വെള്ളിയാഴ്‌ച, ഒക്‌ടോബർ 28, 2005

ഹീറോ സീറോ ആയാൽ

ഹീറോ സീറോ ആയാൽ
കെ സുദർശൻ

ഇന്ന്‌ ജീവിച്ചിരിപ്പുള്ള ഏറ്റവും വലിയ മാനേജുമെന്റ്‌ വിദഗ്ദ്ധനാണ്‌ പീറ്റർ ഡ്രക്കർ. മാനേജുമെന്റിനെക്കുറിച്ച്‌ ആധികാരികമായ ഒരു പുസ്‌തകം രചിക്കാൻ അദ്ദേഹം തീരുമാനിച്ചു.
നമ്മുടെ നാട്ടിൽ പുസ്‌തകം എഴുതാൻ തീരുമാനിച്ചാൽ എപ്പോൾ എഴുതിത്തീർന്നെന്ന്‌ ചോദിച്ചാൽ മതി. ഇവിടത്തെ പല വാഴ്ത്തപ്പെട്ട കൃതികളും വിശേഷാൽപ്രതികളുടെ സീസണിൽ വികാരം നിർബന്‌ധപൂർവ്വം കുത്തിവച്ചു പടച്ചുവിട്ടതാണ്‌.
പക്ഷേ, മറ്റു രാജ്യങ്ങളിൽ അങ്ങനെയല്ല. ഒരു നോവൽ എഴുതണമെന്നിരിക്കട്ടെ. കുറഞ്ഞപക്ഷം രണ്ടു വർഷമെങ്കിലും അതിന്റെ പഠനത്തിനായി അവർ ചെലവഴിക്കും. അതിനായി യാത്രകൾ ചെയ്യും. കഥ നടക്കുന്ന ഭൂപ്രദേശത്തു പോയി കുറേനാൾ ജീവിക്കും. ഓരോ കഥാപാത്രത്തിന്റെയും മിടിപ്പുകൾ നേരിട്ടറിയും. എന്നിട്ടേ എഴുതാനിരിക്കൂ.
അതിന്റെ വ്യത്യാസവും ആ കൃതികളിലുണ്ടാവും.
പീറ്റർ ഡ്രക്കർ മാനേജുമെന്റിനെക്കുറിച്ചാണ്‌ പുസ്‌തകം എഴുതാൻ പോകുന്നത്‌. അതിനുമുമ്പായി അദ്ദേഹം എട്ടു ലോകരാഷ്‌ട്രങ്ങൾ സന്ദർശിക്കാൻ തീരുമാനിച്ചു. എന്നിട്ട്‌ ഓരോരോ രാജ്യങ്ങൾ കാണാൻപോയി.
അവസാനം ഇന്ത്യയിലുമെത്തി.
അഹമ്മദാബാദിലെ ഒരു വസ്‌ത്രനിർമ്മാണ ശാലയാണ്‌ അദ്ദേഹം സന്ദർശിക്കാനായി തിരഞ്ഞെടുത്തത്‌. അതിനായി സാങ്കേതികമായ അനുമതിയും വാങ്ങി.
രാവിലെ പത്തുമണിക്കാണ്‌ സന്ദർശനസമയം നൽകിയിരുന്നത്‌. പക്ഷേ, ഡ്രക്കർ ഒൻപത്‌ മണിക്കുതന്നെ സ്ഥലത്തെത്തി.
ഇനിയും ഒരു മണിക്കൂർ ബാക്കിയുണ്ട്‌. വേണമെങ്കിൽ നേരത്തെ അകത്തുകയറാനുള്ള ഏർപ്പാടുണ്ടാക്കാം. പക്ഷേ, അദ്ദേഹം അതിനു തയ്യാറായില്ല.
പകരം, ഇങ്ങനെ ചോദിച്ചു:
"ഇവിടെ അടുത്തെവിടെയെങ്കിലും നമുക്കു പോകാൻ പറ്റിയ മറ്റേതെങ്കിലും സ്ഥലമുണ്ടോ?"
പെട്ടെന്നൊരാൾ പറഞ്ഞു:
"സർ, ഇവിടെ അടുത്തൊരു കത്തീഡ്രൽ പണിയുന്നുണ്ട്‌. നമുക്കു അങ്ങോട്ട്‌ പോയാലോ?"
ഡ്രക്കർ സമ്മതിച്ചു.
വലിയ പള്ളിക്കാണല്ലോ ഇംഗ്ലീഷിൽ കത്തീഡ്രൽ എന്നു പറയുന്നത്‌.
ചെല്ലുമ്പോൾ അവിടെ ഗ്രൌണ്ട്‌ വർക്ക്‌ നടക്കുന്നതേയുള്ളൂ.
ധാരാളം പണിക്കാർ...
പലർക്കും പലതരം ജോലികൾ....
ചിലർ മണ്ണെടുക്കുന്നു....
ചിലർ പാറപൊട്ടിക്കുന്നു.
ചിലർ കമ്പി കെട്ടുന്നു.....
അങ്ങനെ തകർത്തു നടക്കുകയാണ്‌ കാര്യങ്ങൾ.
ഡ്രക്കർ, മണ്ണു വെട്ടിക്കൊണ്ടിരുന്ന ഒരു തൊഴിലാളിയുടെ അടുത്തേക്കു ചെന്നു.
അയാൾ മുഖമുയർത്തി.
"സ്‌നേഹിതാ, നിങ്ങൾ എന്തു ചെയ്യുകയാണ്‌?"
"ഞാൻ മണ്ണു മാന്തിക്കൊണ്ടിരിക്കുകയാണ്‌. കണ്ടൂടെ?"
മറുപടി രൌദ്രം!
എങ്കിലും ഡ്രക്കർ ചിരിച്ചുകൊണ്ട്‌ പറഞ്ഞു:
"ശരി.... നടക്കട്ടെ...."
അപ്പോഴുണ്ട്‌, അയാളുടെ സമീപത്തുനിന്ന മറ്റൊരാൾ ഡ്രക്കറുടെ മുഖത്തേക്ക്‌ പ്രതീക്ഷാപൂർവ്വം നോക്കുന്നു.
എന്താ സാർ, എന്നോട്‌ ചോദിക്കുന്നില്ലേ എന്ന മട്ടിൽ!
അയാളുടെ 'ഉദ്ദേശശുദ്ധി' ഡ്രക്കർക്ക്‌ മനസ്സിലായി. അദ്ദേഹം ചോദിച്ചു.
"അല്ല, താങ്കളിവിടെ എന്തു ചെയ്യുന്നു?"
"അതു ശരി. അപ്പോൾ എന്നെ മനസ്സിലായില്ല."
"ഇല്ല?"
"മോശം മോശം. എന്നെ അറിയില്ലെന്ന്‌ പറഞ്ഞാൽ, ഒന്നും അറിയില്ലന്നർത്ഥം."
"ക്ഷമിക്കണം. അങ്ങ്‌ ആരാണെന്ന്‌ പറഞ്ഞില്ല."
"അതും ഞാൻ തന്നെ പറയണം അല്ലേ..... കഷ്‌ടം! ഞാനാണ്‌ ഇവിടത്തെ പ്രധാന കല്ലാശാരി. പേരുകേട്ട ഒരു ആശാരിഫാമിലിയിലുള്ളതാണ്‌ ഞാൻ. ഇവിടത്തെ കല്‌പണി ചെയ്യുന്നത്‌ ഞാനാ. എന്റെ അപ്പൂപ്പന്മാരാ ഇവിടത്തെ മിക്ക പള്ളികളുടെയും മീനാരങ്ങളുടെയും മെയിൻ പണി ചെയ്‌തത്‌."
"സോറി. ഞാൻ താങ്കളെ നേരത്തെ പരിചയപ്പെടേണ്ടതായിരുന്നു...."
"ഇനി വരുമ്പോൾ നിശ്ചയമായും നിങ്ങളെ വന്നു കാണും."
അയാൾക്ക്‌ തൃപ്‌തിയായി. എന്നിട്ട്‌ അഹന്തയോടെ സഹപ്രവർത്തകരെ ഒന്നു നോക്കി.
ആണുങ്ങൾക്ക്‌ ആണുങ്ങളെ അറിയാം എന്ന അർത്ഥത്തിൽ!
ഡ്രക്കർ മറ്റൊരു ഭാഗത്തേക്കു നടന്നു. പണി തകൃതിയായിട്ട്‌ നടക്കുകയാണെങ്ങും.
പൊടുന്നനെ ഡ്രക്കറുടെ ശ്രദ്ധ ഒരു വൃദ്ധനിൽ ചെന്നുപെട്ടു.
ആരവങ്ങളിൽ നിന്നും ഒഴിഞ്ഞ്‌ ശാന്തനായിരുന്ന്‌ കമ്പി മുറിക്കുകയാണയാൾ. ഡ്രക്കർ അയാളുടെ അടുത്തേക്കു ചെന്നു.
എത്ര ജാഗ്രതയോടെയാണ്‌ അയാൾ തന്റെ ജോലി ചെയ്യുന്നത്‌. എങ്ങനെ പോയാലും എൺപത്‌ വയസ്സിൽ കുറയില്ല. പക്ഷേ, അതിന്റെ അവശതയൊന്നും ജോലിയിൽ കാണാനില്ല.
മുന്നിൽ വന്നുനിൽക്കുന്നവരെ വൃദ്ധൻ അറിയുന്നില്ല. അദ്ദേഹത്തിന്റെ മനസ്സു മുഴുവൻ കമ്പിയിലും ചുറ്റികയിലുമാണ്‌.
"സുഹൃത്തേ, താങ്കൾ ഇവിടെ എന്ത്‌ ചെയ്യുകയാണ്‌?"
വൃദ്ധൻ ഞെട്ടി മുഖമുയർത്തി. എന്നിട്ട്‌ സാവകാശം പറഞ്ഞു:
"ഞാൻ ഈ കത്തീഡ്രൽ പണിയുകയാണ്‌."
അയാൾ വീണ്ടും പണിയിലേക്ക്‌ മടങ്ങി.
വിജ്ഞാനത്തിന്റെ വിശാലമേലാപ്പിലേക്ക്‌ ഒരു നവദർശനത്തിന്റെ പ്രകാശം വന്നു തൊട്ടതുപോലെ ഡ്രക്കർക്കു തോന്നി. അതിന്റെ അനുഭൂതിയും ആഹ്‌ളാദവും ആത്‌മാവിൽ ആവാഹിച്ചുകൊണ്ടാണ്‌ ഡ്രക്കർ തിരിച്ചുപോയത്‌.
ആ വൃദ്ധൻ പറഞ്ഞതു കേട്ടില്ലേ? എന്തെടുക്കുന്നു എന്നു ചോദിച്ചപ്പോൾ കമ്പി മുറിക്കുന്നു
എന്നല്ല അയാൾ പറഞ്ഞത്‌.
ഞാൻ ഈ പള്ളി പണിയുകയാണ്‌!
ആ സമഗ്ര ബോധം.
ആ കൂട്ടുത്തരവാദിത്വം....
അലഞ്ചലമായ ആ അഭിമാനം.
നമ്മുടെ നാട്ടിനും നമ്മുടെ നാട്ടുകാർക്കും ഇല്ലാതെ പോയിരിക്കുന്നതും അതുതന്നെ!
ഇവിടെ അൻപത്തഞ്ചാം വയസ്സിൽ റിട്ടയേർഡാകും, ആളുകൾ. അതോടെ, 'റിട്ടാർഡസും' ആകും.
പിന്നെ ഗ്രാറ്റുവിറ്റിയും വാങ്ങിക്കൊണ്ട്‌ ഒരു പോക്കാണ്‌, അനാഥാലയത്തിലേക്ക്‌....
അവർ ഒറ്റപ്പെട്ടുപോയി പോലും....
എല്ലാവർക്കും വേണ്ടാതായി പോലും...
ഇനി മരിച്ചാൽ മതി പോലും..
സത്യത്തിൽ എടുത്തിട്ട്‌ 'ഉരുട്ടേ'ണ്ടത്‌ ഇവരെയൊക്കെയാണ്‌.
പുറത്ത്‌, എൺപത്തഞ്ചു വയസ്സുകാരൻ പറയുന്നത്‌, ഞാൻ ജീവിതം തുടങ്ങാൻ പോകുന്നു എന്നാണ്‌.
എന്തിനു പുറത്തെ കാര്യം പറയുന്നു....
എൺപത്തഞ്ചു കഴിഞ്ഞിട്ടല്ലേ, നമ്മുടെ ഒരു നേതാവ്‌, ഈ അടുത്ത കാലത്ത്‌ 'അഴിച്ചാം കുഴിച്ചാം ഒന്നേന്ന്‌' പുതിയ പാർട്ടിയും കൊടിയും കൊടച്ചക്രവുമൊക്കെയായിട്ട്‌ രംഗത്തു വന്നിരിക്കുന്നത്‌!
അപ്പോൾ മനസ്സാണ്‌ ഹീറോ.
അതു സീറോ ആയിപ്പോയാൽ ആ രാജ്യവും സീറോ ആയതുതന്നെ!

കടപ്പാട്‌ : കേരളകൌമുദി ഓൺലൈൻ

അഭിപ്രായങ്ങളൊന്നുമില്ല: