വെള്ളിയാഴ്‌ച, ഒക്‌ടോബർ 28, 2005

വികസനവും സന്തോഷവും

വികസനവും സന്തോഷവും
ഡോ. ടി.വി. മുരളീവല്ലഭൻ

വികസ്വര-വികസിത രാഷ്ട്രങ്ങളുടെ വേർതിരിവ്‌ നടത്തുവാൻ ആദ്യം ഉപയോഗിച്ചിരുന്ന മാനദണ്ഡം വരുമാനത്തിന്റേത്‌ മാത്രമായിരുന്നു. പിന്നീട്‌ ഐക്യരാഷ്ട്രസഭ ഈ മാനദണ്ഡത്തിൽ അൽപം ഭേദഗതി വരുത്തിക്കൊണ്ട്‌ വരുമാനത്തിന്റെ വിതരണക്രമത്തിൽ ശ്രദ്ധയൂന്നാൻ തുടങ്ങി. വികസനം പ്രകൃതിക്കിണങ്ങുന്ന വിധത്തിലായിരിക്കണമെന്ന പുതിയ മാനദണ്ഡം 1980 കളിൽ ലോകമാകെ അംഗീകരിക്കപ്പെട്ടു. സ്ഥായിയായ (സുസ്ഥിര) വികസനമെന്ന്‌ (സസ്റ്റൈനബിൾ ഡവലപ്‌മന്റ്‌) വികസനവിദഗ്ദ്ധർ പുതിയ രീതിയെ വിളിച്ചു. പക്ഷേ, ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തിയപ്പോൾ, വികസനത്തിന്റെ ആത്യന്തിക ലക്ഷ്യമാക്കിയിരിക്കുന്നത്‌ മനുഷ്യ മനസ്സിന്റെ സന്തോഷമാണ്‌. അതിവേഗം ആഗോള വ്യാപകമായി ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും കമ്പോളവൽക്കരണവും കച്ചവട താത്‌പര്യങ്ങളും പടർന്നുപിടിക്കുന്ന ഈ കാലഘട്ടത്തിൽ, വിലമതിക്കാനാകാത്തതും പണം കൊടുത്താൽ കിട്ടാത്തതുമായ ചില മൂല്യങ്ങൾ ഇനിയും ബാക്കിയുണ്ടെന്ന്‌ ഏറ്റവും പുതിയ മാനദണ്ഡം നമ്മെ ഓർമപ്പെടുത്തുന്നു.

"അമേരിക്ക കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തി ജപ്പാനാണ്‌. പക്ഷേ, വികസിത രാഷ്ട്രങ്ങളിൽ വെച്ചേറ്റവും കൂടുതൽ ആത്മഹത്യാനിരക്കുള്ളതും ജപ്പാനിലാണ്‌. 1980-നുശേഷം ജപ്പാൻ ജനതയുടെ ജീവിതത്തിൽ കാര്യമായ പുരോഗതിയൊന്നും സംഭവിച്ചിട്ടില്ല. ഭൌതിക പുരോഗതിക്കൊപ്പം മാനസിക അസംതൃപ്തിയും കൂടിവരുന്നു" എന്നാണ്‌ മുൻ ലോക ബാങ്ക്‌ ധനശാസ്ത്രജ്ഞനും ജപ്പാനിലെ ഒസാക്കാ യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ താകയോഷി കുസാഗോയുടെ അഭിപ്രായം. വർധിച്ചുവരുന്ന മാനസിക പിരിമുറുക്കങ്ങളും അസംതൃപ്തിയും യുവജനങ്ങളിലെ ഉത്തരവാദിത്വമില്ലായ്മയും വൃദ്ധജനങ്ങളിലെ സുരക്ഷാബോധത്തിന്റെ അഭാവവും മൊത്തത്തിൽ ജപ്പാൻ ജനതയെ പ്രശ്നക്കാരാക്കുന്നു. വർധിച്ചുവരുന്ന ആത്മഹത്യാനിരക്കിൽ പ്രതിഫലിക്കുന്നത്‌ സമൂഹത്തിലെ അസംതൃപ്തിയാണ്‌. അതുകൊണ്ട്‌ കുസാഗോ പറയുന്നത്‌, ഭൂട്ടാനിൽനിന്ന്‌ ജപ്പാന്‌ വളരെയധികം കാര്യങ്ങൾ പഠിക്കുവാനുണ്ടെന്നാണ്‌.

ഭൂട്ടാൻ മൊത്ത ദേശീയോൽപന്നത്തെക്കുറിച്ച്‌ വേവലാതിപ്പെടുന്നില്ല. മൊത്ത ദേശീയ സന്തോഷ (ഗ്രോസ്സ്‌ നാഷണൽ ഹാപ്പിനെസ്സ്‌) മാണ്‌ അവരുടെ വികസന ലക്ഷ്യം. വെറും 500 മില്യൺ ഡോളർ മാത്രം മൊത്ത ദേശീയോൽപന്നമുള്ള ഭൂട്ടാന്‌ എങ്ങനെ മൊത്തം ദേശീയ സന്തോഷം ജപ്പാനേക്കാൾ വർധിപ്പിക്കുവാൻ കഴിയുന്നു എന്നുള്ളതിനെക്കുറിച്ച്‌ ജപ്പാൻ വിദേശകാര്യ മന്ത്രാലയം ഒരു സിമ്പോസിയം നടത്തി. ജപ്പാനിലേക്കാൾ സ്ഥായിയായ, സമത്വാധിഷ്ഠിതമായ പരിസ്ഥിതിക്കിണങ്ങുന്ന, സംസ്കാരത്തിലൂന്നിയ സദ്ഭരണ നയങ്ങളാൽ, ഭൂട്ടാനിലെ ജനങ്ങൾ കൂടുതൽ സന്തുഷ്ടരും സന്തോഷവാന്മാരുമാണെന്നായിരുന്നു സിമ്പോസിയത്തിലെ വിലയിരുത്തൽ. പണക്കാർക്കും പാവപ്പെട്ടവർക്കും ഒരേപോലെ നേടാവുന്നതാണ്‌ സന്തോഷമെങ്കിലും പണംകൊടുത്ത്‌ വിപണിയിൽനിന്ന്‌ വാങ്ങിക്കാവുന്ന ചരക്കല്ല സന്തോഷമെന്നുള്ള തിരിച്ചറിവാണ്‌ ഭൂട്ടാനെ ഇത്തരത്തിലൊരു വികസന സങ്കൽപത്തിലേയ്ക്കു നയിച്ചത്‌.

വരുമാനത്തിലെയും ഉത്‌പ്പാദന-ഉപഭോഗത്തിലെയും വർധന മാത്രമല്ല, വികസനം. ഭൌതികാവശ്യങ്ങൾ നിറവേറ്റുന്നതോടൊപ്പം തന്നെ, മനുഷ്യന്റെ ആധ്യാത്മികതലത്തെക്കൂടി സ്പർശിക്കുന്നതായിരിക്കണം യഥാർഥ വികസനം. മിതവും ന്യായവുമായ ആഗ്രഹങ്ങൾ മനുഷ്യമനസ്സിനെ ക്രിയാത്മകവും സുന്ദരവുമാക്കുന്നു. എന്നാൽ അനിയന്ത്രിതമായിട്ടുള്ള ആർത്തി മനുഷ്യമനസ്സിനെ നശീകരണാത്മകവും വികൃതവും അതുകൊണ്ടുതന്നെ അസന്തുലിതവുമാക്കുന്നു. ഈ അസന്തുലിതാവസ്ഥ പ്രകൃതിയെയും ബാക്കി ജീവജാലങ്ങളെയും ബാധിക്കുന്നു എന്നുള്ളതാണ്‌ ലോകത്തെമ്പാടുമുള്ള വികസനനയങ്ങളുടെ പരിണതഫലം. ക്രമാതീതമായ മലിനീകരണം, ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം, ജലക്ഷാമം, ജീവജാലങ്ങളിലുണ്ടാകുന്ന പുതിയ രോഗങ്ങൾ, മനുഷ്യരിൽ വർധിച്ചുവരുന്ന മാനസികപ്രശ്നങ്ങൾ മുതലായവയെല്ലാം വിളിച്ചോതുന്നത്‌ ഇന്നത്തെ വികസനനയം തിരുത്തണമെന്നുതന്നെയാണ്‌.

ഇപ്പോൾ ഐക്യരാഷ്ട്ര വികസനസമിതി മുന്നോട്ടുവെച്ചിട്ടുള്ള മനുഷ്യവികസന സൂചിക (ഹുമൻ ഡെവലപ്‌മന്റ്‌ ഇൻഡക്സ്‌) വിശാലവും സമഗ്രവുമായ വികസനത്തിലേയ്ക്കുള്ള ശ്രദ്ധേയമായ കാൽവെയ്പാണ്‌. എന്നാൽ ആദ്യകാല വികസന മാതൃകകളിൽ മനുഷ്യന്റെ ആരോഗ്യവും വിദ്യാഭ്യാസവും ആയുർദൈർഘ്യവും ഉൾപ്പെട്ടിരുന്നില്ല.

ഐക്യരാഷ്ട്രസഭയുടെ 2005-ലെ മനുഷ്യവികസന റിപ്പോർട്ടിൽ, 177 രാഷ്ട്രങ്ങളിലെ വികസന പ്രക്രിയ വിലയിരുത്തിയപ്പോൾ 127-ാ‍മത്തെ സ്ഥാനമാണ്‌ ഭാരതത്തിനുള്ളത്‌. സാമ്പത്തികവികസനത്തിൽ നാം വളരെയധികം മുന്നോട്ടുപോയെങ്കിലും, വികസനത്തിന്റെ ഫലങ്ങൾ മുഴുവൻ ജനങ്ങളിലും എത്തിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന്‌ റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടുന്നു. എങ്കിലും ഏതാനും ആഴ്ചകൾക്കു മുമ്പ്‌ ഒരു ബ്രിട്ടീഷ്‌ ഏജൻസി നടത്തിയ പഠനത്തിൽ മൊത്ത സന്തോഷ സൂചിക (ഗ്രോസ്സ്‌ ഹാപ്പിനെസ്സ്‌ ഇൻഡക്സ്‌)യിൽ ലോകത്തിൽ നാലാം സ്ഥാനമാണ്‌ ഇന്ത്യക്കുള്ളത്‌. ഇത്‌ ആശ്വാസപ്രദവും അത്ഭുതാവഹവുമാണ്‌. ആവശ്യത്തിന്‌ ഉണ്ണാനും ഉടുക്കാനും ഇല്ലാഞ്ഞിട്ടും എങ്ങനെ നമുക്കു മനസ്സു തുറന്നു ചിരിക്കാൻ സാധിക്കുന്നു എന്ന്‌ ചിന്തിക്കുമ്പോൾ മാത്രമാണ്‌ ഭൌതികാവശ്യങ്ങൾക്കതീതമായിട്ടുള്ള ആധ്യാത്മിക സംതൃപ്തിയെക്കുറിച്ച്‌ നാമറിയുന്നത്‌.

ഹിന്ദു ജീവിതാദർശമനുസരിച്ച്‌ ധർമ്മത്തിനു നിരക്കുന്ന രീതിയിൽ മാത്രമേ സമ്പത്താർജ്ജിക്കാവൂ എന്നും ആർജ്ജിക്കുന്ന സമ്പത്തിന്റെയൊരു ഭാഗം സ്വന്താവശ്യങ്ങൾക്കും (ആർത്തിക്കല്ല) ബാക്കിഭാഗം സമൂഹത്തിൽ നന്മയെ നിലനിർത്താനുള്ള ദാനധർമ്മങ്ങൾക്കും വേണ്ടി ചെലവഴിക്കണം എന്നുമാണ്‌.ബൈബിളിലെ ഉപദേശമനുസരിച്ച്‌ സർഗ്ഗരാജ്യം നീതിമാനുള്ളതാണ്‌ ധനവാനുള്ളതല്ല. ദൈവരാജ്യം വരണമെന്നുണ്ടെങ്കിൽ ഇല്ലാത്തവന്റെ ദുഃഖമകറ്റുവാൻ ഉള്ളവൻ ഊണും ഉടുപ്പും കൊടുത്ത്‌ സ്നേഹിച്ച്‌ സഹായിച്ച്‌ നല്ല അയൽക്കാരായി ജീവിക്കണം.ഇസ്‌ലാമിക ദർശനമനുസരിച്ച്‌ എല്ലാ സമ്പത്തിന്റെയും ഉടമസ്ഥത അള്ളാഹുവിനുള്ളതാണ്‌. സമ്പത്ത്‌ മിതമായി ഉപയോഗിക്കുവാനുള്ള അവസരമാണ്‌ മനുഷ്യന്‌ ലഭ്യമായിട്ടുള്ളത്‌. സമ്പത്ത്‌ കൈകാര്യം ചെയ്യുവാൻ വിദഗ്ദ്ധരായിട്ടുള്ളവരുടെ പക്കൽ കൂടുതൽ സ്വത്ത്‌ വന്നുചേർന്നിട്ടുണ്ടെങ്കിൽ അതില്ലാത്തവർക്ക്‌ വേണ്ടിയുള്ളതാണെന്ന്‌ ഇസ്‌ലാം പഠിപ്പിക്കുന്നു.

സമ്പത്തും അധികാരവും വലിച്ചെറിഞ്ഞ്‌ ത്യാഗത്തിന്റെയും അഹിംസയുടെയും പാത തിരഞ്ഞെടുത്ത ശ്രീ ബുദ്ധന്റെ മതത്തിലും ആർത്തിക്ക്‌ സ്ഥാനമില്ല. ഉൽപന്നങ്ങൾക്കും വൻ ലാഭത്തിനും വേണ്ടി വിപണിയന്വേഷിക്കുന്ന ഇന്നത്തെ സാമ്പത്തിക മനുഷ്യന്‌ വിപണിയിൽ ക്രയവിക്രയം ചെയ്യാനാകാത്ത, ധനമൂല്യമില്ലാത്ത ആധ്യാത്മികത അപ്രധാനവും അപ്രസക്തവും അനാവശ്യവുമായിരിക്കാം. ജീവിതത്തിൽ സംതൃപ്തിയും സമാധാനവും സന്തോഷവും കാംക്ഷിക്കുന്നവർക്ക്‌ വിപണിയില്ലാത്ത ആധ്യാത്മിക മൂല്യങ്ങളിലൂന്നിയ വികസനമാണേറ്റവും പ്രധാനം.

കടപ്പാട്: മാതൃഭൂമി.കോം

അഭിപ്രായങ്ങളൊന്നുമില്ല: