച്ച വസ്ഥിക്ക്‌ എന്തു ശിക്ഷ നൽകണമെന്ന്‌ അദ്ദേഹം തന്നോടൊപ്പമുണ്ടായിരുന്ന ഏഴു പ്രഭുക്കന്മാരോട്‌ ആരാഞ്ഞു.
പെട്ടെന്നൊരു മറുപടി പറയാൻ അവർക്കു കഴിഞ്ഞില്ല. പക്ഷേ, മെമുഖാൻ എന്ന പ്രഭു എഴുന്നേറ്റുനിന്ന്‌ ഇപ്രകാരം പറഞ്ഞു:
"വസ്ഥിരാജ്ഞി അങ്ങയോടു മാത്രമല്ല, ക്ഷണിക്കപ്പെട്ട്‌ എത്തിയ എല്ലാ പ്രഭുക്കന്മാരോടും അന്യായം ചെയ്‌തിരിക്കുന്നു. രാജ്ഞിയുടെ ഈ പ്രവൃത്തി സകല സ്‌ത്രീകളും അറിയും. വസ്ഥിരാജ്ഞി ഭർത്താവിനെ അനുസരിക്കുന്നില്ലല്ലോ എന്ന ന്യായം പറഞ്ഞ്‌ അവരെല്ലാം സ്വന്തം ഭർത്താക്കന്മാരെ ധിക്കരിക്കും.
അതുകൊണ്ട്‌, ഇനിയൊരിക്കലും വസ്ഥിരാജ്ഞി അഹശ്വേരോശിന്റെ സന്നിധിയിൽ വരരുതെന്ന്‌ കല്‌പന പുറപ്പെടുവിക്കണം. കല്‌പന മാറ്റിക്കൂടാത്തവണ്ണം എല്ലാ സംസ്ഥാനങ്ങളിലും എഴുതിയറിയിക്കുകയും വേണം. അതും പോരാ, വസ്ഥിയേക്കാൾ അനുസരണശീലമുള്ള ഒരുവൾക്ക്‌ രാജ്ഞിസ്ഥാനം കൊടുക്കണം! അങ്ങയുടെ വിധി എല്ലായിടത്തും പരസ്യമാകുമ്പോൾ സകല ഭാര്യമാരും അവരവരുടെ ഭർത്താക്കന്മാരെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യും."
മെമുഖാന്റെ നിർദ്ദേശം രാജാവിനും പ്രഭുക്കന്മാർക്കും നന്നേ ബോധിച്ചു. താമസമുണ്ടായില്ല, വസ്ഥി രാജ്ഞിക്ക്‌ സ്ഥാനം നഷ്‌ടമായി.
മദ്യത്തിന്റെ ലഹരി വിട്ടുമാറിയപ്പോഴാണ്‌ താൻ ചെയ്‌ത പ്രവൃത്തിയെക്കുറിച്ച്‌ അഹശ്വേരോശിന്‌ വീണ്ടുവിചാരമുണ്ടായത്‌. വസ്ഥിയോടു കാണിച്ചത്‌ ക്രൂരതയായിപ്പോയി എന്ന്‌ അദ്ദേഹത്തിനു തോന്നി. പക്ഷേ, പറഞ്ഞിട്ടെന്തു ഫലം? തന്റെ കല്‌പന മാറ്റിക്കൂടാത്തതാണെന്ന്‌ എഴുതി ഒപ്പുവയ്ക്കുകയും, എല്ലാ സംസ്ഥാനങ്ങളിലും അറിയിക്കുകയും ചെയ്‌തുകഴിഞ്ഞല്ലോ!
രാജാവിന്‌ കുറ്റബോധമായി. വസ്ഥിയെപ്പറ്റിത്തന്നെ ചിന്തിച്ച്‌ രാജ്യകാര്യങ്ങളിൽ താത്‌പര്യമില്ലാതായിത്തീർന്ന അദ്ദേഹത്തോട്‌ സേവകന്മാർ ഉണർത്തിച്ചു:
"മഹാരാജൻ, ഇങ്ങനെ ദു:ഖിച്ചിരുന്നിട്ട്‌ കാര്യമുണ്ടോ? രാജ്ഞിയുടെ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്‌. സുന്ദരികളായ കന്യകമാർക്കു വേണ്ടി എല്ലായിടത്തും അന്വേഷണത്തിന്‌ ആളെ വിടുക. അവർ കണ്ടെത്തുന്ന കന്യകമാരെ അന്ത:പുര വിചാരിപ്പുകാരനായ ഹേഗാവിയുടെ സംരക്ഷണയിലാക്കുക. എന്നിട്ട്‌, ആ കന്യകമാരിൽ നിന്ന്‌ യോഗ്യയായ ഒരുവളെ തിരഞ്ഞെടുക്കാമല്ലോ."
രാജാവിന്‌ ആ അഭിപ്രായം സ്വീകാര്യമായി തോന്നി. എല്ലാ സംസ്ഥാനങ്ങളിലേക്കും അന്നുതന്നെ അന്വേഷണസംഘം പുറപ്പെട്ടു. പുതിയ രാജ്ഞിയെ തിരഞ്ഞെടുക്കുന്നതിനുള്ള ചടങ്ങുകൾ ഇപ്രകാരമായിരുന്നു:
വിവിധ സംസ്ഥാനങ്ങളിൽ നിന്ന്‌ അന്വേഷകർ കണ്ടെത്തുന്ന കന്യകമാരെ അന്ത:പുരത്തിൽ താമസിപ്പിക്കും. ഒരു വർഷം നീളുന്ന ശുദ്ധീകരണ കർമ്മങ്ങൾക്കു ശേഷം ഓരോരുത്തരായി രാജസന്നിധിയിലേക്കു ചെല്ലണം. അന്ത:പുരത്തിൽ നിന്ന്‌ രാജധാനി വരെ തന്നോടൊപ്പം കൊണ്ടുപോകാൻ അവൾ എന്തെല്ലാം ചോദിക്കുന്നുവോ, അതെല്ലാം നൽകും.
ഒരു സന്‌ധ്യയ്ക്ക്‌ ഒരു സ്‌ത്രീ എന്ന കണക്കിനു വേണം രാജാവിനെ കാണാൻ പോകാൻ. പ്രഭാതത്തിൽ മടങ്ങിയെത്തുകയും വേണം. ഏതെങ്കിലും കന്യകയോട്‌ രാജാവിന്‌ ഇഷ്‌ടം തോന്നി, അദ്ദേഹം പേരുപറഞ്ഞു വിളിച്ചാലല്ലാതെ അവൾ പിന്നീട്‌ തിരുമുമ്പിൽപോകാൻ പാടില്ല!
രാജാവിന്റെ ഭാര്യാപദം കൊതിച്ച്‌ ധാരാളം കന്യകമാർ ഹേഗായിയുടെ സംരക്ഷണയിൽ കഴിഞ്ഞുകൂടി.
രാജാവിന്റെ സേവകനായി മൊർദ്ദെഖായി എന്നു പേരുള്ള ഒരു യഹൂദൻ ഉണ്ടായിരുന്നു. അയാളുടെ ചിറ്റപ്പന്റെ മകളായിരുന്നു സുന്ദരിയായ എസ്‌തേർ. അച്ഛനമ്മമാരില്ലാത്തതുകൊണ്ട്‌ എസ്‌തേറിനെ അയാൾ സ്വന്തം മകളെപ്പോലെ വളർത്തി.
കന്യകമാരെ അന്വേഷിച്ചുകൊണ്ടുള്ള രാജാവിന്റെ വിജ്ഞാപനത്തെക്കുറിച്ച്‌ അറിഞ്ഞപ്പോൾ, എസ്‌തേറിനെ എന്തുകൊണ്ട്‌ രാജസന്നിധിയിലേക്ക്‌ അയച്ചുകൂടാ എന്ന്‌ മൊർദ്ദെഖായിക്കു തോന്നി. എസ്‌തേറിനോട്‌ ചോദിച്ചപ്പോൾ അവൾക്കും അത്‌ സമ്മതമായിരുന്നു. അങ്ങനെ രാജ്ഞിപദം കൊതിച്ചുവന്ന യുവതികളുടെ കൂട്ടത്തിൽ എസ്‌തേറും സ്ഥാനംപിടിച്ചു.
രാജസന്നിധിയിലേക്ക്‌ ആനയിക്കപ്പെടുന്ന സ്‌ത്രീകൾ അവർക്കിഷ്‌ടപ്പെട്ട സൌന്ദര്യവർദ്ധക സാധനങ്ങളെല്ലാം ചോദിച്ചു വാങ്ങിയിരുന്നു. എസ്‌തേറിന്റെ ഊഴമെത്തിയപ്പോൾ അവൾ ഒന്നും ആവശ്യപ്പെട്ടില്ല. സ്വർല്ലോകസുന്ദരിയായ അവൾക്ക്‌ അതിന്റെയൊന്നും ആവശ്യമില്ലായിരുന്നു. മറ്റെന്തെങ്കിലും ചോദിച്ചുവാങ്ങാൻ തക്ക അത്യാഗ്രഹം അവൾക്കുണ്ടായിരുന്നുമില്ല.
എസ്‌തേറിനെ കണ്ടമാത്രയിൽത്തന്നെ രാജാവിന്‌ അവളെ വല്ലാതെ ഇഷ്‌ടപ്പെട്ടു. തന്റെ രാജ്ഞിയായിരിക്കാൻ അവൾ സർവ്വഥാ യോഗ്യയാണെന്ന്‌ രാജാവിനു തോന്നി. അദ്ദേഹം തന്റെ കിരീടം ഊരിയെടുത്ത്‌ എസ്‌തേറിന്റെ ശിരസ്സിൽ ചൂടിച്ചു. അങ്ങനെ അവൾ രാജ്ഞിയായി!
എസ്‌തേറിനെ രാജസന്നിധിയിലേക്ക്‌ ആനയിക്കുന്നതിനു മുമ്പ്‌ മൊർദ്ദെഖായി അവളോട്‌ ഒരു കാര്യം പറഞ്ഞിരുന്നു- ഒരിക്കലും ജാതി വെളിപ്പെടുത്തരുത്‌! എസ്‌തേർ അത്‌ അതേപടി അനുസരിച്ചു.
രാജ്ഞിയായതിനു ശേഷവും മൊർദ്ദെഖായി പറയുന്ന കാര്യങ്ങളെല്ലാം എസ്‌തേർ അക്ഷരംപ്രതി അനുസരിച്ചിരുന്നു. എങ്കിലും അവർ തമ്മിലുള്ള ബന്‌ധം ആരും അറിഞ്ഞിരുന്നില്ല.
ആയിടയ്ക്ക്‌, കൊട്ടാരം കാവൽക്കാരായ രണ്ടു ഷണ്‌ഡന്മാർ അഹശ്വേരോശ്‌ രാജാവിനെ കയ്യേറ്റം ചെയ്യാൻ ഒരു ഗൂഢപദ്ധതി തയ്യാറാക്കി. മൊർദ്ദെഖായി ഇക്കാര്യം മണത്തറിഞ്ഞ്‌ എസ്‌തേറിനെ അറിയിച്ചു. എസ്‌തേർ അപ്പോൾത്തന്നെ, മൊർദ്ദെഖായിയിൽനിന്നു കിട്ടിയ രഹസ്യമാണെന്നു പറഞ്ഞ്‌ അക്കാര്യം രാജാവിനെ അറിയിക്കുകയും ചെയ്‌തു. നിജസ്ഥിതി അറിയാൻ രാജാവ്‌ അന്വേഷണം നടത്തി. ഷണ്‌ഡന്മാരെ വിളിച്ച്‌ ചോദ്യംചെയ്‌തപ്പോൾ മൊർദ്ദെഖായി പറഞ്ഞത്‌ സത്യമാണെന്നു മനസ്സിലായി.
രാജാവ്‌ അപ്പോൾത്തന്നെ രണ്ടു ഷണ്‌ഡന്മാരെയും തൂക്കിലേറ്റാൻ ഉത്തരവു പുറപ്പെടുവിച്ചു. മൊർദ്ദെഖായിക്ക്‌ പാരിതോഷികമായി ഒന്നും കൊടുത്തതുമില്ല.
രാജാവിനെ സേവിച്ചു നിൽക്കുന്ന പ്രഭുക്കന്മാരിൽ ഒരാളായിരുന്നു ഹാമാൻ. തന്ത്രശാലിയായ ഹാമാൻ രാജാവിന്റെ പ്രീതി പിടിച്ചുപറ്റാൻ പലവിധത്തിൽ ശ്രമിച്ചിരുന്നു. അക്കാര്യത്തിൽ അയാൾ ഏറക്കുറെ വിജയിക്കുകയും ചെയ്‌തു. ഹാമാൻ രാജാവിന്‌ ഏറ്റവും പ്രിയപ്പെട്ടവനായി മാറുകയും കൊട്ടാരത്തിൽ ഒരു ഉന്നതപദവി നേടിയെടുക്കുകയും ചെയ്‌തു. അങ്ങനെ മറ്റു പ്രഭുക്കന്മാരുടെയെല്ലാം മുകളിലായി, ഹാമാന്റെ സ്ഥാനം.
ഹാമാനെ എല്ലാവരും കുമ്പിട്ടു നമസ്‌രിക്കണമെന്ന്‌ രാജാവ്‌ ചട്ടം പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. രാജഭൃത്യന്മാരെല്ലാം ഇത്‌ അക്ഷരംപ്രതി അനുസരിച്ചെങ്കിലും മൊർദ്ദെഖായി മാത്രം ഹാമാനെ വണങ്ങാൻ കൂട്ടാക്കിയില്ല. ഭൃത്യന്മാരെല്ലാം അതു ശ്രദ്ധിച്ചു. അവർ എത്ര നിർബന്‌ധിച്ചു പറഞ്ഞിട്ടും മൊർദ്ദെഖായി വഴങ്ങിയില്ല. ഒടുവിൽ വിവരം ഹാമാന്റെ ചെവിയിലുമെത്തി.
മൊർദ്ദെഖായിയെ എങ്ങനെയെങ്കിലും നശിപ്പിക്കുന്നതുകൊണ്ടു മാത്രം അടങ്ങുന്നതായിരുന്നില്ല ഹാമാന്റെ കോപം. മൊർദ്ദെഖായിയുടെ ജാതിക്കാരെ മുഴുവൻ നശിപ്പിക്കണമെന്നുതന്നെ അയാൾ തീരുമാനിച്ചു! മൊർദ്ദെഖായി യഹൂദനാണെന്ന കാര്യം അയാൾക്ക്‌ അറിയാമായിരുന്നു. അഹശ്വേരോശിന്റെ രാജ്യത്തുള്ള സകല യഹൂദരെയും കൊന്നൊടുക്കാൻ അയാൾ അവസരം പാർത്തിരുന്നു.
ഒരുദിവസം അഹശ്വേരോശും ഹാമാനും സംസാരിച്ചിരിക്കുന്നതിനിടെ ഹാമാൻ പറഞ്ഞു:
"അല്ലയോ മഹാരാജാവേ, അങ്ങയുടെ രാജ്യത്തെ പല ജാതികൾക്കിടയിൽ ഒരു ജാതി മാത്രം വേറിട്ടുനിൽക്കുന്നു. അവരുടെ ന്യായപ്രമാണങ്ങൾ മറ്റു ജാതികളുടേതിൽ നിന്ന്‌ വ്യത്യസ്‌തമാണ്‌. രാജാവായ അങ്ങയുടെ പ്രമാണങ്ങൾ അവർ അനുസരിക്കുന്നുമില്ല. അവരെ അങ്ങനെ വിടുന്നത്‌ യോഗ്യമല്ലല്ലോ. അതുകൊണ്ട്‌ അങ്ങയ്ക്കു സമ്മതമാണെങ്കിൽ അവരെ നശിപ്പിക്കാനുള്ള സന്ദേശം പുറപ്പെടുവിക്കണം. അങ്ങനെയെങ്കിൽ കൊട്ടാരം ഖജനാവിലേക്ക്‌ ഞാൻ പതിനായിരം താലത്ത്‌ വെള്ളി സംഭാവന നൽകാം."
ഹാമാൻ ഒരുകാര്യം പറഞ്ഞാൽ അതിനെപ്പറ്റി കൂടുതൽ ചിന്തിക്കുന്ന പതിവ്‌ അഹശ്വേരോശിന്‌ ഇല്ലായിരുന്നു. അതുകൊണ്ട്‌ ഹാമാന്റെ വാക്കുകൾ കേട്ടയുടൻ രാജാവ്‌ തന്റെ മോതിരം ഊരി ഹാമാനു കൊടുത്തിട്ട്‌ പറഞ്ഞു:
"ഞാൻ ആ ജാതിയെ നിനക്ക്‌ ദാനം ചെയ്യുന്നു. നിന്റെ ഇഷ്‌ടംപോലെ ചെയ്‌തുകൊള്ളുക!"
രാജാവിന്റെ സമ്മതം കിട്ടിയപ്പോൾ ഹാമാനുണ്ടായ സന്തോഷത്തിന്‌ അതിരില്ലായിരുന്നു. അയാൾ കൊട്ടാരം ഉദ്യോഗസ്ഥരെ വിളിച്ച്‌ യഹൂദരെ ഒന്നടങ്കം നശിപ്പിക്കാൻ പോകുന്ന വിവരം രാജാവിന്റെ പേരിലെഴുതി, രാജാവിന്റെ മോതിരംകൊണ്ട്‌ മുദ്രവയ്‌പിച്ച്‌ ഓരോ സംസ്ഥാനത്തേക്കും അയച്ചു. പന്ത്രണ്ടാം മാസം പതിമൂന്നാം തീയതി കുഞ്ഞുകുട്ടികളടക്കം സകല യഹൂദരെയും കൊന്നൊടുക്കി അവരുടെ മുതൽ കൊള്ളയടിക്കുമെന്നായിരുന്നു കല്‌പന!
അതിനുവേണ്ടി കാത്തിരിക്കാനുള്ള ആഹ്വാനവും അതിലുണ്ടായിരുന്നു. കല്‌പനയുടെ പകർപ്പ്‌ രാജധാനിയിലും പ്രദർശിപ്പിച്ചു. വിവരമറിഞ്ഞ മൊർദ്ദെഖായി സ്‌തംഭിച്ചുനിന്നുപോയി. രാജ്ഞിയായ എസ്‌തേർ യഹൂദവംശജയാണെന്ന കാര്യം രാജാവിന്‌ അറിയില്ലല്ലോ!

കടപ്പാട്‌: കേരളകൌമുദി ഓൺലൈൻ

അഭിപ്രായങ്ങളൊന്നുമില്ല: