വെള്ളിയാഴ്‌ച, നവംബർ 25, 2005

ഗ്രഹദോഷ പരിഹാരങ്ങൾ

ഗ്രഹദോഷ പരിഹാരങ്ങൾ

മതമേതായാലും സർവ്വേശ്വരൻ എല്ലാപേർക്കും ഒന്നുതന്നെയാണ്‌. ഈശ്വരനോടുള്ള ശുഭാപ്‌തി വിശ്വാസത്തോടെയുള്ള പ്രാർഥനയുണ്ടെങ്കിൽ എവിടെയും ഉന്നത വിജയം നേടാൻ കഴിയും. "ഒരു കടുകു മണിയോളം വിശ്വാസം നിനക്കുണ്ടെങ്കിൽ ഒരു മലപോലും മാറി പോകുമെന്നു ബൈബിളിൽ സൂചിപ്പിക്കുന്നുണ്ട്‌." വിശ്വാസമാണ്‌ പരമപ്രധാനം. വിശ്വാസത്തോടെ ചെയ്യുന്ന കർമ്മങ്ങൾ ഫലിക്കുകതന്നെ ചെയ്യും. ലോകാസമസ്‌താ സുഖിനോ ഭവന്തു-ലോകത്തിലുള്ളവരെല്ലാം സുഖിമാന്മാരായി ഭവിക്കട്ടെ.

സൂര്യദശ - സൂര്യദശയുടെ അപഹാരകാലത്ത്‌ ശിവനെ ഭജിക്കുന്നത്‌ ഉത്തമം. ദിവസവും നമഃശിവായ എന്ന മന്ത്രം 108 പ്രാവശ്യം ജപിക്കുക. (ഓംനമഃശിവായ എന്നു ജപിക്കരുത്‌. അത്‌ ആറക്ഷരമാകയാൽ രോഗാവസ്ഥയായിരിക്കും ഫലം)

ചന്ദ്രദശ- ചന്ദ്രദശയുടെ അപഹാരകാലത്ത്‌ ദുർഗ്ഗാദേവീക്ഷേത്രദർശനവും ഭജനവും ഗുണം. (ചൊവ്വ-വെള്ളി ദിവസങ്ങളിൽ)

ചൊവ്വാദശ- ചൊവ്വയുടെ അപഹാരകാലത്ത്‌ ചൊവ്വാഴ്ച ദിവസം സുബ്രഹ്മണ്യക്ഷേത്രദർശനം നടത്തുക.

രാഹൂർ - രാഹൂർദോഷ പരിഹാരത്തിന്‌ (രാഹൂർദശയിൽ) സർപ്പപ്പാട്ട്‌, ആയില്യപൂജ തുടങ്ങിയവയും ആഴ്ചയിൽ ഒരു ദിവസം രാഹൂർകാലത്ത്‌ നാരങ്ങാവിളക്ക്‌ വീട്ടിൽ കത്തിച്ച്‌ നാമാവലികൾ ഉരുവിടുക (രാഹൂർസമയം എല്ലാ ദിവസവും 1ഝ മണിക്കൂർ)

വ്യാഴദശ- വ്യാഴദശ അപഹാരകാലത്ത്‌ ദോഷഫലങ്ങൾ മാറിക്കിട്ടാൻ വിഷ്ണുക്ഷേത്രദർശനം നടത്തുക

ശനിദശ- ശനിദോഷപരിഹാരത്തിന്‌ ശാസ്‌താവിന്‌ നീരാജ്ഞനവും, ശിവക്ഷേത്രത്തിൽ ശനിയാഴ്ച ദിവസം ജലധാരയും നടത്തുക. ശനിവാഹനമായ കാക്കയ്ക്ക്‌ ആഹാരം കൊടുക്കുക.

ബുധദശ- ബുധദോഷ പരിഹാരത്തിന്‌ ഗണപതിയെയും ശ്രീകൃഷ്ണഭഗവാനെയും പൂജിക്കുന്നത്‌ ഉത്തമം.

കേതുദശ- കേതുദശയുടെ ദോഷപരിഹാരത്തിനായി ചാമുണ്ഡിഭജനം നടത്തുക (ചൊവ്വ-വെള്ളി)

ശുക്രദശ- ശുക്രദശയുടെ ദോഷപരിഹാരത്തിനായി മഹാലക്ഷ്മീപൂജ നടത്തുകയും ദേവീക്ഷേത്രദർശനം നടത്തുകയും ചെയ്യുന്നതും ഉത്തമം.

ക്രിസ്‌ത്യാനികൾ ഇവയുടെ ദോഷപരിഹാരത്തിനായി 9 മെഴുകുതിരി (1-വലുതായിരിക്കണം) കത്തിച്ച്‌ അവരുടെ ആരാധനാക്രമമനുസരിച്ച്‌ പ്രാർത്ഥിക്കുക. (ശനിയാഴ്ച ദിവസം)

മുസ്ലീങ്ങൾ കൃത്യതയോടെയുള്ള നിസ്കാരവും, ഖുർ-ആൻ പാരായണവും നടത്തുക. നിസ്കാരത്തെ (സുഭി, ളുഹർ, അസ്സർ, മഗ്രിബ്ബ്‌, ഇശാഅ്‌) ചെയ്യുക. നിസ്ക്കാരത്തെ കൃത്യമായി ചെയ്യുന്നവൻ എവിടെയും വിജയിക്കും. കൂടാതെ പള്ളികളിൽ ആരാധനയിൽ മുഴുകിയുള്ള വ്രതവും ഉത്തമം.

കടപ്പാട്: മനോരമാ ഓൺലൈൻ

മലയാളവും കേരള സർക്കാരുകളും

മലയാളവും കേരള സർക്കാരുകളും
പന്മന രാമചന്ദ്രൻ നായർ


1956 നവംബർ ഒന്നാം തീയതി ഏകകേരളം പിറന്നപ്പോൾ കേരളീയർ ആകമാനം എത്രയേറെ ആഹ്‌ളാദത്തിമിർപ്പോടെയാണതു കൊണ്ടാടിയത്‌! ഞാൻ അന്ന്‌ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ വിദ്യാർത്ഥിയാണ്‌. തലസ്ഥാനത്തെ ആഘോഷത്തിന്റെ ഭാഗമായി രാത്രി ഒന്നും രണ്ടും മണി വരെ നീണ്ട കലാപരിപാടിയാണ്‌ രണ്ടുദിവസം ചെന്തിട്ട ചിത്രാ തിയേറ്ററിൽ നടന്നത്‌. തിരുവനന്തപുരത്തെ കലാകാരന്മാരും സാംസ്കാരിക നായകരും വിദ്യാർത്ഥികളുമെല്ലാം അതിൽ പങ്കെടുത്തിരുന്നു. ഇതേ നവോന്മേഷം മറ്റു നഗരങ്ങളിലും നാട്ടിൻപുറങ്ങളിലുമെല്ലാം നിറഞ്ഞുനിന്നു. ഭാഷാസംസ്ഥാന രൂപവത്കരണത്തോടെ ഭാഷാപരമായും സാംസ്കാരികമായും വൻപിച്ച വികാസത്തിന്റെ നൂതനയുഗം പിറന്നിരിക്കുകയാണെന്ന്‌ കേരളീയർ സങ്കല്‌പിച്ചു.

ഈ സങ്കല്‌പം ഒട്ടെങ്കിലും സഫലമായോ? 'ഇല്ല' എന്നേ ഉത്തരമുള്ളൂ. കേരളത്തിൽ മലയാളഭാഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന നിന്ദയും അവഗണനയും, പരിതാപകരമാണ്‌. ഈ അവസ്ഥയുടെ മൂലകാരണം കേരള സർക്കാരുകൾ പുലർത്തിയ കടുത്ത മാതൃഭാഷാവഗണനയും, സർക്കാരിനെ വേണ്ടുംവഴിക്കു നയിക്കാൻ ബാദ്ധ്യസ്ഥരായ ജനപ്രതിനിധികളുടെയും മാദ്ധ്യമങ്ങളുടെയും സംസ്കാരനായകരുടെയും അക്ഷന്തവ്യമായ ഉത്തരവാദിത്വരാഹിത്യവുമാണ്‌. ഉത്തമകേരളീയ പൌരരെ വാർത്തെടുക്കാൻ പോന്നതായിരുന്നു, മുൻപത്തെ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി. സമുത്കൃഷ്‌ടമായ ഒരു സമഗ്ര വിദ്യാഭ്യാസപദ്ധതിയിലെ ഏറ്റവും പ്രധാനമായ ഭാഗമാണ്‌, പ്രാഥമിക വിദ്യാഭ്യാസം എന്ന്‌ അന്നത്തെ ഭരണകർത്താക്കൾ മനസ്സിലാക്കിയിരുന്നു. ഇന്നോ? വ്യാജമദ്യവ്യാപാരികളെയും കള്ളക്കടത്തുകാരെയും പോലെ പെട്ടെന്നു കള്ളപ്പണക്കാരാകാൻ പരക്കം പായുന്ന വിദ്യാഭ്യാസക്കച്ചവടക്കാരുടെ സർവതന്ത്ര സ്വതന്ത്ര വിഹാരമേഖലയാക്കി പ്രാഥമിക വിദ്യാഭ്യാസ മേഖലയെ കൈയൊഴിഞ്ഞിരിക്കുന്നു, കേരള സർക്കാരുകൾ.

പ്രൈമറി ക്‌ളാസിലെന്നല്ല, വിദ്യാഭ്യാസകാലത്ത്‌ ഒരിടത്തും മാതൃഭാഷയിലെ ഒരക്ഷരം പോലും എഴുതാനറിയണമെന്നില്ലാത്ത ഒരേ ഒരു ഭാരതീയ സംസ്ഥാനമാണ്‌ കേരളം. ഇവിടെ ഏതുദ്യോഗം നേടുന്നതിനും മാതൃഭാഷ അറിയായ്ക തടസ്സമേ അല്ല. എന്നാൽ, കേരളീയർക്ക്‌ കന്യാകുമാരി ജില്ലയിൽ ജോലി കിട്ടിയാൽ, അതു സ്ഥിരപ്പെടണമെങ്കിൽ അവിടത്തെ പത്താംതരത്തിന്റെ നിലവാരത്തിലുള്ള തമിഴ്പ്പരീക്ഷ ജയിച്ചിരിക്കണം.

കേരളം പിറന്നിട്ട്‌ അൻപതാം വർഷമായെങ്കിലും ഇവിടെ മാതൃഭാഷാ ബഹിഷ്കരണകേന്ദ്രങ്ങളായ പ്രീ-പ്രൈമറി, പ്രൈമറി വിദ്യാലയങ്ങൾ പെരുകിക്കൊണ്ടിരിക്കുന്നു! പണ്ടത്തെ പാഠപുസ്തകങ്ങളിലൂടെ ഇവിടത്തെ മുല്ലപ്പൂവും പിച്ചിപ്പൂവും ആമ്പലും താമരയും ചെമ്പരത്തിയുമൊക്കെ, ഈണത്തിൽ പാടി ഓമനിക്കാൻ കുഞ്ഞുങ്ങൾക്കു കഴിഞ്ഞിരുന്നു. അവർക്കു നിത്യപരിചിതങ്ങളായ തോടും പുഴയും പക്ഷികളും മൃഗങ്ങളുമൊക്കെയുള്ള പാട്ടുകളിലും കഥകളിലുമെല്ലാം ശിശുമനസ്സുകൾ ലയിച്ചു ചേർന്നിരുന്നു.

പ്രകൃതിസ്‌നേഹം, കുടുംബസ്‌നേഹം, സഹജീവിസ്‌നേഹം, ദേശാഭിമാനം, പാരമ്പര്യാഭിമാനം, സത്യസന്‌ധത, ത്യാഗശീലം ഇവയൊക്കെ വളർത്തുന്നവയായിരുന്നു അന്നത്തെ പാഠങ്ങളെല്ലാം. ഇപ്പോൾ പകരം കിട്ടിയിരിക്കുന്നതോ? കുഞ്ഞുങ്ങളോ അവരുടെ അച്ഛനമ്മമാരോ കണ്ടിട്ടില്ലാത്ത പൂക്കളെപ്പറ്റിയും പഴങ്ങളെപ്പറ്റിയുമൊക്കെയുള്ള ചില ആംഗലപ്പാട്ടുകളും കഥകളും! കേരള ജീവിതാന്തരീക്ഷവും സംസ്കാരവുമായി ഒരു ബന്‌ധവുമില്ലാത്ത ഈവക വിദേശസൃഷ്‌ടികൾ വായിക്കുമ്പോൾ കുഞ്ഞുങ്ങൾക്കോ അച്ഛനമ്മമാർക്കോ ആഹ്‌ളാദകരമായ എന്തെങ്കിലും ഒരനുഭൂതി ലഭിക്കുന്നുണ്ടോ, മിഥ്യാഭിമാനവിജൃംഭണമല്ലാതെ? ചുരുക്കത്തിൽ, നമ്മുടെ സംസ്കാരത്തനിമയോട്‌ ഒരു കൂറും തോന്നാത്തമട്ടിൽ കുഞ്ഞുങ്ങളെ മാനസികമായി ബഹുദൂരം ആട്ടിയകറ്റുന്ന നിഷേധാത്‌മക പരിപാടിയുടെ വിളയാട്ടമത്രേ ഇംഗ്ലീഷ്‌ മീഡിയം നഴ്‌സറി, പ്രൈമറി ക്‌ളാസുകളിൽ വിജയിപ്പിച്ചുകൊണ്ടിരിക്കുന്നത്‌.

കടപ്പാട്‌ : കേരളകൌമുദി ഓൺലൈൻ

തിങ്കളാഴ്‌ച, നവംബർ 21, 2005

തലയോട്ടിയുടെ മായുന്നചിരി

തലയോട്ടിയുടെ മായുന്നചിരി
എസ്‌. ഭാസുരചന്ദ്രന്‍

ഉയരങ്ങളിലേക്കു മാത്രം യാത്ര ചെയ്‌ത കെ.ആര്‍. നാരായണന്റെ അന്ത്യയാത്ര കാണാന്‍വേണ്ടിയാണ്‌ അന്ന്‌ ഉച്ചതിരിഞ്ഞ്‌ ആ ന്യൂസ്ചാനല്‍ തുറന്നത്‌. പകരം കണ്ടത്‌ ആനന്ദിനെയും മുകുന്ദനെയും മറ്റു ചിലരെയും. ഏതോ പൂന്തോപ്പില്‍ ഒരു സാഹിത്യചര്‍ച്ച. അന്തരിച്ച വി.കെ.മാധവന്‍കുട്ടിയും ഉണ്ട്‌- സംഭവം പുനഃസംപ്രേഷണമാവണം. സക്കറിയയും സേതുവും സച്ചിദാനന്ദനുമുണ്ട്‌. പോഷ്‌ കസേരകളില്‍ എല്ലാവരും കോട്ടും സ്യൂട്ടുമൊക്കെയിട്ട്‌ ധ്വരമട്ടില്‍. ബാങ്ക്‌മേധാവികള്‍ ഡിസ്കഷന്‌ ഇരിക്കുംപോലെ. വലിയ സന്തോഷം തോന്നി. തകഴിയുടെ കിഴക്കന്‍ തോര്‍ത്തിന്റെയും ബഷീറിന്റെ ബെയര്‍ ബോഡിയുടെയും കാലം കഴിഞ്ഞു. കലാകാരന്റെ ജോണ്‍ എബ്രഹാം ബ്രാന്‍ഡ്‌ മുഷിഞ്ഞുനാറിയ വേഷമൊക്കെ ക്രിസ്‌തുവിനു മുമ്പുള്ള കാലത്തില്‍ പോയി ഒളിച്ചുകഴിഞ്ഞു. അലഞ്ഞുതിരിയുന്ന എ. അയ്യപ്പന്‍ കാലംചെയ്‌ത ബാല്യത്തില്‍ ഗ്രാമരാത്രിയില്‍ കേട്ട മുത്തശ്ശിക്കഥയിലെ കഥാപാത്രം മാത്രമാണിനി.

അവര്‍ സാഹിത്യം സംസാരിക്കുന്നു, ആഗോള മാര്‍ക്കറ്റിന്റെ ഭാഷയില്‍. നമ്മുടെ കൃതികള്‍ ഇംഗ്ലീഷിലായിക്കഴിയുമ്പോള്‍ അവര്‍ എങ്ങനെയാണത്‌ സ്വീകരിക്കുന്നത്‌ എന്നൊക്കെയായിരുന്നു ചര്‍ച്ച. മലയാളപുസ്‌തകം ഇംഗ്‌ളീഷ്‌ വടിവിലാകുമ്പോള്‍ സംഭവിക്കുന്ന വമ്പിച്ച സാദ്ധ്യതകളെപ്പറ്റിയുള്ള നിനവും കിനാവും എത്ര അടക്കിവച്ചിട്ടും അടങ്ങാതെ, പക്ഷേ, സാഹിത്യമൂല്യവിചാരത്തിന്റെ വസ്‌ത്രാലങ്കാരത്തോടെ പുറത്തുചാടുന്നുണ്ടായിരുന്നു. നമ്മള്‍ നമ്മുടെ ഒരു പുസ്‌തകത്തെ കാണുംപോലൊന്നുമല്ല ഇംഗ്‌ളീഷില്‍ വരുമ്പോള്‍ സായിപ്പ്‌ അതേ പുസ്തകത്തെ കാണുന്നത്‌. അതിന്റെ വ്യത്യസ്തതലങ്ങള്‍, നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ചര്‍ച്ചയില്‍ കേട്ട അതേ വാക്കുകളിലൂടെയല്ലാതെ തുടരട്ടെ. ആഗോള വായനക്കാരെ നമുക്ക്‌ എങ്ങനെ പിടിക്കാം? അതു കഴിഞ്ഞ്‌ എങ്ങനെ വിടാതെ നോക്കാം? ശരിയാണ്‌, ഒരു പ്രായം കഴിഞ്ഞാല്‍ ഈ വെര്‍ണാക്കുലര്‍ ലാംഗ്വേജൊക്കെ വലിയ പരിമിതിയാണ്‌. ഞാനൊക്കെ വാസ്തവത്തില്‍ ലണ്ടനിലോ ന്യൂയോര്‍ക്കിലോ പാരീസിലോ ജനിക്കേണ്ടതായിരുന്നു. ഫസ്റ്റ്‌ ഇംപ്രഷന്‍, 1000 കോപ്പി എന്നൊക്കെ അച്ചടിച്ചുവിടുന്നത്‌ എന്തൊരു ദാരിദ്യ്‌രവാസമാണ്‌! മലയാളഭാഷ ഇന്നും ശൈശവദശയിലാണെന്ന്‌ 'ഒരിടത്ത്‌' ഇരുന്ന്‌ ഗവേഷണം നടത്തിയ സക്കറിയ കണ്ടുപിടിച്ചു. 'മനുഷ്യഭാഗധേയം' എന്ന മാരകമായ പദപ്രയോഗം ഇറക്കി സേതു ചര്‍ച്ചയെ വില്‍പനക്കൌണ്ടറില്‍നിന്ന്‌ കോണ്‍ഫറന്‍സ്‌ ഹാളിലേക്ക്‌ പിടിച്ചുവലിക്കാന്‍ പഴുതേ ശ്രമിക്കുന്നുണ്ടായിരുന്നു.

എനിഹൌ, കൊള്ളാം! നാളത്തെ മലയാള സാഹിത്യകാരന്‍ ഒരു മുഴുവന്‍സമയസ്വപ്‌നജീവിയായിക്കൊണ്ട്‌ ഭാര്യയെയും മക്കളെയും പട്ടിണിക്കിടില്ല എന്ന്‌ ഒരുവിധം ഉറപ്പായി. അത്താഴത്തിന്‌ കപ്പയും മത്തിമീനുമാണെങ്കില്‍പ്പോലും അത്‌ നക്ഷത്രഹോട്ടലില്‍നിന്നു വരുത്തിക്കാന്‍ അയാള്‍ക്കു സാധിച്ചേക്കും.

അങ്ങനെനീങ്ങവേയാണ്‌ ഒന്നു ശ്രദ്ധിച്ചത്‌. ആനന്ദ്‌ അനതിവിദൂരതയിലെ ആ എത്രയും നേര്‍ത്ത ചുണ്ടുകളുമായി ഒരക്ഷരം മിണ്ടാതെ ഇരിക്കുന്നു. ഒടുവില്‍ മിണ്ടിയപ്പോഴോ, അത്രയുംനേരത്തെ ചര്‍ച്ചയെ തൂക്കിയെടുത്ത്‌ വെട്ടിത്തിളച്ച എണ്ണയിലേക്കിടുകയും ചെയ്തു. ഇതുവരെ നടന്ന ചര്‍ച്ചയില്‍ ഞാന്‍ "ഒട്ടും കംഫര്‍ട്ടബിളല്ല" എന്നുപറഞ്ഞുകൊണ്ടു തുടങ്ങിയ ആനന്ദ്‌ ഇവിടെ ഈ പ്രകടിപ്പിച്ച ഉത്കണ്ഠകളുമായൊന്നും എനിക്ക്‌ (ആത്‌മാഭിമാനമുള്ള ഒരെഴുത്തുകാരനും) എഴുതാനായി ഇരിക്കാന്‍ കഴിയില്ല എന്ന്‌ അതീവ സൌമ്യമായി കൊന്നുതള്ളി. അങ്ങനെയൊന്നും ആലോചിക്കാനേ സാധിക്കില്ലെനിക്ക്‌. എനിക്ക്‌ ചിലത്‌ തോന്നുന്നു, അതങ്ങോട്ടെഴുതുന്നു - അത്രതന്നെ! ആനന്ദിന്റെ വാക്കുകളില്‍ ലോകത്തിലെ എല്ലാ ഭാഷകളിലെയും ആദികാവ്യങ്ങള്‍ ചിലച്ചതുപോലെ തോന്നി. ക്യാമറ ഒന്നു ക്‌ളോസപ്പിലേക്കു പോയി. എനിക്കു തോന്നി, ഫ്രെയിം വീണ്ടും വിസ്താരപൂര്‍ണ്ണമാകുമ്പോള്‍ മറ്റേ കസേരകളില്‍ അസ്ഥികൂടങ്ങളായിരിക്കും ഇരിക്കുന്നതെന്ന്‌.

നിറുത്തിയില്ല ആനന്ദ്‌. മലയാളി ജീവിക്കുന്ന ജീവിതത്തിന്റെ ഭയങ്കര പരിമിതികളിലേക്ക്‌ ആള്‍ക്കൂട്ടക്കാരന്‍ ശാന്തനായി കടന്നു. മഹായുദ്ധങ്ങളും വന്‍കലാപങ്ങളുമൊന്നും കേരളീയര്‍ നേരിട്ടനുഭവിച്ചിട്ടേയില്ല. ആ അര്‍ത്ഥത്തില്‍ നമുക്ക്‌ വമ്പിച്ച ചരിത്രാനുഭവങ്ങളില്ല. ശരിയാണ്‌. ഷോക്കേസില്‍ വയ്ക്കാന്‍ ഒരു ചെറുകിട സുനാമിയോ തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കമോ ഒഴിച്ചാല്‍ നമുക്ക്‌ പ്രകൃതിയുടെ തീവ്രാനുഭവങ്ങളുമില്ല. ആനന്ദിന്റെ ചുണ്ടുകള്‍ കുറേക്കൂടി ഉള്‍വലിഞ്ഞതുപോലെ തോന്നി. അതില്‍ മുഴുവന്‍ മലയാളികളെയും അസ്ഥികൂടങ്ങളാക്കുന്ന എന്തോ ഒന്നുണ്ടായിരുന്നു. ഞാന്‍ എന്നെത്തന്നെ തപ്പിനോക്കി. എല്ലില്‍ നേരിട്ടുതൊടുന്നു!

ആനന്ദ്‌ പറഞ്ഞതില്‍ കാര്യമില്ലേ? തീര്‍ച്ചയായും ഉണ്ട്‌. പക്ഷേ അതില്‍ മറ്റൊരുകാര്യം കൂടിയുള്ളതും നാം കാണണം. നമ്മുടെ ബുദ്ധിജീവികള്‍, ഒരു പ്രായവും അല്‍പസ്വല്‍പം ദൂരയാത്രകളും ഒക്കെ കഴിഞ്ഞാല്‍, സ്ഥിരമായി കൊണ്ടുനടക്കുന്ന ഒരു മലയാളി പുച്ഛം ഉണ്ട്‌. 'പുഞ്ജം' എന്ന്‌ തെറ്റിച്ച്‌ ഉച്ചരിച്ചാലേ അതിന്റെ ശരിയായ മൂഡ്‌ കിട്ടുകയുള്ളൂ. മലയാളി, മലയാളി, മലയാളി എന്ന്‌ പറഞ്ഞ്‌ സക്കറിയയും മറ്റുംഎഴുതുന്നത്‌ വായിച്ചിട്ടില്ലേ? പറയുന്നതുകേട്ടാല്‍ തോന്നും ഇവരൊക്കെ ആസാമില്‍നിന്ന്‌ വന്നവരാണെന്ന്‌ പിന്നെന്തു വിശേഷം? അവിടെ ചിറാപ്പുഞ്ചിയില്‍ മഴയൊക്കെ ഉണ്ടല്ലോ അല്ലേ?

ആനന്ദ്‌ സ്കോര്‍ ചെയ്തു നിറുത്തിയിടത്തുനിന്ന്‌ തപ്പിപ്പിടഞ്ഞെഴുന്നേറ്റ്‌ മുകുന്ദന്‍ എന്ന എല്ലിന്‍കൂട്‌ സംസാരിച്ചുതുടങ്ങി. "ഞാനൊരു പാവം" എന്ന നിതാന്തമായ ആടിപ്പിക്കല്‍മട്ടിന്‌ ഒരു മാറ്റവും വരുത്താതെതന്നെ ചുരുക്കം വാക്കുകള്‍കൊണ്ട്‌, ആനന്ദ്‌ ഇറക്കിവച്ച ചരിത്രത്തിനോളം വിപുലമായ മലയാളിനിന്ദയെ മുകുന്ദന്‍ തവിടുപൊടിയാക്കിയ ആ കാഴ്ച ഒന്നു കാണേണ്ടതുതന്നെയായിരുന്നു. ചരിത്രവിസ്‌തൃതമായ അനുഭവങ്ങളുടെ കാര്യത്തില്‍, ദേശീയമായ ആഘാതങ്ങളുടെ കാര്യത്തില്‍ മലയാളി പാവപ്പെട്ടവനായിരിക്കാം - പക്ഷേ, ഒരു വ്യക്തി എന്ന നിലയില്‍ ഇവിടെ ഓരോ മലയാളിയും അനുഭവിച്ചുതീര്‍ക്കുന്ന ജീവിതം അതിഭയങ്കരമാണെന്നു മുകുന്ദന്‍ വ്യംഗ്യപ്പെടുത്തി. സ്വകാര്യതലത്തില്‍ അവന്‍ ഓരോ ദിവസവും നിരവധി യുദ്ധങ്ങളിലൂടെയാണ്‌ കടന്നുപോകുന്നതെന്നു സൂചിപ്പിച്ചു. അവന്റെ മുഖത്തെ ഓരോ സെന്റിമീറ്ററില്‍നിന്നും അതിന്റെ വ്യാകുലത തൊട്ടെടുക്കാമെന്ന്‌ പറഞ്ഞു.

ശരിയാണ്‌ ചരിത്ര പാഠപുസ്തകങ്ങളിലേക്ക്‌ വരാത്ത, പത്രങ്ങളില്‍ വലിയ ശീര്‍ഷകമോ തുണ്ടുവാര്‍ത്തകള്‍ പോലുമോ ആവാത്ത, ഒരു ചരിത്രം ലോകത്തെവിടെയും മനുഷ്യന്‍ അനുഭവിച്ചുതീര്‍ക്കുന്നുണ്ട്‌. സത്യത്തില്‍ അതാണ്‌ മനുഷ്യന്റെ സൂക്ഷ്മചരിത്രം. മനസ്സിന്റെ ചരിത്രം. എഴുത്തുകാരന്‍ എന്ന നിലയില്‍ ആനന്ദ്‌ ഇനിയും അതിലൊന്നും തൊട്ടിട്ടില്ല. ഇനി സമയവുമില്ല-അടുത്ത ജന്മത്തില്‍ നോക്കാം. സമുദ്രങ്ങളും യുദ്ധങ്ങളും ഭൂകമ്പങ്ങളും മരുഭൂമികളും അനുകരിക്കാന്‍ ശ്രമിക്കുന്നത്‌ മനസ്സിനെയാണ്‌. തോല്‍ക്കുകയും ചെയ്യുന്നു. മുകുന്ദന്റെ വാക്കുകള്‍ ആ തോല്‍വിയെക്കുറിച്ചല്ല. ആ ഭാഗത്തേക്കേ മുകുന്ദന്‍ പോകുന്നില്ല. പക്ഷേ കേരളീയന്‍ എന്ന ദയനീയജീവിക്കു മുന്നില്‍ ഈ എഴുത്തുകാരന്‍ വാരിയെറിഞ്ഞ വാക്കുകള്‍ തറയില്‍ വീഴുമ്പോള്‍ കര്‍പ്പൂരദീപങ്ങളായി മാറുന്നുണ്ടായിരുന്നു.
പ്രിയ മുകുന്ദന്‍, നന്ദി.ഫ്രെയിം വൈഡ്‌ ചെയ്യുമ്പോള്‍ മറ്റു കസേരകളില്‍ പുക മാത്രമായിരിക്കുമെന്ന്‌ എനിക്കുറപ്പായിരുന്നു. അതു കാണാന്‍ കരുത്തില്ലാതെ ഞാന്‍ ടി.വി. ഓഫാക്കി.കുറച്ചുകഴിഞ്ഞ്‌ വീണ്ടും അത്‌ ഓണാക്കിയപ്പോള്‍ വിലാപയാത്ര ആരംഭിച്ചുകഴിഞ്ഞിരുന്നു.

കടപ്പാട്:കേരളകൌമുദി ഓൺലൈൻ

തിങ്കളാഴ്‌ച, നവംബർ 14, 2005

"എന്നെ നിങ്ങളാരും അറിഞ്ഞില്ലല്ലോ...!"

"എന്നെ നിങ്ങളാരും അറിഞ്ഞില്ലല്ലോ...!"
ആര്‍. മോഹന്‍ദാസ്‌, ചിറയിന്‍കീഴ്‌

നാടകാചാര്യന്‍
എന്‍. എന്‍. പിള്ള അന്തരിച്ചിട്ട്‌ ഇന്ന്‌ പത്തുവര്‍ഷം തികയുന്നു

കുറേക്കാലങ്ങള്‍ക്കു മുന്‍പ്‌ ഒരു നാടക സെമിനാറില്‍ വച്ച്‌ നാടകത്തെക്കുറിച്ച്‌ അപാരപാണ്‌ഡിത്യമുള്ള (പാശ്ചാത്യനാടകങ്ങളില്‍) ഒരു വ്യക്തിയെ പരിചയപ്പെട്ടു. പുരുഷനല്ല. സ്‌ത്രീയാണ്‌. ഒരു നാടകഗവേഷക. ജി. ശങ്കരപ്പിള്ളയുടെ നാടകങ്ങളാണ്‌ ഗവേഷണവിഷയം. ജി. ശങ്കരപ്പിള്ളയുടെ നാടായ ചിറയിന്‍കീഴാണ്‌ എന്റെയും നാടെന്നറിഞ്ഞ്‌ ഇങ്ങോട്ട്‌ പരിചയപ്പെടുകയാണുണ്ടായത്‌. കുറേ കാര്യങ്ങള്‍ അറിയണം. അദ്ദേഹത്തിന്റെ വീട്‌, കുടുംബം, ലിറ്റില്‍ തിയേറ്റര്‍ മൂവ്‌മെന്റ്‌ തുടങ്ങിയ കാര്യങ്ങള്‍. എനിക്കറിയാവുന്ന കാര്യങ്ങള്‍ ഞാന്‍ വിവരിച്ചു. കൂട്ടത്തില്‍ എന്‍. എന്‍. പിള്ളയെപ്പോലുള്ളവരുടെ നാടകങ്ങള്‍ ഗവേഷണവിഷയമാക്കാതെ ജി. ശങ്കരപ്പിള്ളയുടെ നാടകങ്ങള്‍ എന്താണ്‌ തിരഞ്ഞെടുത്തതെന്ന ഒരു 'കുസൃതി' ചോദ്യവും ചോദിച്ചു. ഗവേഷകയുടെ പാണ്‌ഡിത്യം (മലയാളനാടകങ്ങളെക്കുറിച്ച്‌) വിളംബരംചെയ്യുന്ന നല്ലൊരു മറുപടിയാണ്‌ കിട്ടിയത്‌.

"ഉത്സവപ്പറമ്പിനുവേണ്ടി പച്ചത്തെറി എഴുതുന്ന ഒരു നാടകക്കാരനെക്കുറിച്ച്‌ എന്തിന്‌ ഗവേഷണം നടത്തണം?"
"എന്നെ നിങ്ങളാരും അറിഞ്ഞില്ലല്ലോ?" എന്ന ഡയലോഗിന്റെ പ്രസക്തി അപ്പോഴാണെനിക്ക്‌ ബോദ്ധ്യമായത്‌.
ചില സുഹൃത്തുക്കളുടെ നിര്‍ബന്‌ധത്തിനു വഴങ്ങി അപൂര്‍വ്വം ചില ഉത്സവവേദികളില്‍ പ്രത്യക്ഷപ്പെട്ടതല്ലാതെ ഉത്സവപ്പറമ്പില്‍ നാടകം കളിക്കാത്ത ആളായിരുന്നു എന്‍.എന്‍. പിള്ള എന്ന കാര്യം ഗവേഷകയെപോലെതന്നെ പല നാടക പണ്‌ഡിതന്മാര്‍ക്കും അറിയില്ലല്ലോ! അവര്‍ക്ക്‌ ആകെ അറിയാവുന്നത്‌ 'കാപാലിക' നാടകവും അതിലുണ്ടെന്ന്‌ പറയപ്പെടുന്ന കുറേ തെറിയും. ഒരുപക്ഷേ, ഈ നാടകം ഇവരൊക്കെ കാണാനിടയായതുതന്നെ തെറിയുണ്ട്‌ എന്നറിഞ്ഞുകൊണ്ട്‌, കേട്ടുരസിച്ചുകളയാമെന്ന്‌ കരുതിയുമാവാം.

ആട്ടെ - തെറി എഴുത്തുകാരന്‍ എന്ന്‌ 'ചാപ്പ' കുത്താന്‍വേണ്ടി എന്തു വേണ്ടാതീനമാണ്‌ എന്‍.എന്‍.പിള്ള പറഞ്ഞത്‌!
"അച്ചനെപട്ടം കെട്ടിച്ചതും എന്റെ അരക്കെട്ടഴിച്ചതും ഒരേ സമൂഹമാണച്ചോ" എന്ന്‌ കാപാലികയിലെ റോസമ്മ എന്ന കഥാപാത്രത്തെക്കൊണ്ട്‌ പറയിച്ചതോ! അതോ തുടര്‍ന്ന്‌ റോസമ്മ പറഞ്ഞ ഇനി പറയുന്ന വാക്യങ്ങളോ! "എന്നെ കുട്ടിക്കാലത്ത്‌ പഠിപ്പിച്ച ക്‌ളാസ്സ്‌ ടീച്ചര്‍ എനിക്ക്‌ ധര്‍മ്മോപദേശം തന്നത്‌ എന്റെ തുടയില്‍ തലോടികൊണ്ടായിരുന്നു. എന്നെ സംഗീതം പഠിപ്പിച്ച ഗുരുനാഥന്‍ ജതിവിന്യാസം ഉറപ്പിച്ചത്‌ യൌവ്വനം ഉരുണ്ടുകൂടിത്തുടങ്ങിയ എന്റെ നെഞ്ചത്ത്‌ താളംപിടിച്ചുകൊണ്ടായിരുന്നു. മനസ്സമ്മതോം വിളിച്ചുചൊല്ലലും കഴിഞ്ഞ എന്റെ ആദ്യത്തെ മണവാളന്‍ എന്നെ ബലാല്‍സംഗം ചെയ്തിട്ട്‌ കടന്നുകളയുകയായിരുന്നു". ഈ വാചകങ്ങളിലെ തെറി കണ്ടെത്താന്‍ അക്ഷരങ്ങള്‍ക്കിടയിലൂടെ ഗവേഷണം നടത്തുന്നവര്‍ ഒരല്‌പം ഭൂതകാലത്തിലേക്ക്‌ ഒന്നു തിരിഞ്ഞുനോക്കണം. എന്നിട്ട്‌ 1905 വര്‍ഷങ്ങളിലെ ചരിത്രത്തില്‍ ഒരു ഗവേഷണം നടത്തണം. അപ്പോള്‍ തൃപ്പൂണിത്തുറയ്ക്കടുത്ത്‌ ആറങ്ങാട്ടുകര കാവിലെ ശാന്തിക്കാരന്‍ നാരായണന്‍ എന്നയാളിന്റെ മകള്‍ സാവിത്രി എന്ന പെണ്‍കുട്ടിയുടെ രൂപം തെളിഞ്ഞുവരും. ഇപ്പോള്‍ ചരിത്രത്തില്‍നിന്ന്‌ വഴുതിമാറി കെട്ടുകഥകളിലൂടെ ഒരു 'മിത്ത്‌' ആയിക്കൊണ്ടിരിക്കുന്ന താത്രി എന്ന പെണ്‍കുട്ടിയുടെ രൂപം. സംശയിക്കണ്ട. സ്‌മാര്‍ത്തവിചാരം ചെയ്യപ്പെട്ട്‌ ഭ്രഷ്‌ട്‌ കല്‌പിക്കപ്പെട്ട കുറിയേടത്തു താത്രി എന്ന പെണ്‍കുട്ടിതന്നെ. സ്‌മാര്‍ത്തവിചാരത്തില്‍ താനുമായി ശാരീരികബന്‌ധത്തിലേര്‍പ്പെട്ട 64 പേരുകള്‍ പറഞ്ഞശേഷം 65-ാ‍മത്തെ പേരു പറയാതെ കൈവിരലിലെ മോതിരം ഊരിക്കാട്ടി ദാസി മുഖേന "ഈ പേരും പറയണമോ" എന്ന്‌ താത്രി ചോദിച്ചപ്പോള്‍

"സ്‌മാര്‍ത്തനും മീമാംസകരും ഒന്നടങ്കം പരിഭ്രാന്തരായി 'മതി - മതി' എന്ന്‌ പറഞ്ഞ്‌ സ്‌മാര്‍ത്തവിചാരം അവസാനിപ്പിച്ചു എന്ന്‌ ചരിത്രം. മോതിരം രാജാവിന്റെ മുദ്രപതിച്ചതായിരുന്നത്രേ!
താത്രി വെളിപ്പെടുത്തിയ 64 പേരുകാരില്‍ നാലുപേരെയെങ്കിലും ഗവേഷകര്‍ പ്രത്യേകം ശ്രദ്ധിക്കുന്നത്‌ നന്നായിരിക്കും. പ്രായപൂര്‍ത്തിയാകും മുന്‍പ്‌ 11-ാ‍ം വയസ്സില്‍ താത്രിയെ ആദ്യമായി പീഡിപ്പിച്ച 50 വയസ്സുകാരന്‍ നമ്പ്യത്താന്‍ നമ്പൂതിരി, ഒരിക്കല്‍ സംഭവിച്ചകാര്യം പുറത്തുപറയുമെന്ന്‌ ഭീഷണിപ്പെടുത്തി ഇംഗിതം സാധിച്ച, പാട്ട്‌ പഠിപ്പിച്ച ഗുരുനാഥന്‍ നമ്പീശന്‍, നമ്പ്യത്താനും നമ്പീശനും ആകാമെങ്കില്‍ എനിക്കുമാകാമെന്ന്‌ കരുതിയ കളിക്കൂട്ടുകാരന്‍ മാധവന്‍, നാലാമത്തെയാള്‍ ദൈവത്തിന്‌ തുല്യം കണ്ടിരുന്ന സ്വന്തം പിതാവ്‌. ഇവരാണാനാലുപേര്‍.

ഗവേഷണം പൂര്‍ത്തിയാക്കുമ്പോള്‍ ഗവേഷകര്‍ക്ക്‌ ഒരുകാര്യം ബോദ്ധ്യപ്പെടും. ചരിത്രത്തിലെ കുറിയേടത്ത്‌ താത്രി എന്ന സാവിത്രി തന്നെയാണ്‌ കാപാലികയിലെ റോസമ്മ എന്ന കാര്യം. നമ്പ്യത്താന്‍ നമ്പൂതിരി കളാസ്സ്‌ ടീച്ചറായും സംഗീതം പഠിപ്പിച്ച അദ്ധ്യാപകന്‍ അതേ കഥാപാത്രമായും കളിക്കൂട്ടുകാരനായ മാധവന്‍ മണവാളനായി മാറുന്നതും കാണാന്‍ ഒരു ബുദ്ധിമുട്ടുമുണ്ടാവില്ല. താത്രിയുടെ പിതാവിനെ കാപാലികയില്‍ കഥാപാത്രമാക്കാതിരുന്നത്‌ ജനത്തിന്റെ പള്‍സ്‌ എന്‍. എന്‍. പിള്ളയ്ക്ക്‌ നന്നായി അറിയാമായിരുന്നതുകൊണ്ടായിരിക്കണം.
താത്രിക്കുട്ടി അക്കാലത്ത്‌ നിലനിന്നിരുന്ന പുരുഷമേധാവിത്വത്തിന്റെ ലൈംഗിക അരാജകത്വത്തിനെതിരെ അതേ ആയുധംകൊണ്ട്‌ ബോധപൂര്‍വം സമരം ചെയ്യുകയായിരുന്നു എന്നാണ്‌ പില്‍ക്കാത്ത്‌ വി.ടി. രേഖപ്പെടുത്തിയത്‌. കാപാലികയിലെ റോസമ്മയാകട്ടെ സമൂഹമനഃസാക്ഷിയെ പരസ്യവിചാരണയ്ക്ക്‌ വിധേയമാക്കുകയായിരുന്നു.

ജി. ശങ്കരപ്പിള്ളയുടെ 'മൂധേവിതെയ്യം' എന്ന നാടകത്തിലെ ചീതപ്പെണ്ണിനുമുണ്ട്‌ ഒരു 'ധാത്രി ടച്ച്‌'. പക്ഷേ, നാടകാന്ത്യത്തില്‍ ചീതയെ നാട്‌ വണങ്ങുന്ന ഒരു തെയ്യമാക്കി മാറ്റുകയാണ്‌ നാടകകൃത്ത്‌ ചെയ്തത്‌ എന്നതുകൊണ്ട്‌ നാടക പണ്‌ഡിതന്മാരാരും തന്നെ ജി. ശങ്കരപ്പിള്ളയ്ക്കു നേരെ കുതിരക്കയറ്റം നടത്താനൊരുങ്ങിയില്ല എന്നത്‌ ഒരു ചരിത്രസത്യം.

ഭൂതകാലത്തിലെ സ്‌മാര്‍ത്തന്മാര്‍ 100 വര്‍ഷം മുന്‍പ്‌ കുറിയേടത്ത്‌ താത്രിയെ വ്യഭിചാരക്കുറ്റം ചുമത്തി ഭ്രഷ്‌ട്‌ കല്‌പിച്ചുവെങ്കില്‍ 'താത്രീചരിത്രം' നാടകരൂപത്തിലാക്കിയ എന്‍. എന്‍. പിള്ളയെ തെറിഎഴുതി എന്നാരോപിച്ച്‌ ആധുനിക സ്‌മാര്‍ത്തന്മാര്‍ ഭ്രഷ്‌ട്‌ കല്‌പിക്കുന്നു. രണ്ടും ചരിത്രം. സമാനസ്വഭാവമുള്ള ചരിത്രം.

1995 നവംബര്‍ മാസം 14ന്‌ ചിത്രഗുപ്‌തനോടൊപ്പം ഇവിടംവിട്ടുപോയ നാരായണപിള്ള നാരായണപിള്ള എന്ന എന്‍. എന്‍. പിള്ള സ്വര്‍ഗ്‌ഗനരകങ്ങളിലെവിടെയോ ഒരിടത്തിരുന്ന്‌ ഈ നവംബര്‍ മാസം 14-ാ‍ം തീയതിയും "എന്നെ നിങ്ങളാരും അറിഞ്ഞില്ലല്ലോ!" എന്ന 'വിഷമവൃത്ത' നാടകത്തിലെ ഡയലോഗ്‌ പറഞ്ഞുകൊണ്ട്‌ ആധുനിക സ്‌മാര്‍ത്തന്മാരെ നോക്കി പരിഹാസച്ചിരി ചിരിക്കുമായിരിക്കും

കടപ്പാട്: കേരളകൌമുദി ഓൺലൈൻ