ബുധനാഴ്‌ച, ഒക്‌ടോബർ 12, 2005

തിരുവനന്തപുരം എന്ന തീരുമാനം

തിരുവനന്തപുരം എന്ന തീരുമാനം
സതീഷ്ബാബു പയ്യന്നൂർ
1989 ഡിസംബറിലെ ഒരു തണുത്ത വെളുപ്പാൻകാലത്താണ്‌ മെർക്കാറയിൽ വച്ച്‌ ഞാൻ ആദ്യമായി കഥാകൃത്തും സംവിധായകനുമായ പത്‌മരാജനെ പരിചയപ്പെടുന്നത്‌. 'ഇന്നലെ' എന്ന സിനിമയുടെ ലൊക്കേഷനിലേക്ക്‌ ആ സിനിമയുടെ ഗാനരചയിതാവുകൂടിയായ കൈതപ്രം ദാമോദരേട്ടനോടൊത്ത്‌, പ്രത്യേകിച്ച്‌ പ്രതീക്ഷകളോ, ഉദ്ദേശ്യങ്ങളോ ഒന്നുമില്ലാതെ, ഒരപ്രതീക്ഷിത യാത്രയിൽ എത്തിച്ചേർന്നതായിരുന്നു ഞാൻ. പക്ഷേ, പപ്പേട്ടനെ പരിചയപ്പെട്ടതിനുശേഷമുള്ള ഏതാനും മണിക്കൂറുകൾ എന്നെയാകെ മാറ്റി മറിച്ചുകളഞ്ഞു. വലിയ ഉത്സാഹത്തോടെ, ആയിടെ പ്രസിദ്ധീകരിക്കപ്പെട്ട എന്റെ ചില കഥകളെക്കുറിച്ച്‌ ലൊക്കേഷനിലുണ്ടായിരുന്ന ജയറാമിനോടും ശ്രീവിദ്യയോടും ക്യാമറാമാൻ വേണുവിനോടും സഹസംവിധായകൻ ജോഷിമാത്യുവിനോടും ഒക്കെ ഷോട്ടുകളുടെ ഇടവേളകളിൽ പപ്പേട്ടൻ പറഞ്ഞു പരിചയപ്പെടുത്തുകയും ഒരന്‌ധാളിപ്പോടെ ചിത്രീകരണം കണ്ടുകൊണ്ടിരുന്ന എന്നോട്‌ 'ബാബുവിന്‌ വിഷ്വൽ സെൻസുള്ളതുകൊണ്ട്‌ ഇതൊന്നും ബോറടിക്കുന്നുണ്ടാവില്ല, അല്ലേ?' എന്ന്‌ പ്രോത്സാഹനപൂർവ്വം സംസാരിക്കുകയും ചെയ്തപ്പോൾ, കൈതപ്രം ദാമോദരേട്ടൻ അന്നുതന്നെ മടങ്ങിയിട്ടും ഞാൻ വീണ്ടും ദിവസങ്ങൾ ആ ലൊക്കേഷനിൽ കഴിഞ്ഞു.

തൊട്ടടുത്ത വർഷം, 1990 മേയ്‌ - 6നായിരുന്നു എന്റെ വിവാഹം. 'ഞാൻ ഗന്‌ധർവ്വ'ന്റെ തിരക്കുകളിലായിരുന്ന പപ്പേട്ടൻ ആശംസകളർപ്പിച്ച്‌ എനിക്കെഴുതി. 'ബാബുവിന്റെ ദൃശ്യങ്ങൾക്ക്‌ ഇനി കൂടുതൽ പൂർണ്ണത വരട്ടെ'. പപ്പേട്ടന്‌ ഞാനെഴുതുന്ന കത്തുകളിലൊക്കെ, അദ്ദേഹത്തിന്റെ സഹായിയായി കൂടെ നിൽക്കാനുള്ള ആഗ്രഹമാണെന്ന്‌ കണ്ട്‌ ഒരിക്കൽ അദ്ദേഹമെഴുതി. "ബാബുവിന്‌ തിരുവനന്തപുരത്തെ ബാങ്കിൽ ട്രാൻസ്ഫർ കിട്ടുമെങ്കിൽ ധൈര്യമായി വരിക. അത്രയൊന്നും വിശ്വസിക്കാൻ വയ്യാത്ത നഗരമാണെങ്കിലും കലാകാരന്മാർക്കു വളരാൻ പറ്റിയ ഒരന്തരീക്ഷം ഇവിടുണ്ട്‌. നീ വരിക. നമുക്കെന്തെങ്കിലുമൊക്കെ ചെയ്യാം."

വിവാഹം കഴിഞ്ഞ ദിവസങ്ങൾ. വീടിനു മുന്നിൽ, തൃക്കരിപ്പൂർ എസ്‌.ബി.ടിയിലേക്ക്‌ ഒരു ട്രാൻസ്ഫർ ലഭിച്ച്‌ ഞാനെത്തിയതേയുണ്ടായിരുന്നുള്ളൂ. ഭാര്യ വിളിപ്പാടകലെ, നീലേശ്വരം രാജാസ്‌ ഹൈസ്കൂളിൽ അദ്ധ്യാപിക. വീട്ടിൽ അച്ഛനും അമ്മയും ഒക്കെയായി സുഖജീവിതം. പുറമേ നിന്നു നോക്കുന്ന ഒരാൾക്ക്‌ സന്തോഷകരമായ ഒരന്തരീക്ഷമെന്ന്‌ തോന്നാമെങ്കിലും 'വിഷ്വൽ മീഡിയയുടെ നഗര'മായ തിരുവനന്തപുരത്തേക്ക്‌ ഒരു സ്ഥലംമാറ്റമായിരുന്നു എന്റെ മനസ്സിൽ തിളച്ചുമറിഞ്ഞിരുന്നത്‌. മനസ്സ്‌ മഥിക്കുമ്പോൾ മൂകാംബികയിലേക്കോടിയെത്തുക അന്നുമിന്നും എന്റെ ശീലമാണ്‌. ആ നവരാത്രിക്കാലത്ത്‌, ഭാര്യയുമൊത്തുള്ള എന്റെ ആദ്യത്തെ മൂകാംബികാ യാത്ര. ദർശനം കഴിഞ്ഞ്‌ ഞാനെന്റെ തീരുമാനം ഭാര്യയോട്‌ പറഞ്ഞു: " ഞാൻ തിരുവനന്തപുരത്തേക്ക്‌ ട്രാൻസ്ഫറിന്‌ അപേക്ഷിക്കുന്നു. നീ തടയരുത്‌!" അവളൊന്നും പറഞ്ഞില്ല. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. സ്ഥലംമാറ്റ ഉത്തരവ്‌ ലഭിക്കുന്നത്‌ 1991 ജനുവരി 10-നായിരുന്നു.

പപ്പേട്ടനില്ലാത്ത നഗരത്തിൽ, അദ്ദേഹം എങ്ങോ നിന്ന്‌ ഇന്നും പകർന്നു നൽകുന്ന ആത്‌മവിശ്വാസവും ഊർജ്ജവും ഉൾക്കൊണ്ട്‌ പതിന്നാല്‌ വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ബാങ്കിന്റെ പബ്‌ളിക്‌ റിലേഷൻസ്‌ വകുപ്പിൽ ചെലവഴിച്ച ആദ്യവർഷങ്ങൾതന്നെ എനിക്ക്‌ ഈ നഗരം ഒരുപാട്‌ വ്യക്തിബന്‌ധങ്ങളും സ്ഥായിയായ സൌഹൃദങ്ങളും നേടിത്തന്നു. പിന്നീട്‌ ബാങ്ക്‌ വിടേണ്ടിവന്നു. എനിക്ക്‌ ആഗ്രഹമുള്ളപോലെ ജോലി ചെയ്ത്‌, സ്വപ്‌നങ്ങൾ കണ്ട്‌, വലിയ പരിക്കുകൾ പറ്റാതെ ഞാൻ ഇവിടെ ജീവിക്കുന്നു. മൂകാംബികാ ദേവിയുടെ അനുഗ്രഹത്തോടെ തുടങ്ങിയ സംരംഭം ശരി മാത്രമായിരുന്നു.

കടപ്പാട് : കേരളകൌമുദി ഓൺലൈൻ

അഭിപ്രായങ്ങളൊന്നുമില്ല: