തിങ്കളാഴ്‌ച, നവംബർ 21, 2005

തലയോട്ടിയുടെ മായുന്നചിരി

തലയോട്ടിയുടെ മായുന്നചിരി
എസ്‌. ഭാസുരചന്ദ്രന്‍

ഉയരങ്ങളിലേക്കു മാത്രം യാത്ര ചെയ്‌ത കെ.ആര്‍. നാരായണന്റെ അന്ത്യയാത്ര കാണാന്‍വേണ്ടിയാണ്‌ അന്ന്‌ ഉച്ചതിരിഞ്ഞ്‌ ആ ന്യൂസ്ചാനല്‍ തുറന്നത്‌. പകരം കണ്ടത്‌ ആനന്ദിനെയും മുകുന്ദനെയും മറ്റു ചിലരെയും. ഏതോ പൂന്തോപ്പില്‍ ഒരു സാഹിത്യചര്‍ച്ച. അന്തരിച്ച വി.കെ.മാധവന്‍കുട്ടിയും ഉണ്ട്‌- സംഭവം പുനഃസംപ്രേഷണമാവണം. സക്കറിയയും സേതുവും സച്ചിദാനന്ദനുമുണ്ട്‌. പോഷ്‌ കസേരകളില്‍ എല്ലാവരും കോട്ടും സ്യൂട്ടുമൊക്കെയിട്ട്‌ ധ്വരമട്ടില്‍. ബാങ്ക്‌മേധാവികള്‍ ഡിസ്കഷന്‌ ഇരിക്കുംപോലെ. വലിയ സന്തോഷം തോന്നി. തകഴിയുടെ കിഴക്കന്‍ തോര്‍ത്തിന്റെയും ബഷീറിന്റെ ബെയര്‍ ബോഡിയുടെയും കാലം കഴിഞ്ഞു. കലാകാരന്റെ ജോണ്‍ എബ്രഹാം ബ്രാന്‍ഡ്‌ മുഷിഞ്ഞുനാറിയ വേഷമൊക്കെ ക്രിസ്‌തുവിനു മുമ്പുള്ള കാലത്തില്‍ പോയി ഒളിച്ചുകഴിഞ്ഞു. അലഞ്ഞുതിരിയുന്ന എ. അയ്യപ്പന്‍ കാലംചെയ്‌ത ബാല്യത്തില്‍ ഗ്രാമരാത്രിയില്‍ കേട്ട മുത്തശ്ശിക്കഥയിലെ കഥാപാത്രം മാത്രമാണിനി.

അവര്‍ സാഹിത്യം സംസാരിക്കുന്നു, ആഗോള മാര്‍ക്കറ്റിന്റെ ഭാഷയില്‍. നമ്മുടെ കൃതികള്‍ ഇംഗ്ലീഷിലായിക്കഴിയുമ്പോള്‍ അവര്‍ എങ്ങനെയാണത്‌ സ്വീകരിക്കുന്നത്‌ എന്നൊക്കെയായിരുന്നു ചര്‍ച്ച. മലയാളപുസ്‌തകം ഇംഗ്‌ളീഷ്‌ വടിവിലാകുമ്പോള്‍ സംഭവിക്കുന്ന വമ്പിച്ച സാദ്ധ്യതകളെപ്പറ്റിയുള്ള നിനവും കിനാവും എത്ര അടക്കിവച്ചിട്ടും അടങ്ങാതെ, പക്ഷേ, സാഹിത്യമൂല്യവിചാരത്തിന്റെ വസ്‌ത്രാലങ്കാരത്തോടെ പുറത്തുചാടുന്നുണ്ടായിരുന്നു. നമ്മള്‍ നമ്മുടെ ഒരു പുസ്‌തകത്തെ കാണുംപോലൊന്നുമല്ല ഇംഗ്‌ളീഷില്‍ വരുമ്പോള്‍ സായിപ്പ്‌ അതേ പുസ്തകത്തെ കാണുന്നത്‌. അതിന്റെ വ്യത്യസ്തതലങ്ങള്‍, നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ചര്‍ച്ചയില്‍ കേട്ട അതേ വാക്കുകളിലൂടെയല്ലാതെ തുടരട്ടെ. ആഗോള വായനക്കാരെ നമുക്ക്‌ എങ്ങനെ പിടിക്കാം? അതു കഴിഞ്ഞ്‌ എങ്ങനെ വിടാതെ നോക്കാം? ശരിയാണ്‌, ഒരു പ്രായം കഴിഞ്ഞാല്‍ ഈ വെര്‍ണാക്കുലര്‍ ലാംഗ്വേജൊക്കെ വലിയ പരിമിതിയാണ്‌. ഞാനൊക്കെ വാസ്തവത്തില്‍ ലണ്ടനിലോ ന്യൂയോര്‍ക്കിലോ പാരീസിലോ ജനിക്കേണ്ടതായിരുന്നു. ഫസ്റ്റ്‌ ഇംപ്രഷന്‍, 1000 കോപ്പി എന്നൊക്കെ അച്ചടിച്ചുവിടുന്നത്‌ എന്തൊരു ദാരിദ്യ്‌രവാസമാണ്‌! മലയാളഭാഷ ഇന്നും ശൈശവദശയിലാണെന്ന്‌ 'ഒരിടത്ത്‌' ഇരുന്ന്‌ ഗവേഷണം നടത്തിയ സക്കറിയ കണ്ടുപിടിച്ചു. 'മനുഷ്യഭാഗധേയം' എന്ന മാരകമായ പദപ്രയോഗം ഇറക്കി സേതു ചര്‍ച്ചയെ വില്‍പനക്കൌണ്ടറില്‍നിന്ന്‌ കോണ്‍ഫറന്‍സ്‌ ഹാളിലേക്ക്‌ പിടിച്ചുവലിക്കാന്‍ പഴുതേ ശ്രമിക്കുന്നുണ്ടായിരുന്നു.

എനിഹൌ, കൊള്ളാം! നാളത്തെ മലയാള സാഹിത്യകാരന്‍ ഒരു മുഴുവന്‍സമയസ്വപ്‌നജീവിയായിക്കൊണ്ട്‌ ഭാര്യയെയും മക്കളെയും പട്ടിണിക്കിടില്ല എന്ന്‌ ഒരുവിധം ഉറപ്പായി. അത്താഴത്തിന്‌ കപ്പയും മത്തിമീനുമാണെങ്കില്‍പ്പോലും അത്‌ നക്ഷത്രഹോട്ടലില്‍നിന്നു വരുത്തിക്കാന്‍ അയാള്‍ക്കു സാധിച്ചേക്കും.

അങ്ങനെനീങ്ങവേയാണ്‌ ഒന്നു ശ്രദ്ധിച്ചത്‌. ആനന്ദ്‌ അനതിവിദൂരതയിലെ ആ എത്രയും നേര്‍ത്ത ചുണ്ടുകളുമായി ഒരക്ഷരം മിണ്ടാതെ ഇരിക്കുന്നു. ഒടുവില്‍ മിണ്ടിയപ്പോഴോ, അത്രയുംനേരത്തെ ചര്‍ച്ചയെ തൂക്കിയെടുത്ത്‌ വെട്ടിത്തിളച്ച എണ്ണയിലേക്കിടുകയും ചെയ്തു. ഇതുവരെ നടന്ന ചര്‍ച്ചയില്‍ ഞാന്‍ "ഒട്ടും കംഫര്‍ട്ടബിളല്ല" എന്നുപറഞ്ഞുകൊണ്ടു തുടങ്ങിയ ആനന്ദ്‌ ഇവിടെ ഈ പ്രകടിപ്പിച്ച ഉത്കണ്ഠകളുമായൊന്നും എനിക്ക്‌ (ആത്‌മാഭിമാനമുള്ള ഒരെഴുത്തുകാരനും) എഴുതാനായി ഇരിക്കാന്‍ കഴിയില്ല എന്ന്‌ അതീവ സൌമ്യമായി കൊന്നുതള്ളി. അങ്ങനെയൊന്നും ആലോചിക്കാനേ സാധിക്കില്ലെനിക്ക്‌. എനിക്ക്‌ ചിലത്‌ തോന്നുന്നു, അതങ്ങോട്ടെഴുതുന്നു - അത്രതന്നെ! ആനന്ദിന്റെ വാക്കുകളില്‍ ലോകത്തിലെ എല്ലാ ഭാഷകളിലെയും ആദികാവ്യങ്ങള്‍ ചിലച്ചതുപോലെ തോന്നി. ക്യാമറ ഒന്നു ക്‌ളോസപ്പിലേക്കു പോയി. എനിക്കു തോന്നി, ഫ്രെയിം വീണ്ടും വിസ്താരപൂര്‍ണ്ണമാകുമ്പോള്‍ മറ്റേ കസേരകളില്‍ അസ്ഥികൂടങ്ങളായിരിക്കും ഇരിക്കുന്നതെന്ന്‌.

നിറുത്തിയില്ല ആനന്ദ്‌. മലയാളി ജീവിക്കുന്ന ജീവിതത്തിന്റെ ഭയങ്കര പരിമിതികളിലേക്ക്‌ ആള്‍ക്കൂട്ടക്കാരന്‍ ശാന്തനായി കടന്നു. മഹായുദ്ധങ്ങളും വന്‍കലാപങ്ങളുമൊന്നും കേരളീയര്‍ നേരിട്ടനുഭവിച്ചിട്ടേയില്ല. ആ അര്‍ത്ഥത്തില്‍ നമുക്ക്‌ വമ്പിച്ച ചരിത്രാനുഭവങ്ങളില്ല. ശരിയാണ്‌. ഷോക്കേസില്‍ വയ്ക്കാന്‍ ഒരു ചെറുകിട സുനാമിയോ തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കമോ ഒഴിച്ചാല്‍ നമുക്ക്‌ പ്രകൃതിയുടെ തീവ്രാനുഭവങ്ങളുമില്ല. ആനന്ദിന്റെ ചുണ്ടുകള്‍ കുറേക്കൂടി ഉള്‍വലിഞ്ഞതുപോലെ തോന്നി. അതില്‍ മുഴുവന്‍ മലയാളികളെയും അസ്ഥികൂടങ്ങളാക്കുന്ന എന്തോ ഒന്നുണ്ടായിരുന്നു. ഞാന്‍ എന്നെത്തന്നെ തപ്പിനോക്കി. എല്ലില്‍ നേരിട്ടുതൊടുന്നു!

ആനന്ദ്‌ പറഞ്ഞതില്‍ കാര്യമില്ലേ? തീര്‍ച്ചയായും ഉണ്ട്‌. പക്ഷേ അതില്‍ മറ്റൊരുകാര്യം കൂടിയുള്ളതും നാം കാണണം. നമ്മുടെ ബുദ്ധിജീവികള്‍, ഒരു പ്രായവും അല്‍പസ്വല്‍പം ദൂരയാത്രകളും ഒക്കെ കഴിഞ്ഞാല്‍, സ്ഥിരമായി കൊണ്ടുനടക്കുന്ന ഒരു മലയാളി പുച്ഛം ഉണ്ട്‌. 'പുഞ്ജം' എന്ന്‌ തെറ്റിച്ച്‌ ഉച്ചരിച്ചാലേ അതിന്റെ ശരിയായ മൂഡ്‌ കിട്ടുകയുള്ളൂ. മലയാളി, മലയാളി, മലയാളി എന്ന്‌ പറഞ്ഞ്‌ സക്കറിയയും മറ്റുംഎഴുതുന്നത്‌ വായിച്ചിട്ടില്ലേ? പറയുന്നതുകേട്ടാല്‍ തോന്നും ഇവരൊക്കെ ആസാമില്‍നിന്ന്‌ വന്നവരാണെന്ന്‌ പിന്നെന്തു വിശേഷം? അവിടെ ചിറാപ്പുഞ്ചിയില്‍ മഴയൊക്കെ ഉണ്ടല്ലോ അല്ലേ?

ആനന്ദ്‌ സ്കോര്‍ ചെയ്തു നിറുത്തിയിടത്തുനിന്ന്‌ തപ്പിപ്പിടഞ്ഞെഴുന്നേറ്റ്‌ മുകുന്ദന്‍ എന്ന എല്ലിന്‍കൂട്‌ സംസാരിച്ചുതുടങ്ങി. "ഞാനൊരു പാവം" എന്ന നിതാന്തമായ ആടിപ്പിക്കല്‍മട്ടിന്‌ ഒരു മാറ്റവും വരുത്താതെതന്നെ ചുരുക്കം വാക്കുകള്‍കൊണ്ട്‌, ആനന്ദ്‌ ഇറക്കിവച്ച ചരിത്രത്തിനോളം വിപുലമായ മലയാളിനിന്ദയെ മുകുന്ദന്‍ തവിടുപൊടിയാക്കിയ ആ കാഴ്ച ഒന്നു കാണേണ്ടതുതന്നെയായിരുന്നു. ചരിത്രവിസ്‌തൃതമായ അനുഭവങ്ങളുടെ കാര്യത്തില്‍, ദേശീയമായ ആഘാതങ്ങളുടെ കാര്യത്തില്‍ മലയാളി പാവപ്പെട്ടവനായിരിക്കാം - പക്ഷേ, ഒരു വ്യക്തി എന്ന നിലയില്‍ ഇവിടെ ഓരോ മലയാളിയും അനുഭവിച്ചുതീര്‍ക്കുന്ന ജീവിതം അതിഭയങ്കരമാണെന്നു മുകുന്ദന്‍ വ്യംഗ്യപ്പെടുത്തി. സ്വകാര്യതലത്തില്‍ അവന്‍ ഓരോ ദിവസവും നിരവധി യുദ്ധങ്ങളിലൂടെയാണ്‌ കടന്നുപോകുന്നതെന്നു സൂചിപ്പിച്ചു. അവന്റെ മുഖത്തെ ഓരോ സെന്റിമീറ്ററില്‍നിന്നും അതിന്റെ വ്യാകുലത തൊട്ടെടുക്കാമെന്ന്‌ പറഞ്ഞു.

ശരിയാണ്‌ ചരിത്ര പാഠപുസ്തകങ്ങളിലേക്ക്‌ വരാത്ത, പത്രങ്ങളില്‍ വലിയ ശീര്‍ഷകമോ തുണ്ടുവാര്‍ത്തകള്‍ പോലുമോ ആവാത്ത, ഒരു ചരിത്രം ലോകത്തെവിടെയും മനുഷ്യന്‍ അനുഭവിച്ചുതീര്‍ക്കുന്നുണ്ട്‌. സത്യത്തില്‍ അതാണ്‌ മനുഷ്യന്റെ സൂക്ഷ്മചരിത്രം. മനസ്സിന്റെ ചരിത്രം. എഴുത്തുകാരന്‍ എന്ന നിലയില്‍ ആനന്ദ്‌ ഇനിയും അതിലൊന്നും തൊട്ടിട്ടില്ല. ഇനി സമയവുമില്ല-അടുത്ത ജന്മത്തില്‍ നോക്കാം. സമുദ്രങ്ങളും യുദ്ധങ്ങളും ഭൂകമ്പങ്ങളും മരുഭൂമികളും അനുകരിക്കാന്‍ ശ്രമിക്കുന്നത്‌ മനസ്സിനെയാണ്‌. തോല്‍ക്കുകയും ചെയ്യുന്നു. മുകുന്ദന്റെ വാക്കുകള്‍ ആ തോല്‍വിയെക്കുറിച്ചല്ല. ആ ഭാഗത്തേക്കേ മുകുന്ദന്‍ പോകുന്നില്ല. പക്ഷേ കേരളീയന്‍ എന്ന ദയനീയജീവിക്കു മുന്നില്‍ ഈ എഴുത്തുകാരന്‍ വാരിയെറിഞ്ഞ വാക്കുകള്‍ തറയില്‍ വീഴുമ്പോള്‍ കര്‍പ്പൂരദീപങ്ങളായി മാറുന്നുണ്ടായിരുന്നു.
പ്രിയ മുകുന്ദന്‍, നന്ദി.ഫ്രെയിം വൈഡ്‌ ചെയ്യുമ്പോള്‍ മറ്റു കസേരകളില്‍ പുക മാത്രമായിരിക്കുമെന്ന്‌ എനിക്കുറപ്പായിരുന്നു. അതു കാണാന്‍ കരുത്തില്ലാതെ ഞാന്‍ ടി.വി. ഓഫാക്കി.കുറച്ചുകഴിഞ്ഞ്‌ വീണ്ടും അത്‌ ഓണാക്കിയപ്പോള്‍ വിലാപയാത്ര ആരംഭിച്ചുകഴിഞ്ഞിരുന്നു.

കടപ്പാട്:കേരളകൌമുദി ഓൺലൈൻ

അഭിപ്രായങ്ങളൊന്നുമില്ല: