തിങ്കളാഴ്‌ച, നവംബർ 14, 2005

"എന്നെ നിങ്ങളാരും അറിഞ്ഞില്ലല്ലോ...!"

"എന്നെ നിങ്ങളാരും അറിഞ്ഞില്ലല്ലോ...!"
ആര്‍. മോഹന്‍ദാസ്‌, ചിറയിന്‍കീഴ്‌

നാടകാചാര്യന്‍
എന്‍. എന്‍. പിള്ള അന്തരിച്ചിട്ട്‌ ഇന്ന്‌ പത്തുവര്‍ഷം തികയുന്നു

കുറേക്കാലങ്ങള്‍ക്കു മുന്‍പ്‌ ഒരു നാടക സെമിനാറില്‍ വച്ച്‌ നാടകത്തെക്കുറിച്ച്‌ അപാരപാണ്‌ഡിത്യമുള്ള (പാശ്ചാത്യനാടകങ്ങളില്‍) ഒരു വ്യക്തിയെ പരിചയപ്പെട്ടു. പുരുഷനല്ല. സ്‌ത്രീയാണ്‌. ഒരു നാടകഗവേഷക. ജി. ശങ്കരപ്പിള്ളയുടെ നാടകങ്ങളാണ്‌ ഗവേഷണവിഷയം. ജി. ശങ്കരപ്പിള്ളയുടെ നാടായ ചിറയിന്‍കീഴാണ്‌ എന്റെയും നാടെന്നറിഞ്ഞ്‌ ഇങ്ങോട്ട്‌ പരിചയപ്പെടുകയാണുണ്ടായത്‌. കുറേ കാര്യങ്ങള്‍ അറിയണം. അദ്ദേഹത്തിന്റെ വീട്‌, കുടുംബം, ലിറ്റില്‍ തിയേറ്റര്‍ മൂവ്‌മെന്റ്‌ തുടങ്ങിയ കാര്യങ്ങള്‍. എനിക്കറിയാവുന്ന കാര്യങ്ങള്‍ ഞാന്‍ വിവരിച്ചു. കൂട്ടത്തില്‍ എന്‍. എന്‍. പിള്ളയെപ്പോലുള്ളവരുടെ നാടകങ്ങള്‍ ഗവേഷണവിഷയമാക്കാതെ ജി. ശങ്കരപ്പിള്ളയുടെ നാടകങ്ങള്‍ എന്താണ്‌ തിരഞ്ഞെടുത്തതെന്ന ഒരു 'കുസൃതി' ചോദ്യവും ചോദിച്ചു. ഗവേഷകയുടെ പാണ്‌ഡിത്യം (മലയാളനാടകങ്ങളെക്കുറിച്ച്‌) വിളംബരംചെയ്യുന്ന നല്ലൊരു മറുപടിയാണ്‌ കിട്ടിയത്‌.

"ഉത്സവപ്പറമ്പിനുവേണ്ടി പച്ചത്തെറി എഴുതുന്ന ഒരു നാടകക്കാരനെക്കുറിച്ച്‌ എന്തിന്‌ ഗവേഷണം നടത്തണം?"
"എന്നെ നിങ്ങളാരും അറിഞ്ഞില്ലല്ലോ?" എന്ന ഡയലോഗിന്റെ പ്രസക്തി അപ്പോഴാണെനിക്ക്‌ ബോദ്ധ്യമായത്‌.
ചില സുഹൃത്തുക്കളുടെ നിര്‍ബന്‌ധത്തിനു വഴങ്ങി അപൂര്‍വ്വം ചില ഉത്സവവേദികളില്‍ പ്രത്യക്ഷപ്പെട്ടതല്ലാതെ ഉത്സവപ്പറമ്പില്‍ നാടകം കളിക്കാത്ത ആളായിരുന്നു എന്‍.എന്‍. പിള്ള എന്ന കാര്യം ഗവേഷകയെപോലെതന്നെ പല നാടക പണ്‌ഡിതന്മാര്‍ക്കും അറിയില്ലല്ലോ! അവര്‍ക്ക്‌ ആകെ അറിയാവുന്നത്‌ 'കാപാലിക' നാടകവും അതിലുണ്ടെന്ന്‌ പറയപ്പെടുന്ന കുറേ തെറിയും. ഒരുപക്ഷേ, ഈ നാടകം ഇവരൊക്കെ കാണാനിടയായതുതന്നെ തെറിയുണ്ട്‌ എന്നറിഞ്ഞുകൊണ്ട്‌, കേട്ടുരസിച്ചുകളയാമെന്ന്‌ കരുതിയുമാവാം.

ആട്ടെ - തെറി എഴുത്തുകാരന്‍ എന്ന്‌ 'ചാപ്പ' കുത്താന്‍വേണ്ടി എന്തു വേണ്ടാതീനമാണ്‌ എന്‍.എന്‍.പിള്ള പറഞ്ഞത്‌!
"അച്ചനെപട്ടം കെട്ടിച്ചതും എന്റെ അരക്കെട്ടഴിച്ചതും ഒരേ സമൂഹമാണച്ചോ" എന്ന്‌ കാപാലികയിലെ റോസമ്മ എന്ന കഥാപാത്രത്തെക്കൊണ്ട്‌ പറയിച്ചതോ! അതോ തുടര്‍ന്ന്‌ റോസമ്മ പറഞ്ഞ ഇനി പറയുന്ന വാക്യങ്ങളോ! "എന്നെ കുട്ടിക്കാലത്ത്‌ പഠിപ്പിച്ച ക്‌ളാസ്സ്‌ ടീച്ചര്‍ എനിക്ക്‌ ധര്‍മ്മോപദേശം തന്നത്‌ എന്റെ തുടയില്‍ തലോടികൊണ്ടായിരുന്നു. എന്നെ സംഗീതം പഠിപ്പിച്ച ഗുരുനാഥന്‍ ജതിവിന്യാസം ഉറപ്പിച്ചത്‌ യൌവ്വനം ഉരുണ്ടുകൂടിത്തുടങ്ങിയ എന്റെ നെഞ്ചത്ത്‌ താളംപിടിച്ചുകൊണ്ടായിരുന്നു. മനസ്സമ്മതോം വിളിച്ചുചൊല്ലലും കഴിഞ്ഞ എന്റെ ആദ്യത്തെ മണവാളന്‍ എന്നെ ബലാല്‍സംഗം ചെയ്തിട്ട്‌ കടന്നുകളയുകയായിരുന്നു". ഈ വാചകങ്ങളിലെ തെറി കണ്ടെത്താന്‍ അക്ഷരങ്ങള്‍ക്കിടയിലൂടെ ഗവേഷണം നടത്തുന്നവര്‍ ഒരല്‌പം ഭൂതകാലത്തിലേക്ക്‌ ഒന്നു തിരിഞ്ഞുനോക്കണം. എന്നിട്ട്‌ 1905 വര്‍ഷങ്ങളിലെ ചരിത്രത്തില്‍ ഒരു ഗവേഷണം നടത്തണം. അപ്പോള്‍ തൃപ്പൂണിത്തുറയ്ക്കടുത്ത്‌ ആറങ്ങാട്ടുകര കാവിലെ ശാന്തിക്കാരന്‍ നാരായണന്‍ എന്നയാളിന്റെ മകള്‍ സാവിത്രി എന്ന പെണ്‍കുട്ടിയുടെ രൂപം തെളിഞ്ഞുവരും. ഇപ്പോള്‍ ചരിത്രത്തില്‍നിന്ന്‌ വഴുതിമാറി കെട്ടുകഥകളിലൂടെ ഒരു 'മിത്ത്‌' ആയിക്കൊണ്ടിരിക്കുന്ന താത്രി എന്ന പെണ്‍കുട്ടിയുടെ രൂപം. സംശയിക്കണ്ട. സ്‌മാര്‍ത്തവിചാരം ചെയ്യപ്പെട്ട്‌ ഭ്രഷ്‌ട്‌ കല്‌പിക്കപ്പെട്ട കുറിയേടത്തു താത്രി എന്ന പെണ്‍കുട്ടിതന്നെ. സ്‌മാര്‍ത്തവിചാരത്തില്‍ താനുമായി ശാരീരികബന്‌ധത്തിലേര്‍പ്പെട്ട 64 പേരുകള്‍ പറഞ്ഞശേഷം 65-ാ‍മത്തെ പേരു പറയാതെ കൈവിരലിലെ മോതിരം ഊരിക്കാട്ടി ദാസി മുഖേന "ഈ പേരും പറയണമോ" എന്ന്‌ താത്രി ചോദിച്ചപ്പോള്‍

"സ്‌മാര്‍ത്തനും മീമാംസകരും ഒന്നടങ്കം പരിഭ്രാന്തരായി 'മതി - മതി' എന്ന്‌ പറഞ്ഞ്‌ സ്‌മാര്‍ത്തവിചാരം അവസാനിപ്പിച്ചു എന്ന്‌ ചരിത്രം. മോതിരം രാജാവിന്റെ മുദ്രപതിച്ചതായിരുന്നത്രേ!
താത്രി വെളിപ്പെടുത്തിയ 64 പേരുകാരില്‍ നാലുപേരെയെങ്കിലും ഗവേഷകര്‍ പ്രത്യേകം ശ്രദ്ധിക്കുന്നത്‌ നന്നായിരിക്കും. പ്രായപൂര്‍ത്തിയാകും മുന്‍പ്‌ 11-ാ‍ം വയസ്സില്‍ താത്രിയെ ആദ്യമായി പീഡിപ്പിച്ച 50 വയസ്സുകാരന്‍ നമ്പ്യത്താന്‍ നമ്പൂതിരി, ഒരിക്കല്‍ സംഭവിച്ചകാര്യം പുറത്തുപറയുമെന്ന്‌ ഭീഷണിപ്പെടുത്തി ഇംഗിതം സാധിച്ച, പാട്ട്‌ പഠിപ്പിച്ച ഗുരുനാഥന്‍ നമ്പീശന്‍, നമ്പ്യത്താനും നമ്പീശനും ആകാമെങ്കില്‍ എനിക്കുമാകാമെന്ന്‌ കരുതിയ കളിക്കൂട്ടുകാരന്‍ മാധവന്‍, നാലാമത്തെയാള്‍ ദൈവത്തിന്‌ തുല്യം കണ്ടിരുന്ന സ്വന്തം പിതാവ്‌. ഇവരാണാനാലുപേര്‍.

ഗവേഷണം പൂര്‍ത്തിയാക്കുമ്പോള്‍ ഗവേഷകര്‍ക്ക്‌ ഒരുകാര്യം ബോദ്ധ്യപ്പെടും. ചരിത്രത്തിലെ കുറിയേടത്ത്‌ താത്രി എന്ന സാവിത്രി തന്നെയാണ്‌ കാപാലികയിലെ റോസമ്മ എന്ന കാര്യം. നമ്പ്യത്താന്‍ നമ്പൂതിരി കളാസ്സ്‌ ടീച്ചറായും സംഗീതം പഠിപ്പിച്ച അദ്ധ്യാപകന്‍ അതേ കഥാപാത്രമായും കളിക്കൂട്ടുകാരനായ മാധവന്‍ മണവാളനായി മാറുന്നതും കാണാന്‍ ഒരു ബുദ്ധിമുട്ടുമുണ്ടാവില്ല. താത്രിയുടെ പിതാവിനെ കാപാലികയില്‍ കഥാപാത്രമാക്കാതിരുന്നത്‌ ജനത്തിന്റെ പള്‍സ്‌ എന്‍. എന്‍. പിള്ളയ്ക്ക്‌ നന്നായി അറിയാമായിരുന്നതുകൊണ്ടായിരിക്കണം.
താത്രിക്കുട്ടി അക്കാലത്ത്‌ നിലനിന്നിരുന്ന പുരുഷമേധാവിത്വത്തിന്റെ ലൈംഗിക അരാജകത്വത്തിനെതിരെ അതേ ആയുധംകൊണ്ട്‌ ബോധപൂര്‍വം സമരം ചെയ്യുകയായിരുന്നു എന്നാണ്‌ പില്‍ക്കാത്ത്‌ വി.ടി. രേഖപ്പെടുത്തിയത്‌. കാപാലികയിലെ റോസമ്മയാകട്ടെ സമൂഹമനഃസാക്ഷിയെ പരസ്യവിചാരണയ്ക്ക്‌ വിധേയമാക്കുകയായിരുന്നു.

ജി. ശങ്കരപ്പിള്ളയുടെ 'മൂധേവിതെയ്യം' എന്ന നാടകത്തിലെ ചീതപ്പെണ്ണിനുമുണ്ട്‌ ഒരു 'ധാത്രി ടച്ച്‌'. പക്ഷേ, നാടകാന്ത്യത്തില്‍ ചീതയെ നാട്‌ വണങ്ങുന്ന ഒരു തെയ്യമാക്കി മാറ്റുകയാണ്‌ നാടകകൃത്ത്‌ ചെയ്തത്‌ എന്നതുകൊണ്ട്‌ നാടക പണ്‌ഡിതന്മാരാരും തന്നെ ജി. ശങ്കരപ്പിള്ളയ്ക്കു നേരെ കുതിരക്കയറ്റം നടത്താനൊരുങ്ങിയില്ല എന്നത്‌ ഒരു ചരിത്രസത്യം.

ഭൂതകാലത്തിലെ സ്‌മാര്‍ത്തന്മാര്‍ 100 വര്‍ഷം മുന്‍പ്‌ കുറിയേടത്ത്‌ താത്രിയെ വ്യഭിചാരക്കുറ്റം ചുമത്തി ഭ്രഷ്‌ട്‌ കല്‌പിച്ചുവെങ്കില്‍ 'താത്രീചരിത്രം' നാടകരൂപത്തിലാക്കിയ എന്‍. എന്‍. പിള്ളയെ തെറിഎഴുതി എന്നാരോപിച്ച്‌ ആധുനിക സ്‌മാര്‍ത്തന്മാര്‍ ഭ്രഷ്‌ട്‌ കല്‌പിക്കുന്നു. രണ്ടും ചരിത്രം. സമാനസ്വഭാവമുള്ള ചരിത്രം.

1995 നവംബര്‍ മാസം 14ന്‌ ചിത്രഗുപ്‌തനോടൊപ്പം ഇവിടംവിട്ടുപോയ നാരായണപിള്ള നാരായണപിള്ള എന്ന എന്‍. എന്‍. പിള്ള സ്വര്‍ഗ്‌ഗനരകങ്ങളിലെവിടെയോ ഒരിടത്തിരുന്ന്‌ ഈ നവംബര്‍ മാസം 14-ാ‍ം തീയതിയും "എന്നെ നിങ്ങളാരും അറിഞ്ഞില്ലല്ലോ!" എന്ന 'വിഷമവൃത്ത' നാടകത്തിലെ ഡയലോഗ്‌ പറഞ്ഞുകൊണ്ട്‌ ആധുനിക സ്‌മാര്‍ത്തന്മാരെ നോക്കി പരിഹാസച്ചിരി ചിരിക്കുമായിരിക്കും

കടപ്പാട്: കേരളകൌമുദി ഓൺലൈൻ

അഭിപ്രായങ്ങളൊന്നുമില്ല: