വ്യാഴാഴ്‌ച, ഒക്‌ടോബർ 27, 2005

വയലാര്‍, മരണമില്ലാതെ

വയലാര്‍, മരണമില്ലാതെ
പി. ജയചന്ദ്രന്‍

ഈ മനോഹര തീരത്തോട്‌ വയലാര്‍ വിടപറഞ്ഞിട്ട്‌
ഇന്ന്‌ 30 വര്‍ഷം പൂര്‍ത്തിയാകുന്നു

പ്രണയം!
ജീവിതത്തില്‍ മാത്രമല്ല, ഭാഷയിലെ അക്ഷരങ്ങള്‍ക്കു തമ്മിലും പ്രണയമുണ്ട്‌.
മലയാള ഭാഷയുടെ മനോഹര തീരത്തിരുന്ന്‌ അക്ഷരങ്ങളെ കാമുകീ-കാമുകന്‌മാരാക്കി പരസ്‌പരം പ്രണയിപ്പിച്ച 'വയലാര്‍' എന്ന നാലക്ഷരം ഒരു കാലഘട്ടത്തിന്റെ ആത്‌മാവും ശ്വാസവുമായിരുന്നു.

ഭാഷയെ സ്‌നേഹിക്കുകയും അക്ഷരങ്ങളെ തമ്മില്‍ പ്രണയിപ്പിക്കുകയും ചെയ്‌ത വയലാര്‍ മലയാളത്തോട്‌ വിടപറഞ്ഞിട്ട്‌ നീണ്ട മുപ്പതുവര്‍ഷം തികയുന്നു. എന്നാല്‍ എന്റെ സംഗീത ജീവിതത്തിലിന്നുവരെ വയലാര്‍ രാമവര്‍മ്മയില്ലാതെ ഒരുദിവസം പോലും കടന്നുപോയിട്ടില്ല- അതുകൊണ്ടുതന്നെ വയലാര്‍ എനിക്ക്‌ ചിരഞ്ജീവിയാണ്‌!

വയലാര്‍ രാമവര്‍മ്മ എനിക്ക്‌ ആരായിരുന്നു? മൂത്ത ജ്യേഷ്ഠന്‍, സുഹൃത്ത്‌... അതോ അദ്ധ്യാപകനോ? പക്ഷേ, വയലാര്‍ ഇതെല്ലാമായിരുന്നു.ഗാനങ്ങള്‍ പാടിത്തുടങ്ങിയിരുന്ന ഞങ്ങളുടെ തലമുറ അദ്ദേഹത്തെ വിളിച്ചിരുന്നത്‌ 'കുട്ടേട്ടന്‍' എന്നാണ്‌. 'കുട്ടേട്ടന്‍' എന്ന വിളിയില്‍ സ്‌നേഹത്തോടൊപ്പം ഞങ്ങളുടെ ഭയവും ഭക്തിയും ബഹുമാനവും നിറഞ്ഞുനിന്നിരുന്നു. അഗാധമായ അറിവും പാണ്‌ഡിത്യവും അനുഭവസമ്പത്തുമുള്ള ആളാണെങ്കിലും 'കുട്ടേട്ടന്‍' ആര്‍ക്കുമുന്നിലും ഈ ഭാവങ്ങളൊന്നും പ്രദര്‍ശിപ്പിച്ചിരുന്നില്ല.

ഒരിക്കല്‍ എന്റെ മുഖത്തേക്ക്‌ സൂക്ഷിച്ചുനോക്കിക്കൊണ്ട്‌ അദ്ദേഹം പറഞ്ഞു."നിനക്ക്‌ അഭിനയിക്കാന്‍ പറ്റുന്ന മുഖമാണ്‌" ഞാന്‍ ചിരിച്ചു. എന്റെ ചിരിയില്‍ അദ്ദേഹവും പങ്കുചേര്‍ന്നു. ഇവിടെ 'കുട്ടേട്ടനെ' ഞാന്‍ കാണുന്നത്‌ എന്റെ അടുത്ത സുഹൃത്തിനെപ്പോലെയാണ്‌.
മറ്റൊരവസരത്തില്‍ ഒരു പാട്ടിന്റെ റെക്കാഡിംഗ്‌ വേളയില്‍ എനിക്ക്‌ ചില ഉപദേശങ്ങള്‍ അദ്ദേഹം തന്നു."പാട്ടുപാടുമ്പോള്‍ ഗാനത്തില്‍ പൂര്‍ണ്ണമായും അലിഞ്ഞുചേര്‍ന്ന്‌ പാടണം. അക്ഷരങ്ങളിലെ വികാരം പുറത്തുകൊണ്ടുവരാന്‍ കഴിയുന്നത്‌ ഗായകര്‍ക്കാണ്‌"
ഇവിടെ 'കുട്ടേട്ടന്‍' ഉപദേശങ്ങള്‍ തരുന്ന അദ്ധ്യാപകനും, മൂത്ത ജ്യേഷ്ഠനുമൊക്കെയായി മാറുന്നു. ആ ഉപദേശങ്ങള്‍ ഇന്നും അനുസരിക്കുന്നതു കൊണ്ടാകണം എനിക്ക്‌ പാട്ടുകളില്‍ ഇന്നും വികാരം ഉള്‍ക്കൊണ്ട്‌ പാടാന്‍ കഴിയുന്നത്‌.

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മോഹങ്ങളിലൊന്ന്‌ നടന്ന്‌ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല. ദേവരാജന്‍ മാസ്റ്ററും വയലാറുംകൂടി ഒരുമിച്ചിരുന്ന്‌ പാട്ട്‌ തയ്യാറാക്കുന്നത്‌ കാണുക എന്നതായിരുന്നു എന്റെ ജീവിതത്തിലെ അദമ്യമായ മോഹം. ഒരുപക്ഷേ, ഇതായിരിക്കണം എന്റെ സംഗീത ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടങ്ങളിലൊന്ന്‌.

ഉള്ളിലുള്ള അറിവ്‌, കഴിവ്‌ തുടങ്ങിയവ പുറത്തുകൊണ്ടുവരാന്‍ എല്ലാ കലാകാരന്‌മാര്‍ക്കും കഴിയില്ല. എന്നാല്‍ 'കുട്ടേട്ട'ന്റെ കാര്യത്തില്‍ അങ്ങനെയല്ലായിരുന്നു. മലയാളികള്‍ക്കുവേണ്ടി അദ്ദേഹത്തിനറിയാമായിരുന്ന എല്ലാ അറിവുകളും വളരെ ലളിതമായി കാവ്യങ്ങളാക്കി മാറ്റി. മഹാകവി കാളിദാസനും ഉണ്ണായിവാര്യരും പകര്‍ന്നുതന്ന കാവ്യബിംബങ്ങളെ സാധാരണക്കാരന്‍ പാടുന്ന പാട്ടാക്കി പകര്‍ന്നുതന്ന മഹാനാണ്‌ വയലാര്‍. അതുകൊണ്ടാണ്‌ അഭിജ്ഞാന ശാകുന്തളവും, 'സാമ്യമകന്നോരുദ്യാനവും' ഇന്നും സാധാരണക്കാര്‍ക്കുപോലും വഴങ്ങുന്നത്‌. വേദങ്ങള്‍, ഇതിഹാസങ്ങള്‍, ഉപനിഷത്തുക്കള്‍ എന്നിവയില്‍ 'കുട്ടേട്ടന്‌' അപാരമായ ജ്ഞാനമുണ്ടായിരുന്നു. അതേസമയം 'ബൈബിള്‍' ഹൃദിസ്ഥമായിരുന്നതുകൊണ്ട്‌ ഏറ്റവും നല്ല ക്രിസ്‌തീയ ഭക്തിഗാനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്‌.
'യരുശലേമിലെ സ്വര്‍ഗ്‌ഗ ദൂതാ...' (ചുക്ക്‌), വയലാര്‍ എഴുതി ദേവരാജന്‍ മാസ്റ്റര്‍ ഈണമിട്ട ഈ ക്രിസ്‌തീയ ഭക്തിഗാനം ഞാനും സുശീലാമ്മയും ചേര്‍ന്ന്‌ പാടിയതാണ്‌. നിന്ദിതരും പീഡിതരും മര്‍ദ്ദിതരുമായ ജീവിതങ്ങളുടെ ബിബ്‌ളിക്കല്‍ ഇമേജുകള്‍ എത്ര ഹൃദയ സ്‌പൃക്കായാണ്‌ അദ്ദേഹം ഈ പാട്ടില്‍ അവതരിപ്പിച്ചിരിക്കുന്നത്‌.

എനിക്ക്‌ ഏറ്റവും മികച്ച ഗായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്‌ ആദ്യം കിട്ടിയതും കുട്ടേട്ടന്റെ ഗാനത്തിലൂടെയാണ്‌.
'നീലഗിരിയുടെ സഖികളേ.... സുപ്രഭാതം' സുപ്രഭാതത്തിന്റെ വാങ്ങ്‌മയ ചിത്രം വരച്ചുവച്ചതുപോലെയാണ്‌ ഈ ഗാനത്തിലെ ഓരോ വരിയും.'കുട്ടേട്ടന്റെ' വരികളെക്കുറിച്ച്‌ ദേവരാജന്‍ മാസ്റ്റര്‍ പറയാറുള്ളത്‌ ഈയവസരത്തില്‍ ഓര്‍മ്മിക്കുന്നു.
"വയലാറിന്റെ വരികളുടെ വാക്കുകള്‍ക്കിടയില്‍ ഓരോ ചിത്രമുണ്ട്‌. വരികള്‍ വായിക്കുമ്പോള്‍ തന്നെ ഈ ചിത്രം എന്റെ മനസ്സില്‍ തെളിയും. ഇത്‌ കണ്ടറിഞ്ഞ്‌ മനസ്സിലാക്കിയാണ്‌ ഞാന്‍ ആ വരികള്‍ക്ക്‌ സംഗീതം കൊടുക്കുന്നത്‌."

ഗാനമേളകളില്‍ പാടുമ്പോള്‍ സദസ്‌ ഇന്നും ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന ഗാനങ്ങളിലൊന്ന്‌ 'സുപ്രഭാതം' എന്ന പാട്ടാണ്‌. മനസ്സില്‍ ഞാന്‍ എപ്പോഴും മൂളുന്ന വയലാര്‍ ഗാനം 'മാനത്ത്‌ കണ്ണികള്‍ മയങ്ങും കയങ്ങള്‍' എന്ന പാട്ടാണ്‌. ഒരു ഗായകനെന്ന നിലയില്‍ 'മഞ്ഞലയില്‍ മുങ്ങിതോര്‍ത്തി' (രചന പി. ഭാസ്കരന്‍) എന്ന പാട്ടിലൂടെയാണ്‌ ഞാന്‍ വരുന്നതെങ്കിലും എന്റെ ഭാവിയെ ഉയര്‍ത്തി ജനപ്രിയമാക്കിയ ഗാനം 'കുട്ടേട്ടന്റേ'താണ്‌.'ഇന്ദുമുഖീ........ ഇന്ദുമുഖീ'

മലയാളത്തിന്‌ വയലാര്‍ നഷ്‌ടമായിട്ട്‌ മുപ്പതുവര്‍ഷം പിന്നിട്ടെങ്കിലും അദ്ദേഹമെഴുതിയ വരികളിലൂടെ അക്ഷരങ്ങളിലൂടെ വയലാര്‍ ഇന്നും ജീവിക്കുകയാണ്‌. അതുകൊണ്ടുതന്നെ 'മരണമില്ലാത്ത മഹാകവി'യാണ്‌ വയലാര്‍. ഇന്നത്തെ ദൃശ്യമാദ്ധ്യമങ്ങളോ റേഡിയേയോ വയലാറിന്റെ പാട്ട്‌ സംപ്രേഷണം ചെയ്യാത്ത ഏതെങ്കിലും ഒരുദിവസമുണ്ടാകുമോ? ഒരു വയലാര്‍ ഗാനം മൂളാതെ വയലാര്‍ പാട്ട്‌ കേള്‍ക്കാതെ ഒരു സംഗീത പ്രേമിയും ഒരുദിവസംപോലും ജീവിക്കുന്നില്ല. അങ്ങനെ ഇന്നും വയലാര്‍ മലയാളവും സിനിമയും നിറഞ്ഞുനില്‍ക്കുകയാണ്‌.

ചലച്ചിത്രഗാനങ്ങളാകുന്ന ഇന്ദുമുഖിയായ ഇഷ്‌ടപ്രാണേശ്വരിക്ക്‌ പൂവും പ്രസാദവും നല്‍കി ഇനിയും വയലാറിന്റെ ഗാനങ്ങള്‍ സംഗീത പ്രേമികളിലേക്കൊഴുകും... ഇനിയും കുളിര്‍ കാറ്റോടിവരും... അതുകൊണ്ട്‌ വയലാറിന്‌ മരണമില്ല!

കടപ്പാട്‌: കേരളകൌമുദി ഓണ്‍ലൈന്‍

അഭിപ്രായങ്ങളൊന്നുമില്ല: